ഹിന്ദുകോഡില്‍നിന്ന് കുതറിമാറിയവര്‍

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയോട് വാര്‍ത്താസമ്മേളനത്തില്‍ ചിലര്‍ ചോദിച്ചു: ‘‘രാജാത്തി അമ്മാള്‍ താങ്കളുടെ ആരാണ്?’’ കരുണാനിധിയുടെ മറുപടി ഇങ്ങനെയായിരുന്നു: ‘‘രാജാത്തി കനിമൊഴിയുടെ അമ്മയാണ്. കനിമൊഴി എന്‍െറ മകളും.’’ കരുണാനിധി മൂന്ന് വിവാഹം കഴിച്ചിട്ടുണ്ട്. എന്നാല്‍, ആദ്യ സ്ത്രീ പത്മാവതി മാത്രമാണ് ഭാര്യ. രാജാത്തി അമ്മാളും ദയാലു അമ്മാളും ഭാര്യമാരല്ല. എന്നാല്‍, രാജാത്തിയുടെ മകള്‍ കനിമൊഴിയും ദയാലു അമ്മാളുടെ മക്കളായ സ്റ്റാലിനും തമിഴരസും കരുണാനിധിയുടെ മക്കളാണ്.

ഹിന്ദു മാരേജ് ആക്ടനുസരിച്ച് ആദ്യ ഭാര്യയുടെ അനുവാദമുണ്ടെങ്കില്‍ രണ്ടാമതും മൂന്നാമതുമൊക്കെ വിവാഹം കഴിക്കാം. പക്ഷേ, അവര്‍ ഭാര്യമാരാവുകയില്ല. അവര്‍ക്ക് അനന്തരാവകാശമുണ്ടാവുകയുമില്ല. ഇവിടെയാണ് ഇസ്ലാമിക ശരീഅത്ത് വ്യതിരിക്തമാകുന്നത്. അതനുസരിച്ച് ഒരാള്‍ വിവാഹം കഴിക്കുന്ന സ്ത്രീകളെല്ലാം അയാളുടെ ഭാര്യമാരാണ്. അവര്‍ക്ക് അനന്തരാവകാശം തുല്യമായിരിക്കുകയും ചെയ്യും. ഇവിടെ ഇസ്ലാമിന്‍െറ നിലപാടാണ് നീതിപൂര്‍വകമെന്ന് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണ്.

ഇന്ത്യയില്‍ ബഹുഭാര്യത്വം നിയമപരമായി വിലക്കപ്പെട്ട ഹൈന്ദവ, ക്രൈസ്തവ, ബൗദ്ധ വിവാഹനിയമങ്ങളുണ്ട്. അതനുവദിക്കുന്ന മുസ്ലിം വ്യക്തിനിയമവുമുണ്ട്. എന്നിട്ടും മുസ്ലിം സമുദായത്തില്‍ ബഹുഭാര്യത്വം കൂടുതലാണെന്ന് പറയാനാവില്ല. ഏതായാലും, 58 വിവാഹം കഴിച്ച ഒരൊറ്റ മുസ്ലിമും ഇന്ത്യയിലില്ല. ഉണ്ടാവുകയുമില്ല. ഏതു സാഹചര്യത്തിലും പരമാവധി നാലു ഭാര്യമാരെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ. അതിനേ അനുവാദമുള്ളൂ. എന്നാല്‍, 70 വയസ്സിനുള്ളില്‍ 58 വിവാഹം കഴിച്ച ബി.ജെ.പി നേതാവ് ഇന്ത്യയിലുണ്ടായിട്ടുണ്ട്. എം.പിയും ബിഹാര്‍ എം.എല്‍.എയുമൊക്കെയായിരുന്ന ബാഗുണ്‍ സുഖറായ് 67ാമത്തെ വയസ്സില്‍ 25കാരിയെ 58ാം ഭാര്യയായി വിവാഹം കഴിച്ചു.

