മഹാത്മഗാന്ധി ഉൾപ്പെടെ ദേശീയനേതാക്കളുടെ വത്സല പുത്രിയായിരുന്നു ഇന്ദിര. ജവഹർലാൽ നെഹ്റു വിവിധ കാലങ്ങളിലായി കൊച്ചു ഇന്ദിരക്ക് അയച്ച കത്തുകളും അവരുടെ വ്യക്തിത്വവികാസത്തിൽ പങ്കുവഹിച്ചിട്ടുണ്ട്. കുട്ടികളിൽ ലോകവീക്ഷണവും ശാസ്ത്രബോധവും മനുഷ്യചരിത്രവും മതസാരവുമൊക്കെ പകരാൻ മികച്ച പുസ്തകമാണ് ഓരോ രക്ഷിതാവിനും ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ എന്ന പുസ്തകം. ആരുടെയും പിന്തുണയില്ലാതെ സ്വാതന്ത്ര്യ സമരത്തിൽ കുട്ടികളെ സംഘടിപ്പിച്ച് വാനരസേന രൂപവത്കരിച്ചതു മുതൽ അവരിലുള്ള നേതൃമികവ് കാണാൻ സാധിക്കും. ഈ കൂട്ടായ്മയുടെ പേരു കേട്ടും ഉദ്ദേശ്യം കണ്ടും മുത്തച്ഛൻ മോത്തിലാൽ നെഹ്റു ജയിലിൽനിന്ന് ഇങ്ങനെ കത്തെഴുതി: ‘ഇന്ദൂ, നന്നായിട്ടുണ്ട് വാനരസേനയെന്നു പേരിട്ടാലും ഹനുമാെൻറ ഗദ വേണ്ട. അഹിംസയാണ് നമ്മുടെ ആയുധം.’ ഒരുപാട് അർഥതലങ്ങളുള്ള വരികളാണിത്. ആഭ്യന്തരതലത്തിലും ആഗോള തലത്തിലും മികച്ച ഭരണാധികാരി എന്ന നിലയിലാണ് ലോകത്ത് ഇന്ദിര ഓർക്കപ്പെടുന്നത്.
ഇന്ദിര ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തുന്നത് കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന കാലത്താണ്. അന്ന് അഭിമാനം പണയപ്പെടുത്തി അമേരിക്കയിൽനിന്ന് ടൺ കണക്കിന് ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യുമ്പോൾ ഇനിയൊരിക്കലും രാജ്യത്തിെൻറ അഭിമാനം ഒരു രാഷ്ട്രത്തിനു മുന്നിലും അടിയറവെക്കരുതെന്ന് ഇന്ദിരഗാന്ധി തീരുമാനിച്ചിരുന്നു. ആ തീരുമാനത്തിെൻറ അനന്തരഫലമായിരുന്നു ഹരിത വിപ്ലവം. ഒരുപേക്ഷ, ഇന്ദിര ഓർക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതും മതേതരത്വത്തിനും ബഹുസ്വരതക്കും നൽകിയ സംഭാവനകളുടെ പേരിലായിരിക്കണമെന്നു തോന്നുന്നു. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാക്കണമെന്ന വാദക്കാരുടെ ശ്രമങ്ങൾക്കുള്ള തട ഭരണഘടനയുടെ ആമുഖത്തിൽ ആദ്യമായും അവസാനമായും കൂട്ടിച്ചേർത്ത മതേതര ആശയമാണ്. ജീവൻ അപകടത്തിലാണെന്നും സിഖ് അംഗരക്ഷകരെ മാറ്റണമെന്നും ഇൻറലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയപ്പോൾ താനൊരു മതേതര രാഷ്ട്രത്തിെൻറ പ്രധാനമന്ത്രിയാണെന്നും അതുകൊണ്ടുതന്നെ മതത്തിെൻറ പേരിൽ ആരെയും മാറ്റി നിർത്തില്ലെന്നുമായിരുന്നു ഇന്ദിരയുടെ മറുപടി. ആ തീരുമാനത്തിന് കനത്ത വിലനൽകേണ്ടി വന്നെങ്കിലും അവരുടെ വാക്കുകൾക്ക് കാലികപ്രസക്തി ഏറെയുണ്ട്.
