ഗസ്സയിന്ന് ലോകത്തിന് ഹൃദയം നുറുക്കുന്ന കണ്ണീർചിത്രമാണ്. 23 ലക്ഷം മനുഷ്യർ അധിവസിച്ച തുരുത്തിൽ സർവവും തകർക്കപ്പെട്ടുകഴിഞ്ഞു.ഞെട്ടിക്കുന്ന കണക്കുകളോരോന്നും അനുദിനം വളരുന്ന മണ്ണിൽ അതിലേറെ വലിയ ഭീഷണിയാണിന്ന് വിശപ്പ്. കുടിക്കാൻ അൽപം വെള്ളവും വിശപ്പടക്കാൻ ഒരു കഷണം റൊട്ടിയും ശരാശരി ഫലസ്തീനിയുടെ ജീവിതത്തിലെ ഏറ്റവും വലിയ മോഹമായി മാറിയിരിക്കുന്നു. ഏതുനിമിഷവും തലക്കുമുകളിൽ വന്നുപതിക്കാവുന്ന ഇസ്രായേലി ബോംബുകളെ കാത്ത് തമ്പുകളിൽ കഴിയുന്നവർ.
പതിറ്റാണ്ടുകളായി തുടരുന്ന മനുഷ്യവേട്ടയിൽ വഴിമുട്ടിയവർ ഒക്ടോബർ ഏഴിനു നടത്തിയ കടന്നുകയറ്റത്തിന് പിന്നാലെ ഇസ്രായേൽ തുടങ്ങിയ ഫലസ്തീനി വംശഹത്യയിന്ന് ലോകമനഃസാക്ഷിയെ വരിഞ്ഞുമുറുക്കുന്ന തീരാനോവാണ്. ഇത് വംശഹത്യയാണെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി പ്രഖ്യാപിച്ചുകഴിഞ്ഞു. അടിയന്തരമായി വെടിനിർത്തണമെന്ന് യു.എൻ രക്ഷാസമിതിയും പ്രമേയം പാസാക്കി.
ഇത് അവസാനിപ്പിച്ചേ മതിയാകൂ എന്ന് ഏറ്റവുമൊടുവിൽ യു.എൻ മനുഷ്യാവകാശ സമിതിയും പ്രഖ്യാപിച്ചു. അത്രക്ക് ഭീതിദമാണ് കാര്യങ്ങൾ. ഭക്ഷണം, വെള്ളം, വൈദ്യുതി, മരുന്ന് തുടങ്ങി മനുഷ്യ ജീവിതം നിലനിർത്താൻ അനിവാര്യമായതൊന്നും അനുവദിക്കാതെ ഇസ്രായേൽ തുടർന്നുകൊണ്ടിരിക്കുന്നത് ചരിത്രത്തിൽ സമാനതയില്ലാത്ത കൊടുംക്രൂരതകൾ. ഒരു തെറ്റും ചെയ്യാനറിയാത്ത പിഞ്ചുമക്കളെ നിരന്തരം അറുകൊല നടത്തുന്നുവെന്ന് ഉറപ്പാക്കാൻ കൃത്യമായ ഇടവേളകളിൽ അമേരിക്ക വക എം.കെ 84- എം.കെ 82 ബോംബുകൾ, എഫ് 35എ വിമാനങ്ങൾ തുടങ്ങി എല്ലാം.
അന്ന് ആക്രമണം തുടങ്ങുമ്പോൾ ഇസ്രായേൽ പ്രഖ്യാപിച്ചിരുന്നത് രണ്ട് ലക്ഷ്യങ്ങൾ നേടുമെന്നായിരുന്നു. ഹമാസിനെ തുടച്ചുനീക്കലും ബന്ദികളുടെ മോചനവും. ഹമാസ് പോരാളികളെന്ന പേരിൽ ഇതിനകം ഇസ്രായേൽ സൈന്യം ജീവനെടുത്ത ആയിരക്കണക്കിന് ഫലസ്തീനികൾ മഹാഭൂരിപക്ഷവും സിവിലിയന്മാരെന്നത് അവർ പോലും സമ്മതിക്കുന്ന വസ്തുത. യഹ്യ സിൻവർ അടക്കം ഹമാസ് നേതാക്കളിൽ ഒരാളെ പോലും തൊടാൻ ഇതുവരെ ഇസ്രായേലിന് ആയിട്ടുമില്ല. ഹമാസ് നീക്കങ്ങൾക്ക് കരുത്തുപകരുന്ന തുരങ്കങ്ങളിൽ ചിലത് തകർക്കാനായതൊഴിച്ചാൽ ഇപ്പോഴും സുരക്ഷിതമായി അവയിലേറെയും നിലനിൽക്കുന്നു.
