ആക്രമികളുമായി ചേർന്നാണോ ഭാരത് ജോഡോ

ഭാരത് ജോഡോ യാത്രയെ അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആശീർവാദമറിയിച്ചു എന്ന വാർത്ത രാഹുൽ ഗാന്ധിയുടെയും യാത്രയുടെയും ആത്മവീര്യം വർധിപ്പിച്ചതായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ എല്ലാ ജനങ്ങളെയും ഒന്നിപ്പിക്കുക എന്ന ദൗത്യത്തിന് അനുഗ്രഹം അറിയിച്ച് രാഹുലിന് താൻ കത്തെഴുതിയെന്നാണ് ബി.ജെ.പി- വി.എച്ച്.പി പോലുള്ള കക്ഷികളുടെ ആളായ ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചത്. വിവിധ ജാതികളും മതങ്ങളും ഒരുമിച്ചാൽ മാത്രമേ രാജ്യത്തിന്റെ അഭിവൃദ്ധി സാധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്ര ചെറുക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ പദ്ധതിയുടെ അതിനിർണായക ഘടകമാണ് രാമക്ഷേത്രമെന്നിരിക്കെ അതുമായി ബന്ധപ്പെട്ട ഒരാൾ യാത്രയെ പിന്തുണച്ച് രംഗത്തെത്തിയാൽ, അത് പ്രാധാന്യമർഹിക്കുന്നു. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് ആദ്യമെനിക്ക് അറിയില്ലായിരുന്നു. കൂടുതൽ വായിച്ചപ്പോൾ യാത്രയിൽ പങ്കെടുക്കാൻ പ്രമുഖരെ ക്ഷണിച്ച് കത്തയച്ചത് കോൺഗ്രസ് പ്രാദേശിക യൂനിറ്റാണെന്നു മനസ്സിലായി.

അതായത്, വർഗീയതക്കെതിരെ രാജ്യത്തെ ഒരുമിപ്പിക്കാനെന്ന് പ്രഖ്യാപിച്ച് നടത്തുന്ന യാത്രയിലേക്ക് 500 വർഷത്തിലേറെ നിലകൊണ്ട ബാബരി മസ്ജിദ്, കോടതി പറഞ്ഞതു ശരിയെങ്കിൽ ക്രിമിനൽ കൃത്യത്തിലൂടെ തകർത്ത് ആ ഭൂമിയിൽ നിർമിക്കുന്ന ക്ഷേത്രത്തിലെ പ്രധാന പുരോഹിതനെ പ്രാദേശിക കോൺഗ്രസ് നേതൃത്വം ക്ഷണിച്ചു.

അതിലും പഴക്കമുള്ള ഒരു ക്രിമിനൽ നടപടിയിലൂടെ നിലവിൽവന്ന ഒരു ക്ഷേത്രത്തിലെ പ്രധാന പൂജാരിയാണ് ദാസ്. 1949 ഡിസംബർ 22-23ന്റെ രാത്രിയിൽ ഹിന്ദു ദേവീദേവന്മാരുടെ വിഗ്രഹങ്ങൾ പള്ളിയിലേക്കു കടത്തിയത് കുറ്റകൃത്യമാണെന്ന് സുപ്രീംകോടതി വിലയിരുത്തിയിട്ടുണ്ട്.അവിടെ ഒരു പള്ളി നിലനിന്നിരുന്നുവെന്നും തെമ്മാടികൾ അവിടെ അതിക്രമിച്ചുകടന്നുവെന്നും 1992ൽ ബി.ജെ.പി- വി.എച്ച്.പി-ആർ.എസ്.എസ് പ്രവർത്തകരുടെ നേതൃത്വത്തിലെ അക്രമിക്കൂട്ടം പള്ളി തകർത്തുവെന്നും രേഖപ്പെടുത്തിയശേഷം അക്രമം പ്രവർത്തിച്ച അതേ ആളുകൾക്കുതന്നെ ഏതോ ഒരു ദിവ്യയുക്തിവെച്ചെന്നോണം ഭൂമി നൽകി സുപ്രീംകോടതി.

