തെരഞ്ഞെടുപ്പ് നാളിെൻറ പാതിരാവിലും ഫലങ്ങൾ അനിശ്ചിതത്വത്തിൽതന്നെയാണ്. എന്നാൽ, ഒന്നു വ്യക്തം: ജോ ബൈഡൻ തകർപ്പൻ ജയത്തിലെത്തിയിട്ടില്ല. മിയാമി ഡേഡ് കൗണ്ടിയിലെ ക്യൂബൻ വോട്ടുബാങ്കിെൻറ സഹായത്തിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ഫ്ലോറിഡയിൽ നേരത്തേ വിജയിച്ചു. ഒഹായോയിൽ എതിരാളിയുമായി ഒപ്പത്തിനൊപ്പമെത്തി. അരിസോണയിലും വിസ്കോൺസൻ, മിനിസോട, മിഷിഗൺ, പെൻസൽേവനിയ എന്ന റസ്റ്റ് ബെൽറ്റ് സ്റ്റേറ്റുകളിലും കണ്ണുംനട്ടാണ് ബൈഡെൻറ ഇരിപ്പ്. അവിടെ വോെട്ടണ്ണൽ മന്ദഗതിയിലാണ്. ബുധനാഴ്ച കഴിഞ്ഞും അവിടെ വിജയിയെക്കുറിച്ച തീർപ്പാവണമെന്നില്ല. സെനറ്റിൽ ആർക്കാവും ഭൂരിപക്ഷം എന്നതും അവ്യക്തമായി തുടരും.
പുലർച്ചെ 12.30ന് ഡെലാവെയറിൽ കാർഹോണുകൾ മുഴക്കുന്ന അനുയായികൾക്കിടയിൽനിന്നു ബൈഡൻ ഫലത്തെക്കുറിച്ച ശുഭാപ്തി പങ്കുവെച്ചു. മിനിറ്റുകൾ കഴിഞ്ഞ് തങ്ങൾക്കിടയിലെ ഭിന്നാഭിപ്രായത്തിനു അടിവരയിട്ട്, ട്രംപ് ട്വീറ്റ് ചെയ്തു: ''നമ്മൾ വളരെ ഉയരത്തിലാണ്. എന്നാൽ, അവർ തെരഞ്ഞെടുപ്പ് അപഹരിക്കാൻ ശ്രമിക്കുന്നുണ്ട്. അതിനു നമ്മൾ അനുവദിക്കില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം വോട്ടുകൾ ചെയ്യാൻ പാടില്ലല്ലോ''.
ഒരു കാര്യം വ്യക്തമാണ്. മൂന്നു ലക്ഷത്തിലധികം പേരുടെ മരണത്തിനും ക്രൂരമായ സാമ്പത്തികമാന്ദ്യത്തിനും ഇടയാക്കിയ മഹാമാരിയെ മോശമായി കൈകാര്യം ചെയ്തിട്ടും ദശലക്ഷക്കണക്കിന് അമേരിക്കക്കാർ ട്രംപിന് വോട്ട് ചെയ്തിരിക്കുന്നു. ട്രംപിനെ ഉള്ളതുപോലെ കണക്കാക്കുന്നയാർക്കും അടുത്ത നാലു വർഷത്തേക്കുകൂടി ജനം അദ്ദേഹത്തെ തുടരാൻ അനുവദിക്കുകയാണ് എന്ന യാഥാർഥ്യം ഉൾക്കൊള്ളുകയേ വഴിയുള്ളൂ. ഇനി ബൈഡന് നേരിയ വിജയമുണ്ടായാലും ട്രംപിസത്തിന് കനത്ത തോൽവിയേൽപിക്കാനാവാത്തതിൽ അദ്ദേഹം പഴികേൾക്കേണ്ടിവരും. പ്രൈമറിയിൽ ബൈഡനെതിരായി സോഷ്യൽ മീഡിയയിൽ ഉയർന്ന വാദഗതികളൊക്കെ വീണ്ടും പൊങ്ങിവരും. ധൈര്യംകുറഞ്ഞ മടുപ്പിക്കുന്ന അനുഭവമായിരുന്നു അദ്ദേഹം. അയാൾക്ക് ആരെയും പ്രചോദിപ്പിക്കാനാവുന്നില്ല. വോട്ടർമാരെ ഇളക്കാൻ പോന്ന, എല്ലാവർക്കും മെഡികെയർ പോലുള്ള പരിവർത്തനോന്മുഖമായ നയങ്ങളൊന്നും എടുത്തുകാട്ടാനായില്ല. പ്രൈമറിയിൽ ബൈഡൻ ഒരിക്കലും എെൻറ ആദ്യ ചോയ്സായിരുന്നില്ല (ഞാൻ മുൻഗണന നൽകിയത് എലിസബത്ത് വാറനാണ്). ന്യൂയോർക്കിലെ വിജയത്തിനു തൊട്ടുടനെ അലക്സാൻഡ്രിയ ഒകാസിയോ കോർടസ് പ്രതികരിച്ചത്, ലാറ്റിനോ വോട്ടർമാരുടെ പിന്തുണ നേടുന്നതിൽ ബൈഡൻ പരാജയപ്പെട്ടു എന്നാണ്. ന്യായമായ വിമർശനമാണ് അതെന്ന് ആ വിഭാഗങ്ങളുമായുള്ള ബൈഡെൻറ തിളക്കമില്ലാത്ത ബന്ധം തെളിയിക്കുന്നു. വാറേനാ സാൻഡേഴ്സോ ആയിരുന്നെങ്കിൽ നില ഇതിലും മെച്ചമായേനെ.
