പ്രകൃതിയുടെ മുറിവുണക്കൂ; മനുഷ്യനും സുഖപ്പെടും

''പ്രകൃതിക്കുമേൽ നാം നടത്തുന്ന അനിയന്ത്രിത കടന്നുകയറ്റവും സവിശേഷമായ ആവാസ വ്യവസ്ഥയുടെ നശീകരണവും മൂലം വംശനാശ ഭീഷണി നേരിടേണ്ടിവരുന്ന ജീവജാലങ്ങളുടെ പട്ടിക പെരുകി വരുന്നു. അതിൽ മനുഷ്യകുലവും അതിന്റെ നിലനിൽപും കൂടി ഉൾപ്പെടുന്നു.'' യു.എൻ സെക്രട്ടറി ജനറൽ അ​േൻറാണിയോ ഗുട്ടെറസിന്റെ വാക്കുകളാണ്. അതുതന്നെയല്ലേ എല്ലാറ്റിന്റെയും ഉറവിടവും കാരണവും. പ്രശ്നങ്ങൾ അന്വേഷിച്ചു പോയാൽ നാം ചെന്നെത്തിനിൽക്കുന്നത് പ്രകൃതിയിൽ തന്നെ. പരിഹാര മാർഗവും അവിടെ തന്നെ.

ജൈവ വൈവിധ്യം ഭൂമിയോളം തന്നെ വിശാലമാണ്. മരങ്ങളും ചെടികളും മൃഗങ്ങളും പക്ഷികളും മനുഷ്യരും സൂക്ഷ്മാണുക്കളും മാത്രമല്ല, ഒരു ജീവിവർഗത്തിന്റെ പല പല വൈവിധ്യങ്ങൾ കൂടി അതിലുൾപ്പെടുന്നു. കാടുകളും മരുഭൂമിയും തടാകങ്ങളും മാത്രമല്ല, കൃഷിയിടങ്ങളും കന്നുകാലികളും അലങ്കാരച്ചെടികളും വരെ അതിന്റെ ഭാഗമാണ്​. ഒന്നിൽനിന്ന് മറ്റൊന്നിലേക്കുള്ള ചങ്ങലക്കണ്ണികൾ. ഒന്നു പൊട്ടിയാൽ അത് തിരിച്ചുകോർക്കുന്നതുവരെ ചങ്ങലയുടെ താളം തെറ്റുന്നു. എത്രത്തോളം ചങ്ങലക്കണ്ണികൾ പൊട്ടാതെ സൂക്ഷിക്കുന്നോ അത്രയും നല്ലത് എന്ന വാസ്തവത്തിൽ എത്തിച്ചേരുന്നു. ഈ ജൈവവിധ്യങ്ങളുടെ തൂണിനു മുകളിലാണ് മനുഷ്യൻ നാഗരികത കെട്ടിപ്പടുത്തിരിക്കുന്നത്. നമ്മുടെ ഭക്ഷണത്തിന്റെ 80 ശതമാനം മരങ്ങളിൽനിന്നും ചെടികളിൽനിന്നുമാണ്. 20 ശതമാനം പ്രോട്ടീൻ ലഭ്യതക്കായി നമ്മൾ ആശ്രയിക്കുന്നത് കടലിലെ മീനുകളെയാണ്.

2010 മുതൽ 2019 വരെയുള്ള കാലയളവിൽ ഏതാണ്ട് 160 ജീവിവർഗങ്ങൾ ഭൂമിയിൽനിന്ന് അപ്രത്യക്ഷമാകുകയോ അല്ലെങ്കിൽ വിസ്മൃതിയിലേക്ക് ആഴാൻ കാത്തുനിൽക്കുകയോ ചെയ്യുന്നുണ്ടെന്നാണ് ഇന്റർനാഷനൽ യൂനിയൻ ഓഫ് കോൺസെർവഷൻ ഓഫ് നേച്ചർ ( IUCN )റിപ്പോർട്ട് . ഭീമൻ കടലാമകൾ മുതൽ, ചെന്നായ് വർഗങ്ങൾ, ഈറ്റ പൊളപ്പൻ എന്നറിയപ്പെടുന്ന റീഡ് വാർബ്ലർ വിഭാഗത്തിലെ അംഗങ്ങൾ, സ്പൈഡർ ഹണ്ടർ -സൺ ബേർഡ് വിഭാഗത്തിലെ നീളൻ കൊക്കുള്ള പൂക്കളിൽനിന്ന് തേൻ കുടിക്കുന്ന ചില പക്ഷികൾ, ആഫ്രിക്കൻ ആനകൾ, തേനീച്ചകൾ എന്നിങ്ങനെ ഒട്ടനവധി ജീവി വർഗങ്ങൾ. ഓരോ ജീവിവർഗവും പ്രകൃതിയിൽ നിന്ന് ഊർജം ശേഖരിച്ച് പ്രകൃതിയിലേക്ക് തിരിച്ച്​ ഊർജം നൽകുന്നവയാണ്. അവയുടെ വാസസ്ഥലം നശിപ്പിക്കാതെ തന്നെ. ഇതിന്​ അപവാദം മനുഷ്യൻ മാത്രമാണ്.

