ഇക്കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനെ കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ അഭിമുഖീകരിച്ചത് തികച്ചും രാഷ്ട്രീയമായിത്തന്നെയാണ്. അതിലെ വിജയപരാജയങ്ങളെ രാഷ്ട്രീയമായിത്തന്നെ വിലയിരുത്തുകയും അതിെൻറ വെളിച്ചത്തിൽ ഭാവിരൂപങ്ങൾ കണ്ടെത്തുകയും ചെയ്യുന്നുണ്ട് എല്ലാവരും. തെരഞ്ഞെടുപ്പ് ഫലങ്ങൾ സംസ്ഥാനഭരണത്തിെൻറ വിലയിരുത്തലാണെന്ന രാഷ്ട്രീയ സമീപനമാണ് എൽ.ഡി.എഫും യു.ഡി.എഫും പുലർത്തിയത്.
മുഖ്യധാരാ രാഷ്ട്രീയത്തെയും അതിെൻറ നേതൃസ്ഥാനങ്ങളെയും നിരാകരിച്ചുതുടങ്ങുന്നുവോ കേരളീയർ? കിഴക്കമ്പലത്തുനിന്നു തുടങ്ങി നാല് പഞ്ചായത്തുകളിലേക്ക് വ്യാപിച്ച ട്വൻറി ട്വൻറി രാഷ്ട്രീയം മുഖ്യധാരാ രാഷ്ട്രീയത്തിനു പകരം ഒരു ബദൽ തേടലാണ്. സമാനമാതൃകകൾ പട്ടാമ്പിയിലും തിരുവനന്തപുരത്തുമുണ്ടായി. വി ഫോർ പട്ടാമ്പിക്ക് ശ്രദ്ധേയമായ വിജയങ്ങളുമുണ്ടായി. ഏതാണ്ട് അതേപോലെയൊരു വിജയമാണ് കൊടുവള്ളി നഗരസഭയിൽ കാരാട്ട് ഫൈസൽ നേടിയതും. എൽ.ഡി.എഫ് സ്ഥാനാർഥിത്വം പിൻവലിച്ചെങ്കിലും ഔദ്യോഗിക എൽ.ഡി.എഫ് സ്ഥാനാർഥിയെ പൂജ്യം വോട്ടിലേക്ക് തള്ളി വിജയിക്കുകയായിരുന്നു ഫൈസൽ. പാർട്ടിയേയും മുന്നണികളേയും അപ്രസക്തമാക്കി ഒരു വ്യക്തിയെ തെരഞ്ഞെടുക്കുകയായിരുന്നു സമ്മതിദായകർ. പാർട്ടികളേയും വ്യക്തികളേയും അപ്രസക്തമാക്കി കിഴക്കമ്പലത്തുകാർ മുന്നോട്ടുപോയ പോലെത്തന്നെ.
ഇതിെൻറ സമാനരൂപങ്ങൾ മറ്റു പ്രദേശങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പലേടത്തും ഔദ്യോഗികസ്ഥാനാർഥികളെ പുറന്തള്ളി വിമതർ വിജയിച്ചത് അതിെൻറ അടയാളമാണ്. പാർട്ടികളിലെ ഗ്രൂപ് പോരും അധികാര മത്സരവും മറ്റുമായി അതിനെ നിസ്സാരവത്കരിക്കുന്നത് അനുചിതമാണ്. അതൊരു ഘടകമാവാം. അതോടൊപ്പം രാഷ്ട്രീയപാർട്ടികളിൽ നിലവിലുള്ള കേന്ദ്രീകൃത അധികാരഘടനയെ പ്രാദേശിക തലത്തിൽ അംഗങ്ങളും അനുഭാവികളും വെല്ലുവിളിക്കുന്നു എന്ന അവസ്ഥാന്തരം കൂടി ഇത്തരം വിമതനീക്കങ്ങളിൽ പ്രകടമാണ്. ഇന്ന് ഒരു പാർട്ടിയിലും അന്തിമവാക്കില്ല. പണ്ടാണെങ്കിൽ പാണക്കാട്ടുനിന്ന് ഒരു തീർപ്പുണ്ടായാൽ മുസ്ലിംലീഗിെൻറ എത്ര വലിയ നേതാവും അതനുസരിക്കുമായിരുന്നു.