ചന്ദ്രശേഖര്‍ മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഹുക്കും ദേവ് നാരായണന്‍ യാദവ് ബഹുഭാര്യത്വം സ്വീകരിച്ചയാളാണ്. രാംവിലാസ് പാസ്വാനും എം.എല്‍.എമാരായിരുന്ന മധുസിങ്ങും മംഗള്‍റാമും ഒന്നിലേറെ സ്ത്രീകളെ വിവാഹം കഴിച്ചവരാണ്. ലാലുപ്രസാദ് യാദവിന്‍െറ മന്ത്രിസഭയിലെ നാലുപേര്‍ക്ക് ഒന്നിലേറെ ഭാര്യമാരുണ്ടായിരുന്നു. മുന്‍ എം.പി സൂര്യനാരായണവും രണ്ടാം വിവാഹം കഴിച്ചയാളാണ്. ഭീഷ്മനാരായണ്‍ സിങ് തമിഴ്നാട് ഗവര്‍ണറായിരിക്കെയാണ് രണ്ടാം വിവാഹം കഴിച്ചത്. ബാരിസ്റ്റര്‍ പുരുഷോത്തം ത്രികംദാസും, ബാരിസ്റ്റര്‍ രജനി പട്ടേലും അറിയപ്പെടുന്ന ഹ്യൂമനിസ്റ്റ് എം.എന്‍. റോയിയുമെല്ലാം ബഹുഭാര്യത്വം സ്വീകരിച്ചവരാണ്.

പോളിജിനസ് മാരിയേജസ് ഇന്‍ ഇന്ത്യ എ സര്‍വേ സെന്‍സസ്, മോണോഗ്രാഫ് നമ്പര്‍ 4:1961 സീരീസ് എന്ന ന്യൂഡല്‍ഹിയിലെ രജിസ്ട്രാര്‍ ജനറല്‍ ആന്‍ഡ് സെന്‍സസ് കമീഷണര്‍ ഓഫ് ഇന്ത്യയുടെ ഓഫിസില്‍നിന്നുള്ള 269 പേജ് വരുന്ന റിപ്പോര്‍ട്ട് അവലോകനം ചെയ്ത് ഇന്ത്യ ഗവണ്‍മെന്‍റിന്‍െറ ഡെപ്യൂട്ടി രജിസ്ട്രാര്‍ ബി.കെ. റോയ് ബര്‍മന്‍ 1975 ഏപ്രില്‍ 17ന് എഴുതി: വിവാഹം നടന്ന കാലം അവഗണിക്കുകയാണെങ്കില്‍ ഇന്ത്യയില്‍ മൊത്തമായി ഏറ്റവും ഉയര്‍ന്ന തോതില്‍ ബഹുഭാര്യാവിവാഹം നടന്നിട്ടുള്ളത് ഗോത്രമതക്കാര്‍ എന്നറിയപ്പെടുന്ന വിഭാഗത്തിലാണ്- 15.25 ശതമാനം. തൊട്ടടുത്ത് 7.9 ശതമാനമുള്ള ബുദ്ധമതക്കാരിലാണ്. ഹിന്ദുക്കളില്‍ 5.7 ശതമാനവും മുസ്ലിംകളില്‍ 5.7 ശതമാനവുമാണിത് (ഉദ്ധരണം: റേഡിയന്‍സ് വീക്കിലി, 15.1.1978).

ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. കാന്തിപ്രകാശ് വിവിധ സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വേയനുസരിച്ച് ഹിന്ദു പുരുഷന്മാര്‍ക്കിടയില്‍ ആയിരത്തില്‍ 75 പേര്‍ ഏകഭാര്യത്വം ലംഘിച്ചവരാണ്. എന്നാല്‍, മുസ്ലിംകളില്‍ ആയിരത്തില്‍ 15 പേര്‍ മാത്രമാണ് ബഹുഭാര്യത്വം സ്വീകരിച്ചവര്‍. മുസ്ലിംകളുടെ അനുപാതം ഇതര സമുദായങ്ങളിലേതിനേക്കാള്‍ കുറവാണെന്ന് ബല്‍രാജ്പൂരി കണക്കുകളുദ്ധരിച്ച് വ്യക്തമാക്കിയിട്ടുണ്ട് (ഇന്ത്യന്‍ എക്സ്പ്രസ്, 23.11.1983).
2005-2006ലെ നാഷനല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയനുസരിച്ച് ഏറ്റവും കൂടുതല്‍ ബഹുഭാര്യത്വമുള്ളത് ഗോത്രവര്‍ഗക്കാരെ കഴിച്ചാല്‍ ബുദ്ധമതക്കാര്‍ക്കിടയിലാണ്-3.41 ശതമാനം. ക്രൈസ്തവരില്‍ 2.35 ശതമാനവും മുസ്ലിംകളില്‍ 2.55 ശതമാനവും ഹിന്ദുക്കളില്‍ രണ്ടു ശതമാനവുമാണ്. എടുത്തുപറയാവുന്ന വ്യത്യാസമൊട്ടുമില്ളെന്നര്‍ഥം.

