ഗുജറാത്ത് വംശഹത്യയുടെ കനലടങ്ങിയിട്ടില്ല. ലോകത്തിനുമുന്നില്‍ രാജ്യം നാണം കെട്ടതിെൻറ നേര്‍കാഴ്ച കാണാന്‍ അന്നത്തെ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം അഹ്മദാബാദിലെത്തിയതാണ്. കലാം നരോദാപാട്യയിലെത്തുമ്പോള് അദ്ദേഹവുമായി കൂടിക്കാഴ്ചക്ക് മൂന്ന് ജീവകാരുണ്യ സംഘടനകളെ ജില്ല കലക്ടര്‍ തെരഞ്ഞെടുത്തിരുന്നു. മുസ്ലിം സംഘടനകളെല്ലാം ചേര്‍ന്ന് രൂപംകൊടുത്ത ഇസ്ലാമിക് റിലീഫ് കമ്മിറ്റി (െഎ.ആർ.സി)യായിരുന്നു ക്ഷണം ലഭിച്ച ഒരു സംഘടന. ജമാഅത്തെ ഇസ്ലാമി മുന്‍കൈ എടുത്ത് രൂപവത്കരിച്ച കമ്മിറ്റിയുടെ അമരക്കാരന് ജമാഅത്തിെൻറ മുന്‍ ഗുജറാത്ത് അമീര്‍ കൂടിയായ ശകീല്‍ അഹ്മദിനെയായിരുന്നു രാഷ്ട്രപതിയോട് സംസാരിക്കാൻ ചുമതലപ്പെടുത്തിയത്.
അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായ നരേന്ദ്ര മോദിയുടെ സാന്നിധ്യത്തെ ഭയക്കാതെ ശകീല്‍ അഹ്മദ് കലാമിനോട് പറയാനുള്ളത് പറഞ്ഞു. ഇരകളുടെ കണ്ണീര് കാണാന്‍ രാഷ്ട്രപതിയുടെ അരിക് പറ്റിയെത്തിയ മുഖ്യമന്ത്രി മോദിയെ നോക്കി ‘‘താങ്കളുടെ അരികില്‍ നില്ക്കുന്ന ഈ മനുഷ്യനെ കുറിച്ച് പറയാൻ എെൻറ മനസ്സില്‍ നല്ല വാക്കുകളില്ലെ’’ന്നുകൂടി പറഞ്ഞാണ് ശകീല്‍ അഹ്മദ് രാഷ്ട്രപതിയുമായുള്ള സംസാരം അവസാനിപ്പിച്ചത്. രാഷ്ട്രപതിക്ക് മുമ്പില്‍ മുഖത്തടിയേറ്റ കണക്കെ നരോദാപാട്യയില്നിന്ന് അന്ന് മോദി മടങ്ങിയതിെൻറ വില ശകീല്‍ അഹ്മദ് പിന്നീട് ഒടുക്കേണ്ടിയും വന്നു. മകനെ വ്യാജ ഭീകരക്കേസില്‍ കുടുക്കി ജയിലിലടച്ചതിലൂടെ. ഫാഷിസത്തോട് മുഖാമുഖം ഏറ്റുമുട്ടുന്ന ഒരു ഗുജറാത്തി മുസ്ലിമിെൻറ മാത്രം പീഡനപര്വമല്ല ഇത്. ഇനിയും പരീക്ഷണങ്ങള്‍ അവസാനിക്കാത്ത എന്നാല്‍, മുഖ്യധാരക്കാരുടെ കഥനങ്ങളിലൊന്നും വരാത്ത ആയിരക്കണക്കിന് ഗുജറാത്തി മുസ്ലിംകളുടെ അനേകം കഥകളിലൊന്ന് മാത്രം. മതേതരരായ ഫാഷിസ്റ്റ് വിരുദ്ധരെ പോരാട്ടത്തിനായി കാത്തുനില്‍ക്കാതെ ഇരകളുടെ പുനരധിവാസത്തിനും നിയമയുദ്ധത്തിനുമിറങ്ങിയതിന് കനത്ത വില നല്‍കേണ്ടി വന്നു ഇവര്‍ക്ക്. അതേസമയം, ടീസ്റ്റ സെറ്റല്‍വാദ് അടക്കമുള്ളവര്‍ കലാപക്കേസുകള്‍ ഏറ്റെടുക്കുകയും കക്ഷി ചേരുകയും ചെയ്യുന്നതിനു മുേമ്പ ഐ.ആര്.സി കോടതി കയറി. വര്‍ഗീയ കലാപങ്ങളില്‍ ഇരകളാക്കപ്പെട്ടവര്‍ക്ക് രാജ്യത്താദ്യമായി നിയമയുദ്ധത്തിലൂടെ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ ഈ പോരാട്ടം വഴിവെച്ചു.
