ഇൗയൊരു മുഹൂർത്തത്തിനുവേണ്ടി 14 വർഷമായി കാത്തിരിക്കുകയായിരുന്നു ഇന്ത്യയും തുർക്കിയും. ഇന്ത്യ-തുർക്കി ബന്ധങ്ങളെ പുനർനിർവചിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു എ.ബി. വാജ്പേയി. 2001ൽ ഉപപ്രധാനമന്ത്രി എൽ.കെ. അദ്വാനി തുർക്കിയിൽ പര്യടനം നടത്തി. കുറ്റവാളി കൈമാറ്റ കരാർ ഒപ്പുവെച്ചുകൊണ്ടാണ് അദ്വാനി തുർക്കിയിൽനിന്ന് മടങ്ങിയത്. 2003ൽ പ്രധാനമന്ത്രി എ.ബി. വാജ്പേയി നടത്തിയ തുർക്കി സന്ദർശനം ഉഭയകക്ഷി ബന്ധങ്ങൾക്ക് വിപുലമാനങ്ങൾ നൽകി. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 ഉച്ചകോടിയുടെ പാർശ്വത്തിൽ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി കൂടിക്കാഴ്ച നടത്തുകയുമുണ്ടായി.
വാജ്പേയി തുടക്കമിട്ട ഉഭയകക്ഷി സഹകരണ ബന്ധങ്ങൾ പുനർദൃഢീകരിക്കാൻ ഇരുരാജ്യങ്ങളിലെയും പുതിയ ഭരണകർത്താക്കൾക്ക് സാധിക്കുമെന്ന വലിയ പ്രത്യാശയിലാണ് നയതന്ത്ര കേന്ദ്രങ്ങൾ. ഇരുരാജ്യങ്ങളുമായി ബന്ധപ്പെട്ട സമകാലിക സാഹചര്യങ്ങളും ഉഭയകക്ഷി സൗഹൃദത്തെ വലിയ അളവിൽ സ്വാധീനിക്കാൻ പര്യാപ്തവുമാണ്. സിറിയയിൽനിന്ന് ചില തിരിച്ചടികൾ അഭിമുഖീകരിക്കേണ്ടതായി വന്നെങ്കിലും മേഖലയിലെ നിർണായക രാഷ്ട്രമായി ഉയരാൻ തുർക്കിക്ക് സാധിച്ചിരിക്കുന്നു. ഇറാെൻറ മേൽക്കോയ്മശ്രമങ്ങളെ ആശങ്കയോടെ വീക്ഷിക്കുന്ന ഗൾഫ് രാഷ്ട്രങ്ങൾ തുർക്കിയുമായുള്ള സൗഹൃദബന്ധങ്ങൾക്ക് പ്രത്യേക ഉൗന്നൽ നൽകുന്നു. പശ്ചിമേഷ്യയിലെ മറ്റൊരു പ്രബല ശക്തിയായിരുന്ന ഇൗജിപ്ത് ആഭ്യന്തര പ്രതിസന്ധികളുടെ ചതുപ്പിൽനിന്ന് കരകയറാത്ത അവസ്ഥയിലും. മേഖലയിലെ അമേരിക്കൻ സാന്നിധ്യത്തിെൻറ അഭാവവും തുർക്കിയുടെ വർധിച്ച പ്രസക്തിയിലേക്കുതന്നെ വിരൽചൂണ്ടുന്നു. കൂടാതെ ഇസ്രായേൽ, റഷ്യ എന്നീ രാഷ്ട്രങ്ങളുമായുള്ള ബന്ധങ്ങളിൽ സാധാരണനില പുനഃസ്ഥാപിച്ചുകൊണ്ട് തുർക്കി ഭരണകർത്താക്കൾ മികച്ച നയതന്ത്ര നേട്ടങ്ങൾ കൊയ്തു. ഒപ്പം സിറിയൻ വിഷയത്തിൽ എതിർവീക്ഷണം പ്രകടിപ്പിക്കുേമ്പാഴും ഇറാനുമായി ഉറ്റബന്ധം നിലനിർത്താനുള്ള പാടവവും തുർക്കി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നു.