വിവാഹമോചനം
2011ലെ സ്ഥിതിവിവരക്കണക്കനുസരിച്ച് വിവാഹമോചിതരായ ഇന്ത്യന്‍ സ്ത്രീകളില്‍ 68 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിംകള്‍ 23.3 ശതമാനമാണ്. അപ്രകാരംതന്നെ വിധവകള്‍ ഏറ്റവും കുറവുള്ളതും മുസ്ലിംകളിലാണ്. 1000 മുസ്ലിം വിവാഹിതരിലത് 73 ആണെങ്കില്‍ ഹിന്ദുക്കളിലും സിഖുകാരിലും 88ഉം ക്രിസ്ത്യാനികളില്‍ 97ഉം ആണ്. ജാതി, മത, സമുദായ ഭേദമന്യേ ഏവര്‍ക്കും സ്വീകരിക്കാവുന്ന വിവാഹനിയമം 1954ല്‍ നമ്മുടെ പാര്‍ലമെന്‍റ് പാസാക്കുകയുണ്ടായി. മതനിയമങ്ങള്‍ സ്ത്രീവിരുദ്ധവും പ്രാകൃതവുമാണെന്ന് വിശ്വസിക്കുന്ന ആര്‍ക്കും സ്വീകരിക്കാവുന്നതാണ് പ്രസ്തുത മതരഹിത മാരേജ് ആക്ട്. മുസ്ലിംകള്‍ക്കു മാത്രമല്ല; ഹിന്ദുക്കളുള്‍പ്പെടെ ആര്‍ക്കും അത് സ്വീകാര്യമായില്ളെന്നതാണ് വസ്തുത.

അതിനാലാണ് 1955ല്‍ ഹിന്ദു വിവാഹനിയമം പാസാക്കിയത്. 1975ല്‍ സ്പെഷല്‍ മാരേജ് ആക്ടിന്‍െറ പരിധിയില്‍നിന്ന് ഹിന്ദുക്കളെ ഒഴിവാക്കുകയും ചെയ്തു. ഹിന്ദു പേഴ്സനല്‍ ലോ രൂപപ്പെടുത്താനായി പിന്നെയും നിയമനിര്‍മാണം നടത്തുകയുണ്ടായി. 1956ല്‍ ഹിന്ദു മൈനോറിറ്റീസ് ആന്‍ഡ് ഗാര്‍ഡിയന്‍ഷിപ് ആക്ട് പാസാക്കി. അതേ വര്‍ഷംതന്നെ ഭാര്യമാരെയും മറ്റു ബന്ധുക്കളെയും സംരക്ഷിക്കുന്നതിന് ഹിന്ദു അഡോപ്ഷന്‍ ആന്‍ഡ് മെയ്ന്‍റനന്‍സ് ആക്ട് പാസാക്കി. 1956ല്‍തന്നെ പാര്‍ലമെന്‍റ് ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തിന് അംഗീകാരം നല്‍കുകയും ചെയ്തു. 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തിന് പകരമായിരുന്നു ഇത്. 1954ലെ സ്പെഷല്‍ മാരേജ് ആക്ട് 1925ലെ ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമം അംഗീകരിച്ചിരുന്നു. 1976ല്‍ ഈ നിയമം പരിഷ്കരിച്ച് ഹിന്ദുക്കളെ 1925ലെ ആക്ടില്‍നിന്ന് ഒഴിവാക്കി.

