കമല ഹാരിസിനെ മാര്‍ക്സിസ്റ്റ് എന്നും കമ്യൂണിസ്റ്റ് എന്നുമൊക്കെ ട്രംപ് പരിഹസിക്കുന്നുണ്ട്. സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനും തൊഴിലാളിവർഗത്തിനും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും കൂടുതൽ സാമൂഹികസുരക്ഷ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ക്ഷേമരാഷ്ട്ര നയങ്ങളിൽ ഊന്നിയാണ് കമല ഹാരിസ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത് ആഴത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങളുടെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും സാമ്പത്തിക പരിവർത്തനങ്ങളുടെയും...
കമല ഹാരിസിനെ മാര്‍ക്സിസ്റ്റ് എന്നും കമ്യൂണിസ്റ്റ് എന്നുമൊക്കെ ട്രംപ് പരിഹസിക്കുന്നുണ്ട്. സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനും തൊഴിലാളിവർഗത്തിനും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും കൂടുതൽ സാമൂഹികസുരക്ഷ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ക്ഷേമരാഷ്ട്ര നയങ്ങളിൽ ഊന്നിയാണ് കമല ഹാരിസ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത്
ആഴത്തിലുള്ള രാഷ്ട്രീയ മാറ്റങ്ങളുടെയും സാങ്കേതിക മുന്നേറ്റങ്ങളുടെയും സാമ്പത്തിക പരിവർത്തനങ്ങളുടെയും പശ്ചാത്തലത്തിലാണ്, കഴിഞ്ഞ അരനൂറ്റാണ്ടായി മൂലധനത്തിന്റെ ആഗോള പ്രത്യയശാസ്ത്രമായി മാറിയ നവലിബറലിസത്തിന്റെ അപരിഹാര്യമായ പുതിയ പ്രതിസന്ധികള്‍ രൂപംകൊണ്ടിരിക്കുന്നത്. നിയോലിബറലിസം നേരിടുന്ന പ്രതിസന്ധി അതിനെ ഊർധശ്വാസം വലിപ്പിക്കുകയാണ് എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല. യു.എസിൽ, ഡോണൾഡ് ട്രംപിന്റെ യാഥാസ്ഥിതിക നവലിബറൽ അജണ്ടയിലും കമലയുടെ ക്ഷേമരാഷ്ട്ര അജണ്ടയിലും തെളിയുന്നത് നവലിബറലിസത്തിന്റെ ഭാവി നിശ്ചയിക്കുന്ന ആഗോളസംവാദത്തിന്റെ ഉദാഹരണമായി അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറിക്കഴിഞ്ഞിരിക്കുന്നു എന്നാണ്.
ആഗോള സാഹചര്യവും യു.എസ് തെരഞ്ഞെടുപ്പും
ഉദാരീകരണം, സ്വകാര്യവത്കരണം തുടങ്ങിയ കമ്പോള സൗഹൃദ സാമ്പത്തിക ഇടപെടലുകള്‍ അടിസ്ഥാനമാക്കിയുള്ള നയങ്ങൾക്ക് ഊന്നൽ നൽകുന്ന നവലിബറലിസം, 1980 മുതൽ ആഗോളതലത്തിൽ ആധിപത്യം പുലര്‍ത്തിവരുകയാണ്. പെന്ഷന് സമ്പ്രദായങ്ങള്‍ ഇല്ലാതാക്കിയും, സബ്സിഡികള്‍ നിര്‍ത്തലാക്കിയും, തൊഴില്‍വിപണിയെ അസ്ഥിരപ്പെടുത്തിയും അസമത്വം വർധിപ്പിച്ചും നീങ്ങുന്ന നവലിബറല്‍ വ്യവസ്ഥ, സ്വതന്ത്ര വിപണികളും പരിമിതമായ സർക്കാർ ഇടപെടലുകളും കൊണ്ടാണ് സാമ്പത്തിക വളർച്ചയും നവീകരണവും സാധ്യമാവുക എന്ന വാദമാണ് ഉയര്‍ത്തുന്നത്. ഇടത്തരം വര്‍ക്കിങ് ക്ലാസ് വോട്ടര്‍മാരെപ്പോലും അത് വിശ്വസിപ്പിക്കാന്‍ കഴിയുന്ന അക്കാദമിക്-രാഷ്ട്രീയ വ്യവഹാരങ്ങള്‍ ഇപ്പോഴും ശക്തമാണ്. എന്നാല്‍, പതിറ്റാണ്ടുകളായി നവലിബറൽ നയങ്ങള്‍, വരുമാന അസമത്വം വർധിപ്പിക്കുകയും തൊഴിലവകാശങ്ങളെയും പൊതുക്ഷേമ സംവിധാനങ്ങളെയും ഇല്ലാതാക്കുകയും ചെയ്തിട്ടുണ്ട് എന്ന തിരിച്ചറിവ് ഇന്ന് പരക്കെയുണ്ട്. 2008ലെ സാമ്പത്തിക പ്രതിസന്ധിയും 2018 മുതല്‍ ഉരുണ്ടുകൂടിയ പുതിയ സാമ്പത്തികമാന്ദ്യവും ആഗോളതലത്തില്‍ തുടരുന്ന തൊഴില്‍നഷ്ടങ്ങളും നവലിബറൽ വ്യവസ്ഥിതിയിൽ അന്തർലീനമായ പരാധീനതകളെ തുറന്നുകാട്ടുന്നുണ്ട്.
ട്രംപ്-മോദി നയസാമ്യതകൾ
യു.എസിൽ ട്രംപ് പ്രസിഡന്റായിരിക്കുമ്പോൾ, ഇന്ത്യയിൽ മോദിയുടെ പത്തുവര്‍ഷക്കാലത്ത് സംഭവിച്ചതുപോലെ അതിവിശാലമായ നവലിബറൽ അജണ്ടയാണ് നടപ്പില്‍വരുത്തിയത്. പ്രത്യേകിച്ച് നിയന്ത്രണങ്ങൾ ഒഴിവാക്കലും കോര്‍പറേറ്റ് നികുതിവെട്ടിക്കുറക്കലും സാമ്പത്തിക നയങ്ങളുടെ മുഖമുദ്രകളായിരുന്നു. കോർപറേറ്റ് ലാഭം വർധിപ്പിക്കുന്നതിനും സർക്കാർ മേൽനോട്ടം കുറക്കുന്നതിനും സമ്പന്നർക്കും കോർപറേറ്റുകൾക്കുമുള്ള നികുതി വെട്ടിക്കുറച്ച് സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുക എന്ന പരീക്ഷണമായിരുന്നു ഇവരുടെ ഭരണനയങ്ങളുടെ അടിസ്ഥാനം. ഈ സമീപനം മൂലധനത്തെ തൃപ്തിപ്പെടുത്തി, പക്ഷേ സാമൂഹിക അസമത്വങ്ങൾ വർധിപ്പിക്കുകയും പാരിസ്ഥിതികത്തകർച്ച രൂക്ഷമാക്കുകയും നിർണായകമായ പൊതുസേവനങ്ങളെ അവഗണിക്കുകയുംചെയ്തു. എന്നാല്‍, നിയോലിബറലിസത്തിന്റെ ആകര്‍ഷണശക്തി ഇപ്പോഴും കുറഞ്ഞിട്ടില്ലെന്ന് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ലഭിക്കുന്ന സ്വീകാര്യതയില്‍നിന്ന് ബോധ്യമാവുന്നുണ്ട്. ട്രംപിന്റെ സാമ്പത്തികനയങ്ങൾ വോട്ടർമാരുടെ ഒരു പ്രധാനവിഭാഗത്തെ, പ്രത്യേകിച്ച് സർക്കാർ ഇടപെടൽ സാമ്പത്തിക സ്വാതന്ത്ര്യത്തിന് തടസ്സമായി കാണുന്നവരെ, ആകർഷിക്കുന്നു. ഈ ഒഴുക്കിനെതിരെയാണ് കമല ഹാരിസ് തന്റെ ക്ഷേമരാഷ്ട്ര അജണ്ട മുന്നോട്ടുവെക്കുന്നത്.
കമല ഹാരിസിനെ മാര്‍ക്സിസ്റ്റ് എന്നും കമ്യൂണിസ്റ്റ് എന്നുമൊക്കെ ട്രംപ് പരിഹസിക്കുന്നുണ്ട്. സാമ്പത്തിക അസമത്വം പരിഹരിക്കുന്നതിനും തൊഴിലാളിവർഗത്തിനും പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങൾക്കും കൂടുതൽ സാമൂഹികസുരക്ഷ നൽകുന്നതിനും ലക്ഷ്യമിട്ടുള്ള ക്ഷേമരാഷ്ട്ര നയങ്ങളിൽ ഊന്നിയാണ് കമല ഹാരിസ് പ്രചാരണം മുന്നോട്ടുകൊണ്ടുപോകുന്നത്. വിപുലീകരിച്ച ആരോഗ്യസംരക്ഷണ ലഭ്യത, വ്യാപ്തികൂടുന്ന സാമൂഹിക സുരക്ഷാവലകൾ, വിദ്യാഭ്യാസത്തിലും ഭവനനിർമാണത്തിലും നിക്ഷേപം എന്നിവക്കായി അവർ വാദിക്കുന്നു. ആ നയങ്ങൾ, നവലിബറലിസത്തിൽനിന്ന്, എഴുപതുകളോടെ അവസാനിച്ച ക്ഷേമരാഷ്ട്ര സാമ്പത്തിക മാതൃകയിലേക്കുള്ള ചുവടുമാറ്റത്തെ പ്രതിഫലിപ്പിക്കുന്നു. അത്, പുനർവിതരണ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ മാറ്റമാണ് വലിയ ജനക്കൂട്ടത്തെ അവരുടെ റാലികളിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്. ഇത് നവലിബറൽ യാഥാസ്ഥിതികതയിൽനിന്ന് വിട്ടുനിൽക്കാനുള്ള നിരവധി അമേരിക്കക്കാരുടെ ആഗ്രഹത്തെ സൂചിപ്പിക്കുന്നതാണ്.
ആഗോളതലത്തിൽ, നവലിബറലിസത്തോടുള്ള വർധിച്ചുവരുന്ന അസംതൃപ്തി നിരവധി തെരഞ്ഞെടുപ്പുകളില്‍ പ്രകടമായിട്ടുണ്ട്. ഇന്ത്യന്‍ പൊതുതെരഞ്ഞെടുപ്പില്‍ മോദിയുടെ വമ്പന്‍ വിജയപ്രതീക്ഷയെ അട്ടിമറിച്ച് രാഹുൽ ഗാന്ധി കോൺഗ്രസിന്റെ സീറ്റുകള്‍ ഇരട്ടിയാക്കിയതും കടുത്ത യഥാസ്ഥിതിക നിയോലിബറലിസത്തിന്റെ മരണമണി മുഴങ്ങുന്നു എന്ന ധാരണ ശക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂലധനത്തെയും സാമ്രാജ്യത്വത്തെയും സംബന്ധിച്ചിടത്തോളം അതീവ താല്പര്യമുള്ളതാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍, ഒരുപക്ഷേ അതിന്റെ ചരിത്രത്തിലാദ്യമായി ഉണ്ടായിട്ടുള്ള ഈ സോഷ്യലിസ്റ്റ് ധ്രുവീകരണം.
നവലിബറലിസം തിരിഞ്ഞോടുന്നുവോ?
ഇന്ന് മുതലാളിത്തം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളികളിലേക്ക് വഴിതുറന്നത് അതിന്റെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നുതന്നെയാണ്-ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) ഉയർച്ചയും അനുബന്ധ സാങ്കേതിക വികാസവും. ഉൽപാദനം മുതൽ സേവന വ്യവസായങ്ങൾവരെയുള്ള സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന മേഖലകളെ AI ഓട്ടോമേറ്റ് ചെയ്യുന്നു എന്ന് നമുക്കറിയാം. ഈ പ്രക്രിയയിൽ ദശലക്ഷക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടേണ്ടിവരുന്നു. ദ്രുതഗതിയിലുള്ള സാങ്കേതികമുന്നേറ്റം തൊഴിൽ പ്രതിസന്ധിയും വിപണിയില്‍ മാന്ദ്യവും സൃഷ്ടിക്കുന്നുണ്ട്. പരമ്പരാഗത ജോലികൾ, യന്ത്രങ്ങളാൽ മാറ്റിസ്ഥാപിക്കപ്പെടുന്ന പുതിയ ജോലികൾക്ക് ആവശ്യമായ വൈദഗ്ധ്യം പല തൊഴിലാളികൾക്കും അപ്രാപ്യമാണ്. സാമ്പത്തിക അസമത്വത്തെ കൂടുതൽ വഷളാക്കിക്കൊണ്ട് സമ്പത്തും അധികാരവും ഏതാനും സാങ്കേതിക ഭീമന്മാരുടെ കൈകളിൽ കേന്ദ്രീകരിക്കുന്നതിനുകൂടി നിമിത്തമാവുകയാണ് നിർമിതബുദ്ധി. എന്നാല്‍, ഈ അവസ്ഥ സൃഷ്ടിക്കുന്ന ആഴമേറിയ പ്രതിസന്ധികള്‍ മുതലാളിത്തത്തെ അതിന്റെ നവലിബറൽ ചട്ടക്കൂടിനെ പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കുന്നുണ്ട്. അധ്വാനത്തെ ചൂഷണംചെയ്യുന്ന ഒരു വ്യവസ്ഥിതിക്ക് അധ്വാനംതന്നെ ആവശ്യമില്ലെങ്കിൽ എങ്ങനെ നിലനിൽക്കാന് കഴിയുമെന്നത് കേവലം അതിഭൗതികവാദപരമല്ലാത്ത ഒരു ചോദ്യമായി മാറുകയാണ്. AIയും ഓട്ടോമേഷനും ആത്യന്തികമായി നവലിബറൽ മുതലാളിത്തത്തിന്റെ അടിത്തറതന്നെ തകർക്കുമെന്ന് ചില ചിന്തകർ വാദിക്കുന്നു. ഇതാണ് പല രാഷ്ട്രീയ പാര്‍ട്ടികളെയും കോർപറേറ്റ് ലാഭത്തേക്കാൾ പൊതുജനക്ഷേമത്തിന് മുൻഗണന നൽകുന്നതും വർധിച്ചുവരുന്ന അസമത്വത്തെ അഭിസംബോധന ചെയ്യുന്നതുമായ പുതിയ സാമ്പത്തിക മാതൃകയുടെ അന്വേഷണത്തിലേക്ക് നയിക്കുന്നത്. കമല ഹാരിസ് യഥാർഥത്തില്‍ മൂലധനത്തിന്റെ പ്രതിസന്ധിയെ എങ്ങനെ പരിഹരിക്കാം എന്നാണ് ആലോചിക്കുന്നത്. അല്ലാതെ അവര്‍ സോഷ്യലിസ്റ്റ് ആവുകയല്ല.
ഇന്ത്യയില്‍ത്തന്നെ, മോദിയും കൂട്ടരും ഭയന്നുതുടങ്ങിയിരിക്കുന്നു. ദേശീയ പെൻഷൻ സ്കീമിന് (എൻ.പി.എസ്) പകരം ഏകീകൃത പെൻഷൻ പദ്ധതി (യു.പി.എസ്) മോദി പുനരാരംഭിച്ചത് നവലിബറൽ യാഥാസ്ഥിതികതയിൽനിന്നുള്ള ഭാഗികമായ വ്യതിചലനമാണ്. പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനായി യു.എസ് ഒരുങ്ങുമ്പോൾ, കമല ഹാരിസിന്റെ ക്ഷേമരാഷ്ട്ര നയങ്ങളിൽ തെളിയുന്നത് ഈ പുതിയ വിജയതന്ത്രമാണ്. സാമ്പത്തിക അസമത്വവും സാമൂഹികനീതിയും പല വോട്ടർമാരുടെയും കേന്ദ്ര ആശങ്കകളാകുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ, നവലിബറൽ വിരുദ്ധ പ്ലാറ്റ്ഫോം മാറ്റം ആഗ്രഹിക്കുന്ന അമേരിക്കക്കാരുടെ വിശാലമായ കൂട്ടായ്മയുമായി അത് സംവദിക്കുന്നുണ്ട്. എന്നാല്‍, കമല ഉയർത്തുന്ന നയങ്ങളുടെ ഉള്‍മുഴക്കങ്ങള്‍ അമേരിക്കൻ രാഷ്ട്രീയത്തിൽ ആധിപത്യം തുടരുന്ന നവലിബറൽ വ്യവഹാരങ്ങളെ പ്രതിരോധിക്കുകയും സ്വന്തമായി ലെജിറ്റിമസി നേടുകയും ചെയ്യുമോ എന്നത് കാത്തിരുന്നുകാണേണ്ട കാര്യമാണ്. ഇപ്പോള്‍ അതിനുള്ള വലിയ സാധ്യതകള്‍ തീര്‍ച്ചയായും ഉയര്‍ന്നുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.