കരുത്തുള്ള ജനാധിപത്യത്തിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണെന്നും അധികാരകേന്ദ്രങ്ങളോട് സത്യംപറയലും പൗരന്മാരെ കടുത്ത യാഥാർഥ്യങ്ങൾ അറിയിക്കലും മാധ്യമങ്ങളുടെ ഉത്തരവാദിത്തമാണെന്നും ഓർമിപ്പിച്ചാണ് മീഡിയവൺ കേസിലെ ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. കാരണം വെളിപ്പെടുത്താത്ത കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ യുക്തിരഹിതമായ ഉത്തരവ് നീതിപൂർവകമായ വിചാരണക്കുള്ള ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി’ന്റെ അവകാശത്തെയാണ് ഹനിച്ചുകളഞ്ഞതെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി.
സ്വതന്ത്ര മാധ്യമങ്ങൾ ജനാധിപത്യത്തിന് അനിവാര്യം
ജനാധിപത്യ റിപ്പബ്ലിക്കിന്റെ ആരോഗ്യകരമായ മുന്നോട്ടുപോക്കിന് സ്വതന്ത്ര മാധ്യമങ്ങൾ അനിവാര്യമാണ്. ഭരണകൂടപ്രവർത്തനങ്ങളിലേക്ക് വെളിച്ചം തെളിക്കുന്ന മാധ്യമങ്ങളുടെ പങ്ക് ജനാധിപത്യസമൂഹത്തിൽ നിർണായകമാണ്. അധികാരകേന്ദ്രങ്ങളോട് സത്യംപറയാനും പൗരജനങ്ങളെ കടുത്ത യാഥാർഥ്യങ്ങൾ അറിയിക്കാനുമുള്ള ഉത്തരവാദിത്തം മാധ്യമങ്ങൾക്കുണ്ട്. ജനാധിപത്യം ശരിയായ ദിശയിലാക്കാൻ അത് അവയെ പ്രാപ്തമാക്കുന്നു. സാമൂഹിക- സാമ്പത്തിക നയങ്ങളും രാഷ്ട്രീയ ആദർശങ്ങളുമായും ബന്ധപ്പെട്ട വിഷയങ്ങളിൽ ഒറ്റവാർപ്പിലുള്ള കാഴ്ചപ്പാട് ജനാധിപത്യത്തെ അങ്ങേയറ്റം അപകടത്തിലാക്കും. സർക്കാർ നയങ്ങളോടുള്ള ചാനലിന്റെ വിമർശനാത്മകമായ കാഴ്ചപ്പാട് ഭരണകൂടവിരുദ്ധമാണ് എന്നു പറയാനാവില്ല. മാധ്യമങ്ങൾ എപ്പോഴും സർക്കാറിനെ പിന്തുണക്കണമെന്ന തോന്നലുണ്ടാക്കുന്ന കാഴ്ചപ്പാടാണിത്.
അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണം
ഒരു ചാനലിന്റെ ലൈസൻസ് പുതുക്കിനൽകാതിരിക്കുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണമാണ്. അത്തരം നിയന്ത്രണങ്ങൾ ഭരണഘടനയുടെ 19(2) അനുച്ഛേദംപ്രകാരം മാത്രമേ ഏർപ്പെടുത്താനാകൂ. എന്നാൽ, സർക്കാർ നയങ്ങൾക്കെതിരായ വിമർശനങ്ങൾ അഭിപ്രായസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഭരണഘടനയുടെ 19(2) അനുച്ഛേദത്തിന്റെ പരിധിയിലേക്ക് നീട്ടാനാവില്ല.
മുദ്രവെച്ച കവർ സ്വാഭാവിക നീതിയുടെ ലംഘനം
മുദ്രവെച്ച കവർ നടപടി സ്വാഭാവിക നീതിയുടെയും തുറന്ന നീതിയുടെയും ലംഘനമാണ്. മുദ്രവെച്ച കവർ നീതിപൂർവകവും ന്യായപൂർണവുമായ നടപടിക്രമങ്ങൾക്കുള്ള അവകാശത്തിന് കടിഞ്ഞാണിടുകയും നിയമപോരാട്ടത്തിൽ മീഡിയവണിനെ ഇരുട്ടിൽ നിർത്തുകയും ചെയ്തു. പരസ്യമായ കോടതി നടപടിക്രമങ്ങൾ വഴി പരിഹാരം തേടുമ്പോൾ അതിനെ മുദ്രവെച്ച കവർകൊണ്ട് തടയാനാകില്ല.