ബാങ്ക് ദേശസാത്കരണം, പരിസ്ഥിതി നയം തുടങ്ങി ഒട്ടനവധി പരിപാടികളുടെ തുടക്കം ഇന്ദിരയിൽനിന്നാണ്. ബംഗ്ലാദേശ് വിമോചനത്തോെടാപ്പം എടുത്തുപറയേണ്ട ഒന്നാണ് 1971ലെ ഇൻഡോ-സോവിയറ്റ് ഫ്രൻഡ്ഷിപ് ട്രീറ്റി. ഈ കരാർ ഉണ്ടാക്കാനിടയായ സാഹചര്യംകൂടി മനസ്സിലാക്കുമ്പോഴാണ് പ്രായോഗിക നയതന്ത്രത്തിെൻറ ആവശ്യകത ബോധ്യമാവുക. ഇന്ത്യയെ ആക്രമിക്കാൻ അമേരിക്കൻ പ്രസിഡൻറിെൻറ നിർദേശപ്രകാരം ഹെൻറി കിസിഞ്ജർ ചൈനയിൽ രഹസ്യസന്ദർശനം നടത്തിയതും അമേരിക്ക പാകിസ്താന് സഹായം വാഗ്ദാനം ചെയ്തതുമായ സാഹചര്യത്തിലാണ് സോവിയറ്റ് യൂനിയനോട് ആയുധങ്ങൾ ഉൾപ്പെടെ സഹായം ലഭിക്കുന്നതരത്തിൽ സഹകരണ കരാർ ഇന്ദിര ഉണ്ടാക്കുന്നത്. ആ കരാറിെൻറ ബലം ഒന്നുകൊണ്ട് മാത്രമാണ് അമേരിക്ക ശ്രമത്തിൽനിന്ന് പിന്മാറിയത്ഇന്ദിരയുടെ ഭരണ പരാജയങ്ങളിലൊന്ന് 1975ലെ അടിയന്തരാവസ്ഥ പ്രഖ്യാപനമാണെന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. തെരെഞ്ഞുടുപ്പ് കേസിൽ തനിെക്കതിരായ അലഹബാദ് ഹൈകോടതി വിധിയെ മറികടക്കാനായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപനം. പ്രായോഗികതലത്തിൽ പല പ്രശ്നങ്ങളും ഉണ്ടായെങ്കിലും ആ പ്രഖ്യാപനത്തെ തുടർന്ന് പാർലമെൻറ് വിളിച്ചു ചേർത്ത് അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ച് അംഗങ്ങളെ അഭിസംബോധനചെയ്യാൻ അവർ തയാറായി. ആ പ്രസംഗം ഇന്നത്തെ സാഹചര്യവുമായി കൂട്ടിവായിക്കുമ്പോൾ ചില പുനർവായനകൾ വേണ്ടി വരുമെന്ന് തോന്നുന്നു. അന്നത്തെ പ്രക്ഷോഭത്തിൽ വർഗീയശക്തികളുടെ, അധികാരം പിടിച്ചെടുക്കാനുള്ള ശ്രമത്തെ ഇന്ദിര നിശിതമായി വിമർശിക്കുന്നുണ്ട്. ഇന്ന് ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുന്നരീതിൽ വർഗീയ ശക്തികൾ അധികാരം ദുരുപയോഗം ചെയ്യുമ്പോൾ ആ പ്രസംഗം അനിവാര്യതയാവുന്നു. പഠനകാലം തൊട്ട് ഇടപെട്ട മേഖലയിലെല്ലാം തേൻറതായ അറിവും കഴിവും ഉപയോഗപ്പെടുത്തി ഹൃദയങ്ങൾ കീഴടക്കാൻ ഇന്ദിരക്ക് കഴിഞ്ഞുവെന്നതാണ് വാസ്തവം. എത്രയൊക്കെ തമസ്കരിക്കാൻ ശ്രമിച്ചാലും ഇന്ദിരഗാന്ധിയെപ്പോലുള്ളവരുടെ ചരിത്രം വിസ്മരിക്കപ്പെടുകയില്ല.
തൃശൂർ ശ്രീ കേരള വർമ കോളജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റൻറ് പ്രഫസറാണ് ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.