അമേരിക്കയുടെ 46ാമത് പ്രസിഡൻറായി സ്ഥാനമേറ്റെടുത്ത ജോ ബൈഡൻ ഉദ്ഘാടനപ്രസംഗത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു പറഞ്ഞത്, ഇതൊരു പരീക്ഷാകാലമാണ് എന്നാണ്. അങ്ങനെയെങ്കിൽ ആ പരീക്ഷയിലെ ഏറ്റവും കുഴക്കുന്ന ചോദ്യം പശ്ചിമേഷ്യയിലെ കലങ്ങിമറിഞ്ഞ രാഷ്ട്രീയാവസ്ഥയാണെന്ന് ബൈഡൻ ഭരണകൂടത്തെ ആരും പറഞ്ഞറിയിക്കേണ്ടതില്ല. അതുകൊണ്ടുതന്നെ, നിരുത്തരവാദപരമായ നടപടികളിലൂടെ മുൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് സങ്കീർണമാക്കിയ പശ്ചിമേഷ്യയെ നേരെയാക്കുകയെന്നതുതന്നെയാകും ബൈഡെൻറ മുൻഗണനകളിൽ ആദ്യം വരുക.
തെൻറ പശ്ചിമേഷ്യ അജണ്ടയിൽ ഏറ്റവും പ്രധാനം ഇറാനെ തളക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കണ് പറഞ്ഞത് ഈ പശ്ചാത്തലത്തിലാണ്. ഏകപക്ഷീയമായി ട്രംപ് പിന്മാറിയ 2015ലെ ആണവകരാർ പുനഃസ്ഥാപിക്കുകയോ ആ സ്ഥാനത്ത് പുതിയ മറ്റൊരു കരാർ കൊണ്ടുവരുകയോ വേണം. നേരേത്തതന്നെ പ്രശ്നമായ ഇറാെൻറ ആണവായുധനീക്കങ്ങള് തടയുന്നതിനപ്പുറം, മേഖലയിലെ മറ്റു രാഷ്ട്രങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതിക്ക് തടയിടുക എന്നിവ ഇറാൻനയത്തിലെ പുതിയ രണ്ടു ലക്ഷ്യങ്ങളായി ബൈഡൻ ഭരണകൂടം നിർണയിച്ചിട്ടുണ്ട്. ഇതില്‍ ഒബാമയുടെ കാലത്ത് ഏറ്റവും വലിയ നയതന്ത്രവിജയമായി വിശേഷിപ്പിക്കപ്പെട്ട പഴയ ആണവകരാർ പുനഃസ്ഥാപിക്കാൻ കാര്യമായ പരിശ്രമം ബ്ലിങ്കെൻറ ഭാഗത്തുനിന്നുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറച്ചുവിശ്വസിക്കുന്നത്. വിദേശനയരൂപവത്കരണം, ആണവനിരായുധീകരണം, ധനകാര്യം തുടങ്ങിയ മേഖലകളിലെ മുതിർന്ന ഉദ്യോഗസ്ഥരില്‍ പലരും പഴയ കരാർ യാഥാർഥ്യമാക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചവരാണെന്നതാണ് അതിന് കാരണമായി പറയുന്നത്. ഇതോടൊപ്പം, അമേരിക്ക കരാറില്‍നിന്ന് പിൻവലിഞ്ഞയുടൻ ഇറാൻ 20 ശതമാനം യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിച്ചത് അമേരിക്കയില്‍ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങള്‍ക്കിടയിലും വലിയ വിഷയമായി ഉയർന്നുവന്നിട്ടുണ്ട്. ഇതും കരാർ പുനഃസ്ഥാപനത്തിന് അമേരിക്കയെ പ്രേരിപ്പിക്കുന്നുണ്ട്. ഇറാെൻറ നിലപാടും ഈ പ്രശ്നത്തില്‍ നിർണായകമാണ്. അമേരിക്കയാണ് പ്രശ്നം ഇത്രയും വഷളാക്കിയത് എന്നതിനാല്‍ ആദ്യം ഉപരോധം പിൻവലിക്കട്ടെ, എന്നിട്ട് കരാറിനെക്കുറിച്ച് ചർച്ചയാകാം എന്ന നിലപാടിലാണ് ഇറാൻ. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ പെട്ടെന്നുള്ള പരിശോധനകള്‍ തടയുമെന്ന്, ട്രംപിെൻറ പരാജയം പകർന്ന നവോേന്മഷത്തില് ആ രാജ്യം തീരുമാനമെടുത്തതും ബൈഡൻ ടീമിെൻറ ഹൃദയമിടിപ്പ് വർധിപ്പിക്കുന്നുണ്ട്. മറുഭാഗത്ത്, ഇറാനെ ഇനിയും ശക്തമായി തളക്കണമെന്ന നിലപാടാണ് ഇസ്രായേലിനും മേഖലയിലെ മറ്റു പല സഖ്യരാജ്യങ്ങള്‍ക്കും ഉള്ളതെന്നതിനാല്‍ ഈ വിഷയത്തില്‍ ഒരു നയതന്ത്ര നൂല്പാലത്തിലൂടെയാണ് പുതിയ ഭരണകൂടത്തിന് സഞ്ചരിക്കേണ്ടിവരുക.
