നാളേക്ക്​ നല്ലത്​ സമന്വയ പഠനരീതി

വാണിജ്യം, വ്യവസായം, തൊഴിൽ തുടങ്ങി കോവിഡ്​ മഹാമാരി പ്രതിസന്ധി സൃഷ്​ടി​ക്കാത്ത മേഖലകളില്ല. എന്നാൽ, ആരോഗ്യരംഗം കഴിഞ്ഞാൽ ലോകത്തെ ഏറ്റവും ആകുലപ്പെടുത്തുന്നത്​ വിദ്യാഭ്യാസ സംവിധാനങ്ങളിൽ കോവിഡ്​ വരുത്തിവെച്ച കുഴപ്പങ്ങളാണ്​. വിദ്യാഭ്യാസ സ്​ഥാപനങ്ങളും സർവകലാശാലകളും താൽക്കാലികമായി അടച്ചുപൂ​​ട്ടേണ്ടിവന്നിരുന്നു. മുന്നോട്ടുള്ള വഴി അറിയാതെ മിക്കയിടത്തും സർക്കാറുകളും സ്​കൂൾ അധികൃതരും അധ്യാപകരും ആശയക്കുഴപ്പത്തിലായി. രക്ഷിതാക്കളും വിദ്യാർഥികളും അങ്കലാപ്പിലായി. ഒടുവിൽ നൂതന സാ​ങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഓൺലൈൻ പഠനം, വെർച്വൽ ലേണിങ്​ തുടങ്ങിയ സ​ങ്കേതങ്ങൾ വഴി അറിവി​െൻറ വിളക്ക്​ കെടാതെ സൂക്ഷിക്കാനുള്ള കഠിന​​​ശ്രമമാണ്​ സാർവത്രികമായിക്കൊണ്ടിരിക്കുന്നത്​.

വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ തന്നെ ഉന്നതവിദ്യാഭ്യാസരംഗത്തും വിദൂര-ഓൺലൈൻ വി​ദ്യാഭ്യാസം ഏറെക്കാലം മുമ്പുതന്നെയുണ്ട്​. എന്നാൽ, പ്രീപ്രൈമറി തലം തൊട്ട്​ നമ്മുടെ രാജ്യത്തും അത്​ പരീക്ഷിക്കാൻ കോവിഡ്​ സാഹചര്യം കാരണമായി. ​പ്രധാന പഠനോപകരണമായി മാറിയ ഫോൺ/ടാബ്​​െലറ്റ്​ എന്നിവയുടെ അഭാവം, വൈദ്യുതി, ഇൻറർനെറ്റ്​ എന്നിവയുടെ ലഭ്യതക്കുറവ്,സാ​ങ്കേതിക പരിജ്ഞാനമില്ലായ്​മ ​ തുടങ്ങി വിദ്യാഭ്യാസ രംഗം അടുത്ത കാലത്തൊന്നും അഭിമുഖീകരിച്ചിട്ടില്ലാത്ത ഒട്ടനവധി പുത്തൻ വെല്ലുവിളികളാണ്​ നേരിടാനുണ്ടായത്​.

ഇന്ത്യയിൽ 47 ശതമാനം കുടുംബങ്ങൾക്ക്​ മാത്രമേ​ ദിവസത്തി​െൻറ പകുതിയിലേറെ വൈദ്യുതി ലഭ്യതയുള്ളൂ. 24 ശതമാനം ആളുകൾക്ക്​ മാത്രമേ സ്​മാർട്ട്​ ഫോണുകളുള്ളൂ. നമ്മുടെ വീടുകളിലെ കുട്ടികൾക്ക്​ ഇൻറർനെറ്റും കമ്പ്യൂട്ടറുമുണ്ടെങ്കിൽ ദൈവകാരുണ്യത്തിന്​ നന്ദി പറയുക- രാജ്യത്ത്​ എട്ടു ശതമാനം കുടുംബങ്ങൾക്കേ അതിനു സൗഭാഗ്യമുള്ളൂ.

