ഖത്തറിെൻറ സൗദി അതിർത്തികൾ മൂന്നരവർഷം നീണ്ട ഉപരോധത്തിനുശേഷം തുറക്കുകയും ഗൾഫ് രാജ്യങ്ങളുടെ െഎക്യം അൽഉല പ്രഖ്യാപനത്തിലൂടെ ഉൗട്ടിയുറപ്പിക്കുകയും ചെയ്തത് 2021 പുതുവർഷത്തിൽ എല്ലാവർക്കും ഏറെ സന്തോഷവും സമാധാനവും പ്രദാനംചെയ്യുന്ന ആദ്യ മുഖ്യസംഭവമായി. അനുരഞ്ജനത്തിെൻറ ഭാഗമായി സൗദി അറേബ്യക്കെതിരെ ഖത്തർ അന്താരാഷ്ട്ര കോടതിയിൽ ഈ ഉപരോധവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത എല്ലാ കേസുകളും പിൻവലിക്കുമെന്ന് പറഞ്ഞത് ഈ വിഷയത്തിൽ കൂടുതൽ ആശ്വാസംപകരുന്ന നയതന്ത്ര നടപടിയാണ്.
അമേരിക്കൻ പ്രസിഡൻറായിരുന്ന ബറാക് ഒബാമ ഒന്നാം ഊഴത്തിനുള്ള പ്രചാരണത്തിൽ വാക്കുപറഞ്ഞതുപോലെ അധികാരമേറ്റ് ആറു മാസം തികയുംമുമ്പ്, 2009 ജൂൺ 17ന് ആദ്യ വിദേശപര്യടനത്തിന് ൈകറോ തെരഞ്ഞെടുത്തു. ഒരു 'പുതിയ തുടക്ക'ത്തെക്കുറിച്ച് ഗംഭീരമായ പ്രസംഗവും നടത്തി. അത് അദ്ദേഹത്തെ സമാധാന നൊബേലിന് അർഹനാക്കുകയും ചെയ്തു. 2017 ജനുവരിയിൽ പുതിയ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അധികാരമേറ്റു.
ഈസോപ് കഥയിലെ സത്യസന്ധനായ മരംവെട്ടുകാരനെ അനുകരിച്ച് സ്വർണമഴു ലഭിക്കാൻ സ്വന്തം മഴു പുഴയിലെറിഞ്ഞു നഷ്ടപ്പെടുത്തിയ കപടനായ ആർത്തിപ്പണ്ടാരത്തെ ഓർമിപ്പിച്ചു ട്രംപ്. ഒബാമയെ പിന്തുടർന്ന് അധികാരമേറ്റ് അഞ്ചു മാസം പൂർത്തിയാവുംമുമ്പേ ആദ്യ വിദേശപര്യടനം അദ്ദേഹം സൗദിതലസ്ഥാനമായ റിയാദിലേക്കാക്കി.
ട്രംപിെൻറ നേതൃത്വത്തിൽ ഒ.ഐ.സി ഉച്ചകോടിയും ജി.സി.സി ഉച്ചകോടിയും സൗദി, യു.എ.ഇ, ഇൗജിപ്ത് ഭരണാധികാരികളുമായുള്ള സ്വകാര്യയോഗങ്ങളുമെല്ലാം ആ സന്ദർശനത്തിൽ നടന്നു. ഇറാനും തുർക്കിയും ഉച്ചകോടി ബഹിഷ്കരിച്ചിരുന്നു. സിറിയ ക്ഷണിക്കപ്പെട്ടിരുന്നില്ല.
ഒബാമയുടെ സന്ദർശനത്തിെൻറ നേരിട്ടുള്ള ഫലമല്ലെങ്കിലും, പിന്നീട് പശ്ചിമേഷ്യയിലെ പ്രമുഖ രാജ്യങ്ങളിലുടനീളം അറബ് വസന്തം അടിച്ചുവീശുന്നതാണ് കണ്ടത്. അതിൽ ഇസ്രായേലും അമേരിക്കയും ചുവന്ന രേഖയായി കരുതുന്ന ഈജിപ്തും ഉൾപ്പെട്ടിരുന്നു. ഇറാനു പുറമെ, മധ്യധരണ്യാഴിയുടെ തീരത്തെ രണ്ടു പ്രബലരാജ്യങ്ങളായ ഈജിപ്തിലും തുർക്കിയിലും ജനാധിപത്യഭരണകൂടങ്ങൾ വേരുപിടിക്കുന്നതിലെ അപകടം മനസ്സിലാക്കിയതുകൊണ്ടുകൂടിയാവണം, അമേരിക്കയും ഇസ്രായേലും പാശ്ചാത്യരാജ്യങ്ങളും അയൽപക്കത്തെ ചകിതരാജ്യങ്ങളും കൈറോയിൽ ജനാധിപത്യഭരണകൂടത്തെ മറിച്ചിട്ടു.
