പൂർവാശ്രമം ചോരമണക്കുന്ന കഥകളുടേതായിരുന്നുവെന്ന് ആരോപിക്കുന്ന വിമർശകർപോലും ഉദാരനായ പരിഷ്കരണവാദിയെന്നു വാഴ്ത്തുന്ന രാജ്യതന്ത്രജ്ഞത. കൊടിയ ചെകുത്താനെന്നു മുദ്രയടിച്ച് രാജ്യം മാറ്റിനിർത്തിയ അമേരിക്കയെയും ശത്രുപക്ഷത്ത് നിലകൊള്ളുന്ന അറബ്രാജ്യങ്ങളെയും അനുനയത്തിലൂടെ അനുരഞ്ജനത്തിലേക്ക് കൊണ്ടുവരാനുള്ള മിടുക്ക്്. അപ്പോഴും പുരോഹിതമേധാവിത്വത്തിെൻറയും യുവജനങ്ങളും സ്ത്രീകളുമടക്കം ഗ്രാമീണരിലും നഗരങ്ങളിലുമൊക്കെ വിശ്വാസ്യത നിലനിർത്താനുള്ള വഴക്കം. എല്ലാം ഒത്തിണങ്ങിയ ഇൗ ‘ഡിപ്ലോമാറ്റ് ൈശഖ്’(നയതന്ത്ര പുരോഹിതൻ) ഉള്ളപ്പോൾ പിെന്ന പ്രസിഡൻറ് പദത്തിലേക്ക് ഇറാൻ മറ്റൊരാളെ ആലോചിക്കുന്നതെന്തിന്; അതും വൻശക്തികളെ വഴക്കിയെടുത്ത ആണവകരാറിെൻറ പ്രായോഗികനടപടികൾ ബാക്കിയിരിക്കെ? അതിനാൽ, അകത്തും പുറത്തുമുള്ളവർ മിതവാദിയും പരിഷ്കരണവാദിയുമൊക്കെയായി അറിയപ്പെടുന്ന ഹസൻ റൂഹാനി തന്നെ ഇറാെൻറ എട്ടാമത്തെ പ്രസിഡൻറായി രണ്ടാമൂഴത്തിൽ തുടരെട്ട എന്ന് നാട്ടുകാർ തീരുമാനിച്ചിരിക്കുന്നു. അങ്ങനെ മുഹമ്മദ് ഖാതമിക്കു ശേഷം 57.1 ശതമാനം വോട്ടിെൻറ വർധിതഭൂരിപക്ഷം നേടി രണ്ടാമതും പ്രസിഡൻറ് പദമേറുന്നയാളായി മാറി റൂഹാനി.
1948 നവംബർ 12ന് സിംനാൻ പ്രവിശ്യയിലെ സോർഖെയിൽ ജനിച്ച ഹസൻ ഫരീദൂന് സിരകളിലെ വിപ്ലവരക്തം പിതാവിൽനിന്നു പകർന്നുകിട്ടിയത്. സുഗന്ധവ്യഞ്ജന കച്ചവടക്കാരനായിരുന്ന പിതാവ് ഹാജി അസദുല്ല ഫരീദൂൻ ഇറാൻ സ്വേച്ഛാധിപതി മുഹമ്മദ് രിസാ ഷാ പഹ്ലവിയുടെ കടുത്ത വിമർശകനും എതിരാളിയുമായിരുന്നു. അതിെൻറ ശമ്പളം 1962 മുതൽ ഇരുപതിലേറെ തവണ തടവുശിക്ഷയായി അദ്ദേഹം അനുഭവിച്ചു തീർക്കുകയും ചെയ്തു. മതകുടുംബത്തിൽ ജനിച്ച ഹസൻ സിംനാനിലെയും ഖുമ്മിലെയും മതപാഠശാലകളിലാണ് വിദ്യാഭ്യാസം നേടിയത്. പിന്നീട് പ്രമുഖ ശിയാപുേരാഹിതരുടെ ശിഷ്യത്വം. തെഹ്റാൻ കലാശാലയിൽ നിന്നു ജുഡീഷ്യൽ നിയമത്തിൽ ബിരുദം. 25ാം വയസ്സിൽ നിഷാപൂരിൽ സൈനികസേവനത്തിലും പ്രവേശിച്ചു. നിയമപഠനം മുന്നോട്ടു കൊണ്ടുപോയ അദ്ദേഹം 1995ൽ സ്കോട്ലൻഡിലെ ഗ്ലാസ്ഗോ കാലിഡോണിയൻ കലാശാലയിൽനിന്ന് എം.ഫിലും പിഎച്ച്.ഡിയും നേടി.
