ഇടുക്കി രൂപതയുടെ കേരള സ്റ്റോറി പ്രദർശനത്തെ അപലപിച്ച് രാജ്യത്തെ മുൻനിര ക്രൈസ്തവ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവർത്തകരും പുറത്തിറക്കിയ സംയുക്ത പ്രസ്താവന
ഈ മാസം നാലിന് വത്തിക്കാനിൽ നടന്ന മതാന്തര സംവാദത്തിനായുള്ള സഭാസംഘത്തിന്റെയും പരമ്പരാഗത മതനേതാക്കളുടെയും സമ്മേളനത്തിൽ പങ്കെടുത്തവരോടായി ഫ്രാൻസിസ് മാർപാപ്പ ഒരു കാര്യം ഊന്നിപ്പറഞ്ഞു- ‘‘മതങ്ങൾക്കും വംശീയ സംഘങ്ങൾക്കും സംസ്കാരങ്ങൾക്കുമിടയിൽ സൗഹാർദം പരിപോഷിപ്പിക്കുന്നതിനായി നാം പിന്തുണ നൽകേണ്ടതുണ്ട്. പ്രധാനമായും വൈവിധ്യങ്ങളെ മാനിക്കുകയും നമ്മുടെ പൊതുഭവനത്തോട് പ്രതിബദ്ധത പുലർത്തുകയും സമാധാനത്തിന് പ്രോത്സാഹനമേകുകയും വേണം.
ദൗർഭാഗ്യവശാൽ അതേ ദിവസം തന്നെയാണ് സിറോ മലബാർ സഭയുടെ ഇടുക്കി രൂപത കേരള സ്റ്റോറി എന്ന വിവാദ സിനിമ മതപാഠ വിദ്യാർഥികൾക്കിടയിൽ പ്രദർശിപ്പിച്ചത്. ഏപ്രിൽ എട്ടിന് പല പത്രങ്ങളും ഇക്കാര്യം വിശദമായി റിപ്പോർട്ട് ചെയ്തു. ലവ് ജിഹാദ് വിഷയത്തിൽ ക്രൈസ്തവ വിദ്യാർഥികൾക്കിടയിൽ ബോധവത്കരണം വളർത്താനാണ് പ്രദർശനം സംഘടിപ്പിച്ചതെന്നാണ് രൂപത വക്താവ് പറഞ്ഞത്.
ഒരു കത്തോലിക്ക രൂപത ഈ സിനിമ പ്രദർശിപ്പിച്ചത് യുക്തിക്ക് നിരക്കാത്തതാണ്. ഒന്നാമതായി, നമ്മുടെ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ നശിപ്പിക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ ആഖ്യാനത്തിന് വഴിയൊരുക്കാൻ സൃഷ്ടിച്ച ഒരു പ്രോപഗണ്ട സിനിമയാണിത്. രണ്ടാമതായി, നുണകളും വസ്തുതാവിരുദ്ധതയും പാതിവെന്ത സത്യങ്ങളും നിറഞ്ഞിരിക്കുന്നു. എത്രമാത്രമെന്നുവെച്ചാൽ ഇക്കാര്യങ്ങൾ സിനിമയുടെ സംവിധായകൻ തന്നെ പരസ്യമായി സമ്മതിക്കുകയും കർട്ടൻ റൈസറിൽ ചേർത്ത ‘32,000 പെൺകുട്ടികൾ ഇസ്ലാം ആശ്ലേഷിച്ചു’വെന്ന വിവരം തിരുത്തി വെറും മൂന്ന് പെൺകുട്ടികൾ എന്നാക്കുകയും ചെയ്തിരുന്നു. അരോചകമായ പത്ത് രംഗങ്ങൾ മുറിച്ചുനീക്കിയ ശേഷമാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകിയതുതന്നെ. അതിനെല്ലാം ഉപരിയായി ഈ സിനിമ സഭയുടെ പാഠങ്ങൾക്കും യേശുവിന്റെ സന്ദേശങ്ങൾക്കും