ജോർജ് ഫ്ലോയിഡിന്‍റെ മരണത്തെ തുടർന്ന് യു.എസിൽ വംശവെറിക്കെതിരായ പ്രതിഷേധം ആളിക്കത്തുന്ന സാഹചര്യത്തിൽ അമേരിക്കൻ പൊലീസിലെ മുസ്ലിം വനിതാ ഓഫീസർ ആലിസൻ മില്ലറുമായി നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസോസിയേഷൻസ് (നൻമ) മീഡിയ ഡയറക്ടർ ഫഹീമ ഹസ്സൻ നടത്തിയ അഭിമുഖം
ഫഹീമ: യു.എസ് പൊലീസുകാർ ഇസ്രായേലിൽ പരിശീലനത്തിനു പോവുന്നുണ്ടോ? അവരുടെ രീതികളിൽ പ്രതിയോഗിയുടെ സുരക്ഷക്ക് പ്രാധാനന്യമില്ലാത്ത രീതികളിൽപെട്ടതാണോ കഴുത്തിൽ മുട്ടമർത്തിയ രീതി?
ആലിസൻ: ഉണ്ട്. ഇസ്രായേൽ കഴിഞ്ഞ 70 വർഷത്തിലേറെയായി ഫലസ്തീനികൾക്കെതിരെ ഉപയോഗിക്കുന്ന മുറകൾ, പ്രത്യേകിച്ച് ചില മർമ്മ മുറകൾ അമേരിക്കൻ പൊലീസുകാരെ പരിശീലിപ്പിക്കുന്നുണ്ട്. ക്രാവ്മഗാ (Krav Maga) മർദ സ്ഥല രീതികൾ/ നാഡീതളർത്തൽ രീതികൾ - വളരെ ക്രൂരമായ ഇസ്രായേൽ രീതിയാണ്. എങ്ങനെ ആയുധം തിരികെ കൈവശപ്പെടുത്താം, ഷർട്ടിൽ പിടിച്ചു ഒരാളെ എങ്ങനെ കൈപ്പിടിയിലൊതുക്കാം, പ്രതിയോഗിയെ കുറഞ്ഞ ബലം പ്രയോഗിച്ചു കീഴ്‌പ്പെടുത്തുന്നതെങ്ങനെ തുടങ്ങിയ പരിശീലനങ്ങൾ ഇതിന്‍റെ ഭാഗമാണ്. ഫ്ലോയിഡിന്‍റെ കാര്യത്തിൽ പോലീസുകാരൻ തന്‍റെ കൈകൾ പോക്കറ്റിലിട്ട് ഇരിക്കുന്നത് നിങ്ങൾശ്രദ്ധിച്ചിരിക്കും. പൊലീസ് സംരക്ഷകരും ജനസേവകരുമാണ്, അയോധന കലാകാരന്മാരല്ല.
ഫഹീമ: കൈകൾ പിന്നിൽ ബന്ധിച്ചു നിലത്തു കിടത്തിയിരുന്ന ഫ്ലോയിഡ് ഓടി രക്ഷപ്പെടാൻ ഒരു സാധ്യതയുമില്ലാഞ്ഞിട്ടും പോലീസ് കൊലപ്പെടുത്തി. ഇത്തരം സാഹചര്യങ്ങളിൽ പോലീസിന്‍റെ ക്രൂരതകളിൽനിന്നും ജനങ്ങൾക്ക് സഹായകരമായ എന്തെങ്കിലും സംവിധാനമുണ്ടോ?
ആലിസൻ: നിർഭാഗ്യവശാൽ അങ്ങിനെ ഒന്നുമില്ല. ചില ഓൺലൈൻ സംഘടനകളുടെ ഇടപെടലുകൾ കണ്ടിട്ടുണ്ട്. തെരുവിൽ നടക്കുന്ന അതിക്രമങ്ങളിൽ സഹായിക്കാനൊന്നും അവർക്ക് കഴിയില്ലെങ്കിലും കോടതിനടപടികളിൽ സഹായിക്കുവാനും നിയമവിദഗ്ധരെ ഏർപ്പാടാക്കുവാനും അവരുടെ സഹായംലഭ്യമാവും. അത് വളരെ ഉപകാരപ്രദമാണ്.
