പൊതുസമൂഹതാൽപര്യങ്ങൾ മുൻനിർത്തി മാധ്യമങ്ങളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അവകാശം ഭരണകൂടത്തിനുണ്ട്. ആ അവകാശം ആശാസ്യമല്ലാത്ത രീതിയിൽ വിനിയോഗിക്കുന്ന പാരമ്പര്യം നമ്മുടെ രാജ്യത്ത് നിലവിലുണ്ട്. അതിെൻറ ഏറ്റവും പുതിയതും ഏറ്റവും അപകടകരവുമായ ഉദാഹരണമാണ് നവമാധ്യമവേദികളെ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണമന്ത്രാലയത്തിൽ നിക്ഷിപ്തമാക്കിയുള്ള നരേന്ദ്ര മോദി സർക്കാറിെൻറ തീരുമാനം. നിയമനിർമാണം നടത്താതെ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് തീരുമാനം നടപ്പാക്കിയിട്ടുള്ളത്. ഇത് തികച്ചും ജനാധിപത്യവിരുദ്ധമായ നടപടിയാണ്.
പത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് കൊളോണിയൽ കാലത്താണ്. കൊൽക്കത്തയിൽനിന്ന് പ്രസിദ്ധീകരിച്ചിരുന്ന ആദ്യപത്രമായ 'ഹിക്കീസ് ബംഗാൾ ഗസറ്റ്' അന്ന് അധികാരം കൈയാളിയിരുന്ന ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥരെ നിശിതമായി വിമർശിച്ചു. കമ്പനി അതിനെതിരെ നടപടിയെടുത്തു. ഒരു നൂറ്റാണ്ടുമുമ്പ് തിരുവിതാംകൂറിലെ ഭരണകൂടത്തെ വിമർശിച്ച സ്വദേശാഭിമാനിയുടെ പത്രാധിപർ കെ. രാമകൃഷ്ണപിള്ളയെ നാടുകടത്തുകയും പത്രം അച്ചടിച്ചിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവിയുടെ പ്രസ് കണ്ടുകെട്ടുകയും ചെയ്തു. അവർതന്നെ എഴുതിയുണ്ടാക്കിയ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയും രാജഭരണകൂടവും പത്രങ്ങൾക്കെതിരെ നടപടിയെടുത്തത്. ജമ്മു-കശ്മീർ മുഖ്യമന്ത്രിയായിരിക്കെ ശൈഖ് അബ്ദുല്ല 1975ൽ രാജഭരണകാലത്തെ ഒരു നിയമം ഉപയോഗിച്ച് ജലന്ധറിൽനിന്ന് പ്രസിദ്ധീകരിക്കുന്ന 'ഹിന്ദ് സമാചാർ' എന്ന പത്രം സംസ്ഥാനത്ത് വിതരണം ചെയ്യുന്നത് തടഞ്ഞു. ആ നടപടി ഭരണഘടനവിരുദ്ധമാണെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് പിൻവലിക്കേണ്ടിവന്നു.
പത്രപ്രവർത്തകർ നിരന്തരം ആവശ്യപ്പെട്ടതിനെ തുടർന്ന് 1965ൽ സർക്കാർ പത്രങ്ങൾക്കെതിരായ പരാതികൾ പരിശോധിക്കാൻ പ്രസ് കൗൺസിൽ ആക്ട് കൊണ്ടു വന്നു. ഒരു പ്രഫഷനൽ റെഗുലേറ്ററി സംവിധാനമാണ് പത്രപ്രവർത്തകർ ആവശ്യപ്പെട്ടത്. പേക്ഷ, സർക്കാർ മറ്റു താൽപര്യങ്ങൾക്കും പ്രാതിനിധ്യമുള്ള ഒന്നാണ് ഉണ്ടാക്കിയത്. അതുതന്നെയും ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥക്കാലത്ത് റദ്ദ് ചെയ്തു. പിന്നീട് അത് പുനഃസ്ഥാപിക്കപ്പെട്ടു. ആ സംവിധാനം ഇപ്പോഴും നിലവിലുണ്ടെങ്കിലും പത്രങ്ങളുടെയും ജനങ്ങളുടെയും ബഹുമാനം ആർജിക്കാൻ കഴിയാഞ്ഞതുകൊണ്ട് ഫലപ്രദമായി പ്രവർത്തിക്കാനാകുന്നില്ല. നിർഭാഗ്യവശാൽ ഫലപ്രദമായി പ്രവർത്തിക്കുന്ന വിധത്തിൽ സംവിധാനം പുതുക്കുന്നതിനു പകരം മറ്റു രീതികൾ ഉപയോഗിച്ച് പത്രങ്ങളെ മെരുക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.
സ്വകാര്യ ടെലിവിഷൻ ചാനലുകൾ വന്നപ്പോൾ അവയുടെ പ്രവർത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു സംവിധാനവും സർക്കാർ ഉണ്ടാക്കിയില്ല. പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടികളുടെ ഔത്സുക്യത്തോടെ ചാനൽപ്രവർത്തകർ തൊഴിൽമൂല്യങ്ങൾ കാറ്റിൽ പറത്തി സാങ്കേതികവിദ്യ നൽകുന്ന പുതിയ സാധ്യതകൾ ഉപയോഗിച്ചു. രാഷ്ട്രീയവിമർശനം തടയാൻ മാത്രമേ സർക്കാറിനു താൽപര്യമുള്ളൂ.
