ഇറാൻ വീണ്ടും പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള പന്ത്രണ്ടാമത്തെ പ്രസിഡൻറിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ടമാണ് ആരംഭിക്കുന്നത്. ഇന്ന് മിതവാദിയെന്ന് അറിയപ്പെടുന്ന പ്രസിഡൻറ് ഹസൻ റൂഹാനിക്കു വലിയ സാധ്യത കാണുന്നുണ്ടെങ്കിലും കടുത്ത മത്സരം നടക്കുമെന്നുതന്നെയാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. അവസാനഘട്ടത്തിൽ ആറു പേരാണ് മത്സരരംഗത്തുള്ളത്. രാജ്യത്തിെൻറ പരമോന്നത മതമേലധ്യക്ഷനു ശേഷമുള്ള രണ്ടാം സ്ഥാനമാണ് ഇറാനിൽ പ്രസിഡൻറ് പദവിക്കുള്ളത്. മുൻ പ്രസിഡൻറ് അഹ്മദി െനജാദ് അടക്കമുള്ള ഇരുപതോളം പേർക്ക് നേരത്തേ തെരഞ്ഞെടുപ്പ് കമീഷൻ അയോഗ്യത കൽപിച്ചിരുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിനു തൊട്ടുപിറകെ പുതിയ മതമേലധ്യക്ഷനെയും തെരഞ്ഞെടുക്കും.
ലോക രാഷ്ട്രീയത്തിൽ ഇറാൻ ഏറെ ചർച്ചചെയ്യപ്പെട്ട കാലമാണ് ഹസൻ റൂഹാനി രാജ്യത്തെ നയിച്ച കഴിഞ്ഞ നാലു വർഷക്കാലം. ബറാക് ഒബാമയുമായി ആണവകരാർ ഒപ്പുവെക്കാനും അതുവഴി സാമ്പത്തിക ഉപരോധങ്ങൾ റദ്ദാക്കാനും സാധിച്ചത് റൂഹാനിയുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു. എന്നാൽ, ഉപരോധം പിൻവലിച്ച നടപടി ഉടൻ നീക്കുമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണി തലക്കുമുകളിലുണ്ട്. ട്രംപിെൻറ ഇറാൻ വിരുദ്ധ ഘോഷണങ്ങൾ നാൾക്കുനാൾ വർധിച്ച് വരുകയുമാണ്. സിറിയയിൽ അസദുമായുള്ള കൂട്ടുകെട്ടും യമനിൽ ഹൂതികളെ സഹായിച്ച നടപടിയും ഏറെ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തിയവയാണ്.
അന്താരാഷ്ട്രതലത്തിൽ ഇറാഖ്, സിറിയ, യമൻ തുടങ്ങിയ രാജ്യങ്ങളുടെ യുദ്ധങ്ങളിൽ നേരിട്ടുള്ള പങ്കാളിത്തം മുതൽ രാജ്യത്ത് വ്യത്യസ്ത വകുപ്പുകളിലായി 3000 പേർക്ക് വധശിക്ഷ വിധിച്ചത് വരെയുള്ള വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ചൂടേറിയ ചർച്ചക്ക് വിധേയമായിരിക്കുന്നു. കഴിഞ്ഞ പത്തുവർഷത്തേക്കാൾ ഇരട്ടി തന്ത്രപ്രധാനമായ ആയുധബലമുണ്ടാക്കാൻ ‘പരിഷ്കർത്താവും പുരോഗമനവാദി’യുമായ റൂഹാനിക്ക് സാധിച്ചുവെന്ന് ഇറാനിയൻ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഭരണവിരുദ്ധ വികാരം കടുംപിടിത്തക്കാരനെന്ന ഖ്യാതിയുള്ള മുല്ല ഇബ്രാഹീം റഇൗസി, വൈസ് പ്രസിഡൻറ് ഇസ്ഹാഖ് ജഹാംഗീരി, തെഹ്റാൻ മേയർ മുഹമ്മദ് എന്നിവർക്കും ജനങ്ങൾക്കിടയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. ദുർബലമായ സമ്പദ്ഘടന, പണപ്പെരുപ്പം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവയാണു എതിരാളികൾ ഉയർത്തുന്ന പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങൾ.
