ശ്രീരാമകൃഷ്ണ വചനാമൃതത്തിന്‍െറ പ്രസക്തി

ഭാരതീയ കാലഗണനപ്രകാരം ഇത്തവണ ഫെബ്രുവരി 28നാണ് ശ്രീരാമകൃഷ്ണ പരമഹംസരുടെ ജയന്തി ആഘോഷങ്ങള്‍ ശ്രീരാമകൃഷ്ണമഠം കൊണ്ടാടുന്നത്. ഇംഗ്ളീഷ് കലണ്ടര്‍പ്രകാരം 1836 ഫെബ്രുവരി 18നാണ് ശ്രീരാമകൃഷ്ണന്‍ ജനിച്ചത്. ബംഗാളിലെ കാമപുക്കൂര്‍ എന്ന ഗ്രാമത്തില്‍ ഒരു നിര്‍ധന ബ്രാഹ്മണ കുടുംബത്തിലാണ് ശ്രീരാമകൃഷ്ണന്‍ ജനിച്ചത്. മാതാപിതാക്കള്‍ നല്‍കിയ പേര് ഗദാധര്‍. ഒൗപചാരിക വിദ്യാഭ്യാസം ലവലേശം ഉണ്ടായിട്ടില്ല. രണ്ടുനേരവും ഭക്ഷണം കിട്ടും എന്ന് ഉറപ്പു ലഭിച്ചതിനാല്‍ റാണി രാസമണിയുടെ വകയായി ദക്ഷിണേശ്വരം ക്ഷേത്രത്തിലെ പൂജാരിയായി ഗദാധര്‍ നിയോഗിതനായി.

ക്ഷേത്രത്തിലെ സാധനാ തപസ്യകളിലൂടെ ഗദാധര്‍ ശ്രീരാമകൃഷ്ണ പരമ ഹംസരാവുകയും അനേകം സത്യാന്വേഷകരുടെ അറിവിനായുള്ള വിശപ്പ് പരിഹരിച്ചുകൊടുക്കുന്ന ജ്ഞാനഗുരുവായി അംഗീകാരം നേടുകയും ചെയ്തു. അക്കാലത്തെ ആചാര പ്രകാരം ശ്രീരാമകൃഷ്ണന്‍ നന്നേ ചെറുപ്പത്തില്‍തന്നെ വിവാഹിതനായി. ശാരദാ ദേവിയായിരുന്നു വധു. കളിമട്ടു മാറാത്ത ശാരദ  വിവാഹ ചടങ്ങിനുശേഷം സ്വന്തം വീട്ടില്‍തന്നെയാണ് കഴിഞ്ഞിരുന്നത് -ശ്രീരാമകൃഷ്ണന്‍ ദക്ഷിണേശ്വരത്തുമായിരുന്നു. പ്രായപൂര്‍ത്തിയായതിനുശേഷം ഭര്‍ത്താവിനെ തേടി ദക്ഷിണേശ്വരത്തത്തെിയ ശാരദാദേവി ആ ധ്യാനനിര്‍ഭരമായ ജീവിതം കണ്ടപ്പോള്‍ അതിനെ അലങ്കോലപ്പെടുത്തി സാധാരണ കുടുംബ ജീവിതത്തിലേക്ക് രാമകൃഷ്ണനെ വലിച്ചിഴക്കാന്‍ തയാറായില്ല. ശാരദാദേവിയും പ്രാര്‍ഥനാ നിര്‍ഭരമായ മനസ്സോടെ ശ്രീരാമകൃഷ്ണരെയും അവിടത്തെ ഭക്തരെയും ശുശ്രൂഷിച്ച് ദക്ഷിണേശ്വരത്തു കഴിഞ്ഞുകൂടാന്‍ തീരുമാനിച്ചു. ഭാര്യ ഭര്‍ത്താവിന്‍െറ ശിഷ്യയാവുക എന്നത് ആധ്യാത്മിക ചരിത്രത്തില്‍ അപൂര്‍വമല്ല.