പഠനകാലത്തായിരുന്നു ഫരീദൂൻ എന്ന പേരിലെ വാലു മാറ്റി ആത്മീയപ്രഭാവമുള്ളയാൾ എന്ന അർഥത്തിൽ ‘റൂഹാനി’ എന്നാക്കിയത്. എന്നാൽ, ആത്മീയതയിൽ മാത്രമല്ല, രാഷ്ട്രീയത്തിലും തെൻറ ശക്തിചൈതന്യം തെളിയിച്ചു റൂഹാനി എന്നു വെറുതെ പറഞ്ഞാൽ ശരിയാവില്ല. കൈയേറ്റ എല്ലാ സ്ഥാനങ്ങളും വിശ്വസ്തതയോടെ വിജയിപ്പിച്ചെടുത്ത റൂഹാനിയെ കൂടുതൽ മികവുള്ള പദവികളിലേക്ക് കയറ്റിവെക്കാൻ നേതൃത്വവും മടിച്ചില്ല. യുവപുരോഹിതനായിരിക്കെ ഇറാനിലുടനീളം നടന്ന് ഷാ ഭരണകൂടത്തിനെതിരെ വിപ്ലവകാരികളുടെയും പിന്നീട് ഇറാെൻറയും പരമോന്നതനേതാവായ ആയത്തുല്ല ഖുമൈനിയുടെ സമരസന്ദേശങ്ങളുമായി പ്രഭാഷണപ്രചാരണ പരിപാടി സംഘടിപ്പിച്ചു. ഖുമൈനിയുമായി അടുത്ത ബന്ധം പുലർത്തിയ അദ്ദേഹമാണ് നേതാവിന് ഇമാം പട്ടം ചാർത്തിനൽകിയതെന്നും അതല്ല, ഖുമൈനിയുടെ ഇമാം വിശേഷണത്തിന് പ്രചാരം നൽകിയത് അദ്ദേഹമാണെന്നുമാണ് ഇറാനിലെ ശ്രുതി. വിപ്ലവപ്രഘോഷണ യാത്രയുടെ പേരിൽ വിലക്കും തടവുമൊക്കെ ഏറ്റുവാങ്ങി.
ഷായുടെ കുപ്രസിദ്ധമായ രഹസ്യപ്പൊലീസ് ‘സവാകി’െൻറ വേട്ട കൂടിയായതോടെ നാടുവിടാനായി നേതൃനിരയുടെ നിർദേശം. അവിടെ ഇറാനി വിദ്യാർഥികളെ സംഘടിപ്പിച്ച റൂഹാനി 1979ൽ വിപ്ലവത്തിന് അരെങ്ങാരുക്കി ഖുമൈനി തെഹ്റാനിൽ വിമാനമിറങ്ങുേമ്പാൾ കൂടെയുണ്ടായിരുന്നു.
വിപ്ലവാനന്തര ഇറാനിൽ തിരക്കിട്ട ദൗത്യങ്ങളായിരുന്നു. ശിഥിലമായ സേനയെ ഇസ്ലാമിക് റിപ്പബ്ലിക്കിനുവേണ്ടി ഏകീകരിച്ച അദ്ദേഹം 1980ലെ ആദ്യ തെരഞ്ഞെടുപ്പിൽതന്നെ ‘മജ്ലിസ്’ എന്ന പാർലമെൻറിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അഞ്ചു ഉൗഴങ്ങളിലായി മജ്ലിസിൽ 20 വർഷം പൂർത്തിയാക്കിയ അദ്ദേഹം രണ്ടു തവണ സഭയുടെ ഉപാധ്യക്ഷനും പ്രതിരോധ, വിദേശകാര്യസമിതി അധ്യക്ഷനുമായി തെരെഞ്ഞടുക്കപ്പെട്ടു. ഇറാൻ വാർത്താപ്രക്ഷേപണ വിഭാഗത്തിെൻറ മേൽനോട്ടസമിതി ചെയർമാൻ, 1982^88 കാലയളവിലെ ഇറാൻ^ഇറാഖ് യുദ്ധവേളയിൽ യുദ്ധം നിയന്ത്രിക്കുന്ന എക്സിക്യൂട്ടിവ് കമ്മിറ്റിയുടെ അധ്യക്ഷൻ, ഒാപറേഷൻ കമാൻഡർ, വ്യോമസേന കമാൻഡർ, സംയുക്തസേനയിൽ െഡപ്യൂട്ടി കമാൻഡൻറ് എന്നീ നിലകളിൽ വർത്തിച്ചു. യുദ്ധാനന്തരം ഇൻറലിജൻസ് മന്ത്രിയായി നിയമനം. പരമോന്നത ദേശീയ സുരക്ഷ സമിതി രൂപം കൊണ്ടപ്പോൾ അതിലേക്കുള്ള ആത്മീയനേതാവ് അലി ഖാംനഇൗയുടെ പ്രതിനിധിയായി എത്തിയ അദ്ദേഹം 16 വർഷം സെക്രട്ടറിയായി.
