ഉമർ പറഞ്ഞതിൽ സത്യമില്ലേ കൂട്ടരേ?

പൗരത്വ സമരത്തിലെ പങ്കാളിത്തത്തിന്റെ പേരിൽ ഭരണകൂടം തുറുങ്കിലടച്ച വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ സന്ദർശിച്ചശേഷം ജെ.എൻ.യുവിൽ സഹപാഠിയും സമരസഖാവുമായിരുന്ന അപേക്ഷ പ്രിയദർശനി ‘തിഹാറിലേക്ക് എന്റെ ഒമ്പതാം യാത്ര’ എന്ന തലക്കെട്ടിലെഴുതിയ സമൂഹമാധ്യമ കുറിപ്പിന്റെ സംഗ്രഹം

ഏറെക്കാലത്തിനുശേഷം അവനെ കാണാൻ ഞാൻ വീണ്ടും തിഹാറിലേക്ക് പോയി. (സഹോദരിയുടെ വിവാഹത്തിൽ പങ്കുകൊള്ളാൻ ചുരുങ്ങിയ ദിവസത്തെ പരോളിൽ വന്ന്) തിരിച്ചുപോയ ശേഷം ഇതാദ്യമായാണ് ഞാനവനെ കാണുന്നത്. കടുത്ത നിരീക്ഷണവലയമുള്ള ആ വളപ്പിലൂടെ നടക്കവെ ഒരാ​ഴ്ചക്കു മാത്രം പുറത്തുവന്ന് വീണ്ടും അവിടേക്കുതന്നെ മടങ്ങേണ്ടിവരുന്ന അവസ്ഥയുടെ കാഠിന്യത്തെക്കുറിച്ച് ഞാൻ ആലോചിച്ചു. ആ അവസ്ഥ സൃഷ്ടിക്കുന്ന നിരാശയുടെയും നിസ്സഹായാവസ്ഥയുടെയും ഇടുക്കത്തെക്കുറിച്ച് സങ്കൽപിക്കാൻ പോലുമെനിക്കാവുന്നില്ല.

അവൻ വരുന്നതും കാത്തിരിക്കെ മറ്റു രണ്ടു തടവുകാരുടെ ബന്ധുക്കൾ തമ്മിൽ സംസാരിക്കുന്നത് ഞാൻ കേട്ടു. ഒരാളുടെ പിതാവ് 2012 മുതൽ ജയിലിലാണ്, 15 വർഷത്തേക്കാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. ഇതിനകംതന്നെ നാലു തവണ ജയിലുകൾ മാറ്റപ്പെട്ടിരിക്കുന്നു. പിതാവിനെ എവിടേക്കൊക്കെ മാറ്റിയാലും ഞങ്ങൾ മറക്കില്ല, ഒപ്പമുണ്ട് എന്ന് ഉറപ്പിക്കുംവിധത്തിലെ അർപ്പണബോധത്തോടെ മകൻ അവിടേക്കെല്ലാം ചെല്ലുന്നു.

അകത്തേക്ക് വിളിച്ചപ്പോൾ മൂന്ന് പാക്കറ്റ് ജ്യൂസുകളും ഒരു പിടി മഞ്ഞപ്പൂക്കളും അവൻ ഉത്സാഹത്തോടെ കൈമാറി-എനിക്ക് ആ ദിവസത്തേക്കുള്ള സമ്മാനം. സംസാരിക്കുന്നത്ര നേരം ഞങ്ങൾക്ക് മുഖാമുഖം കാണാൻ സൗകര്യത്തിന് ഗ്ലാസിൽ അഴുക്കൽപം കുറവുള്ള ബൂത്തിലെ പ്രവർത്തനക്ഷമമായ ഒരു ഫോൺ കണ്ടുപിടിക്കാൻ അവൻ പരിഭ്രാന്തനായി ഓടിനടന്നു.

അതിനുതന്നെ പത്ത് മിനിറ്റെടുത്തു. അധികാരികളുടെ കൈയിൽ സമയം എങ്ങനെ ഒരു ഉപകരണമായി മാറുന്നു എന്നതിന്റെ വ്യക്തമായ തെളിവുകൂടിയാണത്. സംസാരിക്കാൻ കയറുന്ന സമയം അവർ അവിടെ കുറിച്ചുവെക്കും, പിന്നെ സമയമായെന്ന് പറഞ്ഞ് സംസാരം അവസാനിപ്പിച്ച് ഇറക്കിവിടാൻ തിടുക്കംകൂട്ടും. പക്ഷേ പ്രിയപ്പെട്ടവരുമായി അൽപമെങ്കിലും സമാധാനത്തോടെ സ്വകാര്യതയോടെ സംസാരിക്കാൻ ഒരു ഇടംകണ്ടുപിടിക്കാൻ പാഴാക്കേണ്ടിവരുന്ന സമയത്തിനൊന്നും ഒരുവിലയും കൽപിക്കപ്പെടുകയുമില്ല. അധികാരത്തിന്റെ പ്രയോഗം തികച്ചും യാന്ത്രികമാണ്. അഭ്യർഥനകൾ പരിഗണിക്കാനോ കണ്ണീരിനോ ഒന്നുമതിൽ ഇടമില്ല.

