നീതി പുലരുക തന്നെ ചെയ്യും

മീഡിയാവണിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് ദ ഹിന്ദു ഡയറക്ടർ എൻ. റാം പറഞ്ഞത്

മീഡിയവണിനും അതി​ന്റെ പിന്നണിപ്രവർത്തകർക്കും തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കട്ടെ. ആഭ്യന്തര മന്ത്രാലയത്തിൽനിന്നുള്ള റിപ്പോർട്ട് അടിസ്ഥാനമാക്കി മീഡിയവണിനോട് കേന്ദ്രസർക്കാർ കാണിച്ചത് കടുത്ത അന്യായമാണ്; അതിൽ കുറഞ്ഞ ഒന്നുമല്ല. മാധ്യമ സ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും നേരെയുള്ള പച്ചയായ ആക്രമണമാണ് അത്. അടിയന്തരാവസ്ഥ ഒഴിച്ചുനിർത്തിയാൽ മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്ത ഒരു സാഹചര്യമാണിന്ന്​.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യയുടെ മോശം സ്ഥിതി ആഗോളതലത്തിൽതന്നെ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ശ്രീലങ്കയും പാകിസ്താനും പോലുള്ള രാജ്യങ്ങൾ നാണക്കേടിന്റെ ഈ ക്ലബിൽനിന്ന് പുറത്തുപോകുമ്പോഴും ഇന്ത്യ സ്ഥിരാംഗമായി തുടരുകയാണ്. ഇന്ത്യയിൽ മാധ്യമപ്രവർത്തകർക്കു നേരെ നടക്കുന്ന അക്രമം, കൊല എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ ആഗോള മാധ്യമ കൂട്ടായ്മയായ സി.പി.ജെ വെളിപ്പെടുത്തുകയുണ്ടായി. കൃത്യനിർവഹണവുമായി ബന്ധപ്പെട്ടാണ് ആ കൊലകൾ നടന്നതെന്ന് ഓർക്കണം. അതേക്കുറിച്ച അന്വേഷണങ്ങളാകട്ടെ, എവിടെയും എത്തുന്നുമില്ല. ഗുജറാത്തിൽ ഈയിടെ നടന്ന ചുരുളഴിയാത്ത കൊലപാതകവും ഇതിൽ ഉൾപ്പെടുന്നു.

ഇതിലൊട്ടും കുറയാത്ത ചെയ്തികളാണ് മറ്റൊരു രീതിയിൽ നടക്കുന്നത്. വരുതിയിൽ നിൽക്കാത്ത മാധ്യമങ്ങൾ ശിക്ഷിക്കപ്പെടുന്നു. പ്രചാരണ ഉപാധിയാകുന്ന സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകി പോഷിപ്പിക്കുന്നു. ഈ സാഹചര്യങ്ങൾക്കിടയിലാണ് മീഡിയവണിനുനേരെയുള്ള ആക്രമണം. സ്വാഭാവികനീതി നിഷേധിക്കപ്പെടുന്നത് അസ്വാസ്ഥ്യ ജനകമാണ്. ദേശസുരക്ഷയുടെ പേരിൽ സ്വാഭാവിക നീതി പരിമിതപ്പെടുത്തുകയാണ്. സർക്കാർ ദേശസുരക്ഷ എടുത്തിടു​മ്പോൾ സ്വാഭാവിക നീതി ഇല്ലാതാകുന്ന സ്ഥിതി.

ഇതേക്കുറിച്ച് ദ ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ്, ദ ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങൾ മുഖപ്രസംഗം എഴുതിയത് സന്തോഷകരമാണ്. ഗൗതം ഭാട്ടിയ 'ലൈവ് ലോ'യിൽ എഴുതിയ ശ്രദ്ധേയമായ ലേഖനം പ്രസക്തമായ പല കാര്യങ്ങൾ ചൂണ്ടിക്കാട്ടുന്നു. കേരള ഹൈകോടതി സിംഗ്ൾ ബെഞ്ച് വിധിയിലെ യുക്തിഭദ്രതയില്ലായ്മ ഗൗതം ഭാട്ടിയ ചൂണ്ടിക്കാട്ടുന്നുണ്ട്. പെഗസസ് കേസിലെ സുപ്രീംകോടതി വിധിയിൽ പറയുന്ന സുപ്രധാന കാര്യം മനസ്സിലാക്കുന്നതിൽ കേരള ഹൈകോടതി ഗുരുതരമായ പിശക് വരുത്തിയിട്ടുണ്ട്. അക്കാര്യം ദ ഹിന്ദുവിന്റെയും മറ്റും മുഖപ്രസംഗവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പെഗസസ് കേസിൽ ​സർക്കാറിനോട് നിയമയുദ്ധം നടത്തിയ കൂട്ടത്തിൽ ഞാനും പ്രശാന്ത് ഭൂഷണും ദുഷ്യന്ത് ദവെയുമൊക്കെയുണ്ട്. ദേശസുരക്ഷാപ്രശ്നം എടുത്തിട്ട് സർക്കാറിന് നീതിന്യായ നടപടികളിൽ എല്ലായ്പോഴും ഒഴിഞ്ഞുകളയാനാവില്ലെന്നാണ് സുപ്രീംകോടതി പെഗസസ് കേസിൽ പറഞ്ഞത്. അത് സ്വകാര്യതക്കുള്ള അവകാശത്തി​ന്റെ കാര്യത്തിൽ മാത്രമാണ് ബാധകമെന്നാണ് കേരള ഹൈകോടതി പറയുന്നത്. എന്നാൽ, സ്വകാര്യതക്കുള്ള അവകാശം, മാധ്യമസ്വാതന്ത്ര്യം, വാർത്താസ്രോതസ്സി​ന്റെ സംരക്ഷണം എന്നിവയുടെ കാര്യത്തിലൊക്കെ സുപ്രീംകോടതി വിധി ബാധകമാണ്. മുദ്രവെച്ച കവറി​ന്റെ നിയമശാസ്ത്രമാണ് മറ്റൊരു പ്രധാന വിഷയം.