ദേശസുരക്ഷ ലാഘവത്തോടെ ഉപയോഗിക്കേണ്ട ഒന്നല്ല
ദേശസുരക്ഷാ കാരണങ്ങളാൽ ലൈസൻസ് നിഷേധിച്ചതിന്റെ കാരണം കേന്ദ്രം മീഡിയവണിനോട് വ്യക്തമാക്കാതിരിക്കുകയും അത് കോടതിയോട് മുദ്രവെച്ച കവറിൽ മാത്രം വെളിപ്പെടുത്തുകയും ചെയ്തതിലൂടെ സ്വാഭാവിക നീതിയുടെ തത്ത്വങ്ങളും ന്യായമായ കോടതി നടപടികൾക്കുള്ള അവകാശവും ലംഘിക്കപ്പെട്ടു. ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയം അടങ്ങിയതുകൊണ്ടു മാത്രം ഭരണകൂടത്തിന് നീതിരഹിതമായി പ്രവർത്തിക്കാനാവില്ല. ദേശസുരക്ഷക്ക് അധികം തൂക്കംനൽകുമ്പോൾ സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾ ഒഴിവാക്കിയേക്കാം. എന്നാൽ, ഒന്നും വെളിപ്പെടുത്താതിരിക്കാനുള്ള സമ്പൂർണ വിടുതൽ അനുവദിക്കാനാവില്ല. ദേശസുരക്ഷ ലാഘവത്തോടെ ഉപയോഗിക്കേണ്ട ഒന്നല്ല. കേന്ദ്രം സമർപ്പിച്ച രേഖകളും വസ്തുതകളും സൂക്ഷ്മമായി പരിശോധിച്ച ഒരാൾക്കും ലൈസൻസ് നിഷേധിച്ചതിന്റെ കാരണം കേന്ദ്രം വെളിപ്പെടുത്താതിരുന്നത് ദേശസുരക്ഷയുടെ താൽപര്യത്താലാണെന്ന് പറയാനാവില്ല.
പൗരാവകാശം തടയുന്നതിന് ദേശസുരക്ഷ ഉപകരണമാക്കുന്നു
നീതിനിർവഹണം എന്ന ഉത്തരവാദിത്തം ഭരണകൂടം നിറവേറ്റുന്നില്ലെങ്കിൽ കേസിന്റെ വസ്തുതകൾവെച്ച് അത് കോടതി മുമ്പാകെ തെളിയിക്കണം. പ്രഥമമായി ദേശസുരക്ഷ അടങ്ങിയ വിഷയമാണിതെന്ന് കോടതിയെ ബോധ്യപ്പെടുത്തണം. ദേശസുരക്ഷ കേസിൽ അടങ്ങിയിട്ടുണ്ട് എന്ന് ഹൈകോടതിയിലെ സത്യവാങ്മൂലത്തിലും തങ്ങൾക്കു മുന്നിൽ ഉയർത്തിയ വാദങ്ങളിലും പറയുകയല്ലാതെ അവ വെളിപ്പെടുത്താതിരിക്കുന്നത് ദേശസുരക്ഷയുടെ താൽപര്യത്തിലാണ് എന്ന് ബോധ്യപ്പെടുത്താൻ സുപ്രീംകോടതി ആവർത്തിച്ചാവശ്യപ്പെട്ടിട്ടും കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഒരു ശ്രമവുമുണ്ടായില്ല. കേവലം ദേശസുരക്ഷ എന്ന ഒരു പ്രയോഗംകൊണ്ട് കേന്ദ്ര നടപടിയെ കോടതിയുടെ പുനഃപരിശോധനയിൽനിന്ന് ഒഴിവാക്കാനാവില്ല. നിയമപ്രകാരം പൗരജനങ്ങൾക്കുള്ള പരിഹാരമാർഗങ്ങൾ തടയുന്നതിന് ദേശസുരക്ഷ ഒരു ഉപകരണമായി ഭരണകൂടം ഉപയോഗിക്കുകയാണ്. ഇത് നിയമവാഴ്ചയുമായി ഒത്തുപോകുന്നതല്ല.