മനസ്സ് അലിയാത്ത ഇടത് ലിബറലുകള്‍ എന്നാല്‍, ഗുജറാത്തില്‍ ഫാഷിസത്തിനെതിരെ പോരാട്ടത്തിനിറങ്ങിയ ഇടത്, മതേതര ലിബറലുകളുടെ കനിവ് മുസ്ലിം സംഘടനകള്‍ക്ക് ലഭിക്കാന്‍ ഈ പരീക്ഷണങ്ങളും പ്രതിസന്ധികളുമൊന്നും മതിയായില്ല. മോദിക്കും സംഘ്പരിവാര്‍ ഭരണകൂടത്തിനുമെതിരെ മുസ്ലിംസംഘടനകളെ കൂട്ടി വിശാല ഐക്യമുന്നണിയുണ്ടാക്കി കലാപാനന്തര പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയല്ലേ എന്ന് ഗുജറാത്തിലെ ഒരു കൂട്ടം സുമനസ്സുകള്‍ ആലോചന തുടങ്ങിയപ്പോഴേക്കും ലിബറലുകള്‍ എതിര്‍ത്തു. മുസ്ലിം മതസംഘടനകളെ കൂട്ടി തങ്ങള്‍ക്കെങ്ങനെ പ്രവര്‍ത്തിക്കാനാകുമെന്ന് അവര്‍ കൂട്ടായ്മക്കിറങ്ങിയവേരാട് തിരിച്ച് ചോദിച്ചു. വ്യക്തിത്വം പണയംവെച്ച് തങ്ങളിത്ര കാലവും അകലം പാലിച്ച മുസ്ലിം സംഘടനകളുമായി ചേര്‍ന്ന് ഫാഷിസത്തിനെതിരെ യുദ്ധമുഖം തീര്‍ക്കാനില്ലെന്ന് അവര്‍ തീര്‍ത്ത് പറഞ്ഞു. എന്നാല്‍, ലോകത്തിെൻറ വിവിധ ഭാഗങ്ങളിലെ ഗുജറാത്തി സമൂഹത്തിന് ലിബറലുകളേക്കാള്‍ വിശ്വാസം മുസ്ലിം സംഘടനകളെയും അവര്‍ ചേര്‍ന്നുണ്ടാക്കിയ ഇസ്ലാമിക് റിലീഫ് കമ്മിറ്റിയെയും ആയിരുന്നു. ലിബറലുകളുണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിക് റിലീഫ് കമ്മിറ്റിയുള്ള കൂട്ടായ്മക്കേ തങ്ങളുടെ സഹായമുണ്ടാകൂ എന്ന് അമേരിക്കയിലടക്കമുള്ളവര് സംഘാടകരെ അറിയിച്ചു. അങ്ങനെ ചേര്‍ന്ന് നില്ക്കാന് കഴിയാത്ത അയിത്തക്കാരെ കൂട്ടാതെ തന്നെ സമുദായ സംഘടനകളെ ഒരു കുടക്കീഴില് നിര്‍ത്തി ആരെയും കാത്തുനില്‍ക്കാതെ ഗുജറാത്തിലെ മുസ്ലിം സമുദായ സംഘടനകള്‍ പുനരധിവാസ പ്രവര്‍ത്തനങ്ങളും നിയമയുദ്ധവുമായി മുന്നോട്ടുപോയി. ഇനിയൊരു മിശിഹായും തങ്ങള്‍ക്കായി അവതരിക്കില്ലെന്ന തിരിച്ചറിവില്‍ ഒരു കാലത്തും കാണിക്കാത്ത ഐക്യത്തിലേക്കും കെട്ടുറപ്പിലേക്കുമാണ് കലാപാനന്തര പ്രവര്‍ത്തനങ്ങള്‍ ഗുജറാത്ത് മുസ്ലിംകളെ എത്തിച്ചത്. അങ്ങനെയാണ് സംഘ്പരിവാര്‍ കത്തിച്ചുവെച്ച് ബാക്കിവെച്ച ചാരങ്ങളില്‍ നിന്ന് ഫിനിക്സ് കണക്കെ ഒരു പതിറ്റാണ്ട് കൊണ്ട് അവര്‍ ഉയിര്‍ത്തെഴുന്നേറ്റത്.
