ചെറുപ്രായത്തിലേ സുന്നി വിദ്യാര്‍ഥി പ്രസ്ഥാനത്തിന്റെ അമരത്ത് അനുഗ്രഹ സാന്നിധ്യമായും ധിഷണകൊണ്ട് നയിച്ചും മുന്നില്‍ നിന്നവരായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. 1972ല്‍ ഞങ്ങളൊന്നിച്ച് ഒരേ ദിവസമാണ് ജാമിഅ നൂരിയ്യയില്‍ ഉന്നത പഠനത്തിനായി ചേരുന്നത്.
അതേവര്‍ഷം സ്ഥാപനത്തിലെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ ഞങ്ങളിരുവരുമെത്തി. തൊട്ടടുത്ത വര്‍ഷം സമസ്തക്കു കീഴില്‍ സുന്നി വിദ്യാര്‍ഥി സംഘടന നിലവില്‍ വരുമ്പോള്‍ പ്രഥമ പ്രസിഡന്റായി തങ്ങളും സെക്രട്ടറിയായി ഞാനും തെരഞ്ഞെടുക്കപ്പെട്ടു. അതൊരു തുടക്കം മാത്രമായിരുന്നു.
പിന്നീടങ്ങോട്ട് സമസ്തയുടെ അനുബന്ധ സംഘടനകളില്‍ പലതിന്റെയും ജില്ല, സംസ്ഥാന പദവികളില്‍ ഹൈദരലി തങ്ങളെത്തി. പാണ്ഡിത്യവും നേതൃഗുണവും ഒരേ മികവില്‍ മേളിച്ച അദ്ദേഹം പൊതുമേഖലയിലെന്നപോലെ സമുദായ വിഷയങ്ങളിലും അതിജാഗ്രതയും കണിശതയുംകൊണ്ട് ശ്രദ്ധിക്കപ്പെട്ടു.
രാഷ്ട്രീയത്തോടൊപ്പം മത നേതൃത്വവും ഒരേ ഊര്‍ജത്തോടെ കൊണ്ടുനടന്നു. സുന്നി യുവജന സംഘത്തില്‍ ആദ്യം മലപ്പുറം ജില്ല പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തങ്ങള്‍ വൈകാതെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തി. നീണ്ടകാലം ആ പദവിയില്‍ തുടര്‍ന്നു. മഹല്ലുകളുടെ ശാക്തീകരണം ലക്ഷ്യമിട്ട് രൂപം നല്കിയ സുന്നി മഹല്ല് ഫെഡറേഷന്റെ താഴെ തട്ടില്‍നിന്ന് തുടങ്ങി സംസ്ഥാന അധ്യക്ഷ പദവി വരെ അദ്ദേഹത്തെ തേടിയെത്തി.
കേരളത്തിലെ ഏറ്റവും വലിയ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടെ അമരത്തുണ്ടായിരുന്ന ഉമറലി ശിഹാബ് തങ്ങള്‍ 2008 ജൂലൈ 3ന് വിടപറയുന്നതോടെയാണ് സമസ്ത കേന്ദ്ര മുശാവറയിലും ഹൈദരലി തങ്ങള്‍ എത്തുന്നത്. അതേ വര്‍ഷം സംഘടനയുടെ വൈസ് പ്രസിഡന്റായി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിലും ഉമറലി തങ്ങളുടെ വേര്‍പാട് നികത്തി പകരക്കാരനായി. കേരളത്തിലുടനീളം മതവൈജ്ഞാനിക സ്ഥാപനങ്ങളുടെ നേതൃപദവിയിലും തങ്ങള്‍ അവിഭാജ്യ സാന്നിധ്യമായിരുന്നു. എല്ലാ സ്ഥാപനങ്ങളിലും നടക്കുന്ന ബഹുമുഖ പരിപാടികളില്‍ സ്വാഭാവികമായും ആദ്യത്തെ പേരുകാരനായി.
ചെമ്മാട് ദാറുല്‍ ഹുദയിലും ഉമറലി ശിഹാബ് തങ്ങളുടെ പിന്‍ഗാമിയായി എത്തിയ അദ്ദേഹം അതിന്റെ പ്രസിഡന്റായി. 2009ല്‍ ഇസ്ലാമിക യൂനിവേഴ്സിറ്റിയായി ഉയര്‍ത്തിയപ്പോള്‍ തങ്ങള്‍ പ്രഥമ ചാന്‍സലറായി, ഈ വിനീതന് വൈസ് ചാന്സ്ലറും. ഒപ്പം മാനേജിങ് കമ്മിറ്റി പ്രസിഡന്റായും മാനേജിങ് കമ്മിറ്റി യോഗങ്ങളില്‍ അധ്യക്ഷത വഹിച്ചും കാര്യങ്ങളിലൊക്കെ താൽപര്യപൂര്വം ഇടപെട്ടും നിറഞ്ഞുനിന്നു.
സമുദായ വളര്‍ച്ച ജീവിതവ്രതമാക്കിയ തങ്ങള്‍ മത സംഘടനകള്‍ക്കു മാത്രമല്ല, സാംസ്കാരിക-വൈജ്ഞാനിക സ്ഥാപനങ്ങള്‍ക്കും സമാനതകളില്ലാത്ത നേതൃത്വവുമായി നിറഞ്ഞുനിന്നു. സഹപാഠിയായി തുടങ്ങി സഹപ്രവര്‍ത്തകരായി പതിറ്റാണ്ടുകള്‍ ഒന്നിച്ചുനിന്ന സ്നേഹസാന്നിധ്യമാണ് പടച്ചതമ്പുരാന്റെ വിളിക്കുത്തരം നല്കി യാത്രയായിരിക്കുന്നത്. ദൗത്യം പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങുമ്പോള്‍ സമുദായം കാത്തിരിക്കുന്നത് പ്രതിസന്ധി ഘട്ടത്തില്‍ താങ്ങും തണലുമാകുന്ന പകരക്കാരനെയാണ്. അല്ലാഹു അനുഗ്രഹിക്കട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.