ഇസ്രായേല്‍-ഫലസ്തീൻ സംഘർഷ പരിഹാരവും ബൈഡൻ ഭരണകൂടത്തിെൻറ മുഖ്യഅജണ്ടകളിലൊന്നാണ്. ഇസ്രായേല്പക്ഷത്തേക്ക് ഏകപക്ഷീയമായി ചാഞ്ഞ് ട്രംപ് നടത്തിയ പല നീക്കങ്ങളും ബൈഡൻ-ബ്ലിങ്കൺ ടീമിെൻറ ജോലി ഏറെ പ്രയാസകരമാക്കുന്നു. എന്നാല്‍, അമേരിക്കൻ എംബസി അധിനിവിഷ്ട ജറൂസലമിലേക്ക് മാറ്റിയതും ജൂലാൻകുന്നുകളിലെ അധിനിവേശം അംഗീകരിച്ചതുമടക്കമുള്ള പല തീരുമാനങ്ങളും തിരുത്തില്ലെന്ന് ഭരണകൂടവുമായി അടുപ്പമുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡൻറ്പദമേറ്റ് ഒരു മാസമായിട്ടും ബൈഡൻ, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ടെലിഫോണില്‍ വിളിക്കാതിരുന്നത് മനഃപൂർവമായിരുന്നുവെന്നും അത് കാര്യങ്ങള്‍ പഴയ പടിയല്ലെന്ന ശക്തമായ സന്ദേശം ഇസ്രായേലിനു നല്‍കുന്നതാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്. ഫലസ്തീൻ വിഷയത്തില്‍ കാര്യമായി എന്തെങ്കിലും ചെയ്യാൻ ബ്ലിങ്കണ് കഴിയുമോ എന്നു കാത്തിരുന്നു കാണേണ്ടതാണ്. പ്രശ്നം ശാശ്വതമായി പരിഹരിക്കാൻ ഇസ്രായേലിന് സുരക്ഷയും ഫലസ്തീനികള്‍ക്ക് സ്വന്തമായി രാഷ്ട്രവുമെന്ന പഴയ സമവാക്യംതന്നെയാണ് അദ്ദേഹവും മുന്നോട്ടുവെക്കുന്നത്. പക്ഷേ, അധിനിവിഷ്ട പ്രദേശങ്ങള്‍ കൂട്ടിച്ചേർക്കുന്നതില്‍നിന്നും കുടിയേറ്റ പ്രദേശങ്ങളില്‍ കൂടുതല്‍ പാർപ്പിടങ്ങള്‍ നിർമിക്കുന്നതില്‍നിന്നും ജൂതരാഷ്ട്രത്തെ ഫലപ്രദമായി തടയാത്തിടത്തോളം ഫലസ്തീനികള്‍ തൃപ്തരാകില്ല. അങ്ങനെയിരിക്കെതന്നെ, 'നൂറ്റാണ്ടിെൻറ കരാർ' പോലുള്ള വഞ്ചനാപരമായ നയങ്ങളുമായി വന്ന ട്രംപ് നിലംപതിച്ചതില്‍ ആശ്വാസം കണ്ടെത്തുന്ന ഫലസ്തീൻ ഭരണകൂടത്തെയും ജനതയെയും എളുപ്പം സ്വാധീനിക്കാൻ ആത്മാർഥമായ നീക്കങ്ങള്‍ വഴി ബൈഡൻ ഭരണകൂടത്തിന് കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. ഫലസ്തീൻ അതോറിറ്റിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഫലസ്തീനികള്‍ക്കുള്ള സാമ്പത്തിക സഹായം ഐക്യരാഷ്ട്രസഭയുടെ അഭയാർഥി ഏജൻസി വഴി വീണ്ടും നല്കിത്തുടങ്ങാനുമുള്ള അമേരിക്കയുടെ തീരുമാനം കാര്യങ്ങള്‍ അല്പമൊക്കെ ശരിയായ ദിശയില്‍ വരുന്നതിെൻറ സൂചനയായി മനസ്സിലാക്കപ്പെടുന്നു. ചരിത്രപരമായ നേട്ടമായി ട്രംപ് ഉയർത്തിക്കാട്ടുന്ന, ഇസ്രായേലുമായി ചില അറബ് രാജ്യങ്ങള്‍ ഉണ്ടാക്കിയ 'അബ്രഹാം കരാർ' ഈ വിഷയത്തില്‍ ബൈഡന് സഹായകമാകുമെന്ന വിലയിരുത്തലുകളുണ്ട്. എന്നാല്‍, കരാറുകളുടെ ഭാഗമായി ചില രാജ്യങ്ങള്‍ക്ക് ട്രംപ് ഓഫർ ചെയ്ത ആയുധവില്പന അടക്കമുള്ള വിഷയങ്ങളില്‍ പുനരാലോചന നടത്തുമെന്ന് ബ്ലിങ്കണ് സൂചിപ്പിച്ചുകഴിഞ്ഞു.