വിരുദ്ധമാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ സമാധാനം, അനുകമ്പ, അംഗീകരിക്കൽ എന്നിവ പ്രോത്സാഹിപ്പിക്കേണ്ടതിനുപകരം കുഞ്ഞുങ്ങൾക്കിടയിൽ വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും മുൻവിധിയുടെയും വിത്തുകൾ വിതക്കുന്ന ചിത്രം പ്രദർശിപ്പിക്കാനുള്ള സഭാ അധികൃതരുടെ തീരുമാനം അത്യന്തം ആശങ്കാജനകമാണ്
നുണകൾ നിറഞ്ഞ ഒരു പ്രോപഗണ്ട ചലച്ചിത്രം പ്രദർശിപ്പിക്കുക വഴി മറ്റു വിശ്വാസങ്ങളോടുള്ള നിഷേധാത്മക വികാരങ്ങളും വിവേചനപരമായ മനോഭാവവുമാണ് കുത്തിപ്പൊക്കിയത്. ഒപ്പം, എല്ലാ മതങ്ങളോടും സംസ്കാരങ്ങളോടും സ്നേഹവും ബഹുമാനവും പുലർത്താൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതിൽനിന്ന് പരാജയപ്പെടുകയും ചെയ്തു.
ഇത്തരം പ്രവർത്തനങ്ങൾ ഭാവി തലമുറയിലും സമൂഹത്തിലാകമാനവും പ്രതികൂല ഫലങ്ങൾ ഉണ്ടാക്കും, പ്രത്യേകിച്ച് രാജ്യത്തെ നശിപ്പിക്കാൻ വിദ്വേഷം ആയുധമാക്കുന്ന രാഷ്ട്രീയ പശ്ചാത്തലം നിലനിൽക്കുന്ന സാഹചര്യത്തിൽ. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ‘എ’ സർട്ടിഫിക്കറ്റ് നൽകിയ സിനിമ എങ്ങനെയാണ് കുട്ടികളെ കാണിക്കാൻ കഴിഞ്ഞത്? കുട്ടികൾക്ക് മുമ്പാകെ ഇത്തരമൊരു സിനിമ പ്രദർശിപ്പിച്ചതിന് ഇടുക്കി രൂപതക്കെതിരെ നിയമനടപടി ഉണ്ടാകുമോ?
വിശുദ്ധ റമദാൻ മാസത്തിൽ ക്രൈസ്തവരും മുസ്ലിംകളും തമ്മിലെ നല്ല ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ പ്രാധാന്യമാണ് മതാന്തര സംവാദത്തിനുള്ള പൊന്തിഫിക്കൽ കൗൺസിൽ ഊന്നിപ്പറഞ്ഞിരുന്നത്. അതിനുവിരുദ്ധമായി ഇരു സമുദായങ്ങൾ തമ്മിൽ അസ്വസ്ഥതയും സംഘർഷവും വളർത്തുന്നതിനാണ് ഈ വേള ഇടുക്കി രൂപത തിരഞ്ഞെടുത്തതെന്ന് തോന്നുന്നു.
ഹിറ്റ്ലറുടെ കാലത്തെന്നതുപോലെ, സ്വന്തം ‘കൊച്ചുകൊച്ചു സാമ്രാജ്യങ്ങൾ’ ഭദ്രമാക്കി വെക്കാൻ രാഷ്ട്രീയ അധികാരമുള്ളവരോട് കൂറുപുലർത്താൻ ആഗ്രഹിക്കുന്ന അധികാരികൾ സഭകളിൽ എപ്പോഴും ഉണ്ട്. ‘‘കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങൾക്കു ഹാ കഷ്ടം’’ എന്നുതുടങ്ങുന്ന മത്തായിയുടെ സുവിശേഷം 23:15 ന്റെ സന്ദർഭോചിതമായ അനുരൂപണം നമുക്കേവർക്കും ഒരു ഓർമപ്പെടുത്തലാണ്.