ഹൈദരാബാദിലെ മുഖ്യശത്രു ലിബറലുകൾക്ക് ഇപ്പോഴും മാറ്റമില്ല എന്നതിന് ഒന്നാന്തരം ഉദാഹരണം ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പ് ഫലെത്ത തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളാണ്. പരിവാർ എല്ലാ വഴികളും മുട്ടിച്ചതോടെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനിറങ്ങിയ ചിലരെങ്കിലും തിരിച്ചറിവ് നേടി മുസ്ലിം സംഘടനകളോടുള്ള അയിത്തം മാറ്റിവെച്ച് സഹകരണവാതിലുകള് തുറന്നുതുടങ്ങിയ ഘട്ടത്തിലാണ് രോഹിത് വെമുല ജീവാര്‍പ്പണം ചെയ്ത കാമ്പസില്‍ ജനിച്ച ദലിത് -^മുസ്ലിം^ഇടത് സഖ്യം രാജ്യത്തിെൻറ പ്രത്യാശയായി മാറിയത്. ഒടുവില്‍ രാജ്യത്തെ സമാധാന കാംക്ഷികള്‍ കൊതിച്ച ഫലം പുറത്തുവന്നെങ്കിലും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പുതിയ ദിശാബോധം ലഭിച്ചുവെന്ന് തോന്നിച്ച മുഹൂര്‍ത്തത്തില്‍ ഇടതു ലിബറല്‍ വിദ്യാര്‍ഥികള്‍ തനിസ്വരൂപം പുറത്തെടുത്തു. രാജ്യത്തെ കാമ്പസുകള്‍ ഉറക്കമൊഴിഞ്ഞ് കണ്ടുകൊണ്ടിരുന്ന എ.എസ്.എ സഖ്യത്തിെൻറ വിജയാഹ്ലാദത്തിെൻറ ഫേസ്ബുക്ക് ലൈവുകളില്‍ ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്ത എസ്.എഫ്.ഐയുടെ കൊടികള്‍ കാണാനില്ലാതായി. സഖ്യത്തിലുണ്ടായിരുന്ന അംബേദ്കറൈറ്റുകളുടെയും മുസ്ലിം വിദ്യാര്‍ഥിസംഘടനകളായ എം.എസ്.എഫിെൻറയും എസ്.ഐ.ഒയുടെയും കൊടികളുടെ ആധിക്യത്തില്‍ മുങ്ങിപ്പോയതാണോ എസ്.എഫ്.െഎക്കാരുടെ ആവേശമെന്ന സംശയത്തിനും അധികമായുസ്സുണ്ടായില്ല. ദലിത്, മുസ്ലിം സംഘടനകള്‍ ചേര്‍ന്ന് നടത്തിയ ആഘോഷത്തില്‍ നിന്ന് അകലം പാലിച്ച എസ്.എഫ്.ഐ വേറിട്ട് നടത്തുന്ന വിജയാഹ്ലാദത്തിെൻറ ലൈവ് രാത്രി വൈകി വന്ന് തുടങ്ങി. എല്ലാ ഫാഷിസ്റ്റ് വിരുദ്ധരും ചേര്‍ന്ന് തോൽപിച്ച എ.ബി.വി.പിക്കെതിരെ സ്വന്തം നിലക്ക് വിപ്ലവ മുദ്രാവാക്യങ്ങള്‍ വിളിെച്ചത്തുകയായിരിക്കുമെന്ന് കരുതി ആഘോഷപ്രകടനത്തിന് ചെവിയോര്ത്തവരെ ഞെട്ടിച്ച് ആ ഇടത് വിദ്യാര്‍ഥികളുടെ ആ മുദ്രാവാക്യങ്ങള്‍ വ്യക്തമായി തുടങ്ങി. മുസ്ലിം വംശവെറിയും വര്‍ഗീയതയും തുളുമ്പുന്ന മുദ്രാവാക്യങ്ങളുമായി തങ്ങള്‍ക്ക് വോട്ട് ചെയ്ത മുസ്ലിം സംഘടനകള്‍ക്ക് നേരെയായിരുന്നു ഇടത് വിദ്യാര്‍ഥികളുടെ പകയത്രയും. ആ പ്രകടനത്തിെൻറ ലൈവ് അവസാനിച്ചുകാണില്ല.