ട്രംപിനെയും ട്രംപിസത്തെയും എളുപ്പത്തിൽ േതാൽപിച്ചുകളയാമെന്നും മികച്ച നയപരിപാടികളും വായ്ത്താരികളുമായി യുവാക്കളും കൂടിച്ചേർന്നാൽ വിജയത്തിലേക്ക് ഒാടിക്കയറാമെന്നും ധരിച്ചത് അബദ്ധമായെന്നു ഞാൻ കരുതുന്നു. സർവ അയോഗ്യതയും ദുഷ്ടതയുമൊക്കെയുണ്ടായിരിക്കെ തന്നെ, അമേരിക്കൻ സ്വപ്നത്തിെൻറ ശക്തവും ബീഭത്സവും ചിരസ്ഥായിയുമായ രൂപമായി മാറുകയാണ് ട്രംപ്. വെറുപ്പിലും വിദ്വേഷത്തിലുമാണ് ട്രംപ് പ്രസിഡൻറുപദം കെട്ടിപ്പൊക്കിയിരിക്കുന്നത്. 2016ൽ അദ്ദേഹം മെക്സിക്കൻ അഭയാർഥികളെ 'ബലാത്സംഗികളെ'ന്നു വിളിച്ചു. പാർശ്വവത്കൃതവിഭാഗങ്ങളെ നിന്ദിക്കാനും പൈശാചികവത്കരിക്കാനുമാണ് അദ്ദേഹം പ്രസിഡൻറ്പദവി ഉപയോഗിച്ചത്. 'കറുത്തവർക്കും ജീവിക്കണം' (Black Lives Matter) എന്ന മുദ്രാവാക്യവും കറുത്തവരുടെ അടിമത്തത്തെ നിരാകരിച്ച 1619 പ്രോജക്ടും അദ്ദേഹത്തിെൻറ ശകാരത്തിനിരയായി. കറുത്തവരുടെ പ്രതിഷേധത്തെയും അവരുടെ ചരിത്രത്തെയും അദ്ദേഹം അമേരിക്കക്കു മേലുള്ള ആക്രമണമായി കണ്ടു. അമേരിക്ക വെളുത്തവർക്കു മതി എന്ന മട്ടിൽ കോൺഗ്രസിലെ കറുത്ത ഡെമോക്രാറ്റിക് വനിത പ്രതിനിധികളോട് 'നിങ്ങൾ വന്നിടത്തേക്ക് തിരിച്ചുപോകൂ' എന്ന് ആക്രോശിച്ചു. അഭയാർഥിമക്കളെ മാതാപിതാക്കളിൽനിന്നു വേർപെടുത്തി. തടങ്കൽപാളയങ്ങളിൽ നിർബന്ധിത വന്ധ്യംകരണത്തിന് നിർബന്ധിച്ചതായി ആരോപണമുയർന്നു.