അതേസമയം, കുർദ് കലാപകാരികളോടുള്ള സമീപനത്തിെൻറ പേരിൽ തുർക്കി പാശ്ചാത്യ രാഷ്ട്രങ്ങളുമായി കൂടുതൽ അകലം പാലിക്കുകയാണിപ്പോൾ. തുർക്കിക്കെതിരെ കടുത്ത ആക്രമണങ്ങൾ നടത്തുന്ന കുർദുകളെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താൻ യൂറോപ്യൻ രാജ്യങ്ങൾ തയാറല്ല. തുർക്കിയിൽ പ്രസിഡൻഷ്യൽ ഭരണക്രമത്തിന് പിന്തുണ തേടി നടത്തിയ ഹിതപരിശോധനയോടുള്ള യൂറോപ്പിെൻറ തണുപ്പൻ മനോഭാവവും തുർക്കിയെ അരിശംകൊള്ളിക്കുന്നു. തുർക്കിക്കും യൂറോപ്പിനുമിടയിൽ പരസ്പര വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കെ റഷ്യ, ചൈന, ഇന്ത്യ തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളുമായുള്ള ബാന്ധവങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന തന്ത്രമാണ് തുർക്കിയുടെ ഇപ്പോഴത്തെ മുഖമുദ്ര. തുർക്കിയുടെ പൗരസ്ത്യാഭിമുഖ്യത്തിന് കൂടുതൽ ആവേശം പകരുന്നരീതിയിൽ ദക്ഷിണേഷ്യൻ യൂറോപ്യൻ റെയിൽവേ ഇടനാഴി പദ്ധതിയുടെ ഭാഗമാകാൻ ഇന്ത്യ തുർക്കിക്ക് അവസരം നൽകിയിരിക്കുന്നു. ഇൗ പ്രോജക്റ്റ് പൂർത്തീകരിക്കുന്നതോടെ ഇസ്തംബുൾ നഗരത്തെ റെയിൽവേ മാർഗം കൊൽക്കത്തയുമായി ബന്ധിപ്പിക്കാനാകും. ഇൗ പാത മ്യാന്മർ, തായ്ലൻഡ് എന്നീ രാജ്യങ്ങളിലേക്ക് ദീർഘിപ്പിക്കാനുള്ള സാധ്യതയും തുർക്കിക്ക് ഗുണകരമായിത്തീരുന്നു. ഇതുസംബന്ധമായി മാർച്ച് 16ന് ന്യൂഡൽഹിയിൽ ചേർന്ന സമ്മേളനത്തിൽ റഷ്യ, പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇറാൻ, ഭൂട്ടാൻ, നേപ്പാൾ എന്നീ രാജ്യങ്ങൾക്കൊപ്പം തുർക്കി പ്രതിനിധികളും സംബന്ധിച്ചിരുന്നു. മധ്യേഷ്യ, യൂറോപ്പ്, പശ്ചിമേഷ്യ എന്നീ മേഖലയുമായുള്ള ഇന്ത്യയുടെ വ്യാപാരബന്ധങ്ങൾക്ക് നിർദിഷ്ട റെയിൽവേ പ്രോജക്റ്റ് വൻ ഉത്തേജനമായി മാറും.
ഉഭയകക്ഷി സഹകരണത്തിെൻറ വൻ സാധ്യതകൾ നിലനിൽക്കെതന്നെ ഇന്ത്യ- തുർക്കി ബന്ധങ്ങളിെല സക്രിയതക്ക് മുന്നിൽ വിഘ്നം സൃഷ്ടിക്കുന്ന ചില പ്രശ്നങ്ങൾ അവശേഷിക്കുന്നു എന്ന യാഥാർഥ്യവും ഇവിടെ പരാമർശിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും മൂന്ന് വിഷയങ്ങളിെല നിലപാടുകളാണ് സുദൃഢ ബന്ധങ്ങൾക്ക് ഭീഷണിയാവുക. ഒന്നാമതായി തുർക്കിയുടെ ഇന്ത്യ നയത്തിൽ പാകിസ്താൻ ചെലുത്തുന്ന സ്വാധീനം, രണ്ടാമതായി തുർക്കിയുടെ കശ്മീർ നിലപാട്. ആഗോളവേദികളുടെ നവീകരണവുമായി ബന്ധെപ്പട്ട തുർക്കി നിലപാടാണ് മൂന്നാമത്തെ പ്രശ്നം. ഇന്ത്യ യു.എൻ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിന് ശ്രമിച്ചുകൊണ്ടിരിക്കെ ഇതുമായി ബന്ധപ്പെട്ട് തുർക്കി സ്വീകരിക്കുന്ന നിലപാടുകൾ ഇന്ത്യയെ സംബന്ധിച്ച് നിർണായകമായിതീരും. തുർക്കി- പാക് ബന്ധങ്ങളിെല വൈകാരിക ഇഴയടുപ്പം ഒരുപേക്ഷ ഇന്ത്യയുമായുള്ള ബന്ധങ്ങളുടെ മുന്നേറ്റത്തിന് പ്രതിബന്ധമാകുമെന്ന ആശങ്കയും ശക്തമാണ്. പാകിസ്താൻ മുസ്ലിം രാഷ്ട്രം ആയതിനാൽ പല മുസ്ലിം രാജ്യങ്ങളും പാക് ബന്ധത്തിൽ കവിഞ്ഞ ഉൗന്നൽ നൽകുന്നു. എന്നാൽ, ഇത്തരം രാജ്യങ്ങൾ ഇന്ത്യയിലെ മുസ്ലിം ജനസഞ്ചയെത്തയാണ് അവഗണിക്കുന്നത്.