വിനാശകാരിയാവുന്ന മനുഷ്യർ

ഭൗമപരിസ്ഥിതിയുടെ നാലിൽ മൂന്നു ഭാഗവും സമുദ്രാന്തർഭാഗത്തെ പരിസ്ഥിതിയുടെ 66 ശതമാനവും മനുഷ്യരുടെ വികലനയങ്ങളും നടപടികളും കാരണം നശിച്ചുകഴിഞ്ഞു. ഭൂമിയിലെ ശുദ്ധജലശേഖരങ്ങളുടെ 75 ശതമാനവും വഹിക്കുന്ന തണ്ണീർതടങ്ങൾ നികത്തിയെടുക്കുന്നതു കാരണം അതിവേഗ ജലശോഷണത്തിലേക്കും നമ്മൾ കടന്നു കഴിഞ്ഞു.

പ്ലാസ്​റ്റിക് മാലിന്യങ്ങൾ നേരത്തേയുള്ളതിൽനിന്ന് പത്തിരട്ടിയിൽ കൂടുതലായി. കൊറോണക്കാലം കഴിയുമ്പോൾ ഇതിന്റെ അളവ്​ ഊഹിക്കാവുന്നതിലും അപ്പുറമാവും. ഓരോ മിനിറ്റിലും കടലിൽ ചെന്നടിയുന്ന ഫേസ് മാസ്​ക്കുകളുടെ എണ്ണമെടുക്കുകപോലും അസാധ്യം. ഭൂമിയിൽ അടിഞ്ഞുകൂടുന്ന ലോഹങ്ങൾ, സോപ്പ്, സാനിറ്റൈസർ, ആൻറിസെപ്റ്റിക് ലോഷൻ തുടങ്ങിയ സോൾവെന്റ്സ്, കീടനാശിനികൾ, എന്നിവയുടെ അളവ് 300 -400 ദശലക്ഷം ടൺ ആയി മാറിക്കഴിഞ്ഞു. ജങ്ക് ഫുഡ് വ്യവസായത്തെ നിലനിർത്താൻ കൃഷിയിടങ്ങൾ ഉണ്ടാക്കാനായി സൃഷ്​ടിക്കുന്ന 'മനുഷ്യ നിർമിത കാട്ടു തീ', പ്രകൃതി ക്ഷോഭങ്ങൾ, ഒക്കെ എല്ലാ ജീവിവർഗങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്, ബാധിച്ചുകൊണ്ടേയിരിക്കുന്നു.

ഈ വസ്തുതകളുടെയൊക്കെ മുന്നിൽ നിന്നുവേണം നാം ലോക ജൈവ വൈവിധ്യദിനത്തെപറ്റി ആലോചിക്കാനും ഈ വർഷത്തെ ആശയം ആയ 'We are part of the solution' എന്ന മുദ്രാവാക്യം മുന്നോട്ട്​ കൊണ്ടുപോകുവാനും. 2020 ലെ പ്രമേയമായ 'Our solutions are in Nature' എന്നതിന്റെ തുടർച്ചയാണ് ഈ വർഷത്തെ ആശയം . നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം പ്രകൃതിയിൽ തന്നെയാണ്. പ്രശ്നങ്ങൾ പരിഹരിക്കണമെങ്കിൽ നാം തന്നെ പരിഹാര മാർഗമായി മാറണം. ഇത് എത്ര പെട്ടെന്ന് ലോകജനങ്ങൾ മനസ്സിലാക്കുന്നോ അത്ര വേഗം ഭൂമിയെ തിരിച്ചുപിടിക്കാൻ നമുക്ക് കഴിയുമെന്ന് ആശിക്കാം.