ഫഹീമ: സമൂഹമാധ്യമങ്ങളിൽ വംശവെറിയും സൈനോഫോബിയയും ഇസ്ലാമോഫോബിയയും പ്രചരിപ്പിക്കുന്ന പല പൊലീസുകാരുടെയും പോസ്റ്റുകൾ കാണുന്നുണ്ട്. ഇതുതടയാൻ യാതൊരു ഇടപെടലുകളും കാണുന്നില്ല.
ആലിസൻ: ദൗർഭാഗ്യവശാൽ അങ്ങിനെ പല സമൂഹ മാധ്യമ ഗ്രൂപ്പുകളും പോസ്റ്റുകളുമുണ്ട്. ഞാൻ തന്നെ അത്തരം വെറുപ്പ്പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളിലെ വർണവെറി തമാശകൾക്കും പ്രചാരണങ്ങൾക്കും മുമ്പ്സാക്ഷിയായിട്ടുണ്ട്. അന്നത് റിപ്പോർട്ട്ചെയ്ത് അതിൽനിന്നും വിട്ടുനിൽക്കുകയായിരുന്നു ചെയ്‌തത്. ഇത്തരം ഗ്രൂപ്പുകളിൽ എതിരെ ശബ്ദിച്ചാൽ നമ്മളെ ഒറ്റപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതും സ്ഥിരമാണ്. എന്നെ പലരും തീവ്രവാദിയെന്നുപോലും വിളിച്ചിട്ടുണ്ട്. ഇതിനെതിരെ ഫലപ്രദമായ നടപടികളൊന്നും ഉണ്ടാകുന്നില്ല. ഭൂരിഭാഗംപേരും ജോലിയിൽ തുടരുന്നുമുണ്ട്.
ഫഹീമ: പറയുമ്പോൾ തങ്ങൾ അവിടെനിന്നും മാറാമെന്നു പറഞ്ഞതിനു ശേഷവും സി.എൻ.എൻ ലേഖകൻ ഒമർജിമനസും സംഘവും അറസ്റ്റ് ചെയ്യപ്പെട്ടു. പ്രസിഡന്‍റ് ട്രംപ് പറയുന്നത് മാധ്യമങ്ങൾ അപകടകാരികളാണെന്നാണ്. ഇത് പോലീസിന് അതിക്രമങ്ങൾക്ക് കൂടുതൽ പ്രോത്സാഹനമാവുന്നുണ്ടോ?
ആലിസൻ: ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പ്രസിഡന്‍റിന്‍റെ മനോഭാവം പോലീസുകാരിൽ പ്രതിഫലിക്കുന്നുണ്ട്. അതവർക്ക് മാധ്യമങ്ങളെ നേരിടുന്നതിനുള്ള പ്രോത്സാഹനവുമാവുന്നുണ്ട്. മാത്രമല്ല പോലീസുകാരുടെ പ്രവർത്തനങ്ങൾ മാധ്യമങ്ങൾ പകർത്തുന്നത് ഒഴിവാക്കാനും ശ്രമിക്കുന്നുണ്ട്.
