ഏഴരപ്പതിറ്റാണ്ടുകൊണ്ട് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഈ നാടിനും സമുദായത്തിനും നൽകിയ ഈടുറ്റ സംഭാവനകൾ മുതിർന്ന നേതാവും മുൻ മന്ത്രിയുമായ കെ. കുട്ടി അഹമ്മദ് കുട്ടി ഓർത്തുപറയുന്നു....
സഹോദര സമുദായങ്ങളുടെ അവകാശങ്ങൾ കവരാതെ, സമൂഹത്തിൽ വിദ്വേഷം സൃഷ്ടിക്കാതെ, സമാധാനപൂർണമായി ജനാധിപത്യ മാർഗത്തിൽ പ്രതിനിധാനം ചെയ്യുന്ന മുസ്ലിം സമുദായത്തിന്റെ അവകാശങ്ങൾക്കായി ശബ്ദിക്കുകയും നേടിയെടുക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്. നമ്മളിപ്പോൾ കേൾക്കുന്ന ഏക സിവിൽകോഡ് ഭീഷണി ഇന്നോ ഇന്നലെയോ ഉണ്ടായതല്ല. ഭരണഘടന അസംബ്ലിയിൽ ഇത് ചർച്ചക്കെത്തിയപ്പോൾ അതിൽ അംഗമായിരുന്ന ഖാഇദെമില്ലത്ത് ഇസ്മായിൽ സാഹിബ് അതിനെ ശക്തിയുക്തം എതിർത്തു. ശരീഅത്ത് അനുസരിച്ച് മുസ്ലിംകൾക്ക് ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. അങ്ങനെയാണ് ഏക സിവിൽകോഡ് നേരിട്ട് ഉൾപ്പെടുത്തുന്നതിനുപകരം ഭരണഘടനയുടെ മാർഗനിർദേശക തത്ത്വങ്ങളിലേക്ക് മാറ്റിയത്. മൃതദേഹം കഴുകന്മാർക്ക് ഭക്ഷണമായി നൽകുന്നതാണ് ഇന്ത്യയിൽ ജീവിക്കുന്ന സൂക്ഷ്മ ന്യൂനപക്ഷ സമുദായമായ പാഴ്സികളുടെ രീതി. ഇത് പരിസ്ഥിതിക്ക് ദോഷമായതിനാൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പാർലമെൻറിൽ ഒരു സ്വകാര്യ ബിൽ വന്നിരുന്നു. അന്ന് അതിനെ ശക്തമായി എതിർത്തവരിൽ ഖാഇദെ മില്ലത്ത് ഇസ്മാഈൽ സാഹിബുമുണ്ടായിരുന്നു. എല്ലാ സമുദായങ്ങളുടെയും ആചാരങ്ങളും വ്യക്തിനിയമങ്ങളും സംരക്ഷിക്കപ്പെടണമെന്ന കാഴ്ചപ്പാടാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. അതുതന്നെയാണ് അന്നും ഇന്നും മുസ്ലിം ലീഗിന്റെ നിലപാടും.
സ്വാതന്ത്ര്യാനന്തരം രാജ്യത്തെ മുസ്ലിംകൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് വിദ്യാഭ്യാസ മേഖലയിലെ പിന്നാക്കാവസ്ഥയാണെന്ന് ആദ്യമേ മനസ്സിലാക്കിയത് മുസ്ലിം ലീഗ് നേതൃത്വമാണ്. ഭരണത്തിലില്ലാത്ത കാലത്തുതന്നെ അത് പരിഹരിക്കാൻ ശ്രമങ്ങളാരംഭിച്ചു. ഫാറൂഖ് കോളജ് അതിന്റെ ഫലമാണ്. കെ.എം. സീതി സാഹിബായിരുന്നു മരണം വരെ ഫാറൂഖ് കോളജിന്റെ സെക്രട്ടറി. ഒട്ടേറെ ഗവ. സ്കൂളുകൾ ഉണ്ടാക്കിയെടുക്കാനും മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും സീതി സാഹിബ് പരിശ്രമിച്ചു. തിരൂർ ഗവ. ഗേൾസ് ഹൈസ്കൂൾ ഉൾപ്പെടെയുള്ളവ അതിന്റെ ഉദാഹരണങ്ങളാണ്. എൽ.പി സ്കൂളിനെക്കുറിച്ചുപോലും ആളുകൾ ചിന്തിക്കാത്ത കാലത്താണ് തിരൂരിൽ പോളിടെക്നിക് സ്ഥാപിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങിയത്. കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയായ കാലിക്കറ്റ് യൂനിവേഴ്സിറ്റിയും കേരളത്തിലെ ആദ്യ ശാസ്ത്ര സാങ്കേതിക സർവകലാശാലയായ കുസാറ്റും സി.എച്ച്. മുഹമ്മദ് കോയയുടെ പരിശ്രമഫലമാണ്.