പാർട്ടി പറഞ്ഞപ്പോൾ സി.എച്ച്. മുഹമ്മദ് കോയ പാർട്ടിയിൽനിന്നു രാജിവെച്ച് സ്പീക്കറായി. പാർട്ടി പറഞ്ഞപ്പോൾ സ്പീക്കർ സ്ഥാനവും എം.എൽ.എ സ്ഥാനവും എം.പി സ്ഥാനവുമുപേക്ഷിച്ചു. ഇന്ന് അങ്ങനെയാണോ സ്ഥിതി? മൂന്നുതവണ മത്സരിച്ചു ജയിച്ചവർ തദ്ദേശസ്ഥാപനങ്ങളിലേക്ക് മത്സരിക്കരുത് എന്ന തീരുമാനത്തിന് മുസ്ലിംലീഗ് കൊടുക്കേണ്ടിവന്ന വില വലുതാണ്.
പാർട്ടിയിൽ വിമതപ്രവാഹമുണ്ടായി. പലേടത്തും ഈ തീരുമാനം നേതൃത്വത്തിനുതന്നെ ലംഘിക്കേണ്ടിവന്നു. ചിലേടങ്ങളിൽ പാർട്ടി ചിഹ്നം ഇല്ലാതെ സ്വതന്ത്രവേഷമിട്ടു മത്സരിച്ചു ജയിച്ചു. സ്ഥാനമാനങ്ങൾ പങ്കുവെക്കുന്ന സന്ദർഭമായപ്പോഴേക്ക് അച്ചടക്കലംഘനം പാരമ്യത്തിലെത്തി. യൂത്ത് ലീഗുകാർ ജില്ലലീഗ് ഭാരവാഹികളുടെ കാർ തടഞ്ഞ് അതിൽ കരിങ്കൊടി കെട്ടുന്നതും പാർട്ടി നേതൃത്വം അത് കണ്ടില്ലെന്ന് നടിക്കുന്നതും പണ്ടായിരുന്നുവെങ്കിൽ ചിന്തിക്കാൻ കഴിയുമായിരുന്നോ?
മുസ്ലിംലീഗിനേക്കാൾ കേഡർ സ്വഭാവമുള്ള പാർട്ടിയാണ് സി.പി.എം. കുലംകുത്തികൾ പലപ്പോഴും പാർട്ടിയിൽനിന്നു മാത്രമല്ല ജീവിതത്തിൽനിന്നുതന്നെ പുറത്തായിപ്പോവുന്നതാണ് പാർട്ടി സംസ്കാരം. അച്ചടക്കത്തെപ്പറ്റി പറയുമ്പോൾ പാർട്ടിക്കാർക്ക് നൂറു നാവാണ്. പക്ഷേ, എന്നിട്ടെന്തുണ്ടായി? ആലപ്പുഴയിൽ നഗരസഭ അധ്യക്ഷയായി സൗമ്യരാജിനെ തെരഞ്ഞെടുത്തപ്പോൾ ബ്രാഞ്ച് സെക്രട്ടറിമാരുൾെപ്പടെ നൂറുകണക്കിനാളുകൾ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
അവരുടെ പേരിൽ നടപടിയെടുത്തു പാർട്ടി മന്ത്രി ജി. സുധാകരൻ സ്വതഃസിദ്ധമായ ഉൗറ്റത്തോടെ അവരെ പടിയടച്ചു പിണ്ഡംവെച്ചു. ഒടുവിൽ എല്ലാം പിൻവലിച്ച് സമവായത്തിലെത്തിയിരിക്കുന്നു. രണ്ടരക്കൊല്ലം സൗമ്യരാജ്, രണ്ടരക്കൊല്ലം കെ.കെ. ജയമ്മ. അതിശക്തമായ സംഘടനസംവിധാനമുള്ള സി.പി.എമ്മിലാണ് ഇത്തരം വിമതപ്രവർത്തനങ്ങൾ അരങ്ങുതകർത്താടുന്നത്. പാർട്ടിയുടെ മതനിരപേക്ഷ തീവ്രവാദ വിരുദ്ധ നിലപാടുകളൊന്നും തെരഞ്ഞെടുപ്പിലും പിന്നീട് അധ്യക്ഷരേയും ഉപാധ്യക്ഷരേയും തെരഞ്ഞെടുക്കുന്ന വേളയിലും പലരും ഗൗരവത്തിലെടുത്തിട്ടില്ല.
വെൽഫെയർ പാർട്ടിയെ മതമൗലികവാദം പറഞ്ഞകറ്റിയവർക്ക് എസ്.ഡി.പി.ഐയോട് തോളുരുമ്മി നിൽക്കാൻ മടിയുണ്ടായില്ല. സി.പി.എം, മുസ്ലിം ലീഗ് തുടങ്ങിയ കർശനമായ അച്ചടക്കം പുലർത്തുന്ന സുഘടിത രാഷ്ട്രീയ കക്ഷികൾപോലും കൂടുതൽ ശിഥിലമാവുകയാണെന്ന വസ്തുതയാണ് തെരഞ്ഞെടുപ്പിലൂടെ പ്രകടമായത്.