ഹൈദരാബാദില്‍ തങ്ങളോടൊപ്പം ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിനിറങ്ങിയ മുസ്ലിം സംഘടനകളെ യൂദാസുകളും ഒറ്റുകാരുമാക്കി സോഷ്യല്‍ മീഡിയയില്‍ ഇടത് ലിബറല്‍ സൈബര്‍ ചാവേറുകള്‍ പ്രോപഗണ്ട യുദ്ധവും തുടങ്ങി. ജെ.എന്‍.യു അടക്കമുള്ള കേന്ദ്ര സര്‍വകലാശാലകളില്‍ എസ്.എഫ്.ഐയുടെ അമരത്തിരുന്നവരുടെ നേതൃത്വത്തിലായിരുന്നു ഇതെല്ലാം. ഹൈദരാബാദിലെ വിദ്വേഷ പ്രകടനം ഒറ്റപ്പെട്ടതല്ലെന്നും ഇടതുപക്ഷത്തെ വിദ്യാര്‍ഥി സംഘടനക്ക് സംഘ് പരിവാറിനേക്കാള്‍ ചതുര്‍ഥി മുസ്ലിം സംഘടനകളോടാണെന്നും തെളിയിക്കുന്നതായിരുന്നു ഓരോ ലെഫ്റ്റ് ന്യൂജെന്നിെൻറയും പോസ്റ്റുകള്‍. മുസ്ലിം സംഘടനകള്‍ വോട്ടുചെയ്തില്ലെന്നും സ്ഥാനാര്‍ഥിയെ നിര്‍ത്താത്തവര്‍ നിര്‍ത്തി തോറ്റതാണെന്നുമുള്ള നുണപ്രചാരണങ്ങളും ഇടതുപക്ഷത്തിെൻറ ഈ ഭാവി പ്രതീക്ഷകള്‍ അണികള്‍ക്ക് പ്രചരിപ്പിക്കാനായി എറിഞ്ഞുകൊടുത്തു. പാടുപെട്ടു ഉള്ളിലടക്കിയിട്ടും തികട്ടി വന്ന ഹിന്ദുത്വബോധത്തില്നിന്നാണ് മുസ്ലിം സംഘടനകള്‍ ശാക്തീകരിക്കപ്പെട്ടുപോയല്ലോ എന്നൊരുതരം കുറ്റബോധം ഇടത് ലിബറലുകളെ വേട്ടയാടിയത്. അതുകൊണ്ടാണ് ഫാഷിസത്തിനെതിരായ പോരാട്ടം ജയിച്ചടക്കിയ ആവേശമൊന്നും നേരം പുലര്‍ന്നിട്ടും ഇടത് കേന്ദ്രങ്ങളില്‍ നിന്ന് ഉയര്ന്നുകാണാതിരുന്നതും. ഇടത് ലിബറലുകളുടെ വര്‍ഗീയ വിദ്വേഷം രാജ്യത്തെ കാമ്പസുകളിലും മതേതര ബോധമുള്ള പൗരന്മാരിലും ഗൗരവമേറിയ അക്കാദമിക ചര്‍ച്ചയായി രൂപപ്പെട്ടുവെന്നതാണിപ്പോള് ഹൈദരാബാദ് സര്‍വകലാശാല തെരഞ്ഞെടുപ്പിെൻറ മികച്ച സംഭാവന.
മലയാളിയുടെ ഭയപ്പാട് ഹൈദരാബാദിലെ വിദ്വേഷ പ്രകടനം മലയാള മുദ്രാവാക്യങ്ങളിലായിരുന്നതിനാല് മലയാളി എസ്.എഫ്.ഐക്കാരായിരുന്നു മുസ്ലിം വംശീയ പ്രചാരണത്തിന് പിന്നിലെന്നത് തെളിഞ്ഞു. ദേശീയ തലത്തില്‍ തന്നെ സംഭവം വലിയ ചര്‍ച്ചയായതോടെ ഈ മലയാള മുദ്രാവാക്യങ്ങളുടെ ഇംഗ്ലീഷ് ഭാഷാന്തരം ചോദിച്ച് നിരവധി പേരാണ് ബന്ധപ്പെട്ടത്. ഉന്നത കലാലയങ്ങളില്‍നിന്നും കേന്ദ്ര സര്വകകലാശാലകളില് നിന്നും പുറത്തുവരുന്ന ഈ എസ്.എഫ്.ഐ നേതാക്കളാണ് പിന്നീട് ഇടതുപക്ഷത്തിെൻറ നയരൂപവത്കരണങ്ങള്ക്ക് നേതൃത്വം കൊടുക്കുന്നത്. ഇവര്‍ അനുവര്‍ത്തിക്കുന്ന സമീപനങ്ങളില്‍നിന്നാണ് കേരളീയ പൊതുബോധത്തിന് മുസ്ലിം സംഘടനകള്‍ സംഘ് പരിവാറിനേക്കാള്‍ അസ്പൃശ്യരായിത്തീരുന്നത്. ഇവര്‍ നിയന്ത്രിക്കുന്ന കേരളത്തിലെ മാധ്യമപ്രവര്‍ത്തനമേഖലയില്‍ ധ്രുതഗതിയില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വചായ്വും സംഘ് പരിവാര്‍ വിധേയത്വവും ഇത്തരം ശിക്ഷണങ്ങളില്നിന്ന് രൂപപ്പെട്ടതാണ്. സംഘ്പരിവാറിെൻറ അതേ സങ്കേതങ്ങളും മുറകളും സ്വന്തമാക്കി ഇവര്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പൊതുബോധത്തിലാണ് കേരളത്തിലെ മുസ്ലിം നാള്‍ക്കുനാള്‍ അപരവത്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.