​ഈ പ്രശ്​നങ്ങൾക്ക്​ പരിഹാരം കാണാൻ സർക്കാർ-സർക്കാറിതര ഏജൻസികളും സന്നദ്ധ സംഘടനകളുമെല്ലാം ശ്രമങ്ങൾ നടത്തുന്നുണ്ട്​. സർക്കാർ/പ്രാദേശിക ചാനലുകളിൽ പഠനഭാഗങ്ങൾ ടെലികാസ്​റ്റ്​ ചെയ്യുന്നു, സ്​കൂളുകൾ സ്വന്തമായി പാഠഭാഗ വിഡിയോകൾ വിദ്യാർഥികളിലേക്ക്​ എത്തിച്ചുകൊണ്ടിരിക്കുന്നു. ഇത്രയേറെ പ്രയത്​നങ്ങൾ നടക്കുന്നുവെങ്കിലും രാജ്യത്തെ യൂനിവേഴ്സിറ്റികളിലും സ്കൂളുകളിലും സാങ്കേതിക സ്ഥാപനങ്ങളിലും നടത്തിവന്നിരുന്ന വിദ്യാഭ്യാസ വിജ്ഞാന വിനിമയത്തി​െൻറ ഒരു ചെറിയ അംശമേ ഈ രീതിയിൽ നൽകാൻ ഇപ്പോൾ കഴിയുന്നുള്ളൂ.

വീട്ടിലകപ്പെട്ട കുട്ടികൾ

രണ്ടുമാസം സ്​കൂളും പത്തുമാസം അവധിയുമായിരുന്നെങ്കിൽ എന്ന്​ പണ്ട്​ പ്രാർഥിച്ചത്​ നമ്മുടെ കുട്ടികളുടെ കാലത്ത്​ യാഥാർഥ്യമായിരിക്കുന്നു എന്നാണ്​ ലോക്​ഡൗൺ കാലത്ത്​ ഏറെ പങ്കുവെക്കപ്പെട്ട ഒരു തമാശ. എന്നാൽ, ഒരേസമയം 18,500 കുട്ടികൾ പഠിച്ച വിദ്യാലയത്തി​െൻറ ചുമതല വഹിച്ചയാൾ എന്ന നിലയിൽ എനിക്ക്​ തീർത്തുപറയാൻ കഴിയും അവർ സ്​കൂളുകളിൽ നിന്ന്​ ഇതുപോലൊരു വിട്ടുനിൽക്കൽ ആഗ്രഹിക്കുന്നില്ല.

സാ​ങ്കേതിക പ്രശ്​നങ്ങളേക്കാൾ വലിയ വെല്ലുവിളിയാണ്​ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന അടച്ചുപൂട്ടിയിരിപ്പ്​. പല കുട്ടികളും അവർ പഠിക്കുന്ന സ്​കൂൾ ഒരു തവണ പോലും കണ്ടിട്ടില്ല. വീടിനടുത്തുള്ളവ​രല്ലെങ്കിൽ അധ്യാപകരും സഹപാഠികളും സ്​ക്രീനിൽ കാണുന്ന ശബ്​ദവും മുഖങ്ങളും മാ​ത്രമായിരിക്കുന്നു. സ്​കൂൾ പഠനത്തി​െൻറ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നായ സാമൂഹിക വിദ്യാഭ്യാസം നിലവിലെ സാഹചര്യത്തിൽ സാധ്യമാവുന്നേയില്ല. അവർ അനുഭവിക്കുന്ന മാനസിക സമ്മർദം ഊഹിക്കാവുന്നതിലും അപ്പുറമാണ്​. ഈ ഒറ്റപ്പെടൽ മറികടക്കാൻ ചുരുക്കം ചില കുട്ടികൾ കരകൗശലങ്ങളിലേക്കും ഹോബികളിലേക്കും തിരിയു​േമ്പാൾ ഒട്ടനവധി പേരും ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിയന്ത്രണമില്ലാത്ത ഉപയോഗത്തിൽ എത്തിപ്പെടുന്നു. ചില കുട്ടികൾ അപകടകരമായ പല സൈറ്റുകളുടെ യും ചുഴിയിൽ കുടുങ്ങിപ്പോകുന്നു. ഗെയിമുകളിൽ ആസക്​തരായ മക്കൾ സ്വയം ഹത്യക്കു ശ്രമിച്ചതും അക്രമാസക്​തരുമായ നിരവധി സംഭവങ്ങളാണ്​ ചുരുങ്ങിയ കാലയളവിൽ റിപ്പോർട്ട്​ ചെയ്യപ്പെട്ടത്​.