ഗൾഫ്രാജ്യങ്ങളുടെ ഐക്യം ബൈഡന് ശുഭസൂചനയാണ്. പല വിഷയങ്ങളിലും ഇപ്പോഴും അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പൊതുനന്മക്കായി ഒരുമിച്ചുനില്ക്കാമെന്ന ജി.സി.സി രാജ്യങ്ങളുടെ തീരുമാനം അവരെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാൻ മുതിർന്ന ട്രംപ് നയത്തിനേറ്റ തിരിച്ചടികൂടിയാണ്. മനുഷ്യാവകാശ വിഷയങ്ങളുന്നയിച്ച് ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളെ പുതിയ അമേരിക്കൻ ഭരണകൂടം സമ്മർദത്തിലാക്കുമെന്നുതന്നെയാണ് കരുതേണ്ടത്.
യമനില്‍ ഹൂതികളെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് അവർക്കെതിരില്‍ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ ട്രംപ് ഭരണകൂടത്തിെൻറ തീരുമാനം പുനഃപരിശോധിക്കാനുള്ള നീക്കം ശുഭസൂചനയായി വിലയിരുത്തപ്പെടുന്നു. ധിറുതിപിടിച്ച് ഇത്തരമൊരു തീരുമാനമെടുത്താല്‍, നേരേത്ത പട്ടിണികൊണ്ട് വലയുന്ന യമൻജനത വലിയൊരു ക്ഷാമത്തെ നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ട്രംപ് അതിനു മുതിർന്നത്. സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ നടക്കുന്ന യുദ്ധത്തെ പൂർണമായും എതിർക്കില്ലെങ്കിലും ചില രാജ്യങ്ങളുമായുള്ള ആയുധവില്പന താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന തീരുമാനം എല്ലാം പഴയപടിയല്ലെന്ന സൂചനയാണ് നല്‍കുന്നത്. സാവകാശമെങ്കിലും യമൻയുദ്ധം അവസാനിപ്പിക്കാനും അത് ഉണ്ടാക്കിത്തീർത്ത മാനുഷികദുരന്തം അല്പമെങ്കിലും പരിഹരിക്കാനുമുതകുന്ന ഗൗരവചർച്ചകള്ക്ക് ബൈഡൻ ശ്രമിക്കുമെന്നാണ് നിരീക്ഷകർ കരുതുന്നത്.