അതേസമയം തുർക്കിയുടെ മതേതര ജനാധിപത്യ സ്വഭാവം ഇന്ത്യയിൽ ആ രാജ്യത്തിെൻറ സ്വീകാര്യതെയ കൂടുതൽ വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യ- പാക് ബന്ധത്തെയും കശ്മീർ പ്രശ്നത്തെയും കൃത്യതയോടെ വിലയിരുത്തുന്ന തുർക്കി മാധ്യമങ്ങളുടെ ശൈലി സ്വാഗതാർഹമായി വിലയിരുത്തപ്പെടുന്നു. കശ്മീർ തർക്കത്തെ അന്താരാഷ്ട്രവത്കരിക്കേണ്ടതില്ലെന്ന ക്രിയാത്മക നിലപാട് പങ്കുവെക്കുന്നവരാണ് ഭൂരിപക്ഷം തുർക്കി പൗരന്മാരും. ഏതായിരുന്നാലും ഇരു രാജ്യങ്ങൾക്കും പരസ്പരം അടുത്തറിയാനുള്ള മാർഗങ്ങൾ വിശാലമാക്കുന്ന പുതുയുഗപ്പിറവിക്ക് ഉർദുഗാെൻറ സന്ദർശനം അവസരമൊരുക്കും.
ആണവദായക ഗ്രൂപ്പിൽ (എൻ.എസ്.ജി) അംഗത്വത്തിന് ശ്രമിച്ചുവരുന്ന ഇന്ത്യക്ക് ഇൗ ഘട്ടത്തിൽ തുർക്കി നൽകുന്ന പിന്തുണ അതിപ്രാധാന്യമർഹിക്കുന്നു. എൻ.എസ്.ജി അംഗത്വ പ്രശ്നത്തിൽ പ്രധാനമന്ത്രി മോദിയും ഉർദുഗാനും ഇന്ന് സംഭാഷണം നടത്തും.
സാമ്പത്തിക സുരക്ഷാമേഖലകളിലെ ഇന്ത്യയുടെ മേൽക്കൈ വീക്ഷിച്ചുവരുന്ന തുർക്കി ഇൗ മേഖലകളിലെ സഹകരണത്തിനും പ്രാധാന്യം കൽപിക്കുന്നു. ഇന്ത്യയിലെ നിപുണരായ യുവജനങ്ങളുടെ സാന്നിധ്യം, ജനാധിപത്യരംഗത്തെ നേട്ടങ്ങൾ തുടങ്ങിയവയും തുർക്കിയുടെ പരിഗണനകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. ബഹിരാകാശ ഗവേഷണങ്ങൾ, നാനോ-- ഉപഗ്രഹവികസനം, ജനറിക് ഒൗഷധരംഗത്തെ നേട്ടങ്ങൾ തുടങ്ങിയവയും ഇന്ത്യയെ തുർക്കിയിൽ പ്രിയങ്കരമാക്കിയിരിക്കുന്നു.
ശാസ്ത്രം, സാേങ്കതികജ്ഞാനം, വിദ്യാഭ്യാസം, സംസ്കാരം, വികസനം തുടങ്ങിയ മണ്ഡലങ്ങളിൽ സഹകരണത്തിെൻറ വിപുല സാധ്യതകൾ നിലനിൽക്കുന്നതിനാൽ ഇൗ മേഖലകളിൽ ഇന്ത്യയും തുർക്കിയും നടത്തുന്ന സഹകരണാത്മക ചുവടുവെപ്പുകൾ ഇരുരാഷ്ട്രങ്ങളുടെയും വികസനലക്ഷ്യങ്ങളുടെ സാക്ഷാത്കരണം ത്വരിതപ്പെടുത്താതിരിക്കില്ല.
ഡൽഹിയിലെ ഇന്ത്യൻ കൗൺസിൽ ഒാഫ് വേൾഡ് അഫയേഴ്സിൽ റിസർച് ഫെലോയാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.