വിവാദങ്ങളും കെട്ടുകഥകളും നിറഞ്ഞ് കാൽനൂറ്റാണ്ട് പിന്നിടുേമ്പാഴും അപസർപ്പക കഥപോലെ ചാരക്കേസ്. അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ജുഡീഷ്യൽ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ട സാഹചര്യത്തിൽ കേസ് വീണ്ടും ജനശ്രദ്ധയിലെത്തുകയാണ്. ഒപ്പം പുതിയ രാഷ്ട്രീയവിവാദത്തിനും ഇത് വഴിെവക്കുന്നു. ഒരു പൊലീസുകാരെൻറ തലയിൽ ഉദിച്ചതല്ല ചാരക്കേസെന്ന് വ്യക്തം. തിരക്കഥ ആരുടേതായിരുന്നു, ഇക്കിളിക്കഥകളുൾപ്പെടെ മെനഞ്ഞ ഒരുകൂട്ടം മാധ്യമപ്രവർത്തകരുടെ താൽപര്യമെന്തായിരുന്നു, നമ്പി നാരായണൻ ഉൾപ്പെടെ ശാസ്ത്രജ്ഞർ എങ്ങനെ പ്രതിചേർക്കപ്പെട്ടു തുടങ്ങിയ ചോദ്യങ്ങൾ ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.
1994 സെപ്റ്റംബറിലാണ് കേസിെൻറ തുടക്കം. കേന്ദ്ര സർക്കാർ അനഭിമതരായി പ്രഖ്യാപിച്ച ചില കുവൈത്ത് പൗരന്മാർ കേരളത്തിലെത്തിയതായി ഡൽഹിയിൽ സൂചനകിട്ടി. ഇതിനെക്കുറിച്ച് സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. അതിനിടെ ഗുജറാത്തിലെ പ്ലേഗ് ഭീഷണിമൂലം വിമാനങ്ങൾ റദ്ദാക്കിയതിനാൽ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും വിസ കാലാവധി നീട്ടിക്കിട്ടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് കസ്റ്റഡിയിലായി. ഒരു ഹോട്ടലിൽ താമസിച്ചിരുന്ന അവരെ ഇൻസ്പെക്ടർ എസ്. വിജയൻ പിടികൂടുകയായിരുന്നു. ഹോട്ടലിലെ ടെലിഫോണ്‍ രേഖകൾ പരിശോധിച്ചതിൽനിന്ന് ഐ.ജി രമണ്‍ ശ്രീവാസ്തവക്കും െഎ.എസ്.ആർ.ഒയിലെ സീനിയർ ശാസ്ത്രജ്ഞൻ ശശികുമാറിനും കോളുകൾ പോയതായി സ്ഥിരീകരിച്ചു. വിസ കാലാവധി കഴിഞ്ഞതിനാൽ സഹായത്തിന് നിരവധിപേരെ വിളിച്ചെന്ന് മറിയം റഷീദ സമ്മതിച്ചെങ്കിലും ഫലമുണ്ടായില്ല. വിജയൻ അന്ന് ഡി.ഐ.ജിയായിരുന്ന സിബി മാത്യൂസിെന വിവരം അറിയിച്ചു.
അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരെൻറ വിശ്വസ്തനായിരുന്നു ഐ.ജി ശ്രീവാസ്തവ. ക്രയോജനിക് എൻജിൻ വികസിപ്പിക്കൽ നിർണായക ഘട്ടത്തിൽ നിൽക്കുമ്പോൾ പദ്ധതിയുടെ സീനിയർ ശാസ്ത്രജ്ഞനായ ശശികുമാറിനെ അഹമ്മദാബാദിലേക്ക് സ്ഥലം മാറ്റി. പൊടിപ്പും തൊങ്ങലുംെവച്ച് കഥമെനയാൻ ഒരുകൂട്ടം മാധ്യമപ്രവർത്തകർ മത്സരിച്ചതോടെ കേസിെൻറ വ്യാപ്തി വർധിച്ചു. അവരുടെ ഭാവനയിൽ മറിയം റഷീദയും ഫൗസിയയും ചാരസുന്ദരികളായി. ശാസ്ത്രജ്ഞരായ ശശികുമാറും നമ്പി നാരായണനും രാജ്യദ്രോഹികളും.
അന്തർവാഹിനികൾ കടലിൽ മുങ്ങിക്കിടക്കുമ്പോൾ ആശയവിനിമയത്തിന് വി.എൽ.എഫ് സാങ്കേതികവിദ്യക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂ. അമേരിക്കക്കും റഷ്യക്കും മാത്രം സ്വായത്തമായ ആ സാങ്കേതികവിദ്യ ഇന്ത്യ വികസിപ്പിച്ചിരുന്നു. മറിയം റഷീദ െഎ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരെ സ്വാധീനിച്ച് ഈ സാങ്കേതികവിദ്യ പാകിസ്താന് ചോർത്തിയെന്നായിരുന്നു കഥകൾ. സിബി മാത്യൂസിെൻറ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം കേസ് അന്വേഷിച്ചു. ശശികുമാറും നമ്പി നാരായണനും അറസ്റ്റിലും രമണ്‍ ശ്രീവാസ്തവ സസ്പെൻഷനിലുമായി.
രമണ്‍ ശ്രീവാസ്തവയുമായുള്ള അടുപ്പത്തിെൻറ പേരിൽ കരുണാകരനുമേൽ സമ്മർദമുണ്ടായി. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ എ ഗ്രൂപ് കരുക്കൾ നീക്കിയപ്പോൾ പാർട്ടി കേന്ദ്ര നേതൃത്വവും കൈയൊഴിഞ്ഞു. പൊതുസമ്മേളനത്തിൽ കോൺഗ്രസ് നേതാക്കളെ പേരെടുത്ത് വിമർശിച്ചശേഷം കരുണാകരൻ രാജിവെച്ചു. തുടർന്ന് മുഖ്യമന്ത്രിയായ എ.കെ. ആൻറണിയോട് പ്രത്യേക അന്വേഷണസംഘം സി.ബി.െഎ അന്വേഷണത്തിന് ശിപാർശ ചെയ്തു.
പിന്നീട് അന്വേഷിച്ച സി.ബി.െഎ കേസ് കെട്ടിച്ചമച്ചതാണെന്ന് കോടതിയിൽ അറിയിച്ചു. പ്രതികളെല്ലാം കുറ്റമുക്തരായി. നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. അതിലുള്ള അപ്പീലിലാണ് ഇപ്പോൾ നമ്പി നാരായണന് അനുകൂലമായ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.