ഈ സ്ഥിതിവിശേഷത്തെ എങ്ങനെയാണ് രാഷ്ട്രീയകക്ഷികൾ നേരിടുക? വിമതശല്യം വ്യാപകമാവുന്നതിെൻറ അർഥം നേതൃത്വവും അണികളും തമ്മിലുള്ള പൊരുത്തം നഷ്ടപ്പെടുന്നു എന്നാണ്. അതേപോലെ പാർട്ടികളുടെ താഴേതലങ്ങളിലും അധികാരമോഹം വളർന്നുവരുകയാണ് എന്നാണ്. ഇത് സൂചിപ്പിക്കുന്നത് പാർട്ടികൾ ജീർണിക്കുന്നു എന്നാണ്. മുഖ്യധാര രാഷ്ട്രീയത്തിനു ബദലന്വേഷിക്കുന്ന പ്രവണതയുടെ മറ്റൊരു രൂപമാണിത്.
അതായത്, നേതൃത്വങ്ങളിൽ സമ്മതിദായകർക്ക് വിശ്വാസമില്ല. അവർ മറ്റു വഴികളിൽ വിശ്വാസമർപ്പിക്കുന്നു. അവരുടെ മാതൃകാരൂപം വിമതനായി മത്സരിക്കുന്ന സ്ഥാനാർഥിയാവാം. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി വ്യവസായ സ്ഥാപനങ്ങൾ കരുപ്പിടിപ്പിച്ചെടുക്കുന്ന ജനാധിപത്യത്തിെൻറ അപചയരൂപങ്ങളാവാം, സമ്പന്നർ ഒഴുക്കുന്ന പണമാവാം, വീട്ടിലെത്തുന്ന കിറ്റാവാം.
രാഷ്ട്രീയം പിൻവാങ്ങേണ്ടിവരുകയും സങ്കുചിത താൽപര്യങ്ങൾ മേൽക്കൈ നേടുകയും ചെയ്യുന്ന രാഷ്ട്രീയ ദുരവസ്ഥയിലേക്കാണ് ഇതെത്തുക. അരാഷ്ട്രീയത്തിെൻറ ആലയിലേക്ക് അവർ ആട്ടിത്തെളിയിക്കപ്പെടുകയാണ്. ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെടുന്നതിെൻറ പരിണതിയാണിത്. എല്ലാ പാർട്ടികളും ഗൗരവപൂർവം കാണേണ്ട രാഷ്ട്രീയത്തിലെ അവസ്ഥമാറ്റമാണ് ഇത്.
ഈ മാറ്റത്തിൽ പണം വലിയൊരു ഘടകമാണ്. ക്രിമിനൽവത്കരണം മറ്റൊരു ഘടകം. ബിഹാറിലും യു.പിയിലും മറ്റും ക്രിമിനൽ പശ്ചാത്തലമുള്ളവർ പണമൊഴുക്കിയും ആളുകളെ ഭീഷണിപ്പെടുത്തിയും ബൂത്ത് പിടിച്ചും മറ്റും തെരഞ്ഞെടുപ്പ് ജയിക്കാറില്ലേ? ഈ അവസ്ഥയിലേക്കാണ് കേരള രാഷ്ട്രീയവും ഗതി മാറുന്നത് എന്ന നിരീക്ഷണം അസ്ഥാനത്തല്ല. കിഴക്കമ്പലം മോഡലിൽ ഈ പണമൊഴുക്ക് കാണാം.
തങ്ങളെ പിന്തുണച്ചതിെൻറ പേരിൽ പ്രയാസമനുഭവിച്ച ഒരാൾക്ക് ലക്ഷം രൂപയുടെ സമ്മാനമാണ് ട്വൻറി ട്വൻറിയുടെ സ്പോൺസർ സ്ഥാപനം നൽകിയതെന്നു കേട്ടു. ഈ വ്യവസായ സ്ഥാപനത്തിെൻറ താൽപര്യങ്ങൾ നിലനിർത്തുന്നതിനാണ് ട്വൻറി ട്വൻറി ഭരിക്കുന്ന പഞ്ചായത്തുകളുടെ പ്രഥമ പരിഗണന എന്നാണാക്ഷേപം. കിഴക്കമ്പലത്ത് വ്യവസായതാൽപര്യങ്ങൾ മുഖ്യധാര രാഷ്ട്രീയത്തെ തള്ളിക്കളയുകയും നേരിട്ട് ജനാധിപത്യവ്യവസ്ഥയെ ഹൈജാക്ക് ചെയ്യുകയുമല്ലേ എന്നതാണ് ചോദ്യം.