അവകാശങ്ങൾ നിഷേധിച്ച കേരള ഹൈകോടതി
സുരക്ഷാ ക്ലിയറൻസ് നിഷേധിക്കാനുള്ള കാരണം കേരള ഹൈകോടതി വെളിപ്പെടുത്തിയിട്ടില്ല. വിഷയത്തിന്റെ ആഴവും സ്വഭാവവും കേന്ദ്ര സർക്കാർ സമർപ്പിച്ച ഫയലുകളിൽനിന്ന് വ്യക്തമല്ല എന്നു പറഞ്ഞിട്ടും ലൈസൻസ് നിഷേധത്തിനെ ന്യായീകരിക്കാൻ ഹൈകോടതിയുടെ മനസ്സിൽ തോന്നിയത് എന്താണെന്നും വ്യക്തമായില്ല. ഹൈകോടതി സിംഗ്ൾ ബെഞ്ചും ഡിവിഷൻ ബെഞ്ചും പിന്തുടർന്ന മുദ്രവെച്ച കവർ നടപടി പരിഹാരത്തിനുള്ള ഹരജിക്കാരന്റെ അവകാശം ഇല്ലാതാക്കി. ആ അവകാശം ഭരണഘടനയുടെ ഹൃദയവും ആത്മാവും മൗലികമായ സവിശേഷതയുമാണ്. ലൈസൻസ് പുതുക്കിനൽകാതിരിക്കാൻ കേന്ദ്രത്തിന് ആകെയുള്ള ന്യായം സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതാണ്. അതിനുള്ള കാരണം കോടതിയിൽ മുദ്രവെച്ച കവറിൽ സമർപ്പിച്ചത് ഭരണഘടന ഹരജിക്കാർക്ക് ഉറപ്പുനൽകുന്ന നടപടിക്രമങ്ങൾ സംബന്ധിച്ച അവകാശങ്ങളുടെ ലംഘനമാണ്.
സി.എ.എ, എൻ.ആർ.സി വാർത്തകൾകൊണ്ട് ലൈസൻസ് നിഷേധിക്കാനാവില്ല
മീഡിയവൺ ഭരണകൂടവിരുദ്ധമാണ് എന്നു കാണിക്കാൻ സി.എ.എ (പൗരത്വ ഭേദഗതി നിയമം), എൻ.ആർ.സി (ദേശീയ പൗരത്വപ്പട്ടിക) എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളും കോടതിയെയും ഭരണകൂടത്തെയുംകുറിച്ചുള്ള വിമർശനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുപ്രീംകോടതിക്കു മുമ്പാകെ വെച്ചുവെന്ന് വിധിപ്രസ്താവനയിൽ ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി. എന്നാൽ, ഇതൊന്നും ലൈസൻസ് നിഷേധിക്കുന്നതിനുള്ള ന്യായവാദങ്ങളല്ലെന്നുകൂടി ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
അവകാശങ്ങൾ ഹനിക്കാൻ ജമാഅത്തെ ഇസ്ലാമി ബന്ധം ന്യായമല്ല
മീഡിയവൺ ഷെയറുടമകളിൽ ആരോപിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് ബന്ധം ഒരു ചാനലിന്റെ നിയമപരമായ അവകാശത്തിന് തടയിടാനുള്ള ന്യായമല്ല. അത്തരം ബന്ധം തെളിയിക്കാനുള്ള രേഖകളുമില്ല. ‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡി’നെ ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി ബന്ധിപ്പിക്കാൻ കേന്ദ്രം സമർപ്പിച്ച ഫയലിൽ ആകെയുള്ള തെളിവ് എം.ബി.എല്ലിന്റെ ഷെയറിലെ ജമാഅത്തെ ഇസ്ലാമി അനുഭാവികളുടെ നിക്ഷേപമാണ്. ഇതിന് ബലമേകാൻ ഇന്റലിജൻസ് ബ്യൂറോ ഷെയറുടമകളുടെ ഒരു പട്ടികയും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, അവരെ ജമാഅത്തുമായി ബന്ധിപ്പിക്കുന്ന രേഖകളൊന്നുമില്ല.
വിലക്കിന് ന്യായമായി ജമാഅത്തെ ഇസ്ലാമി ഹിന്ദുമായി മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിനെ ബന്ധിപ്പിച്ചത് തെറ്റാണ്. ഒന്നാമതായി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഒരു നിരോധിത സംഘടനയല്ല; ജമാഅത്തെ ഇസ്ലാമി അനുഭാവികളുടെ നിക്ഷേപം ഇന്ത്യയുടെ സുരക്ഷയെ ബാധിക്കുമെന്ന തീർപ്പിലെത്താൻ ഒരു രേഖയുമില്ല.
രണ്ടാമതായി, ജമാഅത്തെ ഇസ്ലാമി ഹിന്ദ് അനുഭാവികളുടെ നിക്ഷേപം രാജ്യസുരക്ഷയെ ബാധിക്കുമെന്ന വാദം അംഗീകരിച്ചുകൊടുത്താലും ഷെയറുടമകൾ ജമാഅത്ത് അനുഭാവികളാണെന്ന് തെളിയിക്കാനുള്ള രേഖയുമില്ല. ഇത്തരമൊരു സാഹചര്യത്തിൽ മീഡിയവൺ ചാനലിനുള്ള സുരക്ഷാ ക്ലിയറൻസ് നിഷേധിച്ചതിൽ നിയമപരമായ ലക്ഷ്യമോ നിയതമായ ഒരുദ്ദേശ്യമോ ഇല്ലെന്ന് വ്യക്തമായതായി സുപ്രീംകോടതി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.