ഫഹീമ: കഴിഞ്ഞാഴ്ച്ച ഫോട്ടോഗ്രാഫർ ലിൻഡയെ ഇടതുകണ്ണിൽ വെടിവെച്ചു. ലിൻഡ പറഞ്ഞത് താനൊരു പത്രപ്രവർത്തകയാണെന്നു പൊലീസിന് അറിയാതിരിക്കാൻ ഒരുനിർവാഹവുമില്ലെന്നാണ്. റോയിട്ടേഴ്‌സിനെതിരെ കണ്ണീർവാതക പ്രയോഗം നടത്തിയത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കെതിരെ കുരുമുളക് സ്‌പ്രേയും റബ്ബർ ബുള്ളറ്റും പ്രയോഗിച്ച സംഭവങ്ങളുംഉണ്ടായിട്ടുണ്ട്. പോലീസ് ഇത് അന്വേഷിക്കാറുണ്ടോ?
ആലിസൻ: ഇതും ഫലസ്തീനിൽ സംഭവിക്കുന്നത് പലെയാണ്. ഇസ്രായേൽ പട്ടാളക്കാരുടെ കിരാത നടപടികൾ പുറംലോകത്തെത്തിക്കുന്ന പത്രപ്രവർത്തകരോട് അവർ ചെയ്യുന്നതും ഇതുതന്നെയാണ്. അവിടെനിന്നും പരിശീലനംലഭിച്ച ഇവിടുത്തെ പൊലീസുകാർക്കും പത്രപ്രവർത്തകർ ഇരകളാവുകയാണ്. പത്രപ്രവർത്തകർ തെരുവിൽ ഇരയാക്കപ്പെടുന്ന ഇത്തരം പ്രവർത്തനങ്ങൾക്കെതിരെ ഗൗരവമായ നടപടി ഉണ്ടാവാറില്ല. അങ്ങിനെത്തന്നെ തുടരാനാണ് സാധ്യത.
ഫഹീമ: കൊള്ളയടിക്കുന്നവരെ വെടിവെച്ചു കൊല്ലണമെന്നു മിസ്സോറിയിലെ റിപ്പബ്ലിക്കനായ സ്റ്റേറ്റ് പ്രതിനിധിയും 'കൊള്ള തുടങ്ങിയാൽ വെടിവെപ്പും തുടങ്ങും' എന്നു ട്രംപും ട്വീറ്റ് ചെയ്യുകയുണ്ടായി. തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ നിന്നുള്ള ഇത്തരംപ്രകോപനപ്രസ്താവനകൾനിയമത്തിനു പുറത്തുള്ള കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ലേ? തോക്ക് വാങ്ങുന്നതിൽ നിയന്ത്രണമേർപ്പെടുത്തേണ്ടതല്ലേ?
ആലിസൻ: ഓൺലൈനായിവരുന്ന എല്ലാ ഭീഷണികളെയും പോലെ ഇതിനെയും കാണണം എന്നാണെനിക്കു തോന്നുന്നത്. തിരഞ്ഞെടുക്കപ്പെട്ട ആളുകൾക്കെതിരെ നടപടിയെടുക്കാനുള്ള സാധ്യത കുറവാണ്. എങ്കിലും ഫെഡറൽബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ഐ.ബി) പോലെയുള്ള ഏജൻസികൾ അതിനുവേണ്ടി ശ്രമിക്കേണ്ടിയിരിക്കുന്നു. മിസ്സോറിയിൽ ഒരു മണിക്കൂറിനുള്ളിൽ ഒരാൾക്ക് കൈത്തോക്ക് വാങ്ങാം. ഫലപ്രദമായ മാനസിക പരിശോധനയോ ഡോക്ടറുടെ സാക്ഷ്യപത്രമോ ഇല്ലാതെയാണ് പലപ്പോഴും തോക്കുകൾ വിൽപന നടത്തുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കുള്ള ഇത്തരം പരിശോധനകളും അത്രഫലപ്രദമല്ല. ഇത്തരം ആളുകളോടാണ് തോക്കുപയോഗിക്കാൻ ജനപ്രതിനിധികൾ പറയുന്നത്. ഇതിൽ കുറേക്കൂടി നിയന്ത്രണം കൊണ്ടുവരുന്നത് സുരക്ഷക്ക് ആവശ്യമാണ്.