ഒബാമയുടെ ഭരണകാലം കഴിയുന്നതിന് ആറു മാസം മാത്രം അവശേഷിക്കെ, സൈന്യത്തിലെ ഒരു വിഭാഗത്തെ ഉപയോഗപ്പെടുത്തി, തുർക്കിയിലെ ഉർദുഗാൻ ഭരണകൂടത്തെ മറിച്ചിടാനുള്ള വിഫലശ്രമവും സമാനസ്വഭാവത്തിൽ നടന്നിരുന്നു. സൗദി അറേബ്യയുമായി 110 ബില്യൺ ഡോളറിെൻറ ആയുധക്കരാറിലേർപ്പെട്ടതിനു പുറമെ ട്രംപിെൻറ സന്ദർശനത്തിെൻറ നേരിട്ടുള്ള ഫലമെന്നോണം ഉണ്ടായ മറ്റൊരു കാര്യം, റിയാദിൽ 'ഭീകരവാദ-തീവ്രവാദ പ്രത്യയശാസ്ത്രത്തോടു യുദ്ധം ചെയ്യാനുള്ള ഗ്ലോബൽ സെൻറർ' സ്ഥാപിച്ചതായിരുന്നു.
ചെറിയ രാജ്യമാണെങ്കിലും അന്തർദേശീയരംഗത്ത് അസൂയാർഹമായ രൂപത്തിൽ ഇടപെടലുകൾ നടത്തുന്ന ഖത്തറിനെതിരെ 13 ആവശ്യങ്ങൾ ഉന്നയിച്ച് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പ്രസിഡൻറ് ട്രംപിെൻറ സന്ദർശനത്തിെൻറ തൊട്ടുടനെയായിരുന്നു. ഈജിപ്തിലെ ഭരണകൂട പീഡനങ്ങളിൽനിന്നു രക്ഷപ്പെട്ട് അഭയാർഥികളായെത്തിയ മുസ്ലിം ബ്രദർഹുഡ് നേതാക്കൾക്ക് അഭയം നൽകുകയും സംഘടനയോട് മൃദുസമീപനം സ്വീകരിക്കുകയും ചെയ്തു, ഫലസ്തീനിലെ പോരാട്ടസംഘടന 'ഹമാസി'നെ പിന്തുണച്ചു, ഇറാനോടും തുർക്കിയോടും സൗഹാർദം പുലർത്തി, 'അൽജസീറ' വാർത്താചാനലിന് അറബ്ലോകത്ത് സ്വതന്ത്രമായി പ്രവർത്തിക്കാൻ പശ്ചാത്തലസൗകര്യമൊരുക്കി എന്നിവയായിരുന്നു ഉപരോധത്തിലേക്കു നയിച്ച പ്രധാന വിഷയങ്ങൾ. കര, വ്യോമ, നാവിക അതിർത്തികൾ അടച്ചുള്ള ഉപരോധമായിരുന്നു അത്. ഖത്തറിന് കരമാർഗം ഉണ്ടായിരുന്ന ഏക അതിർത്തി സൗദി അറേബ്യയുമായിട്ടായിരുന്നു.
അമേരിക്കയിലെയും യൂറോപ്പിലെയും പൊതുസമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത ഉപരോധത്തെ രഹസ്യമായി അറബ് രാജ്യങ്ങൾക്കിടയിൽ ഭിന്നിപ്പിനും ഛിദ്രതക്കും പ്രവർത്തിച്ചുകൊണ്ടിരിക്കെതന്നെ പാശ്ചാത്യരാജ്യങ്ങൾക്കോ അമേരിക്കക്കുതന്നെയോ പരസ്യമായി പിന്തുണക്കാൻ സാധിക്കുമായിരുന്നില്ല. ജി.സി.സി രാജ്യങ്ങളിൽതന്നെ ജനായത്ത വ്യവസ്ഥയുടെ പരീക്ഷണാലയമായ കുവൈത്തും ഒമാനും മാധ്യസ്ഥ്യശ്രമങ്ങൾക്കു വാതിൽ തുറന്നുവെക്കാനാഗ്രഹിക്കുന്നുവെന്ന നയതന്ത്രന്യായം പറഞ്ഞു മാറിനിന്നു.