ഓൺലൈനോ ഓഫ്​ലൈനോ

സ്​കൂളിൽ ചെന്നുള്ള പഠനത്തിന്​ പകരമാവില്ല വീട്ടകത്തെ വിദ്യാഭ്യാസമെന്നും പാഠപുസ്​തകങ്ങൾക്ക്​ പൂർണമായ ബദലല്ല ഇ -പുസ്​തകങ്ങളെന്നും ബോധ്യപ്പെടുത്തുന്നുണ്ട്​ ഈ സൂചകങ്ങളെല്ലാം. എന്നാൽ, വിട്ടുമാറാത്ത ഭീഷണിയായി കോവിഡ്​ നിലനിൽക്കെ, മൂന്നാംതരംഗത്തിൽ കുട്ടികൾക്ക്​ കൂടുതൽ ജാഗ്രത വേണമെന്ന മുന്നറിയിപ്പ്​ നിലനിൽക്കെ രണ്ടും കൽപിച്ച്​ സ്​കൂളുകൾ തുറന്നിടാൻ അധികൃതർക്കും കുട്ടികളെ അയക്കാൻ രക്ഷിതാക്കൾക്കും ധൈര്യം പോരാ. അതു കൊണ്ടുതന്നെ അധ്യയനരീതിയിൽ ആസൂത്രണത്തോടുകൂടിയ പൊളിച്ചെഴുത്ത്​ ആവശ്യപ്പെടുന്ന സമയമാണിത്​.

നമുക്ക്​ മുന്നിലുള്ള സുപ്രധാന ചോദ്യം കോവിഡാനന്തരം സാഹചര്യങ്ങൾ അനുകൂലമായാലുടൻ പരമ്പരാഗത ക്ലാസ്​ മുറി പഠനത്തിലേക്ക്​ മടങ്ങണോ അതോ കുറച്ചു മാസങ്ങളായി നാം ശീലിച്ചുകൊണ്ടിരിക്കുന്ന ഓൺലൈൻ ക്ലാസ്​മുറികളിൽ തുടരണോ എന്നതാണ്​.

വികസിത രാജ്യങ്ങളിലെ വിദ്യാഭ്യാസ വിദഗ്​ധരുടെയും ശാസ്ത്രസമൂഹത്തി​െൻറയും അഭിപ്രായത്തിൽ ഭൗതിക ക്ലാസ്​മുറികളും, ഓൺലൈൻ സങ്കേതങ്ങളും കൂടിച്ചേർന്ന ഹൈബ്രിഡ്​ അധ്യയന-അധ്യാപന (ബ്ലെൻഡഡ്സിസ്​റ്റം) രീതിയാണ്​ വരും കാലങ്ങളിൽ അഭികാമ്യം.

നിനച്ചിരിക്കാതെ വന്നുപെട്ട കോവിഡ്​ സാഹചര്യത്തെ തുടർന്ന്​ കാര്യമായ തയാറെടുപ്പുകളൊന്നുമില്ലാതെയാണ്​ ഓൺലൈൻ രീതിയിലേക്ക്​ നമ്മുടെ അധ്യാപക-വിദ്യാർഥി സമൂഹം കടന്നത്​. നേരത്തേ പറഞ്ഞ സാ​ങ്കേതിക സൗകര്യങ്ങളുടെ അപര്യാപ്​തതയുണ്ടെങ്കിൽ പോലും നമ്മുടെ അധ്യാപകർ നിരാശപ്പെടുത്തിയില്ല. ടി.വി ചാനൽ മാറ്റുന്ന ശീലം പോലുമില്ലാത്ത മുതിർന്ന അധ്യാപകർ പോലും ചുരുങ്ങിയ കാലംകൊണ്ട്​ ഇ-ലേണിങ്ങിനുവേണ്ടിയുള്ള സാ​ങ്കേതികവിദ്യ സ്വായത്തമാക്കി. ഓൺലൈൻ ക്ലാസുകൾ വിജയകരമായതിൽ അധ്യാപകരും വിദ്യാർഥികളും ഒരുപോലെ പങ്കുവഹിച്ചു. എന്നാൽ, സാ​ങ്കേതിക സൗകര്യങ്ങൾ ഉണ്ടെങ്കിൽ പോലും സ​​്ക്രീനുകൾ മ​ുഖേനയുള്ള ക്ലാസുകൾ വിദ്യാർഥികൾക്ക്​ ഒരു പരിധിയിൽ കവിഞ്ഞ്​ ശ്രദ്ധിക്കാനാവില്ല എന്ന കാര്യം മറക്കരുത്​. അവിടെയാണ്​ സമന്വയ പാഠ്യപദ്ധതിയുടെ പ്രസക്​തി.