‘മതതീവ്രവാദി’, ‘കടുത്ത പിന്തിരിപ്പൻ’ തുടങ്ങിയ വിശേഷണങ്ങളാണ് ഇറാൻ തെരഞ്ഞെടുപ്പ് സ്ഥാനാർഥികളെപറ്റി പാശ്ചാത്യ മാധ്യമങ്ങൾ വ്യാപകമായി ഉപയോഗിക്കാറ്. പാശ്ചാത്യരാജ്യങ്ങൾക്ക് വഴങ്ങാത്തതിനാലും അന്താരാഷ്ട്ര ബന്ധങ്ങളിൽ അവരുടെ ഇച്ഛകൾക്ക് വഴങ്ങാത്തതിനാലുമൊക്കെയാണിത്. എന്നാൽ, അത്തരത്തിലുള്ള എല്ലാ പ്രയോഗങ്ങളും ഇറാനിനകത്തെത്തിയാൽ ശരിയാവണമെന്നില്ല. മൂന്ന് തരത്തിലുള്ള പുരോഗതിയാണ് ഇറാൻ ജനത ആഗ്രഹിക്കുന്നത്. ഒന്ന് സാമ്പത്തികമായി ഇറാനെ വീണ്ടും ഗംഭീരമാക്കുക, പാശ്ചാത്യ രാജ്യങ്ങൾക്ക് അടിയറവ് വെക്കാതെ ഇറാെൻറ താൽപര്യങ്ങളെ മുഖവിലയ്ക്കെടുത്ത് രാജ്യത്തെ ഒന്നാമതെത്തിക്കുക, രാജ്യത്ത് നവ മാധ്യമങ്ങളുൾപ്പെടെയുള്ള മാധ്യമ സ്വാതന്ത്ര്യം ഉറപ്പ് വരുത്തുക. ഏറ്റവും ഒടുവിൽ നടന്ന പാനൽ സംവാദങ്ങളിൽ ഈ മൂന്ന് സംഗതികളും വിഷയമാവുകയും ചെയ്തിരുന്നു. ഇറാൻ കൂടുതൽ വിഭാഗീയമായിപ്പോകുന്നുവെന്ന അന്തർദേശീയ നിരൂപണം നിലനിൽക്കുന്നു. മതതീവ്രവാദത്തിെൻറയും വിഭാഗീയതയുടെയും ലേബൽ ഇറാനുമേൽ ചാർത്തുമ്പോഴും അതൊടൊപ്പം തന്നെ ജൂതന്മാരടക്കമുള്ള ന്യൂനപക്ഷം ഇറാനിൽ സുരക്ഷിതരായി കഴിയുന്നുവെന്ന് മറുവായനയുമുണ്ട്.
ഇറാൻ വിതക്കുന്നു, അമേരിക്കയും ഇസ്രായേലും കൊയ്യുന്നു എന്ന് പശ്ചിമേഷ്യയിലെ ഇറാെൻറ കഴിഞ്ഞ കുറെ കാലത്തെ ഇടപെടലുകളെ വിശേഷിപ്പിക്കാം. മേഖലയിലെ അപകടകാരിയെന്ന വിശേഷണം നേരത്തേ ഇറാനുമേലുണ്ട്. ഇറാഖിലെ തങ്ങളുടെ ആധിപത്യം വലുതാക്കണം. സിറിയയുടെയും ലബനാനിെൻറയും സഹായത്തോടെ മേഖലയിൽ ഏറ്റവും ശക്തിസ്രോതസ്സായി മാറുകയും വിശാല ശിയ മുന്നണിയും ശിയ സാമ്രാജ്യവും കെട്ടിപ്പടുക്കണം ഇതാണ് ഇറാെൻറ ലക്ഷ്യം. െഎ.എസിനെ തുരത്താൻ ഇറാഖിൽ അമേരിക്കയുമായി അനൗേദ്യാഗിക സഖ്യം ഉണ്ടാക്കി വലിയ മുതലെടുപ്പ് നടത്തിയ ഇറാൻ റഷ്യയുടെ കൂടെനിന്ന് സിറിയയിൽ അതേനാണയം ഇറക്കുകയാണിപ്പോൾ. ഈജിപ്തിലും ബഹ്റൈനിലും ലിബിയയിലും വിപ്ലവത്തെ സഹായിച്ച ഇറാൻ സിറിയയിൽ വിപ്ലവത്തെ പരാജയപ്പെടുത്തുകയും അസദ് പട്ടാളത്തെ വഴിവിട്ട് സഹായിക്കുകയുമായിരുന്നു.