യാജ്ഞാവത്ക്യ മഹര്‍ഷിയുടെ പ്രധാന ശിഷ്യകള്‍ ഗാര്‍ഗി, മൈത്രേയി തുടങ്ങിയവര്‍ അദ്ദേഹത്തിന്‍െറ ഭാര്യമാരായിരുന്നു. ശ്രീബുദ്ധന്‍െറ ഭാര്യ യശോദയും മകന്‍ രാഹുലും അദ്ദേഹത്തിന് ശിഷ്യപ്പെട്ടിരുന്നു. മുഹമ്മദ് നബിയുടെ ഒന്നാമത്തെ അനുയായി അദ്ദേഹത്തിന്‍െറ ഒന്നാമത്തെ ഭാര്യയായ ഖദീജാബീവിതന്നെയായിരുന്നല്ളോ. ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആദ്യ ശിഷ്യ അദ്ദേഹത്തിന്‍െറ സഹധര്‍മിണി തന്നെയായിരുന്നു.  പരമശിവന്‍ സഹധര്‍മിണിയായ പാര്‍വതിക്ക് ഉപദേശിച്ച ജ്ഞാനശാസ്ത്രമാണ് അധ്യാത്മ രാമായണം. ആധ്യാത്മിക ചരിത്രത്തിലെ ഈ രീതിയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു ശ്രീരാമകൃഷ്ണരുടെയും ശാരദാ ദേവിയുടെയും ജീവിതം.

1836ല്‍ ജനിച്ചു 1886ല്‍ മണ്‍മറഞ്ഞ ശ്രീരാമകൃഷ്ണ പരമഹംസരുടെ ജീവിതം ലോകത്തിനു നല്‍കിയ സംഭാവനയെന്ത്?  ഈ ചോദ്യത്തിന് ഒട്ടും സംശയമില്ലാതെ നല്‍കാവുന്ന മറുപടി ‘സ്വാമി വിവേകാനന്ദന്‍’ എന്നതാണ്. സ്വാമി വിവേകാനന്ദ ജീവിതം വാര്‍ത്തെടുത്ത് ലോകത്തിനായി സംഭാവനചെയ്തു എന്നതുതന്നെയാണ് ശ്രീരാമകൃഷ്ണന്‍ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ സംഭാവന.  ഭാരതീയതയുടെ ശക്തിസൗന്ദര്യങ്ങളും തത്ത്വസാരങ്ങളും മനസ്സിലാക്കാന്‍ ഞങ്ങള്‍ വായിക്കേണ്ട പുസ്തകമേതാണു സ്വാമിജി?  ഈ രീതിയിലുള്ള ചോദ്യങ്ങള്‍ എനിക്ക് പലപ്പോഴും അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്. എല്ലാവരോടും ഞാന്‍ പറഞ്ഞിട്ടുള്ള മറുപടി ‘ശ്രീരാമകൃഷ്ണ വചനാമൃതം’ വായിക്കുക എന്നതാണ്. തന്നെ കാണാന്‍ വരുന്നവരോടും താന്‍ പോയി കണ്ടിരുന്നവരോടും ശ്രീരാമകൃഷ്ണ പരമഹംസന്‍ നടത്തിയ സംഭാഷണങ്ങളാണ് ശ്രീരാമകൃഷ്ണ വചനാമൃതം. ഈ സംഭാഷണങ്ങള്‍ രേഖപ്പെടുത്തി സൂക്ഷിച്ചത് മാസ്റ്റര്‍ മഹാശയന്‍ എന്നറിയപ്പെട്ടിരുന്ന മഹേന്ദ്രനാഥ ഗുപ്തന്‍ എന്ന ഗൃഹസ്ഥശിഷ്യനായിരുന്നു. അദ്ദേഹമത് രേഖപ്പെടുത്താതിരിക്കുകയും സ്വാമി വിവേകാനന്ദന്‍ ശ്രീരാമകൃഷ്ണ വചനാമൃതം പ്രസിദ്ധപ്പെടുത്താനും പ്രചരിപ്പിക്കാനും ശ്രീരാമകൃഷ്ണമിഷന്‍ രൂപവത്കരിക്കാതിരിക്കുകയും ചെയ്തിരുന്നെങ്കില്‍ ശ്രീരാമകൃഷ്ണ വചനാമൃതം എന്ന ജ്ഞാനഖനി ലോകത്തിന് കണ്ടത്തൊനാകുമായിരുന്നില്ല.