ലീഗ് ഭരണത്തിലെത്തിയശേഷം 1968ൽ സ്കൂളുകൾ ഇല്ലാത്ത പ്രദേശങ്ങളിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചു. പിന്നീട് പ്ലസ് ടു വന്ന സമയത്ത് ലീഗ് അധികാരത്തിൽ ഇല്ലാഞ്ഞതിനാൽ സ്ഥാപനങ്ങൾ അനുവദിക്കുന്നതിൽ കടുത്ത വിവേചനമുണ്ടായി. ആ അനീതി ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.
പിന്നാക്ക പ്രദേശമെന്ന പരിഗണനയിൽ മലപ്പുറത്തടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിച്ചപ്പോൾ മാർക്സിസ്റ്റ് പാർട്ടി എതിർപ്പുമായി വന്നിരുന്നു. കെ.എം. മാണി ധനമന്ത്രി ആയിരുന്നപ്പോൾ ‘മാണി-പാണക്കാട് ബജറ്റ്’ എന്നുവരെ പരിഹസിച്ചിട്ടുണ്ട്.
സമുദായത്തിലെ വിവിധ ശാഖകളെ ഒന്നിച്ചുകൊണ്ടുപോകാൻ ആദ്യകാലം മുതൽ ലീഗ് പരിശ്രമിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഒറ്റക്കുനിൽക്കുന്നതിനുപകരം മതേതര കക്ഷികളുമായി ചേർന്നുനിൽക്കുക എന്ന നിലപാടാണ് ഇന്നോളം സ്വീകരിച്ചത്. മുന്നണി ബന്ധം മറ്റു സമുദായങ്ങളിലെയും പാർട്ടികളിലെയും നേതാക്കളുമായി മികച്ച ആശയവിനിമയത്തിനും വലിയ അളവ് മതസൗഹാർദത്തിനും സഹായകമായിട്ടുണ്ട്.
കേരളത്തിൽ മതസൗഹാർദം നിലനിർത്താൻ വലിയ സംഭാവന ലീഗ് നൽകിയിട്ടുണ്ട്. അങ്ങാടിപ്പുറം തളിക്ഷേത്ര പ്രശ്നത്തിന് രമ്യമായ പരിഹാരമുണ്ടാക്കിയത് ലീഗാണ്. വിഷയം ദേശീയതലത്തിൽ വിവാദമാക്കാൻ ജനസംഘത്തിന്റെ ദേശീയ നേതൃത്വം അന്ന് അങ്ങാടിപ്പുറത്തെത്തിയിരുന്നു. ലീഗ് ഭരണത്തിലില്ലാത്ത സന്ദർഭമായിട്ടും ബാഫഖി തങ്ങളുടെ നിർദേശ പ്രകാരം പാണക്കാട് പൂക്കോയ തങ്ങൾ അവിടെയെത്തി പ്രശ്നം പരിഹരിച്ചു. ഇപ്പോൾ തളിക്ഷേത്രം നിലനിൽക്കുന്ന ഭൂമി ഒരു മുസ്ലിമിന്റേതായിരുന്നു. അവിടെ വിഗ്രഹം ഉയർന്നുവരുകയും ക്ഷേത്രം പണിയണമെന്ന ആവശ്യം ഉയരുകയും ചെയ്തതോടെയാണ് തളിക്ഷേത്ര പ്രശ്നമുണ്ടാകുന്നത്. വിഗ്രഹം ഉയർന്ന ഭൂമി പൂക്കോയ തങ്ങളുടെ നിർദേശ പ്രകാരം ഉടമ ക്ഷേത്രത്തിനായി വിട്ടുനൽകിയാണ് പ്രശ്നം പരിഹരിച്ചത്.