കോൺഗ്രസ് നേതൃത്വത്തിലുള്ള അന്നത്തെ സർക്കാറിന് കവർച്ചക്കൂട്ടത്തിൽനിന്ന് പള്ളിയെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, പൊളിക്കാൻ അനുവദിക്കുകയും ചെയ്തു. മസ്ജിദ് പുനർനിർമിക്കുമെന്ന് ദൃഢനിശ്ചയം നടത്തിയിരുന്നുവെങ്കിലും പള്ളി പൊളിച്ചവർ അതിലേറെ നിശ്ചയദാർഢ്യത്തോടെ ഭൂമി സ്വന്തമാക്കാൻ പണിയെടുക്കുകയും സങ്കൽപം മാത്രമായി നിന്ന ഒന്നിനെ യാഥാർഥ്യമാക്കി മാറ്റുകയും ചെയ്തു.

ബാബരി മസ്ജിദ് ഇന്നൊരു ഓർമയാണ്. വർഗീയ ശക്തികളുടെ വഞ്ചനയുടെയും കുറ്റകൃത്യങ്ങളുടെയും മതേതര ശക്തികളുടെ ഭീരുത്വത്തിന്റെയും ജുഡീഷ്യറി ഉൾപ്പെടെയുള്ള നമ്മുടെ ഭരണകൂടസംവിധാനത്തിന്റെ ആർജവമില്ലായ്മയുടെയും സ്മാരകമാണ് അവിടെ ഉയരുന്ന ക്ഷേത്രം.അത് നിങ്ങളെ എന്താണ് ഓർമിപ്പിക്കുന്നത്? അഹങ്കാരം, നുണകൾ, അവസരവാദം, തിണ്ണമിടുക്ക് എന്നിവയുടെ ശക്തി. ഗാന്ധിയും നെഹ്‌റുവും നിലകൊണ്ട ആദർശങ്ങളുടെ പരാജയത്തിന്റെ, ഹിന്ദുത്വയുടെ വിജയത്തിന്റെ സ്മാരകമാണിത്.

ഇന്ത്യയെ വൈകാരികതയുടെ രണ്ടു മേഖലകളാക്കി വിഭജിക്കാനുള്ള ആദ്യ സംഘടിത ശ്രമമായിരുന്നു രാമജന്മഭൂമി കാമ്പയിൻ. ലാൽ കൃഷ്ണ അദ്വാനിയുടെ ടൊയോട്ട ‘രഥം’ ഇന്ത്യയിലുടനീളം രക്തവും കണ്ണീരുംകൊണ്ട് വര വരച്ചു, അഥവാ ഇന്ത്യയെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ഈ പ്രചാരണത്തിൽ അദ്ദേഹത്തിന്റെ സഹായിയായിരുന്നു നരേന്ദ്ര മോദി.

പല കോൺഗ്രസ് നേതാക്കളും നെഹ്‌റുവിനെ അംഗീകരിച്ചിരുന്നില്ല. അല്ലായിരുന്നുവെങ്കിൽ, ബാബരി മസ്ജിദിൽ നടന്ന നിയമവിരുദ്ധത ഇല്ലാതാക്കാൻ യു.പി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന് നടപടിയെടുക്കാമായിരുന്നു. നെഹ്‌റുവിന്റെ ചെറുമകൻ രാജീവ് ഗാന്ധി, മറ്റൊരു വഴിക്ക് ഹിന്ദുത്വരുടെ യാത്ര സുഗമമാക്കുകയും ചെയ്തു. നെഹ്‌റുവും മറ്റുള്ളവരും സൃഷ്ടിച്ച നിലപാടിന്റെ മൈതാനമാണ് ഭാരത് ജോഡോ യാത്ര തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നത്.

മുസ്‌ലിംകളെ അപമാനിക്കാനും അവർക്ക് പുറത്തേക്ക് വഴികാണിക്കാനുമുള്ള പ്രചാരണത്തിൽ പങ്കാളികളായവരുടെ കൂട്ടുകെട്ട് തേടാൻ ഈ യാത്രക്കു കഴിയുമോ?

