ഖത്തറിലെ ദോഹ അന്താരാഷ്​ട്ര പുസ്​തകമേളയിലെ ​െഎ.പി.എച്ച്​ പവിലിയൻ

പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ​െഎ.പി.എച്ച്

1945ലാണ് മുസ്‌ലിം പ്രസാധകചരിത്രത്തില്‍ പ്രധാന നാഴികക്കല്ലായ നിലവില്‍ വരുന്നത്. 75 വര്‍ഷം പൂര്‍ത്തീകരിച്ച സ്ഥാപനം ഇപ്പോള്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തി​െൻറ നിറവിലാണ്. ഐ.പി.എച്ച് പ്രസാധനരംഗത്ത് കാലുറപ്പിക്കുമ്പോള്‍ മിക്ക ഇസ്‌ലാമിക പുസ്തകങ്ങളും മുസ്‌ലിം ആനുകാലികങ്ങളും പുറത്തിറങ്ങിയിരുന്നത് അറബിമലയാള ലിപിയിലായിരുന്നു. ''പണ്ഡിതരെന്ന മുസ്‌ല്യാര്‍മാര്‍ കേട്ടുപഠിച്ച സവിസ്തര ചരിത്രങ്ങളും കര്‍മവിചാരവിധികളും എഴുതുന്നു. ആ വക ലേഖനങ്ങള്‍ ഭാഷാശുദ്ധി അശേഷമില്ലാത്ത ബഹുജനത്തെ മഹാ അപകടത്തിലാക്കുന്നു'' എന്ന്​ മതപരിഷ്​കർത്താവായ മഖ്​ദി തങ്ങള്‍ (18-7-1912) മഖ്​ദി മനഃക്ലേശത്തില്‍ (പേ: 26-27) സങ്കടപ്പെട്ടത് അനുസ്മരണീയമാണ്. തങ്ങളും വക്കം മൗലവിയെപ്പോലുള്ള ചുരുക്കം ചിലരും മാത്രമായിരിക്കും ഇതിനപവാദം. ഇമാം ഗസ്സാലിയുടെ 'കീമിയ സആദ' പരിഭാഷയും 'ഇസ്‌ലാമി​െൻറ സന്ദേശ'വും 'മതസിദ്ധാന്ത സംഗ്രഹ'വും മറ്റും പ്രസിദ്ധീകരിച്ച വക്കം അബ്​ദുൽ ഖാദിര്‍ മൗലവിയുടെ ഇസ്‌ലാമിയ പബ്ലിഷിങ്​ ഹൗസ് സ്ഥാപിക്കപ്പെടുന്നത് 1931ലാണ്. മുസ്‌ലിംപ്രസാധനത്തി​െൻറ ഈ നവോത്ഥാന നാള്‍വഴിയിലെ നാഴികക്കല്ലായി ഐ.പി.എച്ചിനെ വിശേഷിപ്പിക്കാം. എന്നാല്‍, കുറേക്കൂടി ആസൂത്രിതമായ ഒരു അഖിലേന്ത്യ സംരംഭത്തി​െൻറ സാക്ഷാത്​കാരംകൂടിയായിരുന്നു ഐ.പി.എച്ച്. വിഭജനവാദംമൂലം കലുഷിതമായ ഭൂരിപക്ഷ മനസ്സില്‍നിന്ന് ഇസ്‌ലാമിനെ സംബന്ധിച്ച തെറ്റിദ്ധാരണകള്‍ നീക്കാന്‍ പ്രാദേശിക ഭാഷകളില്‍ ഇസ്‌ലാമികസാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ സംവിധാനമുണ്ടാകണമെന്നും ക്രാന്തദര്‍ശിയായ ജമാഅത്തെ ഇസ്​ലാമി സ്​ഥാപകൻ​ സയ്യിദ്​ അബുൽ അഅ്​ലാ മൗദൂദി നിര്‍ദേശിച്ചിരുന്നു. അങ്ങനെയാണ് 1945ല്‍ പഞ്ചാബില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ സമ്മേളന തീരുമാനപ്രകാരം മധ്യേന്ത്യയിലെ ഹിന്ദി പ്രസാധനാലയമായ 'ഇസ്‌ലാമി സാഹിത്യസദന്​' ഒപ്പം ഐ.പി.എച്ചും നിലവില്‍വരുന്നത്. ജമാഅത്തെ ഇസ്​ലാമി കേന്ദ്ര നേതൃത്വം നല്‍കിയ 700 രൂപയുടെ മൂലധനത്തില്‍ ഇരിമ്പിളിയത്തെ മസ്ജിദ് വരാന്തമുറിയിലായിരുന്നു തുടക്കം. പിന്നീട് വളാഞ്ചേരിയിലേക്കും എടയൂരിലേക്കും മാറി ഒടുവില്‍ കോഴിക്കോട് ആസ്ഥാനമുറപ്പിച്ച് പ്രധാന ജില്ല ആസ്ഥാനങ്ങളില്‍ ശാഖകളോടുകൂടി പടര്‍ന്നു പരിലസിക്കാന്‍ അതിന് സാധിച്ചു.