ശരീഅത്ത് ബിൽ പാർലമെൻറിൽ ചർച്ചക്ക് വന്നപ്പോൾ, ആ നിയമങ്ങൾ സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്നാണ് പലരും പറഞ്ഞത്. വിശേഷിച്ചും വിവാഹ മോചനവുമായി ബന്ധപ്പെട്ട് ജീവനാംശം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ. വിവാഹ മോചന സമയത്ത് സ്ത്രീകൾക്ക് ‘മത്വാഅ്’ ആണ് നൽകേണ്ടതെന്നായിരുന്നു ലീഗ് നിലപാട്. ഒന്നിച്ചൊരു തുകയോ വസ്തുവോ മത്വാഅ് ആയി നൽകുന്നതിനുപകരം മാസംതോറും ജീവനാംശം നൽകുന്നതാണ് സ്ത്രീപക്ഷ നിലപാടെന്ന് കമ്യൂണിസ്റ്റ് പാർട്ടി അടക്കമുള്ളവർ പറഞ്ഞു. രണ്ടു രീതിയും സ്വീകരിക്കാമെന്നാണ് ഒടുവിൽ പാർലമെൻറ് തീരുമാനിച്ചത്. സി.ആർ.പി.സി 125 പ്രകാരം മാസംതോറും മുന്നൂറോ നാന്നൂറോ രൂപയാണ് ജീവനാംശമായി സ്ത്രീക്ക് ലഭിക്കുക. അതിനായി കോടതി കയറിയിറങ്ങുകയും വേണം. ഇന്ന് ഭൂരിഭാഗം സ്ത്രീകളും മത്വാഅ് ആണ് സ്വീകരിക്കുന്നത്. ലീഗ് നിലപാടായിരുന്നു സ്ത്രീകൾക്ക് ഗുണകരമെന്ന് കാലം തെളിയിച്ചു. ശരീഅത്തിന്റെ താൽപര്യം മനുഷ്യന്റെ പൊതുതാൽപര്യമാണെന്നും അത് സ്ത്രീവിരുദ്ധമല്ലെന്നും ഇതോടെ വ്യക്തമായി. ശരീഅത്തെന്നാൽ നാലു പെണ്ണുകെട്ടുന്ന ഏർപ്പാടാണെന്നായിരുന്നു മാർക്സിസ്റ്റ് പാർട്ടി നിലപാട്.
കേരള വികസനത്തിന് സുപ്രധാന സംഭാവന നൽകിയ നിയമങ്ങളെല്ലാം മുസ്ലിം ലീഗിന്റെകൂടി പിന്തുണയോടെയാണ് നടപ്പാക്കിയത്. 1970ൽ അച്യുതമേനോൻ സർക്കാർ ഭൂപരിഷ്കരണ നിയമം പാസാക്കിയത് മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ്. 1957ൽ കെ.ആർ. ഗൗരിയമ്മ കൊണ്ടുവന്ന ഭൂപരിഷ്കരണ ബിൽ അന്ന് പാസായിരുന്നില്ല. സ്വത്തിലുള്ള അവകാശം വ്യക്തികൾക്ക് ഭരണഘടന ഉറപ്പുനൽകുന്നതിനാൽ അന്നത്തെ ബിൽ പാസാകില്ലെന്ന് മനസ്സിലാക്കാൻ കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല. അടിസ്ഥാനപരമായ ഈ കാര്യം ചൂണ്ടിക്കാട്ടി രാഷ്ട്രപതി ബിൽ തിരിച്ചയച്ചു. പിന്നീട് ഇത് നടപ്പാക്കാൻ ശ്രമിച്ചപ്പോഴെല്ലാം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. ബിൽ വേണ്ട തിരുത്തലുകൾ വരുത്തി നടപ്പാക്കാൻ പി.ടി. ചാക്കോ ശ്രമിച്ചെങ്കിലും അതും കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. പിന്നീട് അച്യുതമേനോൻ സർക്കാറിന്റെ കാലത്ത്, ഇത് കോടതിയിൽ ചോദ്യം ചെയ്യപ്പെടാതിരിക്കാൻ ഒമ്പതാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാണ് പാസാക്കിയത്. ഇതിന് മുസ്ലിം ലീഗ് നൽകിയ പിന്തുണ പ്രധാനമായിരുന്നുവെന്ന് പിന്നീട് ഗൗരിയമ്മക്ക് എഴുതിയ കത്തിൽ അച്യുതമേനോൻ വ്യക്തമാക്കിയിട്ടുണ്ട്.