അമേരിക്കയുടെ വാഗ്ദാനവും ഇറാെൻറ ഭീഷണിയും
ഇറാനുമായി ഒബാമ ഒപ്പിട്ട ആണവ കരാർ ഭൂലോക മണ്ടത്തമായിരുന്നുവെന്നും അധികാരത്തിലേറിയാൽ ഇറാൻ കരാറ് റദ്ദാക്കുമെന്നുമുള്ള അമേരിക്കൻ പ്രസിഡൻറ് ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കുമെന്ന് ഇറാനും ഭയക്കുന്നു. അമേരിക്കയുമായി ഒപ്പുവെച്ച ആണവായുധ കരാർ നേരത്തേ ചില പാശ്ചാത്യ ശക്തികളുടെ ഉറക്കംകെടുത്തിയിരുന്നു. എന്നാൽ, കരാർ റദ്ദാക്കുകയാണെങ്കിൽ ചില ഗൾഫ് രാജ്യങ്ങളേ (മേമ്പൊടിക്കു ഇസ്രായേലിനെയും എന്നു കൂടി പറഞ്ഞിരുന്നു) ഇല്ലാതാക്കുമെന്നു ഭീഷണി മുഴക്കിയതും രാജ്യത്തെ ശാസ്ത്രജ്ഞന്മാരെ ഒരുമിച്ചു കൂട്ടി യുറേനിയം ഉപയോഗിച്ച് അണുശക്തിയുള്ള നാവികക്കപ്പലുകൾ വികസിപ്പിക്കാൻ നിർദേശം നൽകിയതും ട്രംപിെൻറ ഭീഷണിയെ മറികടക്കാനുള്ള പ്രസ്താവന മാത്രമല്ലെങ്കിൽ അത് തീകൊണ്ടുള്ള തലചൊറിച്ചിലാണെന്നു വേണം ധരിക്കാൻ.
മുപ്പതുവർഷത്തെ ഉപരോധത്തിനു അറുതിവന്നെങ്കിലും ലോകരാജ്യങ്ങൾക്കിടയിൽ പൊതുസ്വീകാര്യത ലഭിക്കുന്ന തരത്തിലേക്ക് രാജ്യത്തെ ഉയർത്താനോ വ്യാപകമായ കയറ്റുമതി -ഇറക്കുമതി കരാറുകളുണ്ടാക്കാനോ ഇറാന് ഇനിയും സാധിച്ചിട്ടില്ല. മാത്രമല്ല, ഇറാനും അറബ്രാജ്യങ്ങളുമായുള്ള ബന്ധം എന്നത്തേക്കാളുമേറെ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ മാസം നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ സൗദി സന്ദർശനവും ഇരുരാജ്യങ്ങൾക്കും ശക്തമായ ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. അറബ് മുസ്ലിം രാജ്യങ്ങളുമായുള്ള ചങ്ങാത്തത്തിെൻറ വഴിയായിരിക്കും അമേരിക്കൻ പ്രസിഡൻറിെൻറ സൗദി സന്ദർശനം തുറന്നിടുന്നത്. അത് ഇറാനുള്ള രണ്ടാമത്തെ പ്രഹരമായിരിക്കുകയും ചെയ്യും. വിസ നിഷേധിച്ച ഏഴുരാജ്യങ്ങളിൽ ഉൾപ്പെടുത്തിയതായിരുന്നു ഒന്നാമത്തേത്.