എങ്ങനെയുണ്ടായിരുന്നു പെരുന്നാളൊക്കെയെന്ന് ചോദിച്ചപ്പോൾ സോയാ ബിരിയാണി കിട്ടിയെന്ന് അവൻ പറഞ്ഞു. എന്റെ മുഖത്തെ ദയനീയ ഭാവം ശ്രദ്ധിച്ച് അവൻ തിടുക്കപ്പെട്ട് പറഞ്ഞു- ‘‘പക്ഷേ, അതത്ര തെറ്റില്ലായിരുന്നു, അത്യാവശ്യം മസാലയും രുചിയുമൊക്കെ ഉണ്ടായിരുന്നു അതിന്’’. ഞാൻ ഒന്നും മിണ്ടിയില്ല, പെരുന്നാളിന് ഞങ്ങളിരുന്ന് ഭക്ഷണം കഴിക്കാറുള്ള അവന്റെ വീട്ടിലെ ഊൺമേശയിൽ ഒഴിഞ്ഞുകിടക്കുന്ന കസേര എനിക്ക് ഓർമവന്നു.

പരോൾ കഴിഞ്ഞ് മടങ്ങിവന്നശേഷം ജയിലിനുള്ളിലെ രീതിക​ളുമായി ജീവിതം പൊരുത്തപ്പെടാൻ വേണ്ടിവന്ന പങ്കപ്പാടുകളെക്കുറിച്ച് അവൻ പറഞ്ഞു. കോവിഡ്കാലത്ത് ജയിലിലെ ആൾത്തിരക്ക് കുറക്കാൻ വീട്ടിലേക്ക് അയക്കപ്പെട്ട് രണ്ടു വർഷത്തിന് തിരിച്ചെത്തിയ അന്തേവാസികൾ അവനെ കാണുമ്പോൾ അത്ഭുതത്തോടെ ‘‘അയ്യോ! താങ്കൾ ഇപ്പോഴും ഇതിനകത്ത് തന്നെയാണോ’’ എന്ന് ചോദിക്കുമത്രേ, അന്നേരമാണ് താൻ അറസ്റ്റിലാക്കപ്പെട്ടിട്ട് കാലമിത്ര കഴിഞ്ഞുപോയിരിക്കുന്നു എന്നകാര്യം അവൻ തിരിച്ചറിയാറ്.

‘‘ആദ്യമൊക്കെ ഇതൊരു മാറ്റത്തിന്റെ ഘട്ടമാണെന്നും ഈ കാലവും കടന്നുപോകുമെന്നുമൊക്കെ തോന്നിയിരുന്നു. പക്ഷേ, അവർ അങ്ങനെ ചോദിക്കുമ്പോഴാണ് ഞാൻ ഇവിടെ വന്നശേഷം എത്രയോ ഋതുക്കൾ കഴിഞ്ഞുപോയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നത്; എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തടവറ കവർന്നെടുത്തിരിക്കുന്നുവെന്നും’’. അതിനൊക്കെ എന്തു മറുപടി പറയണമെന്നറിയാത്തതിനാൽ ഞാൻ വെറുതെ കേട്ടിരുന്നു.

യു.പിയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ അതീഖ് അഹ്മദ് കൊല്ലപ്പെട്ട വാർത്ത അറിഞ്ഞപ്പോഴുണ്ടായ നടുക്കത്തെപ്പറ്റിയും അവൻ പറഞ്ഞു. ആ നിയമബാഹ്യ ​കൊലപാതകത്തിൽ ജയിലിലെ തടവുകാരും ആനന്ദപുളകിതരായിരുന്നു എന്നതാണ് അവനെ ഞെട്ടിച്ചത്. അത്തരം കൊലപാതകങ്ങൾ പതിവായാൽ തങ്ങളും ഒരുപക്ഷേ സമാനമായ വിധി നേരിടേണ്ടി വന്നേക്കുമെന്നുപോലും അവരോർക്കുന്നില്ല.