ഉള്ളടക്കത്തിലെന്നപോലെ ഭാഷയിലും നിലവാരം പുലര്‍ത്തണമെന്നതില്‍ ഐ.പി.എച്ച് തുടക്കംമുതലേ നിഷ്‌കര്‍ഷ പുലര്‍ത്തി. ജമാഅത്തെ ഇസ്​ലാമിയുടെ കേരളത്തിലെ പ്രഥമ അമീര്‍ ഹാജി വി.പി. മുഹമ്മദലിയായിരുന്നു ആദ്യ പ്രസിദ്ധീകരണമായ മൗദൂദിയുടെ 'ഇസ്‌ലാം മത'ത്തി​െൻറ പരിഭാഷകന്‍. പുസ്തകത്തി​െൻറ തെരഞ്ഞെടുപ്പിലും ഈ ഔചിത്യദീക്ഷ പ്രകടമാണ്. നിരവധി ലോകഭാഷകളില്‍ വിവര്‍ത്തനം വന്ന 'ഇസ്‌ലാം മത'ത്തെ സവിസ്തരം നിരൂപണം ചെയ്ത പ്രഫ. സി.കെ. മൂസ്സത് ഇങ്ങനെ കുറിച്ചു: ''...ഇസ്‌ലാം മതം ശാസ്ത്രത്തി​െൻറ പുരോഗതിക്ക് കനത്ത സംഭാവനകള്‍ നല്‍കാന്‍ പ്രേരണ ചെലുത്തിയെന്ന് രസതന്ത്ര ശാസ്ത്രജ്ഞനായ പി.സി. റേ അലീഗഢ്​ സര്‍വകലാശാലയുടെ പ്രഥമ ബിരുദദാന പ്രസംഗത്തില്‍ അനുസ്മരിച്ചത് ഞാന്‍ ശ്രദ്ധിച്ചിരുന്നു... ഈ വസ്തുത ഓര്‍മിപ്പിക്കുന്ന രണ്ട് വിശിഷ്​ട ഗ്രന്ഥങ്ങള്‍ എ​െൻറ മുമ്പിലുണ്ട്... ഉര്‍ദു ഗ്രന്ഥത്തി​െൻറ പരിഭാഷയായ 'ഇസ്‌ലാം മത'വും 'ഭാരതീയ സംസ്‌കാരത്തി​െൻറ അടിയൊഴുക്കുകള്‍' എന്ന സ്വതന്ത്രകൃതിയും... നമസ്‌കാരം, നോമ്പ്, സകാത്​, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളുടെ സൈദ്ധാന്തികവും സാമൂഹികവുമായ പ്രസക്തിയെ പുതിയ ശൈലിയില്‍ ഗ്രന്ഥകര്‍ത്താവ് അവതരിപ്പിച്ചത് ആസ്വാദ്യമായിട്ടുണ്ട്. ശരീഅത്ത് നിയമങ്ങളെക്കുറിച്ച അപഗ്രഥനം അനുഷ്ഠാനങ്ങളുടെ ശാസ്ത്രീയത തെളിയിക്കുന്നു... മഹാത്മാ ഗാന്ധിയുടെ ട്രസ്​റ്റിഷിപ് തത്ത്വങ്ങളെ അനുസ്മരിപ്പിക്കുന്ന ശരീഅത്ത് നിയമ വിവരണം ജനനേതാക്കന്മാരും ഭരണാധിപന്മാരും അവശ്യം വായിച്ചിരിക്കേണ്ടതാണെന്ന് പറഞ്ഞുപോവുകയാണ്...'' (വിജ്ഞാന കൈരളി, 1978 ജൂണ്‍). 29 പതിപ്പുകള്‍ പിന്നിട്ട ഈ കൃതി ഇപ്പോഴും വിപണിയില്‍ ലഭ്യമാണ്.