1961ലെ ആദായനികുതി ആക്ട് പ്രകാരം ഹിന്ദു കൂട്ടുകുടുംബനിയമം അംഗീകരിച്ചു. ഹിന്ദു കൂട്ടുകുടുംബങ്ങളുടെ പ്രത്യേക ആനുകൂല്യങ്ങളും അംഗീകരിച്ചു. 1955-56ലെ നാല് ഹിന്ദുനിയമങ്ങളിലൂടെ മതപരിവര്‍ത്തനം നടത്തി ഹിന്ദുവല്ലാതാകുന്നവര്‍ക്ക് അനന്തരാവകാശം നിഷേധിക്കപ്പെട്ടു. അതോടൊപ്പം അവ പ്രാദേശികവും വര്‍ഗപരവും ജാതീയവും നാട്ടാചാരപരവുമായ നിയമങ്ങള്‍ സംരക്ഷിക്കുന്നവകൂടിയായിരുന്നു. പ്രസ്തുത നാല് ആക്ടുകളും ഗിരിവര്‍ഗക്കാരെ ഒഴിച്ചുനിര്‍ത്തി; അവരില്‍ നല്ളൊരു ശതമാനം ഹിന്ദുക്കളായിട്ടും അവര്‍ക്ക് പരമ്പരാഗത നിയമം സ്വീകരിക്കാന്‍ അനുവാദം നല്‍കപ്പെട്ടു.

ബ്രിട്ടീഷ് ഭരണകാലം മുതല്‍ നിലനിന്നുപോന്ന കുടുംബബന്ധസംബന്ധിയും പിന്തുടര്‍ച്ചാവകാശപരവുമായ നിയമങ്ങള്‍ക്ക് പകരം ഹിന്ദു പേഴ്സനല്‍ ലോ നടപ്പാക്കാനാണ് ഇത്രയും നിയമനിര്‍മാണം വേണ്ടിവന്നത്. എന്നിട്ടും ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് മുഴുവന്‍ ബാധകമായ പേഴ്സനല്‍ ലോ രൂപപ്പെടുത്താന്‍ സാധിച്ചിട്ടില്ളെന്നതാണ് വസ്തുത. 1954ലെ പൊതു സിവില്‍കോഡ് ഹിന്ദുക്കള്‍ക്ക് സ്വീകാര്യമാകാതിരിക്കുകയും പിന്നീട് ഉണ്ടാക്കിയ ഹിന്ദു പേഴ്സനല്‍ ലോ മുഴുവന്‍ ഹിന്ദുക്കള്‍ക്കുപോലും സ്വീകാര്യമാകാതിരിക്കുകയും ചെയ്തിരിക്കേ എല്ലാ മത, സമുദായങ്ങള്‍ക്കുമായി ഒരൊറ്റ സിവില്‍കോഡെന്നത് എത്രമാത്രം അപ്രായോഗികവും അസാധ്യവുമാണെന്ന് ഏവര്‍ക്കും ബോധ്യമാകാവുന്നതേയുള്ളൂ.

കുതറിമാറിയവര്‍

ഹിന്ദു മാരേജ് ആക്ട് സവര്‍ണ വിഭാഗത്തിന്‍െറ ആചാരാനുഷ്ഠാനങ്ങളെയാണ് പ്രതിനിധാനംചെയ്യുന്നതെന്നും തങ്ങള്‍ക്കത് സ്വീകാര്യമല്ളെന്നും തീരുമാനിച്ച തമിഴ്നാട് തങ്ങളുടേതായ വിവാഹനിയമം ആവിഷ്കരിച്ചു. 1967ല്‍ അധികാരത്തില്‍ വന്ന നാലാം മന്ത്രിസഭയാണ് നിയമനിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. ഹിന്ദു പുരോഹിതനില്ലാതെതന്നെ വിവാഹം നടത്താമെന്നതാണ് ഇതിന്‍െറ പ്രത്യേകതകളിലൊന്ന്. അണ്ണാദുരെ ഹിന്ദു മാരേജ് അമന്‍റ്മെന്‍റ് ആക്ട് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്.