ഇറാഖിെൻറയും സിറിയയുടെയും വിഷയത്തില്‍ ബൈഡെൻറ നിലപാട് എന്തായിരിക്കുമെന്ന വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ മിഡില്‍ ഈസ്റ്റ് ഓഫിസിെൻറ തലവനായി ബ്രെറ്റ് മക്ഗർക്കിനെ തെരഞ്ഞെടുത്തത്. നേരേത്ത ട്രംപിെൻറ ടീമില്‍ അംഗമായിരുന്ന മക്ഗർക്ക്, സിറിയയില്‍നിന്ന് അമേരിക്കൻപട്ടാളത്തെ പിൻവലിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെക്കുകയായിരുന്നു. ഐ.എസിനെതിരിലുള്ള പോരാട്ടത്തില്‍ കുർദുകളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കണമെന്ന നിലപാടുള്ള അദ്ദേഹത്തെ വീണ്ടും ഭരണരംഗത്ത് കൊണ്ടുവരുക വഴി, ഇറാഖ്, സിറിയ, അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കില്ലെന്നും ഇവിടങ്ങളില്‍ അമേരിക്ക ഇനിയും ശക്തമായി ഇടപെടുമെന്നുംതന്നെയാണ് മനസ്സിലാക്കേണ്ടത്. ലിബിയയില്‍ ഇടപെടാനുള്ള ഒബാമയുടെ തീരുമാനത്തെ 2011ല്‍തന്നെ എതിർത്ത ബൈഡൻ ആ നിലപാടില്‍നിന്ന് ഇനിയും മാറിയിട്ടില്ലെന്നുതന്നെയാണ് വിലയിരുത്തല്‍. തുർക്കിയില്‍ റജബ് ത്വയ്യിബ് ഉർദുഗാെൻറ നിലപാടുകളുമായി യോജിപ്പില്ലെങ്കിലും മേഖലയില്‍ (പ്രത്യേകിച്ച് സിറിയയില്‍) തുർക്കിയുടെ നയതന്ത്രപ്രാധാന്യം കണ്ടറിഞ്ഞ് അദ്ദേഹവുമായുള്ള വ്യക്തിബന്ധം ഊഷ്മളമാക്കാൻ ബൈഡൻ പരിശ്രമിക്കും എന്നുറപ്പാണ്. മേഖലയിലെ നയതന്ത്ര-സൈനിക ഇടപെടലുകളിൽ നാറ്റോയുടെ പങ്ക് ശക്തിപ്പെടുത്തണമെന്ന നിലപാടുള്ളതിനാല്‍ പ്രത്യേകിച്ചും ഈ വിഷയത്തില്‍ അദ്ദേഹം താല്പര്യമെടുക്കുമെന്ന് പലരും വിശ്വസിക്കുന്നു. ലബനാനിലെ പൊള്ളുന്ന രാഷ്ട്രീയസാഹചര്യങ്ങള്‍ ബൈഡൻ ഭരണകൂടത്തിന് വിഷയമാകുമെങ്കിലും അത്തരം സംഗതികളിലേക്ക് അടിയന്തരപ്രാധാന്യത്തോടെ കടന്നുചെല്ലാൻ സാധിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അതേസമയം, ഈജിപ്തില്‍നിന്ന് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ-മനുഷ്യാവകാശ ധ്വംസനങ്ങള്‍ തീർച്ചയായും പുതിയ പ്രസിഡൻറിന് അഭിമുഖീകരിക്കേണ്ടിവരും.
വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും വിശ്വാസ്യതയുള്ള ഭരണകൂടമെന്ന സ്വീകാര്യത മുതല്‍ക്കൂട്ടാക്കി, നയതന്ത്രത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്കി മുന്നോട്ടുപോവുകയെന്നതായിരിക്കും ബൈഡൻ ടീമിെൻറ പശ്ചിമേഷ്യ പോളിസിയുടെ സുപ്രധാന വശം. എന്നാല്‍, ഈ പോളിസി ഉദ്ദേശിച്ച വിജയം നേടണമെങ്കില്‍ ഭൂതകാലത്തില്‍നിന്ന് പാഠമുള്‍ക്കൊള്ളാനും പരമാവധി നീതിയുക്തമായ നിലപാടുകള്‍ പുലർത്താനും എല്ലാവരെയും കേള്‍ക്കാനും വാഷിങ്ടണ്‍ തയാറാകണം. പ്രാദേശിക കാലുഷ്യങ്ങള്‍ക്ക് പരമാവധി അറുതിവരുത്തുക, ആയുധക്കച്ചവടം ലക്ഷ്യമാക്കി സംഘർഷങ്ങളെ ഊതിവീർപ്പിക്കാതിരിക്കുക, പ്രശ്നങ്ങള്‍ക്ക് സ്ഥായിയായ പരിഹാരങ്ങള്‍ കണ്ടെത്താൻ പരിശ്രമിക്കുക എന്നതും പുതിയ പോളിസി വിജയിക്കണമെങ്കില്‍ അത്യാവശ്യമാണ്. യാഥാർഥ്യബോധത്തിലധിഷ്ഠിതമായ ലക്ഷ്യങ്ങള്‍ പിന്തുടരാൻ ബൈഡന് സാധിക്കുമെങ്കില്‍ അമേരിക്കക്ക് ലോക രാഷ്ട്രീയ ഭൂപടത്തില്‍ നഷ്ടമായിക്കൊണ്ടിരിക്കുന്ന നേതൃത്വം തിരിച്ചുപിടിക്കാനുള്ള തുടക്കമാകും അത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.