അടിസ്ഥാനാശയങ്ങള്‍ക്കാണ് പ്രഥമഘട്ടത്തില്‍ പരിഗണന നല്‍കിയതെങ്കിലും ചരിത്രം, ജീവചരിത്രം, ആത്മകഥ, യാത്രാവിവരണം, രാഷ്​ട്രീയം, സാമൂഹികശാസ്ത്രം മുതല്‍ സര്‍ഗാത്മകസാഹിത്യം വരെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ പിന്നീട് ഐ.പി.എച്ച് ഗ്രന്ഥാവലിയെ സമ്പന്നമാക്കി. മൗലാന മൗദൂദി, മൗലാന അബുൽകലാം ആസാദ്, അമീൻ അഹ്‌സന്‍ ഇസ്‌ലാഹി, സദ്‌റുദ്ദീന്‍ ഇസ്‌ലാഹി, ഹസനുൽ ബന്ന, റാശിദ്​ അൽഗന്നൂശി, സയ്യിദ് ഖുത്വുബ്, മുഹമ്മദ് ഖുത്വുബ്, മുസ്ത്വഫസ്സിബാഇൗ, മുഹമ്മദുല്‍ ഗസ്സാലി, ഡോ. മുഹമ്മദ്​ ഹമീദുല്ല, സൈനബുൽ ഗസ്സാലി തുടങ്ങിയ കിടയറ്റ ഗ്രന്ഥകാരന്മാര്‍ക്കു പുറമേ മുഹമ്മദ് അസദ്, മുറാദ് ഹോഫ്മാന്‍, മര്‍യം ജമീല, ഗായ് ഈറ്റന്‍, തലാല്‍ അസദ്, മോറീസ് ബുക്കായ്, ജെഫ്രി ലാങ്, അലക്‌സ് ഹാലി, മുഹമ്മദലി ക്ലേ, അലിജാ അലി ഇസ്സത്ത് ബെഗോവിച്ച്, ടി.ഡബ്ല്യു. ആര്‍നോള്‍ഡ്, ലൈല അബുലുഗ്ദ് തുടങ്ങി യൂറോപ്പില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള അന്താരാഷ്​ട്ര പ്രശസ്തരായ എഴുത്തുകാരും ഐ.പി.എച്ചിന് മുതല്‍ക്കൂട്ടി. എം.എന്‍. റോയ്, കെ.എല്‍. ഗൗബ, രാം പുനിയാനി, മനീഷ സേഥി, റാണാ അയ്യൂബ്, കെ.ജി. രാഘവൻ നായര്‍, എം.പി.എസ്. മേനോന്‍, എം.എസ്. മേനോന്‍, സി. രാധാകൃഷ്​ണന്‍, വാണിദാസ് എളയാവൂര്‍, കെ.എം. ബഹാഉദ്ദീന്‍, എന്‍.പി. ഹാഫിസ് മുഹമ്മദ് എന്നീ പേരുകളും അനുസ്മരണീയമാണ്. ഐ.പി.എച്ചി​െൻറ ഉപവിഭാഗമായ 'പ്രതീക്ഷ'യിലൂടെ സര്‍ഗാത്മക സാഹിത്യകാരന്മാരും ചരിത്രകാരന്മാരും നിരൂപകന്മാരുമടങ്ങുന്ന എം.ജി.എസ്. നാരായണന്‍, പി.കെ. ബാലകൃഷ്ണന്‍, എ.പി. കുഞ്ഞാമു, പി.കെ. പാറക്കടവ്, പോള്‍ കല്ലാനോട്, പി.കെ. ഗോപി, ബാബു ഭരദ്വാജ്, വി.സി. ശ്രീജന്‍, സുനില്‍ പി. ഇളയിടം, ടി.ടി. ശ്രീകുമാര്‍, കെ.ഇ.എന്‍, അന്‍വര്‍ അബ്​ദുല്ല, പി.എ. നാസിമുദ്ദീന്‍ തുടങ്ങിയവരുടെ കൃതികളും വെളിച്ചംകണ്ടു.