ഇടുക്കി രൂപതയുടെ അനാർദ്രചിത്തവും ക്രൈസ്തവവിരുദ്ധവുമായ ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നതോടൊപ്പം ഭാവിതന്നെ അപകടത്തിലായിരിക്കുന്ന നമ്മുടെ രാജ്യത്ത് മതാന്തര സംവാദം, അനുരഞ്ജനം, സാഹോദര്യം, സൗഹാർദം, സമാധാനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ സഭാ അധികാരികളും തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യണമെന്ന് ഞങ്ങൾ ആത്മാർഥമായി അഭ്യർഥിക്കുന്നു.
എന്ന്,
ഡോ. കൊച്ചുറാണി എബ്രഹാം, അഡ്വ. സൂസൻ എബ്രഹാം (ബോംബെ ഹൈകോടതി), അഡ്വ. എം.എ. ബ്രിട്ടോ, (ഫോറം ഫോർ സെക്യുലറിസം ആൻഡ് ഡെമോക്രസി, തിരുനെൽവേലി), ഡോ. ജോൺ ദയാൽ (ദേശീയോദ്ഗ്രഥന കൗൺസിൽ മുൻ അംഗം, മുൻ പ്രസിഡന്റ് അഖിലേന്ത്യ കാത്തലിക് യൂനിയൻ, ന്യൂഡൽഹി), ബ്രിനെല്ലെ ഡിസൂസ (ചെയർപേഴ്സൻ, സെന്റർ ഫോർ ഹെൽത്ത് ആൻഡ് മെന്റൽ ഹെൽത്ത്, ടിസ്സ്, മുംബൈ),ഡോ റൂത്ത് ഡിസൂസ ( ബോംബെ അതിരൂപത), ഡോ. ജോസഫ് വിക്ടർ എഡ്വിൻ എസ്.ജെ (സെക്രട്ടറി, ഇസ്ലാമിക് സ്റ്റഡീസ് അസോസിയേഷൻ, ഡൽഹി), മിഥുൻ ജെ. ഫ്രാൻസിസ് എസ്.ജെ (ഡോക്ടറൽ സ്റ്റുഡന്റ് പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂനിവേഴ്സിറ്റി, റോം), അഡ്വ. ജൂലി ജോർജ് മുംബൈ,ഡോ. ജോസ് ആന്റണി ജോസഫ് (മനുഷ്യാവകാശ പരിശീലന കൺസൾട്ടന്റ്, മുംബൈ),ഡോ. ഫ്രേസർ മസ്കരനാസ് എസ്.ജെ (മുൻ പ്രിൻസിപ്പൽ, സെൻറ് സേവ്യേഴ്സ് കോളജ് മുംബൈ),ആനന്ദ് മാത്യു ഐ.എം.എസ് (ഡയറക്ടർ വിശ്വജ്യോതി കമ്യൂണിക്കേഷൻസ്, വാരാണസി), ഡോ. സുരേഷ് മാത്യു (മുൻ എഡിറ്റർ ‘ഇന്ത്യൻ കറന്റ്സ്’), സെഡ്രിക് പ്രകാശ് എസ്.ജെ (മനുഷ്യാവകാശ പ്രവർത്തകൻ, അഹ്മദാബാദ്), റൊണാൾഡ് സൽദാന എസ്.ജെ (അഡ്മിനിസ്ട്രേറ്റർ, ഇന്ത്യൻ സോഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂഡൽഹി), അഡ്വ. മേരി സ്കറിയ SCJM (സുപ്രീം കോടതി), വർഗീസ് തെക്കനാട്ട് എസ്.ജി (മുൻ ദേശീയ പ്രസിഡന്റ്, കോൺഫറൻസ് ഓഫ് റിലീജിയസ് ഇന്ത്യ (സി.ആർ.ഐ), പോൾ തേലക്കാട്ട് (മുൻ പത്രാധിപർ ‘സത്യദീപം’) അഡ്വ. ഹെൻറി ടിഫൈൻ (എക്സിക്യൂട്ടിവ് ഡയറക്ടർ, പീപ്ൾസ് വാച്ച്).
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.