ഭിന്നിപ്പിക്കുക, ശേഷം ഇരുവിഭാഗത്തിനുമിടയിൽ 'രഞ്ജിപ്പ്' ഉണ്ടാക്കാനെന്ന വ്യാജേന പതിവ് നയതന്ത്രനാടകം നടത്തി പഴയ കിസിഞ്ജറിയൻ മാതൃകയിൽ പ്രതിസന്ധി കൈകാര്യം ചെയ്ത് ബന്ധപ്പെട്ട രാജ്യങ്ങളെ ചൂഷണം ചെയ്യുക, അതിലൂടെ ഖത്തറിനെ സമ്മർദത്തിലകപ്പെടുത്തി അമേരിക്കയും അമേരിക്കയുടെ മേഖലയിലെ ആശ്രിതരാജ്യങ്ങളും ഉദ്ദേശിച്ച വഴിയിൽ നടത്തിക്കാൻ ശ്രമിക്കുക-ഇതാണ് ട്രംപിനുകീഴിലെ അമേരിക്ക പിന്നീട് അങ്ങോട്ട് നടത്തിയത്. അങ്ങനെ നാലു രാജ്യങ്ങളും ചേർന്ന് പുതിയ അന്ത്യശാസനത്തോടെ ആവശ്യങ്ങൾ ആറാക്കി ചുരുക്കി. ഖത്തർ വഴങ്ങിയില്ലെന്നു മാത്രമല്ല, ഈ രാജ്യങ്ങളെ ആശ്രയിക്കാതെ അതിജീവനമാർഗങ്ങൾ തേടി മുന്നോട്ടുപോയി. ഇസ്രായേൽ, അമേരിക്കയുടെ ചുവടുപിടിച്ച് ഈ ഉപരോധത്തിന് പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ നൽകിയിരുന്നു. മറുഭാഗത്ത് ഇറാനും തുർക്കിയും ഖത്തറിന് ഉറച്ച പിന്തുണ നൽകി. ലിബിയയിലും യമനിലും തിരിച്ചടി നേരിട്ടുകൊണ്ടിരുന്ന മേഖലയിലെ അമേരിക്കൻ അച്ചുതണ്ട് ശക്തികൾക്ക് ഖത്തറിനെതിരെയുള്ള ഉപരോധവും രാഷ്ട്രീയമായും സാമ്പത്തികമായും നയതന്ത്രപരമായും ബൂമറാങ് ആയി മാറുന്നതാണ് കണ്ടത്. നിഷ്പക്ഷ നിലപാടെടുത്ത ഒമാനിലെയും കുവൈത്തിലെയും ഭരണകൂടങ്ങൾക്ക് ആ രാജ്യങ്ങളിലെ ജനതയുടെ പിന്തുണയും ലഭിച്ചിരുന്നു. സൗദി അറേബ്യയും യു.എ.ഇയും ഈജിപ്തും ഒഴിഞ്ഞുകൊടുത്ത ഖത്തറിലെ അവസരം ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി ഇറാനും തുർക്കിയും സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ ഗുണമുണ്ടാക്കി. അങ്ങനെ ഏതൊക്കെ രാജ്യങ്ങളെ ദുർബലപ്പെടുത്താൻകൂടിയായിരുന്നോ ഈ ഉപരോധം, ആ രാജ്യങ്ങൾ അതേ ഉപരോധത്തിെൻറ അവസരമുപയോഗിച്ച് ശക്തിപ്പെടുകയാണ് ചെയ്തത്.