എതിരാളികൾക്ക് ട്രംപ് കുപ്രസിദ്ധനായ ഒരു മതഭ്രാന്തായിരുന്നു. അയാളുടെ അതിക്രമങ്ങൾ മതി പ്രസിഡൻറു പദത്തിനുള്ള അയോഗ്യതയായി. എന്നാൽ, അനുയായികൾക്ക് ആ കോപ്രായങ്ങളൊക്കെ അമേരിക്കയെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചുനടത്തുന്നതായിരുന്നു- അമേരിക്കയെ മഹത്തരമാക്കി മാറ്റുക എന്നാണ് അവർ അതിനു നൽകിയ പേര്. യഥാർഥത്തിൽ അവർക്ക് പിഴച്ചിട്ടില്ല. അമേരിക്കയുടെ ഭരണഘടന, അടിമജനത്തെ ഒരാളുടെ അഞ്ചിൽ മൂന്നായേ പരിഗണിച്ചുള്ളൂ. വെള്ള വംശവെറിക്കാരായ കു ക്ലുസ് ക്ലാെൻറ പ്രോപഗണ്ടയായിരുന്ന 'ബെർത്ത് ഒാഫ് നാഷൻസ്' വൈറ്റ്ഹൗസിൽ പ്രദർശിപ്പിച്ചത് പ്രസിഡൻറ് വൂഡ്രോ വിൽസനായിരുന്നല്ലോ. പാർശ്വവത്കൃതർക്കുള്ള കോൺസൻട്രേഷൻ ക്യാമ്പുകളും നിർബന്ധിത വന്ധ്യംകരണങ്ങളും ട്രംപിെൻറ അമേരിക്കയുടെ മാത്രം കണ്ടുപിടിത്തമല്ല എന്നു സാരം.
കൊറോണ വൈറസിനെ അമർത്താനും സാമ്പത്തികസഹായത്തിനും ആവാതെ പോയ പരാജയത്തിന് അനുയായികൾ ട്രംപിനോട് പൊറുക്കും. കാരണം, അവരായിട്ട് ഒന്നും ചെയ്യേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നുണ്ട്. ദുർബലരും പ്രായം ചെന്നവരും ജീവിക്കാൻ അനുയോജ്യരല്ലാത്തവരും മാത്രമേ മരിക്കൂ എന്ന് അദ്ദേഹം അവർക്ക് ഉറപ്പുകൊടുക്കുന്നു. അതേ, അത് അമേരിക്ക അംഗീകരിച്ച ഒരു പൊതുപ്രമേയമാണ്- മെറിറ്റിൽ തെരഞ്ഞെടുക്കപ്പെടുന്ന ജനതയാണ് നമ്മൾ. അതിനാൽ സമ്പന്നരും വെള്ളക്കാരും പുരുഷന്മാരും കരുത്തരുമായ ഇൗ ജനതക്ക് അനുഭവിക്കാനുള്ളതാണ് എല്ലാം. വല്ലവരും ദുരിതം പേറുന്നെങ്കിൽ അത് അവരുടെ യോഗമെന്നേ അമേരിക്കക്കാർ പറയൂ.
ആത്മവഞ്ചനയുടെയും പരവിദ്വേഷത്തിെൻറയും രാജ്യമാണ് നമ്മുടേത്. ട്രംപ് ഏതോ ഒരു അന്യഗ്രഹ ജീവിയൊന്നുമല്ല. അമേരിക്ക എന്താണോ, ഒേട്ടറെ അമേരിക്കക്കാർ ആഗ്രഹിക്കുന്നതെന്താണോ അതിെൻറ ലക്ഷണമൊത്ത സന്തതിയാണ് അദ്ദേഹം. ൈബഡനെക്കാൾ നല്ലൊരു സ്ഥാനാർഥിക്ക് ഇൗ അമേരിക്കയുടെ തിരിച്ചുവരവിനെ തോൽപിക്കാൻ കഴിഞ്ഞേനെ. എന്നാൽ, അമേരിക്കയിൽ വംശീയവെറിക്കും വിദ്വേഷത്തിനും വിപ്രതിപത്തിക്കുമൊക്കെ ഒരിടമുണ്ട്. അതിനൊക്കെ അഗാധമായൊരു ചരിത്രപാരമ്പര്യവും ഇവിടെയുണ്ട്. അതിനെതിരായ യുദ്ധം ഒരു തെരഞ്ഞെടുപ്പിനുമപ്പുറത്തേക്ക് നീളുന്നതാണ്. അമേരിക്കയെ മെച്ചപ്പെടുത്തുകയെന്നത് ഒരു നീണ്ട, കഠിനശ്രമം വേണ്ട, ഒരുപക്ഷേ, പരാജയത്തിലേക്കു വഴുതാവുന്ന നിതാന്ത യജ്ഞമാണ്. എങ്കിലും ഞാൻ പറയും: നമ്മൾ പരാജയപ്പെട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.