അടിസ്​ഥാന പാഠങ്ങൾ ഓൺലൈൻ ക്ലാസുകളിലൂടെ നൽകിയ ശേഷം കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച്​ സ്​കൂളുകളിലെത്തിച്ച്​ അസൈൻമെൻറ്​, ​ഗ്രൂപ് ആക്​ടിവിറ്റികൾ, പ്രോജക്​ടുകൾ എന്നിവ നടത്തുകയും അധ്യാപകർ നേരിട്ട്​ സംശയ നിവാരണം നൽകുകയും ചെയ്യുക. ഇൻറർനെറ്റി​െൻറയും ഡിജിറ്റൽ പാഠ്യോപകരണങ്ങളുടെയും ലഭ്യത കുറഞ്ഞവരുൾപ്പെടെ പ്രത്യേക ശ്രദ്ധ ആവശ്യമുള്ള കുട്ടികൾക്ക്​ അത്​ നൽകാനും ഈ അവസരം ഉപയോഗപ്പെടുത്താം. ജീവൻമരണ പോരാട്ടം കണക്കെ വാശി പ്രകടമാവുന്ന ജംബോ യുവജനോത്സവങ്ങൾക്കും മേളകൾക്കും പകരം കഴിവുകളെ പരിപോഷിപ്പിക്കാനും കലാസ്വാദന ബോധവും സ്​പോർട്​സ്​മാൻ സ്​പിരിറ്റും വളർത്തുവാനും ഉപകരിക്കുന്ന കുട്ടികളുടെ ഉത്സവങ്ങൾ മുടക്കമില്ലാതെ നടത്താനും കഴിയും. പശ്ചാത്തല സൗകര്യങ്ങളുടെ അപര്യാപ്​തത പരിഹരിക്കാനും സാമൂഹിക അകലം നിലനിർത്താനും അധ്യാപക വിദ്യാർഥി അനുപാതം കുറക്കുവാനുമെല്ലാം ഈ പ്രക്രിയ സഹായകമാവും. ​സർക്കാറുകൾക്കോ സ്വകാര്യ വിദ്യാഭ്യാസ സംരംഭകർക്കോ കെട്ടിടങ്ങൾ നിർമിച്ചുകൂട്ടുന്നതിനായി നിക്ഷേപം ന​ടത്തേണ്ടതുമില്ല. എന്നാൽ, അധ്യാപകരുടെ അധ്വാനത്തെ മാനിക്കാനും വിലമതിക്കാനും മതിയായ പരിശീലനവും പ്രതിഫലവും നൽകാനും ശ്രദ്ധിക്കേണ്ടതുണ്ട്​. പഠനത്തെ ഒരു ബാധ്യതയായി കാണാതെ ആസ്വദിക്കുന്ന ഒരു തലമുറയാവും അതുവഴി രൂപംകൊള്ളുന്നത്​.

(ദേശീയ അധ്യാപക അവാർഡ്​ ജേതാവും ദമ്മാമിലെ ഇൻറർനാഷനൽ ഇന്ത്യൻ സ്​കൂൾ മുൻ പ്രിൻസിപ്പലുമാണ്​ ലേഖകൻ)

Tags:    
News Summary - Integrated learning is better for tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.