ഹിന്ദു വിവാഹനിയമത്തില്‍ സിഖുകാരെയും ബുദ്ധരെയും ജൈനമതക്കാരെയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, മറ്റു പലരുമെന്നപോലെ സിഖുകാരും ഹിന്ദുകോഡില്‍നിന്ന് കുതറി. തങ്ങള്‍ക്ക് സ്വന്തം മതാചാരപ്രകാരമുള്ള നിയമം ആവിഷ്കരിച്ചു. ആനന്ദ് ഖരേജ് വിവാഹനിയമം എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഗുരു അമര്‍ദാസാണ് ഈ നിയമം പരിചയപ്പെടുത്തിയത്. 2007ല്‍ പാകിസ്താന്‍ അവിടത്തെ സിഖുകാര്‍ക്കുവേണ്ടി ആവിഷ്കരിച്ച നിയമമാണിത്. 2012ലാണ് പഞ്ചാബില്‍ ഈ ആക്ട് നിലവില്‍വന്നത്. 2012 ജൂണിനുശേഷം എല്ലാ സിഖ് വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യപ്പെടുന്നത് ഈ ആക്ടനുസരിച്ചാണ്.

സവര്‍ണ സമൂഹത്തിന്‍െറ വിവാഹരീതി അംഗീകരിക്കാത്ത ഇതര വിഭാഗങ്ങളും തങ്ങളുടെ നാട്ടാചാരം സ്വീകരിക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ ഹിന്ദുക്കളായി അറിയപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നവര്‍ക്കുപോലും ഒരൊറ്റ സിവില്‍കോഡ് പ്രായോഗികമല്ളെന്ന് ഇതൊക്കെ തെളിയിക്കുന്നു.
പാകിസ്താന്‍, ബംഗ്ളാദേശ്, ഈജിപ്ത്, ഇറാഖ്, സിറിയ, ലബനാന്‍ തുടങ്ങി എല്ലാ മുസ്ലിംനാടുകളിലും അവിടങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വ്യക്തിനിയമങ്ങളുള്‍പ്പെടെ തങ്ങളുടെ മതം വിശ്വസിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും സമ്പൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നിട്ടും മതേതര രാജ്യമായ ഇന്ത്യയില്‍ അതില്ലാതാക്കാനായി നടത്തപ്പെടുന്ന ഏതു ശ്രമത്തിനും തടയിടാന്‍ മുഴുവന്‍ രാജ്യസ്നേഹികളും മതേതരവിശ്വാസികളും ബാധ്യസ്ഥരാണ്.

മൗലികാവകാശങ്ങള്‍ നമ്മുടെ ഭരണഘടനയുടെ മൂന്നാം ഭാഗത്താണ് ഉള്‍പ്പെടുത്തിയത്. അതിന് നിയമപരിരക്ഷയുണ്ട്. മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമായി യാതൊരു നിയമവുമുണ്ടാക്കാന്‍ 13 (2) വകുപ്പനുസരിച്ച് ഭരണകൂടത്തിനുപോലും അധികാരമില്ല. മൗലികാവകാശങ്ങള്‍ക്ക് പൂര്‍ണമായും നിയമപരിരക്ഷയുണ്ടെന്നര്‍ഥം. എന്നാല്‍, മാര്‍ഗനിര്‍ദേശക തത്ത്വങ്ങള്‍ ഭരണഘടനയുടെ നാലാം ഭാഗത്താണ്. അവ നടപ്പാക്കാന്‍ കോടതിക്ക് അധികാരമില്ളെന്ന് ഭരണഘടനയുടെ 37ാം വകുപ്പ് വ്യക്തമാക്കുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന മതസ്വാതന്ത്ര്യം നിഷേധിച്ച് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ഏതൊരു ശ്രമവും ഭരണഘടനയിലുള്ള വിശ്വാസം നശിപ്പിക്കാനാണ് കാരണമാവുക. അതിനാല്‍ മൗലികാവകാശം ലംഘിച്ച് ഏക സിവില്‍കോഡ് നടപ്പാക്കാനായി നടത്തപ്പെടുന്ന പ്രചാരണങ്ങള്‍പോലും ദേശീയ ഉദ്ഗ്രഥനത്തിനല്ല, ശൈഥില്യത്തിനാണ് വഴിയൊരുക്കുക.

Tags:    
News Summary - hindu marriage act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.