അറബ് രാജ്യങ്ങളുമായുള്ള ഇറാെൻറ ഇപ്പോഴത്തെ ഉലച്ചിലിന് മൂന്ന് ദശകത്തെ പഴക്കമുണ്ട്. എന്നാൽ, അതിെൻറ വേരുകൾ ഇസ്ലാമിക ചരിത്രത്തോളം നീണ്ടു കിടക്കുന്നു. മുല്ലപ്പൂ വിപ്ലവത്തിനുശേഷം അറബ് ഗൾഫ് രാജ്യങ്ങളുമായുള്ള ബന്ധത്തിെൻറ വിള്ളൽ വീണ്ടും കനക്കുകയായിരുന്നു. പിന്നീടങ്ങോട്ട് അഭൂതപൂർവമായ ശത്രുതയായി അത് മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്. ഹജ്ജ് കാലങ്ങളിൽ എരിതീയിൽ എണ്ണയെന്നോണം എന്തെങ്കിലുമൊക്കെയായി വന്ന് ഇറാൻ അവരുടെ ശത്രുത പ്രകടിപ്പിക്കുകയും ചെയ്യും.
സൗദിയും ഇറാനും തമ്മിലുള്ള ശത്രുത മറനീക്കി പുറത്തുവന്നു കഴിഞ്ഞതായി ഇരു രാജ്യങ്ങളുടെയും പുതിയ വിദേശ നയങ്ങൾ വ്യക്തമാക്കുന്നുണ്ട്. ഇറാനുമായുള്ള സംവാദസാധ്യത പോലും തള്ളിക്കളയുകയും തീവ്രവാദവും ഭീകരതയും കൊണ്ട് ഒരു രാജ്യവും മേഖലയിൽ പ്രബലമാകാൻ നോക്കേണ്ടെന്നും അതിനു ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാകുമെന്നും മേയ് ആദ്യവാരം സൗദി രാജകുമാരനും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ മുന്നറിയിപ്പ് നൽകി. അതേസമയം, സൗദിയുടേത് വെറും വരട്ടുവാദവും വിരോധവുമാണെന്നും ഇറാൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. സൗദി ഇറാന് അകൽച്ച മധ്യപൂർവദേശത്തും മേഖലയിലും സൃഷ്ടിക്കുന്ന ആഴങ്ങള് നമ്മുടെ സങ്കൽപങ്ങൾക്ക് അപ്പുറത്താണ്.
അധികാര രാഷ്ട്രീയത്തിെൻറ ഇക്കാലത്തും വിഭാഗീയതയുടെ കനലെരിച്ചുകൊണ്ടാണ് ഇറാൻ അതിെൻറ സ്വാധീനവലയങ്ങൾ വ്യാപിപ്പിച്ചുകൊണ്ടിരിക്കുന്നത്. അറബ് ചേരിയെ നിലക്കുനിർത്തുന്നതിനുവേണ്ടി, ഇറാനിലെ ജൂതലോബിയുമായി നിശ്ശബ്ദ കൂട്ടുകെട്ടുകളുണ്ടാക്കി. അയൽരാജ്യങ്ങളായ ഇറാഖ്, സിറിയ, ലബനാൻ, യമൻ തുടങ്ങിയ രാജ്യങ്ങളുമായി ഉണ്ടാക്കിയ വലിയ ചങ്ങാത്തംപോലും വിഭാഗീയമായ അടിത്തറയിൽനിന്നുണ്ടായതാണ്. ഇറാഖിൽ അമേരിക്കയുമായി കൈകോർത്ത് വിജയമുണ്ടാക്കിയ ഇറാൻ ഇന്ന് ഇറാഖിലെ അനിഷേധ്യ സാന്നിധ്യമാണ്.