‘‘ഈ ഭരണകൂടത്തിനു കീഴിൽ ആളുകളുടെ ചിന്താശേഷിക്ക് എന്തോ സംഭവിച്ചിട്ടുണ്ട്. വിദ്വേഷം മയക്കുമരുന്നുപോലെ പടർന്നുകയറുന്നു, മറ്റുള്ളവരെ ബാധിക്കുന്ന നാശം തങ്ങൾക്കും വന്നുഭവിക്കുമെന്ന് കാണാൻ പോലും ആളുകൾക്കാവുന്നില്ല’’. മാധ്യമങ്ങളുടെ, പ്രത്യേകിച്ച് ഹിന്ദി പത്രങ്ങളുടെ സെൻസേഷനലിസത്തെപ്പറ്റിയും കെട്ടുകഥകളെ യാഥാർഥ്യമെന്ന മട്ടിൽ അവതരിപ്പിക്കുന്ന രീതിയെക്കുറിച്ചും അവൻ ഒരുപാട് പറഞ്ഞു. അന്തേവാസികൾ അവയെല്ലാം ഒരു എതിർചോദ്യവുമില്ലാതെ വിശ്വസിക്കുകയും ചെയ്യുന്നു.

നരോദ ഗാം കൂട്ടക്കൊലക്കേസിലെ പ്രതികളെയെല്ലാം വെറുതെവിട്ട നീതിപീഠം ​എന്തൊരു പ്രഹസനമായി മാറിയിരിക്കുന്നുവെന്നും അവൻ പറഞ്ഞു. കുറ്റകൃത്യങ്ങളുടെ തെളിവുകളെല്ലാം കൃത്യമായി നിലനിൽക്കെ ഇരകളും അവരുടെ ബന്ധുക്കളും അവരുടെ ജീവിതം മുഴുവൻ നീതിക്കായി യാചിച്ചും വിധികളെ ചോദ്യം ചെയ്തും കോടതികൾ കയറിയിറങ്ങി മരിച്ചുപോകുന്നു. കുറ്റവാളികളാകട്ടെ ഒരു പ്രശ്നവുമില്ലാതെ കഴിയുന്നു. ഈ ഭരണത്തിനു കീഴിൽ ജനങ്ങൾക്ക് എന്തെങ്കിലും അധികാരങ്ങളോ അവകാശങ്ങളോ ഇല്ല എന്നതിന്റെ വ്യക്തമായ സന്ദേശമാണിത്.

പോരാൻ നേരമാകുന്നതിനാൽ ജയിലിനകത്തെ ജീവിതത്തെക്കുറിച്ച് കുറച്ചുകൂടി ഞങ്ങൾ സംസാരിച്ചു.

എങ്ങനെയാണ് നീ പിടിച്ചുനിൽക്കുന്നത് എന്നു ചോദിച്ചപ്പോൾ അവൻ പറഞ്ഞു: ‘‘കഴിയുന്നത്ര യുക്തിപൂർവം ചിന്തിക്കാനും വരാനിരിക്കുന്ന എന്തിനെയും നേരിടാനും ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷേ, നമുക്കൊപ്പം പൊരുതിയ ചിലർ നമ്മളെ മറന്നുതുടങ്ങിയോ എന്ന് ചില സമയങ്ങളിൽ തോന്നിപ്പോകാറുണ്ട്’’.

ഏയ്, അങ്ങനെയൊന്നുമില്ലെടാ, നിന്റെ ആ തോന്നലിൽ കഴമ്പില്ല എന്നൊക്കെ സമാധാനിപ്പിച്ച് ഞാൻ ഇറങ്ങിയെങ്കിലും അവൻ പറഞ്ഞതിൽ ചില ശരികളില്ലേ എന്ന് എനിക്കും തോന്നാതിരുന്നില്ല.

അവരുടെ അന്യായ തടങ്കൽ നമുക്കൊരു വിഷയമല്ലാതായി മാറിക്കൊണ്ടിരിക്കുകയാണോ?

രാജ്യത്ത് മുസ്‌ലിംകൾ അനുദിനം നേരിട്ടുകൊണ്ടിരിക്കുന്ന അടിച്ചമർത്തപ്പെടുന്ന അക്രമങ്ങളോട് നാം സമരസപ്പെട്ടുതുടങ്ങിയോ?

വാർത്താചക്രങ്ങളിലെ അനീതിയുടെ സന്ദർഭങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നത് ഇപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞോ?  

Tags:    
News Summary - Isn't there truth in what Umar said?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.