കേരളത്തിൽ പുരോഗമനോന്മുഖ രാഷ്ട്രീയവും അടിസ്ഥാന വികസനവും കൊണ്ടുവന്നു എന്നാണ് എൽ.ഡി.എഫിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയെൻറ അവകാശവാദം. പ്രളയക്കാലത്തും കൊറോണക്കാലത്തും സർക്കാർ നൽകിയ റിലീഫ് കിറ്റുകളാണ് എൽ.ഡി.എഫിെൻറ തുറുപ്പുശീട്ടുകൾ. ഈ അവകാശവാദങ്ങളൊന്നും വിശ്വസിക്കാതെ എൽ.ഡി.എഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ടും ചെയ്യാതെ ഇടതുമുന്നണിയെ അപ്പാടെ നിരാകരിച്ചു കൊടുവള്ളിയിലെ ഇടതന്മാർ. അവർ വിശ്വസിച്ചത് പിണറായി വിജയെൻറ കിറ്റിനെയല്ല, കാരാട്ട് ഫൈസലെന്ന സ്വതന്ത്രനെയാണ് എന്നതിലും തർക്കമില്ല.
സർക്കാർ കിറ്റും പെൻഷനും നൽകിയിരുന്നു. കാരാട്ട് ഫൈസൽ അങ്ങനെ വല്ലതും നൽകിയിരുന്നുവോ എന്നറിയില്ല. ഉണ്ടെങ്കിൽ ഇടതു മുന്നണി സർക്കാറിെൻറ കിറ്റിനേക്കാൾ സ്വർണക്കള്ളക്കടത്തു കേസിൽ ആരോപണ വിധേയനായ ഒരു സ്വതന്ത്രസ്ഥാനാർഥിയുടെ കിറ്റിെനയാണ് സമ്മതിദായകർ വിലമതിച്ചത് എന്നു പറയേണ്ടിവരും. തെളിച്ചുപറഞ്ഞാൽ നാട്ടുകാർ വിലമതിക്കുന്നത് എൽ.ഡി.എഫിനെയോ യു.ഡി.എഫിനെയോ അല്ല, സ്വന്തം അരാഷ്ട്രീയതാൽപര്യങ്ങളേയാണ്. പൊളിറ്റിക്സ് അനാഥമാവുകയും വെൽെഫയർ സ്വീകാര്യമാവുകയും ചെയ്യുന്നു എന്നർഥം. ഈ മാറ്റം മുഖ്യധാര രാഷ്ട്രീയം തിരിച്ചറിയുന്നുവോ?
കൊടുവള്ളിയിൽ എൽ.ഡി.എഫിൽ മാത്രമല്ല, യു.ഡി.എഫ് രാഷ്ട്രീയത്തിലും കാണാം ഈ മാതൃക. മൂന്നാം വട്ടമായതിനാൽ സീറ്റ് നിഷേധിക്കപ്പെെട്ടങ്കിലും സ്വതന്ത്രനായി മത്സരിച്ച മുസ്ലിംലീഗ് പുറത്താക്കിയ ആളെയാണ് പ്രാദേശിക രാഷ്ട്രീയം മുനിസിപ്പൽ ചെയർമാനായി കണ്ടുവെച്ചിരുന്നത്. പ്രാദേശികസമ്മർദത്തെ പ്രതിരോധിക്കാനാവാതെ പാർട്ടിനേതൃത്വം തൽക്കാലത്തേക്ക് വേറെയൊരാളെ സ്ഥാനമേൽപിച്ചിരിക്കുന്നു. നാലാംവട്ടക്കാരൻ നേതാവിന് ചെയർമാനാകാൻ ഈ ഏക് ദിൻകാ സുൽത്താൻ വൈകാതെ സ്ഥാനമൊഴിയുമെത്ര.
ഇത്തരം പ്രാദേശിക സമ്മർദങ്ങൾ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളുടെ അടിത്തറയിളക്കുന്നത് ചെറിയ കാര്യമല്ല. വിശേഷിച്ചും സി.പി.എം, മുസ്ലിം ലീഗ് പോലെയുള്ള ശക്തമായ കേന്ദ്രീകൃതപാർട്ടികളിൽ. കേരള രാഷ്ട്രീയത്തിൽ സംഭവിക്കാനിരിക്കുന്ന വിനാശകരമായ ഒരു വിസ്ഫോടനത്തിെൻറ മുളകളാണവ. രാഷ്ട്രീയം അരാഷ്ട്രീയമാവുന്നതിെൻറ സൂചനകൾ. ആലപ്പുഴയിലെ മുദ്രാവാക്യം വിളിയിൽ അതിെൻറ സൂചനയുണ്ട്, കണ്ണൂരിലെ കരിങ്കൊടിയിലുമുണ്ട്. ആരെങ്കിലും കണ്ടുവോ ആവോ!
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.