ഫഹീമ: ഇപ്പോഴത്തെ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ഫ്ലോയിഡിന്‍റെ അവസ്ഥയിലോ ദൃക്‌സാക്ഷിയുടെ അവസ്ഥയിലോ നമുക്കെന്ത് ചെയ്യാനാകും?
ആലിസൻ: ഇത് തികച്ചും സങ്കടകരമായ ചോദ്യമാണ്. കയ്യുയർത്തിപ്പിടിച്ചു നിന്നിട്ടുപോലും കൊലചെയ്യപ്പെടുന്ന പല കേസുകളും നമുക്കറിയാം. പോലീസാണ് അവരുടെ രീതി മാറ്റേണ്ടത്, സാധാരണക്കാരല്ല. പോലീസിന് മാസങ്ങളോളം പരിശീലനവും കിട്ടുന്നുണ്ട്. മാത്രമല്ല അവർ ജനങ്ങളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരുമാകുന്നു. ഫ്ലോയിഡിന്‍റെ കാര്യത്തിൽ അത് തടയാൻ ശ്രമിക്കുന്ന യുവതിക്കെതിരെ പോലീസ് കുരുമുളക്സ്പ്രേ അടിക്കാൻ തുനിയുകയായിരുന്നു. പോലീസിന്‍റെ അതിക്രമത്തിന് ഇരയാകുന്നവർക്കുവേണ്ടി ശബ്ദിക്കുകയും സാധ്യമെങ്കിൽ ക്യാമറയിൽ പകർത്തുകയും വേണം.
ഫഹീമ: നമ്മളെ പോലീസ് വളഞ്ഞാൽ കൈകൾ തുറന്നുകാണിക്കണമെന്നത് അവരുടെ അവകാശമാണോ? എന്തൊക്കെയാണ് പോലീസിന്‍റെ അവകാശങ്ങൾ?
ആലിസൻ: ഇത് അവകാശമല്ല. രണ്ടു ഭാഗത്തിന്‍റെയും സുരക്ഷക്കാണ്. സന്ദർഭത്തിനനുസരിച്ചു പോലീസിന് ബലം പ്രയോഗിക്കാനുള്ള അനുവാദമുണ്ട്. അവർ നിർദേശിക്കുന്നതിനനുസരിച്ചു തിരിച്ചറിയൽരേഖ കൊടുക്കണം. കാർ തുറന്നു പരിശോധിക്കണമെങ്കിൽ പോലീസിന് വാറണ്ട് ആവശ്യമാണ്.
ഫഹീമ: പൊലീസിൽ ചേരാനുള്ള സാഹചര്യം?
ആലിസൻ: എന്‍റെ കറുത്തവർഗക്കാരായ സുഹൃത്തുക്കൾ, പൊലീസിനെപ്പറ്റി പരാതിപറയാറുണ്ടായിരുന്നു. എല്ലാവർക്കും ഒരേപോലെ, വിവേചനരഹിതമായി സേവനം ചെയ്യുന്നതിന് വേണ്ടികൂടിയാണ് ഞാൻ പോലീസ് അക്കാഡമിയിൽ ചേർന്നത്. അങ്ങിനെ സേനയിലെകുറച്ചു വിദ്വേഷമുള്ളവരുടെയെങ്കിലും തെറ്റിദ്ധാരണമാറ്റുവാൻ കഴിയും എന്നെനിക്കുറച്ച വിശ്വാസമുണ്ട്.
ഫഹീമ: ഒരു പോലീസ് ഓഫീസർ എന്ന നിലയിൽ ഏറ്റവും നല്ല നിമിഷമേതാണ്?