അടുത്ത കാലത്ത് കേന്ദ്രസർക്കാർ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവൺ എന്നീ ചാനലുകളുടെ സംപ്രേഷണം ഒരു ചെറിയ കാലത്തേക്ക് തടഞ്ഞു ഉത്തരവിറക്കുകയുണ്ടായി. സംപ്രേഷണത്തിെൻറ ഉള്ളടക്കം എന്താണെന്ന് മനസ്സിലാക്കാതെ ഭരണകക്ഷിയുടെ പിണിയാളുകളുടെ വാക്കിെൻറ അടിസ്ഥാനത്തിൽ ഡൽഹിയിലിരുന്ന് ഏതോ ഗോസായി എടുത്ത ആ തീരുമാനം വളരെ വേഗം പിൻവലിക്കപ്പെട്ടു. മാധ്യമനിയന്ത്രണം ഉദ്യോഗസ്ഥന്മാർക്ക് വിട്ടുകൊടുത്താൽ എന്തു സംഭവിക്കുമെന്ന് മനസ്സിലാക്കാൻ ആ സംഭവം ഉപകരിച്ചു.
മൻമോഹൻ സിങ് സർക്കാർ ദൃശ്യമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നതായി വാർത്ത വന്നപ്പോൾ ചാനൽ ഉടമകൾ സ്വന്തം നിയന്ത്രണത്തിലുള്ള സംവിധാനങ്ങളുണ്ടാക്കി. അങ്ങനെ സർക്കാറിന് ഒരു പങ്കുമില്ലാത്ത, നിയമപ്രാബല്യമില്ലാത്ത രണ്ടു സംവിധാനങ്ങൾ നിലവിൽവന്നു. പ്രഫഷനൽ പ്രവർത്തനം മെച്ചപ്പെടുത്താൻ അവക്കു കഴിവില്ലെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. അതുകൊണ്ടുതന്നെ അവയുടെ മുന്നിൽ വളരെ കുറച്ച് പരാതികളേ വരാറുള്ളൂ. സ്വകാര്യ ചാനലുകൾ വന്നപ്പോൾ ചില മാധ്യമപ്രവർത്തകർ മാധ്യമ ഉടമകളായി. അവരിൽ ചിലർ മാധ്യമമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കാൻ ശ്രമിച്ചു. അവർക്കെതിരെയാണ് മോദി സർക്കാർ നടപടിയെടുത്തിട്ടുള്ളത്. തൊഴിൽമൂല്യങ്ങൾക്ക് വിലകൽപിക്കാത്തവരാണ് സർക്കാറിെൻറ ഇഷ്ടഭാജനങ്ങൾ.
നവമാധ്യമങ്ങൾ വന്നപ്പോൾ ഒരർഥത്തിൽ എല്ലാവരും മാധ്യമപ്രവർത്തകരായി. ആർക്കും എവിടെനിന്നും കിട്ടുന്ന എന്തു വിവരവും അവയിലൂടെ പ്രചരിപ്പിക്കാമെന്നായി. വ്യാജവാർത്തകളും അപവാദപ്രചാരണവും സർവസാധാരണമായി. ചില രാഷ്ട്രീയകക്ഷികളുടെ അനുയായികൾ സംഘടിതമായി അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അത്തരത്തിലുള്ള നവ മാധ്യമ ദുരുപയോഗം തടയാൻ നടപടിയുണ്ടാകുന്നില്ല. എന്നാൽ, ഭരണാധികാരികൾ സാങ്കേതികവിദ്യയുടെ പ്രവർത്തനം നിയന്ത്രിക്കാനുണ്ടാക്കിയ നിയമം രാഷ്ട്രീയ എതിരാളികൾക്കെതിരെ ഉപയോഗിക്കുന്നു.
കേന്ദ്ര സർക്കാറിെൻറ ഏറ്റവും പുതിയ നടപടി ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും രാജവാഴ്ചയുടെയും കാലത്തേക്ക് നമ്മെ തിരിച്ചുകൊണ്ടുപോവുകയാണ്. മാധ്യമങ്ങൾ നിയമത്തിനതീതരല്ല. പേക്ഷ, മാധ്യമങ്ങളെ നിയന്ത്രിക്കേണ്ടത് സർക്കാറല്ല. ഉദ്യോഗസ്ഥവൃന്ദങ്ങളെ ഉപയോഗിച്ച് അഭിപ്രായ-ആവിഷ്കാര സ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കാൻ കഴിയുന്ന സാഹചര്യം ഒഴിവാക്കാനുള്ള ചുമതല കോടതികൾക്കുണ്ട്. അപഥസഞ്ചാരം നടത്തുന്ന എല്ലാതരം മാധ്യമങ്ങളെയും നിയന്ത്രിക്കാൻ നിയമപ്രാബല്യമുള്ള, സ്ഥാപിത താൽപര്യങ്ങൾക്കുമേൽ വിശാല സമൂഹതാൽപര്യങ്ങൾക്ക് സ്ഥാനം നൽകുന്നവർ അടങ്ങുന്ന സംവിധാനങ്ങൾ ഉണ്ടാക്കാൻ ജനാധിപത്യ വിശ്വാസികൾ സർക്കാറിനുമേൽ സമ്മർദം ചെലുത്തണം.
◆
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.