സുബ്രമണ്യൻ സ്വാമി-അരുൺ ഷൂരി കേസിൽ മുമ്പ് സുപ്രീംകോടതി സ്വീകരിച്ച നിലപാട് ​​ശ്ര​ദ്ധേയമാണ്. മുദ്രവെച്ച കവർ സ്വീകരിക്കാൻ ചീഫ് ജസ്റ്റിസി​ന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് അന്ന് തയാറായില്ല. ഒടുവിൽ അധിക സത്യവാങ്മൂലമായി വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടിവരുകയായിരുന്നു. ഇങ്ങനെ മുദ്രവെച്ച കവർ സ്വീകരിക്കാത്ത നിരവധി സന്ദർഭങ്ങളുണ്ട്. സുതാര്യതയില്ലാതെ മുദ്രവെച്ച കവർ രീതി അംഗീകരിക്കാനാവില്ല. എങ്കിലും സർക്കാർ ​ദേശസുരക്ഷയുമായി വരു​മ്പോൾ ഫ്രീ പാസ് കിട്ടുന്ന പ്രവണത ഇപ്പോൾ നിലനിൽക്കുന്നു. സർക്കാറി​ന്റെ കടുത്ത നിലപാടുകൾക്കു മുന്നിൽ ന്യായവും അർഹവുമായ പരിഹാരത്തിന്റെ വഴി ദുർബലപ്പെടുന്ന സാഹചര്യം.

കേന്ദ്രത്തിലും നിരവധി സംസ്ഥാനങ്ങളിലുമുള്ള എക്സിക്യൂട്ടിവിന്റെ ഭാഗത്തുനിന്ന് ന്യൂനപക്ഷങ്ങൾക്ക്, പ്രത്യേകിച്ച് മുസ്‍ലിം ന്യൂനപക്ഷങ്ങൾക്കു​ നേരെയുള്ള ആക്രമണം മറ്റൊരു പ്രധാന വിഷയമാണ്. 21 കോടി മുസ്‍ലിംകൾ ഇന്ത്യയിലുണ്ട്. സമൂഹത്തിൽ അവരുടെ പങ്കും ശേഷിയും അടിച്ചമർത്താൻ പറ്റുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ, ന്യൂനപക്ഷങ്ങളെക്കുറിച്ച് ഭയപ്പാടും സംശയവും നിറക്കാൻ ബോധപൂർവമായ ശ്രമം നടക്കുന്നു. പൗരത്വ നിയമഭേദഗതിയുടെ സന്ദർഭത്തിലും മറ്റും അതാണ് കണ്ടത്. ഭരണഘടനക്കുനേരെയുള്ള ഇത്തരം അനീതികൾ ജനം വെച്ചുപൊറുപ്പിക്കില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഒരു വാദത്തിനുവേണ്ടിയാണെങ്കിൽകൂടി പറയാം. ടി.വി ചാനലോ പത്രമോ അബദ്ധവശാൽ ഒരു തെറ്റു വരുത്തിയെന്നിരിക്കട്ടെ. അതിന് ചില പരിഹാരമുണ്ട്. ഏതിനും ഒരു അനുപാതം വേണം. എന്നാൽ, നിരോധനം, ഒരു മാധ്യമത്തെ കൊല്ലുന്നതിനാണ്. എന്നാൽ, ആത്യന്തികമായി കോടതി നീതി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ. കേസ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുമ്പോൾ നീതി നടപ്പാകുമെന്നാണ് വിശ്വാസം. 

Tags:    
News Summary - Justice will surely prevail in media one issue says N Ram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.