ഭാരതീയമായ ആധ്യാത്മിക പാരമ്പര്യത്തിന്‍െറ ഏറക്കുറെ എല്ലാ വിതാനങ്ങളെയും സ്പര്‍ശിക്കുന്ന സമഗ്രത വചനാമൃതത്തിനുണ്ട്. വിഗ്രഹാരാധന മുതല്‍ അദൈ്വത വേദാന്തംവരെ അതില്‍ ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്. സരസമായ ഉപമകള്‍, കൊച്ചുകൊച്ച് സംഭാഷണങ്ങള്‍, ശൈലി ലാളിത്യം, ആശയ ഗൗരവം എന്നിവ കൊണ്ട് ആരെയും ആകര്‍ഷിക്കുകയും അതിശയിപ്പിക്കുകയും ചെയ്യുന്ന കൃതി. ഇസ്ലാം മതത്തില്‍ ഹദീസുകള്‍ക്ക് പ്രാധാന്യം എന്തുമാത്രമുണ്ടോ അത്രയും പ്രാധാന്യം ഭാരതീയ ആധ്യാത്മിക പാരമ്പര്യത്തെ സംബന്ധിച്ച് ശ്രീരാമകൃഷ്ണ വചനാമൃതത്തിനും ഉണ്ട്.

അധികാരം നേടാനും നിലനിര്‍ത്താനും ആസൂത്രിതമായി മതസ്പര്‍ധ വളര്‍ത്തുന്ന ആസുരശക്തികളുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്ന ഇന്നത്തെ ഭാരതീയ സാഹചര്യത്തില്‍, മതമൈത്രിയും മാനവ മൈത്രിയും പരിപോഷിപ്പിക്കാന്‍ ശ്രീരാമകൃഷ്ണ വചനാമൃത്തിന്‍െറ പാരായണവും പരിചിന്തനവും ഉപകരിക്കും. സ്വാമി വിവേകാനന്ദന്‍ ‘എന്‍െറ ഗുരുനാഥന്‍’ എന്ന പ്രസംഗത്തില്‍ പറയുന്നു: ‘ ഞാനെന്‍െറ ആചാര്യനില്‍നിന്ന് അഭ്യസിച്ച രണ്ടാമത്തെ പാഠം -ഒരുപക്ഷേ, ഏറ്റവും മാര്‍മികമായ പാഠം -ലോകത്തിലെ മതങ്ങളൊന്നും തമ്മില്‍ വിരുദ്ധങ്ങളോ എതിരോ അല്ളെന്നുള്ള അദ്ഭുത വസ്തുതയാണ്. അവയെല്ലാം അനന്തമായ ഏക മതത്തിന്‍െറ നാനാ മുഖങ്ങളാണ്. ഈ മതം ഓരോ രാജ്യത്ത് ഓരോ വിധത്തില്‍ പ്രകടമാകുന്നു. അതുകൊണ്ട് നാം എല്ലാ മതങ്ങളെയും ‘ആദരിക്കണം’.
ശ്രീരാമകൃഷ്ണ വചനാമൃതം വായിച്ചാല്‍ വിഭാഗീയവികാരത്താല്‍ വിദ്വേഷം വളരുന്ന നില മനുഷ്യര്‍ക്കുണ്ടാവില്ളെന്ന് ചുരുക്കം. ഈ കൃതിവായിച്ചാല്‍ ഭാരതീയരായ മനുഷ്യര്‍ മഹാത്മാ ഗാന്ധിമാരാകും എന്നല്ലാതെ ഒരിക്കലും നാഥൂറാം ഗോദ്സെമാരാവുകയില്ല. അതിനാല്‍ ശ്രീരാമകൃഷ്ണ വചനാമൃതത്തിന്‍െറ വായന വര്‍ഗീയതയുടെ വിഷബാധ തടഞ്ഞ് മനുഷ്യമനുഷ്യ മനസ്സിനെ ആരോഗ്യ പൂര്‍ണമാക്കാതിരിക്കില്ല.

 

Tags:    
News Summary - importance of sreeramakrishna's words

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.