വനാതിർത്തിയിലും വനത്തിനുള്ളിലും താമസിക്കുന്ന കർഷകരെയൊക്കെ വനം കൈയേറ്റക്കാരായി ചിത്രീകരിക്കുന്നതു തെറ്റാണ്. വനങ്ങളുടെ അകത്തും അതിർത്തിക്കുള്ളിലുമുള്ള ബഹുഭൂരിപക്ഷം കൃഷിഭൂമിയും ഓരോ കാലത്ത് നിലവിലുണ്ടായിരുന്ന നിയമങ്ങൾ പ്രകാരം സംസ്ഥാന സർക്കാർ അനുവദിച്ച് നൽകിയതാണ്.
കേരള സർക്കാർ ലാൻഡ് അസൈൻമെന്റ് ആക്ട് 1960, കേരള സർക്കാർ ലാൻഡ് അസൈൻമെന്റ് റൂൾസ് 1964 എന്നിവയാണ് കേരളത്തിലെ വനത്തിനകത്ത് ഭൂമി പതിച്ചുനൽകിയ രണ്ട് പ്രധാന നിയമങ്ങൾ.
അരബിൾ ഫോറസ്റ്റ് ലാൻഡ് അസൈൻമെന്റ് റൂൾസ് 1970, സ്പെഷൽ റൂൾസ് ഫോർ അസൈൻമെന്റ് ഓഫ് ഗവൺമെന്റ് ലാൻഡ് ഫോർ റബർ കൾട്ടിവേഷൻ 1960, റൂൾസ് ഫോർ ലീസ് ഓഫ് ഗവൺമെന്റ് ലാൻഡ്സ് ഫോർ കാർഡമം കൾട്ടിവേഷൻ 1961, കാർഡമം റൂൾസ്, കണ്ണൻദേവൻ ഹിൽസ് (റിസംപ്ഷൻ ഓഫ് ലാൻഡ്സ്) ആക്ട് 1971, കണ്ണൻദേവൻ ഹിൽസ് റിസർവേഷൻ ആൻഡ് അസൈൻമെന്റ് ഓഫ് വെസ്റ്റഡ് ലാൻഡ്സ് റൂൾസ് 1977, ഹൈറേഞ്ച് കോളനൈസേഷൻ സ്കീം റൂൾസ് 1968 തുടങ്ങിയവയാണ് മറ്റു നിയമങ്ങൾ.
ഇതെല്ലാം റിസർവ് വനങ്ങളുടെ അതിർത്തിയിലും വനത്തിനകത്തും ലക്ഷക്കണക്കിന് നിയമപരമായ കൃഷിഭൂമി ഉണ്ടാകാൻ കാരണമായി. ഇക്കാരണത്താൽതന്നെ വന്യജീവിസങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും നിർദേശിക്കപ്പെട്ടിട്ടുള്ള പരിസ്ഥിതിലോല മേഖലയുടെ കേരളത്തിൽ പ്രസിദ്ധപ്പെടുത്തിയ എല്ലാ കരട് വിജ്ഞാപനങ്ങളിലും കൃഷിഭൂമികൾ, വീടുകൾ, പൊതു-സ്വകാര്യ സ്ഥാപനങ്ങൾ, ഇവയുടെ വ്യാപ്തി, ഉടമസ്ഥരുടെ എണ്ണം, ഇപ്പോഴത്തെ ജനസംഖ്യ, അവിടെ പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തേണ്ടതായിരുന്നു.
റഫറൻസ് നമ്പർ എഫ്. നമ്പർ 1-9/2007 ഡബ്ല്യു.എൽ-1(പിറ്റി) ആയി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2001 ഫെബ്രുവരി ഒമ്പതിന് തയാറാക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ഓരോ സംരക്ഷിത മേഖലക്കും ചുറ്റുമുള്ള വിവിധ ഭൂമി ഉപയോഗ രീതികൾ, കെട്ടിടങ്ങൾ, കൃഷിയിടങ്ങൾ, വിവിധ തരം പ്രവർത്തനങ്ങൾ, വ്യവസായങ്ങളുടെ എണ്ണം, തരം എന്നിവയുടെ വസ്തുവിവരപ്പട്ടിക തയാറാക്കണം.
ഇതനുസരിച്ച് കേരളത്തിലെ വനംവകുപ്പ് വസ്തുവിവരപ്പട്ടിക തയാറാക്കിയിരുന്നെങ്കിൽ ഇപ്പോഴുള്ള ആശങ്കകളും വിവാദങ്ങളും ഒഴിവാക്കാനാവുമായിരുന്നു. കർഷക സംഘടനകൾ നൽകിയ വിവരാവകാശ അപേക്ഷകൾക്ക് 2022 ജൂലൈ 30ന് ലഭിച്ച മറുപടിയിൽ കേരളത്തിൽ പരിസ്ഥിതിലോല മേഖലക്കായി വനംവകുപ്പ് ഒരു തരത്തിലുള്ള വസ്തുവിവരപ്പട്ടികയും തയാറാക്കിയിട്ടില്ലെന്ന് വനംവകുപ്പ് മേധാവി സമ്മതിക്കുന്നുണ്ട്.
സി.ഇ.സിയുടെ 2012 സെപ്റ്റംബർ 20ലെ നോട്ടിലെ 16ാം ഖണ്ഡികയിൽ രണ്ടു കിലോമീറ്റർ മുതൽ 100 മീറ്റർ വരെ വീതിയിൽ കരുതൽ മേഖല രൂപവത്കരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കിൽ -പ്രത്യേകിച്ച് ജനവാസ കേന്ദ്രങ്ങൾ, വ്യവസായങ്ങളൊക്കെ- അത് അടിയന്തരമായി കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിനെ കാര്യകാരണസഹിതം ബോധിപ്പിക്കണമെന്നും കരുതൽ മേഖലയിൽനിന്ന് ഇളവുകൾ വേണമെന്ന് ആവശ്യപ്പെടണമെന്നും നിർദേശിച്ചിരുന്നു.
നഗരങ്ങൾ/പട്ടണങ്ങൾ ഇത്തരം മേഖലയിൽപ്പെട്ടുവെങ്കിൽ അത് ഒഴിവാക്കാൻ ആവശ്യപ്പെടാം. സംസ്ഥാനങ്ങളുടെ ഇത്തരം ആവശ്യങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പഠിച്ച് ആവശ്യമായ നിർദേശങ്ങൾ സഹിതം ദേശീയ വന്യജീവി ബോർഡിന്റെ സ്റ്റാൻഡിങ് കമ്മിറ്റിക്കു മുന്നിൽ സമർപ്പിക്കണം, ദേശീയ വന്യജീവി ബോർഡിന്റെ തീരുമാനങ്ങൾ സുപ്രീംകോടതിക്കു മുന്നിലും.
അതിന്റെ അടിസ്ഥാനത്തിൽ കരുതൽ മേഖല ദൂരം കുറക്കുന്നതിനെ സംബന്ധിച്ച് സുപ്രീംകോടതി ഉചിതമായ തീരുമാനമെടുക്കും. 2022 ജൂൺ മൂന്നിലെ സുപ്രീംകോടതി വിധിയുടെ 10ാം ഖണ്ഡികയിൽ ഇക്കാര്യങ്ങൾ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.