75 വര്‍ഷത്തെ ദീര്‍ഘ പ്രയാണത്തിനിടയില്‍ മൗദൂദിയുടെ തഹ്ഫീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, മുസ്‌ലിം, ബുഖാരി, തിര്‍മിദി തുടങ്ങിയ നബിവചന സമാഹാരങ്ങള്‍, വൈവിധ്യമാര്‍ന്ന നബിചരിത്രങ്ങള്‍, അറബി-മലയാള ബൃഹദ് നിഘണ്ടു, അനുഷ്ഠാന നിയമങ്ങള്‍ പ്രതിപാദിക്കുന്ന ഫിഖ്ഹുസ്സുന്ന തുടങ്ങിയ ഇൗടുറ്റ കൃതികള്‍ ഐ.പി.എച്ച് കൈരളിക്ക് സമ്മാനിച്ചു. ഒമ്പതു വാല്യങ്ങള്‍ പുറത്തിറങ്ങിയ ടി.കെ. ഉബൈദി​െൻറ പൂര്‍ത്തിയാകാത്ത ഖുര്‍ആന്‍ വ്യാഖ്യാനമായ ഖുര്‍ആന്‍ ബോധനം,13 വാല്യങ്ങള്‍ ഇറങ്ങിയ മലയാളത്തിലോ ഇതര പ്രാദേശിക ഭാഷകളിലോ തുല്യതയില്ലാത്ത ഇസ്‌ലാമിക വിജ്ഞാനകോശം എന്നിവയും എടുത്തുപറയത്തക്കതാണ്.

'കലീല ദിംന' പോലുള്ള അറബി ക്ലാസിക് കൃതികളുടെ വിവര്‍ത്തനവും ഈ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിച്ചു. നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു ഗവേഷക കൃതിയാണ് പരേതനായ ടി. മുഹമ്മദി​െൻറ 'ഭാരതീയ സംസ്‌കാരത്തി​െൻറ അടിയൊഴുക്കുകള്‍'. പ്രഫ. കരിമ്പുഴ രാമകൃഷ്ണന്‍, ജി.എന്‍. പിള്ള, സി.കെ. മൂസത്, എൻ.പി മുഹമ്മദ്​, സഖ്യാനന്ദ സ്വാമി എന്നിവർ ഈ കൃതിയെ ഏറെ ശ്ലാഘിച്ചു.

ഐ.പി.എച്ച് കൃതികളില്‍ പലതും ശ്രദ്ധേയ അവാര്‍ഡുകള്‍ നേടിയവയാണ്. എം.എന്‍. കാരശ്ശേരി പരിഭാഷപ്പെടുത്തിയ 'മക്കയിലേക്കുള്ള പാത' 1983ല്‍ രൂപകല്‍പനക്കും മുദ്രണമികവിനും ബുക്ക് ​െഡവലപ്‌മെൻറ്​ കൗണ്‍സില്‍ അവാര്‍ഡ് നേടി. 1983ലെ സി.എന്‍. അഹ്​മദ് മൗലവി അവാര്‍ഡും അതേ വര്‍ഷത്തെ മുദ്രണമികവിനുള്ള എം.ജി യൂനിവേഴ്‌സിറ്റി അവാര്‍ഡും ഇസ്‌ലാമിക വിജ്ഞാനകോശത്തിനായിരുന്നു.

കോവിഡ് പശ്ചാത്തലത്തി​െൻറ പരിമിതികളുണ്ടെങ്കിലും 'മലയാളത്തിലെ ഇസ്‌ലാമിക മുദ്രയുടെ എഴുപത്തഞ്ചാണ്ട്​' എന്ന ബാനറില്‍ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികൾക്ക്​ ഡിസംബര്‍ 28ന്​ തുടക്കംകുറിക്കാന്‍ ഐ.പി.എച്ച് തീരുമാനിച്ചിട്ടുണ്ട്. പുതിയ പുസ്തകങ്ങളുടെ പ്രകാശനങ്ങള്‍ക്കൊപ്പം സമകാലികപ്രസക്തിയുള്ള വിവിധ വിഷയങ്ങളിലായി സാംസ്‌കാരികപരിപാടികളും വെബിനാറുകളും നടക്കും. 

Tags:    
News Summary - IPH celebrates its Platinum Jubilee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT