മുണ്ടക്കൈ; പുനരധിവാസം ഔദാര്യമല്ല, അവകാശമാണ്

മുണ്ടക്കൈയിൽ ഉരുൾ വിഴുങ്ങിയ മനുഷ്യശരീരങ്ങൾ വീണ്ടെടുക്കാനുള്ള തിരച്ചിൽ ഏതാണ്ട് അവസാനിച്ചു. അഭയാർഥി ക്യാമ്പിൽ കഴിയുന്ന അതിജീവിതർക്കായി വാടക വീടുകളും ബദൽ സംവിധാനങ്ങളുമൊരുക്കാനുള്ള ശ്രമങ്ങൾ തുടർന്നുവരുന്നു.

500 കുടുംബങ്ങളിലായി 3000ത്തിലധികം വരും അതിജീവിതർ. ഇവർക്കായി എല്ലാവിധ ആധുനിക സൗകര്യങ്ങളുമുള്ള ടൗൺഷിപ് നിർമിക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. 500 കുടുംബങ്ങളെ താമസിപ്പിക്കുന്ന ടൗൺഷിപ് ഒരു മെഗാ നിർമിതിയായിരിക്കുമെന്ന് തീർച്ച. അതിനുള്ള സ്ഥലം എവിടെ കണ്ടെത്തും? പാറ പോലുള്ള നിർമാണ വസ്​തുക്കൾ എവിടെ നിന്ന് ശേഖരിക്കും? എത്ര കാലം കൊണ്ടാണ് പ്രവൃത്തി പൂർത്തിയാവുക? ആശങ്കകൾ നിരങ്കുശം നീളുകയാണ്.

മുണ്ടക്കൈയിലെ അതിജീവിതരുടെ പുനരധിവാസവും നഷ്ടപരിഹാരവും സർക്കാറിന്റെയോ സമൂഹത്തിന്റെയോ സൗജന്യമോ ഔദാര്യമോ അല്ല; അതവരുടെ അവകാശമാണെന്ന ബോധം ഭരണകൂടത്തിനും സമൂഹത്തിനും ദുരന്തബാധിതർക്കുമുണ്ടായേ തീരൂ. അക്കാര്യമവരെ ബോധ്യപ്പെടുത്തുകയും വേണം. എങ്കിലേ, അവരുടെ ആത്മവീര്യവും അതിജീവന ഇച്ഛയും ഉത്തേജിതമാകൂ. തങ്ങൾ എവിടെ താമസിക്കണമെന്നും എന്തു തൊഴിൽ ചെയ്യണമെന്നും മറ്റുമുള്ള ഭാവി കാര്യങ്ങൾ തീരുമാനിക്കാനുള്ള പൂർണ അവകാശം ഓരോരുത്തർക്കും നൽകേണ്ടതാണ്. ഓരോ കുടുംബത്തിന്റെയും ഇംഗിതമറിഞ്ഞ്​ മൈക്രോ പ്ലാൻ തയാറാക്കണം. മുണ്ടക്കൈയിലും ചൂരൽമലയിലും അട്ടമലയിലും സാമാന്യം ഭേദപ്പെട്ട നിലയിൽ കൃഷി ചെയ്ത് ഉപജീവിച്ചവരുണ്ട്. അവിടെ കൃഷിനിലങ്ങൾ ഇനി വീണ്ടെടുക്കാൻ കഴിയില്ല. അവർക്ക് സമയബന്ധിതമായി പകരം കൃഷിക്കുപയുക്തമായ ഭൂമിയോ മതിയായ നഷ്ട പ്രതിഫലമോ നൽകേണ്ടത് മാന്യമായ പുനരധിവാസത്തിന്റെ മുൻ ഉപാധിയാണ്. നിലവിലെ പുനരധിവാസ നടപടിക്രമങ്ങൾ നിയമത്തി​ന്റെ ഊരാക്കുടുക്ക് നിമിത്തം അതിസങ്കീർണവും അഴിമതിക്ക് ഇടനൽകുന്നതും ഉദ്ദേശ്യലക്ഷ്യങ്ങൾ പ്രാപിക്കാൻ വിദൂര സാധ്യത പോലുമില്ലാത്തതുമാണ്. അത് പുനരധിവസിക്കപ്പെട്ടവർക്ക്​ യാതൊരു ഭാവി സുരക്ഷയും ഉറപ്പുനൽകുന്നില്ല എന്നതാണ് ഖേദകരമായ അവസ്ഥ. 2013ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങ് കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കൽ നിയമം ഇത്തരുണത്തിൽ സ്മരണീയമാണ്. വികസന പദ്ധതികൾക്കും മെഗാ പ്രൊജക്ടുകൾക്കും ഖനികൾക്കുമായി വർഷം തോറും ലക്ഷക്കണക്കിന് ഏക്കർ ഭൂമിയേറ്റെടുത്തുകൊണ്ടിരുന്ന കാലമായിരുന്നു. പി.വി. രാജഗോപാൽ നേതൃത്വം നൽകിയ ഏകത മാർച്ച്​ ഉൾ​പ്പെടെ ഇന്ത്യയിലാകെ വൻ പ്രക്ഷോഭങ്ങൾ അരങ്ങേറി. തുടർന്നാണ് ഭൂമി നഷ്​ടപ്പെടുന്നവർക്ക്​ നീതിയും അവകാശങ്ങളും ഉറപ്പാക്കുന്ന ലാൻഡ്​ അക്വിസിഷൻ റിഹാബിലിറ്റേഷൻ ആൻഡ്​ ​റിസെറ്റിൽമെൻറ്​ ആക്​ട്​ 2013 നിലവിൽ വന്നത്​. കേരളത്തിലും ഇത്തരമൊരു മാതൃക നിയമം അനിവാര്യമാണ്. ദുരന്തബാധിതർക്ക് അവകാശമായ സമ്പൂർണവും നീതിയുക്തവുമായ നഷ്​ടപരിഹാരം ഉറപ്പാക്കാനായുള്ള നിയമനിർമാണം നടപ്പു അസംബ്ലി സമ്മേളനത്തിൽ തന്നെ ആരംഭിക്കാവുന്നതാണ്. അത്തരമൊരു നിയമം നടപ്പാക്കിയാൽ ഇരകൾക്ക് ഉദ്യോഗസ്ഥരുടെ മുന്നിൽ യാചിച്ചുനിൽക്കേണ്ടിവരില്ല. നീതി നിഷേധിക്കപ്പെട്ടാൽ അവർക്ക് കോടതിയെ സമീപിക്കാനും സാധിക്കും.

ഇതോടൊപ്പം സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള ഒരു അതോറിറ്റിയോ മിഷനോ മുണ്ടക്കൈ ദുരന്തബാധിതർക്ക് മാത്രമായി രൂപവത്കരിക്കണം. സിവിൽ സൊസൈറ്റിയുടെയും ദുരന്തബാധിതരുടെയും പ്രതിനിധികളും ഈ ബോഡിയിൽ വേണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സത്യസന്ധരായ ഉദ്യോഗസ്ഥരെയാണ് ഇതിൽ നിയമിക്കേണ്ടത്. വയനാട്ടിൽ മലഞ്ചെരുവുകളിൽ അരക്ഷിതാവസ്ഥയിൽ താമസിക്കുന്നെന്ന് സർക്കാർ കണ്ടെത്തിയ 4000 കുടുംബങ്ങളുടെ പുനരധിവാസവും ഈ മിഷന്റെ ചുമതലയിൽ കൊണ്ടുവരാവുന്നതാണ്.

സംസ്ഥാന രൂപവത്കരണത്തിനുശേഷം ഏറ്റവുമധികം പുനരധിവാസ സംരംഭങ്ങൾ നടന്ന പ്രദേശമാണ് വയനാട്. ചിങ്ങേരി ട്രൈബൽ റിഹാബിലിറ്റേഷൻ സ്കീമാണ് ആദ്യത്തേത്. തുടർന്ന്, എണ്ണിയാലൊടുങ്ങാത്ത സ്കീമുകൾ. അവസാനത്തേതാണ് സുഗന്ധഗിരി ഡെയറി പ്രൊജക്ടും പ്രിയദർശിനി ടി എസ്റ്റേറ്റും. എല്ലാ പ്രോജക്ടുകളും അഴിമതിയിലും കെടുകാര്യസ്ഥതയിലും ആറാടി ദുർഗന്ധം വമിപ്പിച്ചുവെങ്കിലും സർക്കാറുകൾക്ക് ഒരു കുലുക്കവുമുണ്ടായില്ല. ശവം മറവുചെയ്യാൻ പോലും ഇടമില്ലാതെ ആദിവാസികൾ പുറമ്പോക്കിൽ തള്ളപ്പെട്ടു.

അഴിമതിയുടെ അത്യുച്ചകോടിയിൽ വിരാജിച്ചവയാണ് ബാണാസുരസാഗറിന്റെയും കാരാപ്പുഴ ഡാമിന്റെയും ലാൻഡ് അക്വിസിഷനും പുനരധിവാസവും. 1971ൽ അഞ്ചു​ കോടി അടങ്കലിൽ തുടങ്ങിയ കാരാപ്പുഴ അതി​ന്റെ എത്രയോ ഇരട്ടി കോടികൾ ചെലവഴിച്ച ശേഷം ഇന്നും കമീഷൻ ചെയ്തിട്ടില്ല. തുള്ളി വെള്ളം കർഷകർക്ക് നൽകിയിട്ടില്ല. വയനാടിന്റെ നെല്ലറയായിരുന്ന നെല്ലാർചാൽ പോലുള്ള നിരവധി ഗ്രാമങ്ങളിൽ നിന്നൊഴിപ്പിക്കപ്പെട്ട ബഹു ഭൂരിഭാഗം ആദിമനിവാസികൾ ഉൾപ്പെടെയുള്ള നൂറുകണക്കിന് കുടുംബങ്ങൾ ഗതികിട്ടാതെ ഉഴലുകയാണിന്നും.എന്നാൽ, സംസ്ഥാനത്തിനു തന്നെ മാതൃകയായ ഒരു സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി 2011 മുതൽ വയനാട് വന്യജീവി കേന്ദ്രത്തിൽ നടന്നുകൊണ്ടിരിക്കുന്നുണ്ട്. കാടിനുള്ളിൽ ഒറ്റപ്പെട്ടുപോയ ആദിവാസികളും മറ്റു കർഷകരുമായ സ്വമേധയാ സന്നദ്ധമായ 800 ഓളം കുടുംബങ്ങളെ യാതൊരു ആക്ഷേപവും അഴിമതിയും കൂടാതെ, മാതൃകപരമായി പുനരധിവസിപ്പിച്ചുകഴിഞ്ഞു. പദ്ധതി ഇപ്പോഴും തുടരുകയാണ്.

കൽപറ്റ ബാറിലെ മുതിർന്ന അഭിഭാഷകനും കൽപറ്റ മുനിസിപ്പാലിറ്റിയുടെയും മലബാർ ദേവസ്വം ബോഡിന്റെ മുൻ ചെയർമാനുമായ അഡ്വ. പി. ചാത്തുക്കുട്ടി വെച്ച ഒരു നിർദേശം സ്വീകാര്യമായി തോന്നുന്നു. ഓരോ കുടുംബത്തിനും 50 ലക്ഷം രൂപ വെച്ച് സമാശ്വാസധനം നൽകുക. ഭൂമി, വീട്, വാഹനങ്ങൾ എന്നിവക്ക്​ നഷ്ടപരിഹാരം നൽകുക. വിദ്യാഭ്യാസം തൊഴിൽ എന്നിവക്കായി ഒരു മാസ്റ്റർ പ്ലാൻ തയാറാക്കുക. ഇഷ്ടമുള്ളവരെ മാത്രം ടൗൺഷിപ്പിൽ പാർപ്പിക്കുക. സമാശ്വാസധനം അവർക്കും നൽകേണ്ടതാണ്.

ദുരന്തബാധിതരുടെ കടങ്ങൾ എഴുതിത്തള്ളാൻ കേരള ബാങ്ക് തീരുമാനിച്ചത് നല്ല മാതൃകയാണ്. മറ്റു കൊമേഴ്സ്യൽ ബാങ്കും ഇതു ചെയ്യണം. മൊറട്ടോറിയം ഒരു തട്ടിപ്പാണ്. അല്ലാത്തപക്ഷം സർക്കാർ ഏറ്റെടുക്കണം. മാത്രമല്ല, വരുന്ന അഞ്ചു​വർഷത്തേക്ക് സർക്കാർ പലിശ നൽകും വിധത്തിൽ അവർക്കിപ്പോഴുള്ള കടത്തിന് സമാനമായ തുക വായ്പയെടുക്കാനുള്ള പദ്ധതിയും ആവിഷ്കരിക്കേണ്ടതാണ്.

(വയനാട് പ്രകൃതി സംരക്ഷണ സമിതി പ്രസിഡൻറാണ്​ ലേഖകൻ)

Tags:    
News Summary - Wayanad Landslide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.