ഗസ്സയെ ചാമ്പലാക്കുന്നതിൽ മാത്രമാണ് ഏറക്കുറെ ഇസ്രായേൽ വിജയം വരിച്ചത്. യു.എസും സഖ്യകക്ഷികളും വെറുതെ വെച്ചുനീട്ടുന്ന ബോംബുകളും ആയുധങ്ങളുമെടുത്ത് ഗസ്സയിലെ താമസ കെട്ടിടങ്ങളിലേറെയും തകർത്ത ഇസ്രായേൽ ആശുപത്രികൾ, കലാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ എന്നിവയും നാമാവശേഷമാക്കിക്കഴിഞ്ഞു. ഇസ്ലാമിന്റെയെന്നല്ല അവിടെ ജീവിച്ച ഓരോ സമൂഹത്തിന്റെയും അടയാളങ്ങൾ ബാക്കിയാകുന്നില്ലെന്ന് ഉറപ്പാക്കുന്ന തെമ്മാടിത്തം.
ഏറ്റവും വലിയ ആശുപത്രി സമുച്ചയമായ അൽശിഫ, ഖാൻ യൂനുസിലെ നാസർ ഹോസ്പിറ്റൽ തുടങ്ങിയ തിരിച്ചുപിടിക്കാനാവാത്ത വിധം തുടച്ചുനീക്കപ്പെട്ട ആതുരാലയങ്ങൾ ശരിക്കും ഇസ്രായേലി ക്രൂരതക്ക് ചരിത്രത്തിൽ സമാനതകൾ കുറവെന്ന് ബോധ്യപ്പെടുത്തും. നൂറുകണക്കിന് സ്കൂളുകൾ തകർത്തവർ ഒരു യൂനിവേഴ്സിറ്റി പോലും അവശേഷിപ്പിച്ചില്ല. പ്രഫസർമാർ, ഇമാമുമാർ, കവികൾ തുടങ്ങി ഫലസ്തീനി ജീവിതത്തിന്റെ ജീവനാഡികളായി ലോകം പരിചയിച്ച നിരവധി പേർ ആറുമാസത്തിനിടെ അറുകൊല ചെയ്യപ്പെട്ടു.
അവശേഷിച്ച താമസ കെട്ടിടങ്ങൾ കൂടി തകർക്കുകയും അഭയാർഥികളായ 15 ഫലസ്തീനികൾ കഴിയുന്ന റഫയിൽ കരയാക്രമണം നടത്തുകയും ചെയ്താലും ഒന്നുറപ്പാണ്- ഹമാസിനെ തകർക്കാൻ ഇസ്രായേലിനാകില്ല. ഈ മഹാകുരുതിയിലും ഓരോ ഫലസ്തീനിക്കും ഇഷ്ടം കൂടിയിട്ടേയുള്ളൂ. രണ്ടു പതിറ്റാണ്ടോളം ഭരണകൂടമായും സുരക്ഷാസേനയായും ഗസ്സയിൽ നിറഞ്ഞുനിന്നവർ ഗസ്സക്കാർക്ക് ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹിക സംവിധാനങ്ങളൊക്കെയും നൽകുകയും ചെയ്തവരാണ്. വടക്കൻ ഗസ്സ പിടിച്ചടക്കിയെന്ന് മാസങ്ങൾക്കുശേഷം പ്രഖ്യാപനം നടത്തിയതിനുപിന്നാലെ അവിടെ ഇപ്പോഴും ഇസ്രായേൽ സേനക്ക് ആൾനാശം തുടരുന്നത് ഹമാസ് കാരണമാണ്. ഇതിനകം മൊത്തം 600ലേറെ സൈനികരെ ഇസ്രായേലിന് നഷ്ടമായിക്കഴിഞ്ഞു.
ഗസ്സയെ ചാരമാക്കുകയെന്നതിലുപരി ഇസ്രായേലിന് പ്രത്യേകിച്ച് പദ്ധതികളൊന്നുമില്ലെന്നതാണ് സത്യം. പറ്റുമെങ്കിൽ, 23 ലക്ഷം ഫലസ്തീനികളെ ലോകരാജ്യങ്ങൾ, വിശിഷ്യാ അറബ് ലോകം വീതിച്ചെടുക്കണമെന്ന് നെതന്യാഹു നയം വ്യക്തമാക്കിക്കഴിഞ്ഞു. ട്രംപിന്റെ മരുമകനും മുൻ ഉപദേഷ്ടാവുമായ ജാരെഡ് കുഷ്നറുടെ നേതൃത്വത്തിൽ ഗസ്സ തീരങ്ങൾ കേന്ദ്രീകരിച്ച് കുടിയേറ്റക്കാരുടെ ആർഭാട കേന്ദ്രങ്ങളുയർത്തുന്ന ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
എന്നാൽ, ഫലസ്തീനികളെ ആട്ടിപ്പായിക്കാമെന്നത് വ്യാമോഹമായി അവശേഷിക്കാനേ തരമുള്ളൂ. ലോകം അംഗീകരിക്കില്ലെന്നതിലുപരി എത്ര ഭീകരമായി വേട്ടയാടപ്പെട്ടാലും പിറന്ന മണ്ണ് വിട്ടുപോകാൻ ഒരു ഫലസ്തീനിക്കും അശ്ശേഷം താൽപര്യവുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.