ഒരു രാജ്യവും അവരുടെ രാഷ്ട്രീയസമീപനങ്ങളോ വിദേശനയമോ മറ്റൊരു രാജ്യത്തിെൻറ മേൽ അടിച്ചേൽപിക്കാൻ ശ്രമിക്കരുതെന്നും ഒരു രാജ്യവും മറ്റൊന്നിെൻറ ആത്മാഭിമാനത്തെ തൊട്ടുകളിക്കരുതെന്നുമാണ് അൽഉല െഎക്യം നൽകുന്ന സന്ദേശം. പരസ്പരം രാഷ്ട്രീയ അസ്തിത്വം വകവെച്ചുകൊടുത്ത് സമാധാനപൂർണമായ സഹവർത്തിത്വത്തിെൻറ അടിസ്ഥാനത്തിൽ നിലകൊള്ളുകയാണ് കരണീയമെന്നും ഭിന്നിച്ചുനിൽക്കാൻ തീരെ ന്യായമില്ലാതിരിക്കുകയും ഒന്നിച്ചുനിൽക്കാൻ നിരവധി കാരണങ്ങളുണ്ടാവുകയും ചെയ്യുമ്പോൾ അനാവശ്യ ഭിന്നിപ്പ് ഉണ്ടാക്കുന്നത് വിഭവചോർച്ചക്കാണ് കാരണമായിത്തീരുകയെന്നും അൽഉല ഉച്ചകോടിയും െഎക്യപ്രഖ്യാപനവും എല്ലാവരെയും ബോധ്യപ്പെടുത്തി. ഒരു മേശക്കു ചുറ്റും ഇരുന്ന് തീർക്കാവുന്ന വിഷയങ്ങളേ ജി.സി.സി രാജ്യങ്ങൾക്കിടയിലുള്ളൂ, ഉണ്ടാവുകയുള്ളൂ. സന്തുലിതവും നീതിപൂർണവുമായി പരിഹരിക്കാൻ സാധിക്കുന്നവയാണവ.
ട്രംപ് അധികാരമേറ്റപ്പോൾ ഉണ്ടാക്കിയ പ്രതിസന്ധി അദ്ദേഹം അധികാരം ഒഴിയുമ്പോൾ അവസാനിക്കുന്നുവെന്നത് യാദൃച്ഛികമായിരിക്കുമെന്നു വിശ്വസിക്കാം. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ ചരിത്രവിഭാഗം പ്രഫസർ ബദർ അസ്സൈഫ് പറഞ്ഞതു പോലെ ട്രംപ് ഭരണകൂടം ഈ പ്രശ്നത്തിെൻറ കാരണക്കാരും പ്രശ്നത്തിെൻറ ഭാഗവുമായിരുന്നിരിക്കാം. പക്ഷേ, ഇത് പരിഹരിക്കാൻ തുടക്കംമുതലേ പ്രവർത്തിച്ച കുവൈത്തിനുതന്നെയാണ് മുഴുവൻ ക്രെഡിറ്റും. അമേരിക്കയും ഇസ്രായേലും സ്വാഭാവികമായും നിലനിർത്താനും മൂർച്ഛിപ്പിക്കാനും ആഗ്രഹിക്കുന്ന പ്രശ്നത്തെ, ബാഹ്യ ഇടപെടൽ കൂടാതെ ആഭ്യന്തരമായി ജി.സി.സി രാജ്യങ്ങൾക്ക് പരിഹരിക്കാൻ സാധിച്ചത് ഏറെ പ്രതീക്ഷ നൽകുന്ന കാര്യമാണ്.
വിദേശ സൈനിക സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്കുവേണ്ടി ബലിയാടാവാതിരിക്കാനും ഭിന്നിക്കാതിരിക്കാനുമുള്ള ജി.സി.സി രാജ്യങ്ങളുടെ കരുതലായും ആ വിഷയങ്ങളിൽ ജി.സി.സി രാജ്യങ്ങൾതന്നെ സ്വതന്ത്രവും സുചിന്തിതവുമായ നയതന്ത്ര തീരുമാനങ്ങൾ എടുക്കുന്നതിെൻറ ശുഭലക്ഷണമായും അൽഉല തീരുമാനത്തെ കാണാം. അറബ് രാജ്യങ്ങൾക്കിടയിൽ പൊതുവെയും, ജി.സി.സി രാജ്യങ്ങൾക്കിടയിൽ പ്രത്യേകിച്ചും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ വിദേശ രാജ്യങ്ങൾക്ക് അവസരം നൽകാതിരിക്കുന്ന അവസ്ഥയിലേക്ക് നയതന്ത്രതലത്തിലെ ഈ വളർച്ചയും ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഇപ്പോഴുണ്ടായ മഞ്ഞുരുക്കവും വികസിക്കുമെന്നുകൂടി പ്രതീക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.