രാമക്ഷേത്രനിർമാണം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ പല കോൺഗ്രസ് നേതാക്കളും അതിന്റെ ക്രെഡിറ്റടിക്കാൻ ശ്രമിച്ച കഥ നമുക്കറിയാം. അമ്പലത്തിന്റെ കല്ലിടലിന് വിളിച്ചില്ലെന്നായിരുന്നു അവരിൽ പലരുടെയും പരാതി. ചിലർ ക്ഷേത്രനിർമാണ നിധിയിലേക്ക് സംഭാവനയർപ്പിച്ച് ആഡംബരം കാണിച്ചു. ഇവ്വിധത്തിലെല്ലാം അവർ മുസ്‍ലിംകളുടെ മുറിവിനെ ചുട്ടുനീറ്റിക്കുമ്പോഴും കോൺഗ്രസ് നേതാക്കളാരും അത് ഗൗനിച്ചതേയില്ല.

കോൺഗ്രസിന് പ്രായശ്ചിത്തം ചെയ്യാനുള്ള ഒരു പ്രവർത്തനമാണ് അഥവാ ആയിരിക്കണം ഭാരത് ജോഡോ യാത്ര, ഒരു ശുദ്ധീകരണ പ്രവൃത്തി. കോൺഗ്രസ് അതിന്റെ മതേതര ആത്മാവിനെ വീണ്ടെടുക്കണം. അദ്വാനി പണ്ട് നടത്തിയ രഥയാത്രക്ക് ഒരു ബദലാണ് ഭാരത് ജോഡോ യാത്രയെന്ന് പലരും വിശേഷിപ്പിക്കുന്നു. അദ്വാനി അധർമ രഥത്തിൽ കയറിയപ്പോൾ രാഹുൽ ധർമത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നതെന്ന്. എന്നാൽ, ഹിന്ദുത്വ ശക്തികളോട് കൂറുപുലർത്തുന്നതോടെ മതേതരത്വത്തിനായുള്ള സ്വന്തം പദ്ധതി ഒറ്റിക്കൊടുക്കപ്പെടുകയാണ്.

പാർട്ടിയിലേക്ക് നിങ്ങൾ ആരെയെങ്കിലും ക്ഷണിക്കുമ്പോൾ, നിങ്ങൾ അവരെ ബഹുമാനിക്കുന്നുവെന്നാണർഥം. മുസ്‌ലിംകളെ അവരുടെ അബലതയെയും നിസ്സാരതയെയും നിരന്തരം ഓർമപ്പെടുത്തുന്ന ഒരു സ്ഥാനത്തിന്റെ അധ്യക്ഷനായ ഒരു വ്യക്തിക്കു നൽകിയ ക്ഷണക്കത്തുകൊണ്ട് എന്താണ് അർഥമാക്കുന്നത്? പീഡിപ്പിക്കുന്നവർ ആശീർവാദം ചൊരിയുന്ന ഒരു യാത്രയിൽ മുസ്‍ലിംകളോട് ഒപ്പം നടക്കാൻ പറയാൻ കഴിയുമോ? ഐക്യം എന്ന ആശയംകൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് കോൺഗ്രസ് വ്യക്തമാക്കാത്തപക്ഷം, പുതിയ ദിശ കാണാത്ത ഒരു മൂടൽമഞ്ഞിലാവും രാഹുൽ ഗാന്ധിയുടെ യാത്ര അവസാനിക്കുക.

ബലികഴിക്കാത്ത ആദർശമെന്നൊന്ന് കോൺഗ്രസിൽ തരിമ്പും ബാക്കിയില്ലേ? നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ തോറ്റുപോയെന്നു വരുകിൽ നാം അതിക്രമകാരികളുമായി ചങ്ങാത്തം കൂടണമെന്നാണോ?

(രാഷ്ട്രീയ നിരീക്ഷകനും ഡൽഹി സർവകലാശാലയിലെ ഹിന്ദി അധ്യാപകനുമാണ് ലേഖകൻ)

Tags:    
News Summary - Is bharat jodo with the invaders?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.