1957ൽ ഇ.എം.എസ് സർക്കാർ സാമ്പത്തിക സംവരണം കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ മുസ്ലിം ലീഗ് അതിനെതിരെ നിലപാടെടുത്തു. സി.എച്ച്. മുഹമ്മദ് കോയ, ഹസൻ ഗനി എന്നിവർ സഭയിൽ ശക്തമായ എതിർപ്പുയർത്തി. ഇതുമായി ബന്ധപ്പെട്ട് സി.എച്ച് മൂന്ന് പ്രസംഗങ്ങളാണ് നടത്തിയത്. 1979ൽ മുസ്ലിംകളടക്കമുള്ള പിന്നാക്ക സമുദായങ്ങളുടെ സംവരണം 10ൽ നിന്ന് 12 ആക്കി ഉയർത്തിയത് സി.എച്ചിന്റെ ഇടപെടലിലാണ്.
മുസ്ലിം ന്യൂനപക്ഷത്തിനുപുറമെ ദലിത് പിന്നാക്ക വിഭാഗങ്ങൾക്കുവേണ്ടിയും ലീഗ് നിലകൊണ്ടു. പിന്നാക്ക ക്ഷേമവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് മുന്നിൽനിന്നു. കൂടാതെ ദലിത് വിഭാഗങ്ങളിൽനിന്ന് നിയമസഭ അംഗങ്ങളും ലീഗിനുണ്ടായിട്ടുണ്ട്. എം. ചടയൻ, കെ.പി. രാമൻ, യു.സി. രാമൻ എന്നിവർ എം.എൽ.എമാരായിരുന്നു. യു.സി. രാമനെ പിന്നീട് ജനറൽ സീറ്റിലും മത്സരിപ്പിച്ചു.
ബാഫഖി തങ്ങൾ, സീതി സാഹിബ്, പൂക്കോയ തങ്ങൾ, സി.എച്ച്. മുഹമ്മദ് കോയ, യു.എ. ബീരാൻ തുടങ്ങി ധിഷണാശാലികളായ ഒരുപിടി നേതാക്കളാണ് ലീഗിനെ വളർത്തിയെടുത്തത്. ഇവർ ലീഗിനും മുസ്ലിം സമുദായത്തിനും മാത്രമല്ല, കേരളീയ പൊതുസമൂഹത്തിന്റെ വളർച്ചയിൽ വലിയ സംഭാവനകളർപ്പിച്ച വ്യക്തിത്വങ്ങളായിരുന്നു. ഭരണത്തിന്റെ ശീതളച്ഛായയിൽ വളർന്ന പാർട്ടിയല്ല ലീഗ് എന്നതിനാൽ, പ്രതിസന്ധികളെ മറികടക്കാൻ പുതിയ കാലത്തും അതിന് കരുത്തേറെയുണ്ട്.
(സമീൽ ഇല്ലിക്കലുമായി നടത്തിയ സംഭാഷണത്തിൽനിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.