ആലിസൻ: ഒരു കുട്ടിയുടെ ശ്വാസം നിലച്ച സന്ദർഭമായിരുന്നു അത്. കുട്ടികളുടെ അമ്മ വീട്ടിലില്ലായിരുന്നു അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പോലീസിനെ വിളിച്ചു. ഞങ്ങൾ എത്തിയപ്പോൾ കുഞ്ഞു ശ്വസിക്കുന്നുണ്ടായിരുന്നില്ല. ഞങ്ങൾ സി.പി.ആർ കൊടുത്തപ്പോൾ കുട്ടി കരഞ്ഞു. അതുകണ്ടപ്പോൾ കുട്ടിയുടെ അച്ഛൻ കരയുന്നത് ഞങ്ങളെയും ഈറനണയിച്ചു. അതായിരുന്നു എന്‍റെ നല്ല നിമിഷവും അതുപോലെ വിഷമിപ്പിച്ച നിമിഷവും.
ഫഹീമ: താങ്കൾ വെളുത്തവർഗ ക്രിസ്ത്യൻ കുടുംബത്തിൽ വളർന്നു, അഞ്ചുവർഷംമുമ്പ് ഇസ്ലാം സ്വീകരിച്ച വ്യക്തിയാണല്ലോ. താങ്കളുടെ അമ്മയുമായുള്ളസ്നേഹബന്ധം വളരെ മനോഹരമാണ്. താങ്കൾ ഇസ്ലാം സ്വീകരിച്ചെങ്കിലും നിങ്ങൾ തമ്മിലുള്ള പരസ്പര സ്നേഹം ഇപ്പോഴും തുടരുന്നുണ്ട്. എന്തായിരുന്നു ചെറുപ്പത്തിലെ സാഹചര്യങ്ങൾ?
ആലിസൻ: ഞാൻ എന്‍റെ മാതാവിനൊപ്പമാണ് വളർന്നത്. വളരെനല്ല രീതിയിൽ, പരസ്പര ബഹുമാനത്തോടെ ജീവിക്കാനാണ് അമ്മ എന്നെ പഠിപ്പിച്ചത്. വംശീയതയുടെ അനുഭവങ്ങൾ ചെറുപ്പത്തിൽ ഉണ്ടായിട്ടുണ്ട്. അതിനോടുള്ള നിലപാട് കാരണം കുറച്ചു സുഹൃത്തുക്കളെയെങ്കിലും എനിക്ക്നഷ്ടപ്പെട്ടിട്ടുമുണ്ട്.
ഫഹീമ: ഹിജാബ് ധരിക്കുന്നതിൽ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടോ?
ആലിസൻ: ഹിജാബ് ധരിച്ചപ്പോൾ കൂടെ ജോലി ചെയ്യുന്ന ചിലരുടെ ചില ചോദ്യങ്ങളാണ് ഏറെ വിഷമിപ്പിച്ചത്.
എന്‍റെ കൂടെ ജോലി ചെയ്യുന്ന പലരും നമസ്കാരത്തിലും നോമ്പിലും എനിക്ക് കൂട്ടായിരുന്നു. അപൂർവം ചിലർ, ഞാൻ മുസ്ലിമാണെന്നറിഞ്ഞപ്പോൾ അവഗണനയോടെ നോക്കാൻ തുടങ്ങിയത് വേദനിപ്പിച്ചിരുന്നു.
പൊലീസുകാർ പ്രവർത്തിക്കുന്നത് സമൂമൂഹത്തിനു സേവനം ചെയ്യാനാണ്. സ്വന്തം സുരക്ഷയുടെ കാര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണം. എവിടെയാണ് പോകുന്നതെന്ന് വീട്ടുകാരെയും കൂട്ടുകാരെയുമൊക്കെ പരസ്‌പരം അറിയിക്കണം, പ്രത്യേകിച്ചും പുറത്തു നടക്കുമ്പോൾ.
പൊലീസിൽ പരിഷ്‌കാരങ്ങൾ വരുമെന്നും അവർ കൂടുതൽ മെച്ചപ്പെട്ട സേവനം നൽകുമെന്നും ഞാൻ പ്രത്യാശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.