ഇറാനും അസ്താന കരാറും
സിറിയൻ യുദ്ധത്തിൽ രൂപംകൊണ്ട ഏറ്റവും അവസാനത്തെ ഉടമ്പടിയാണു കസാഖ്സ്താൻ തലസ്ഥാനമായ അസ്താനയിൽ ഒപ്പുവെച്ച വെടി നിർത്തൽ കരാർ. മാറിയ സിറിയൻ വിഷയത്തിൽ ഇറാൻ, റഷ്യ, തുർക്കി എന്നീ രാജ്യങ്ങൾ ചേർന്നുകൊണ്ടാണ് ഈ കരാറിൽ ഏർപ്പെട്ടിട്ടുള്ളത്. പരസ്യമായ യുദ്ധപങ്കാളിത്തം ഉള്ളതുകൊണ്ടുതന്നെയാണ് ഇറാനെ ഇതിൽ മുഖ്യ കക്ഷികളുടെ കൂട്ടത്തിൽ പെടുത്തിയിട്ടുള്ളത്. സിറിയയിൽ ഏതാനും സ്ഥലങ്ങളിൽ പൗരസമൂഹത്തിനു സമാധാനാന്തരീക്ഷത്തിൽ നടക്കാവുന്ന സാഹചര്യം കരാർ ഉറപ്പ് നൽകുന്നുണ്ട്. ഈ പ്രദേശങ്ങളിൽ ഇറാൻ കലാപമുണ്ടാക്കുകയില്ല എന്ന് അടിവരയിട്ടു പറയുന്നുണ്ടെങ്കിലും സിറിയയിലെ സാധാരണക്കാരനെ നിർദാക്ഷിണ്യം കൊല്ലുന്ന ഇറാനെ ഇനിയും വിശ്വസിക്കാനാവില്ലെന്നുമാണ് വിമത പക്ഷം. നിരപരാധികളെ കൊന്നൊടുക്കുന്ന കലാപം അഴിച്ചു വിടുന്നത് ഇറാനാണെന്നും വിമതർ തെളിവുകൾ നിരത്തി കാണിക്കുന്നുണ്ട്. അലപ്പോവിെൻറ പതനത്തിനുശേഷം തുർക്കിയും റഷ്യയും ചേർന്ന് ഇത്തരത്തിലൊരു കരാറിനു വേണ്ടി ശ്രമിക്കുന്നുണ്ടെന്ന് സിറിയൻ പ്രതിപക്ഷം സമ്മതിക്കുമ്പോഴും ഇറാനെ കുറിച്ച് അത്തരമൊരു അഭിപ്രായം അവർക്കില്ല.
ഇറാൻ സേനയും അവരുടെ ലബനാൻ സഖ്യസേന ഹിസ്ബുല്ലയുമാണ് ഭൂരിപക്ഷം കലാപങ്ങൾക്കും പിന്നിലെന്നും അവർ ആരോപിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വെറും കാൽപനിക കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു ലോകമല്ല ഇന്ന് ഇറാൻ. സജീവമായ കർമപദ്ധതികളുള്ള മുഴുവൻ ലോകവും ചർച്ച ചെയ്യുന്ന നിറസാന്നിധ്യമായി അവർ മാറിയിട്ടുണ്ട്. എതിരാളികളെ വെല്ലുവിളിക്കാൻ ശേഷി നേടിയ അപൂർവം ശക്തികളിലൊന്നാണ് ഇറാൻ. ലോകപൊലീസിനെ വെല്ലുവിളിച്ച് ഇത്രയേറെകാലം അതിജീവനം നടത്തിയ മറ്റൊരു രാജ്യവുമുണ്ടാവില്ല. അതുകൊണ്ടുതന്നെ ഒറ്റപ്പെടുത്തുകയെന്ന സാമ്പ്രദായിക നയം ഇനിയുള്ള കാലം എത്രകണ്ട് വിജയിക്കുമെന്ന് കാത്തിരുന്നു കാണണം.
ഇറാൻ-അറബ് െഎക്യം ഏറ്റവുമധികം തലവേദനയുണ്ടാക്കുന്നത് ശിയ-സുന്നി തർക്കം മൗലികമായ അർഥത്തിൽ നിലനിൽക്കണം എന്നാഗ്രഹിക്കുന്ന സാമ്രാജ്യത്വ ശക്തികൾക്കാണ്. അമേരിക്കയും ഇസ്രായേലും ഉൾപ്പെടുന്ന ഈ പാശ്ചാത്യ അച്ചുതണ്ട് ഉയർത്തുന്ന ആയുധ നിർമാണലോബിക്കായിരിക്കും ഈ ഐക്യം ഏറ്റവും വലിയ ഭീഷണിയാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.