നൂറ്റാണ്ടിന്റെ മഹാമാരി എന്നു വിളിക്കുന്ന കോവിഡ് ഇ​ത്ര തീവ്രമായി വ്യാപിച്ചത്പോലും "ഹാബിറ്റാറ് ലോസ്​" എന്നറിയപ്പെടുന്ന ആവാസവ്യവസ്ഥകളുടെ നഷ്​ടം കൂടി കൊണ്ടാണെന്ന് പഠനങ്ങൾ വെളിവാക്കിയിട്ടുണ്ട്. മനുഷ്യരും വന്യമൃഗങ്ങളുമായി നല്ല അകലം പാലിച്ചാണ് ജീവിച്ചുപോന്നിരുന്നത്. പക്ഷേ, വനനശീകരണം മിക്ക ജീവികളെയും മനുഷ്യവാസമുള്ളിടത്തേക്ക്​ കടന്നു വരാൻ പ്രേരിപ്പിച്ചു. ഒന്നാമത്തെ കാരണം ഭക്ഷണലഭ്യത തന്നെ. പറക്കാൻ കഴിവുള്ള സസ്തനിയായ വവ്വാലുകളും അണ്ണാൻ വർഗത്തിൽ പെട്ട കരണ്ടു തിന്നാൻ കഴിവുള്ള ജീവികളുമാണ് ഏറ്റവും കൂടുതൽ വൈറസ് വാഹകർ. വനനശീകരണത്തോടെ ഇവയൊക്കെ മനുഷ്യവാസമുള്ളിയിടങ്ങളിലേക്ക്​ മാറിത്താമസിക്കാൻ പ്രേരിപ്പിക്കപ്പെടുന്നു. വൈറസുകൾ കൂടുതലായി മനുഷ്യരുടെ അടുത്തേക്ക്​ എത്തുന്നു. ആവാസവ്യവസ്ഥയുടെയും ജൈവ വൈവിധ്യങ്ങളുടെയും തകർച്ച സുഒനോസിസ് (Zoonosses ) അസുഖങ്ങളുടെ അതായത്, മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക്​ പകരുന്ന അസുഖങ്ങളുടെ ആക്കവും വ്യാപനവും കൂട്ടുന്നു. നിപ, കൊറോണ, ഇബോള ഒക്കെ ഉദാഹരണങ്ങൾ.

ഇതി​ന്‍റെയൊക്കെ രത്നച്ചുരുക്കം ഇത്ര മാത്രം. ആവാസവ്യവസ്ഥകൾക്ക് കോട്ടം തട്ടിയാൽ മനുഷ്യകുലത്തിനും കോട്ടം തട്ടും. ആറാമത് മഹാവംശനാശ ഭീഷണി (Sixth Mass Extinction ) എന്ന കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അതിന്​ ആക്കം കൂട്ടുന്ന പ്രവർത്തികളാണ് ഓരോ ദിവസവും നാം അനുവർത്തിക്കുന്നതും. കാടും നാടും തമ്മിലെ അതിർവരമ്പുകൾ ലംഘിക്കാതെ ജീവിക്കുകയും മറ്റു ജീവജാലങ്ങളെ ജീവിക്കാൻ സമ്മതിക്കുകയും ചെയ്താൽ മനുഷ്യർക്ക് കുറെക്കാലം കൂടി മുന്നോട്ടു പോകാം. നമ്മുടെയൊക്കെ പ്രവർത്തികൊണ്ട് ഒരുപാടു ജീവിവർഗങ്ങൾ അപ്രത്യക്ഷമായിപ്പോയിട്ടുണ്ട്. അവയുടെ തിരോധാനം പ്രകൃതിയെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മനുഷ്യർക്ക് പിടികിട്ടാത്ത ഒരു പ്രഹേളികയാണ് പ്രകൃതി. എപ്പോഴാണ് തിരിച്ചടി എന്നു പറയാൻ പറ്റില്ല. ഇനി തൊലിപ്പുറത്തുള്ള ചികിത്സകൾ ഫലിക്കില്ല. ആഴത്തിലുള്ള മുറിവാണ്. കരിയാൻ സമയമെടുക്കും. പരിഹാര ക്രിയകൾ കണ്ടെത്തുകയും വീഴ്​ചകൂടാതെ പാലിക്കുകയും മാത്രമാണ്​ പോംവഴി.

കാട്ടിൽ മഴ പെയ്യിക്കുന്ന കടലിനും കടലിലെ മീനിന് തീറ്റ അയച്ചു കൊടുക്കുന്ന കാടിനും സുഖമാവണം. എന്നാലേ നമുക്കും സുഖമാവൂ.

(വന്യജീവി ഫോ​ട്ടോഗ്രഫറും സഞ്ചാരിയും ചിത്രകാരിയുമാണ്​ ലേഖിക)

Tags:    
News Summary - Heal the wounds of nature; Man will also be healed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.