അമേരിക്കയെ ചെകുത്താൻപക്ഷത്ത് നിർത്തി ആക്രമിച്ചതിന് പ്രതിഫലമായി ലഭിച്ച ഉപരോധം നീക്കിക്കിട്ടി പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ഇറാനെ മാറ്റാനും സൗദി അറേബ്യ അടക്കമുള്ള അയൽ അറബ്രാജ്യങ്ങളുമായി തന്ത്രപരമായ ബന്ധം പുനഃസ്ഥാപിക്കാനുമൊക്കെയുള്ള ബ്ലൂപ്രിൻറിന് രൂപം നൽകുന്നത് ഇൗ കാലയളവിലാണ്. ആണവരംഗത്തെ ഇറാെൻറ ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ട അദ്ദേഹം പുറത്തുവിട്ട ഇറാെൻറ ആണവശേഷി സംബന്ധിച്ച വിവരങ്ങൾ അന്താരാഷ്ട്രസമൂഹത്തെ കടുത്ത നടപടിയിലേക്കു നയിക്കുന്ന ഘട്ടമെത്തി. ഇൗ അവസരത്തിൽ ലോകത്തോട് സംസാരിക്കാൻ ഒരു വിദഗ്ധസമിതിയെ ഇറാൻ നിയമിച്ചേപ്പാൾ അധ്യക്ഷനാക്കിയത് റൂഹാനിയെയായിരുന്നു. ഇൗ നീക്കത്തിെൻറ തുടർച്ചയായിരുന്നു നാലു പതിറ്റാണ്ടിലേറെ ഉടക്കിനിന്ന അമേരിക്കയുമായി ബന്ധം തെളിയുന്നതിലേക്ക് നയിച്ചത്. എന്നാൽ, അതിന് അദ്ദേഹത്തിന് പിന്നെയും വർഷങ്ങൾ കഴിഞ്ഞ് പ്രസിഡൻറ് പദത്തിലെത്തുന്നതു വരെ കാത്തിരിക്കേണ്ടി വന്നു.
അഹ്മദി നെജാദ് എന്ന ശത്രുവിരുദ്ധ പ്രഭാഷകനിൽ നിന്ന് ഖാതമി ലൈനിലുള്ള നയകോവിദനായ റൂഹാനി പ്രഖ്യാപിത സമവാക്യങ്ങൾ മാറ്റിയെഴുതിയപ്പോൾ ശത്രുക്കളും മിത്രങ്ങളും നെറ്റി ചുളിച്ചു. രണ്ടാമൂഴത്തിനിറങ്ങിയപ്പോൾ അദ്ദേഹത്തെ കയ്ച്ചിട്ട് ഇറക്കാനും എതിർസ്ഥാനാർഥിയെ നോക്കുേമ്പാൾ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിലായി പടിഞ്ഞാറ്. എന്നാലും പാശ്ചാത്യമീഡിയ തമ്മിൽ ഭേദപ്പെട്ട റൂഹാനിയെ മിതവാദിയെന്നു വിളിച്ചു. എന്നാൽ, വിപ്ലവാനന്തര ഇറാനിൽ വിമതരുടെ തൂക്കിക്കൊലക്ക് ഉത്തരവിട്ട സമിതിയുടെ നേതാവായ റൂഹാനിയും കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ഇബ്രാഹീം റഇൗസിയും തമ്മിലെന്ത് ഭേദം എന്ന് ചോദിച്ചവരുണ്ട്. ഇറാനിലെ പുരോഹിതമേധാവിത്വത്തെ തള്ളിപ്പറയുന്ന പുറത്തുള്ള ലിബറലുകൾക്ക് അവരുടെ അജണ്ടയുടെ കൊണ്ടുനടത്തിപ്പുകാരനായ റൂഹാനി അനഭിമതനാകുന്നതെങ്ങനെ എന്നാണ് അവരുടെ അതിശയം. അതിൽ ശരിയുമുണ്ട്.
പുറത്തുള്ളവർ എന്തു പറഞ്ഞാലും ഇറാനിലെ ഭരണം പുരോഹിതനേതൃത്വത്തിെൻറ കൈയിലാണ്. തീവ്രശിയാ മതബോധവും പേർഷ്യൻ സാമ്രാജ്യത്വമോഹവും സമംചേർത്ത രാഷ്ട്രീയച്ചേരുവ പശ്ചിമേഷ്യയിലും ലോകത്തും വേവിച്ചെടുക്കുകയാണ് പ്രസിഡൻറ് പദമേറുന്നവരുടെ ചുമതല. ആഭ്യന്തരരാഷ്ട്രീയത്തിലെ ചില ഇഷ്ടാനിഷ്ടങ്ങളിൽ രസക്കൂട്ടിൽ ചില്ലറ മാറ്റമൊക്കെ വരുത്തുമെങ്കിലും ഉണ്ണാനുള്ള മനപ്പായസം ഒന്നുതന്നെ. അതിൽ രാജ്യത്തിെൻറ നിലവിലെ അഭിരുചി തിരിച്ചറിഞ്ഞ് അനുനയം ഒരു നുള്ള് കൂടുതൽ േചർക്കുന്നു റൂഹാനി എന്നുമാത്രം. ഡിപ്ലോമസിയുടെ ആ തലപ്പാവിൽ രണ്ടാം വിജയത്തിെൻറ തൂവലിരിക്കെട്ട എന്നാണിപ്പോൾ ഇറാെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.