മലയാളി ജീവിതത്തിന്റെ അനിവാര്യഭാഗമായിരുന്ന റേഷന്‍കടകള്‍ കെട്ടിലും മട്ടിലും പുതുമകളോടും വൈവിധ്യങ്ങളോടുംകൂടി ആധുനികവത്കരിക്കപ്പെട്ട് കേരള സ്റ്റോര്‍ (കെ-സ്റ്റോർ) എന്ന നൂതനസംരംഭമായി മാറുന്നു. ഇടതു ജനാധിപത്യമുന്നണി സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മേയ് 14ന് കെ-സ്റ്റോറുകള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും.
ഭക്ഷ്യഭദ്രത നിയമപ്രകാരം മുന്‍ഗണന-മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് നിലവില്‍ റേഷന്‍ കടകളിലൂടെ ലഭിച്ചുവരുന്ന ഭക്ഷ്യധാന്യങ്ങള്‍ക്കും മണ്ണെണ്ണക്കും പുറമെ ശബരി ബ്രാന്‍ഡഡ് ഉൽപന്നങ്ങള്, മില്‍മ ഉൽപന്നങ്ങള്, അഞ്ച് കിലോഗ്രാം തൂക്കമുള്ള ചോട്ടു ഗ്യാസ് എന്നിവ ന്യായവിലക്ക് കെ. സ്റ്റോറില്‍ ലഭിക്കും.
റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ബാങ്കിലോ എ.ടി.എമ്മിലോ പോകാതെ 10,000 രൂപവരെ പണം പിന്‍വലിക്കാനുള്ള സൗകര്യവും കെ-സ്റ്റോറില്‍ ലഭ്യമാകും. ബാങ്കുമായി ബന്ധിപ്പിച്ച സ്മാര്‍ട്ട് റേഷന്‍ കാര്‍ഡ് വഴിയാണ് ഈ ചെറുകിട ബാങ്കിങ് സേവനം കെ-സ്റ്റോറില്‍ ലഭിക്കുക. വെള്ളക്കരവും വൈദ്യുതിക്കരവും അടക്കമുള്ള യൂട്ടിലിറ്റി ബില്ലുകള്‍ അടക്കാനും ഇവിടെ സൗകര്യമുണ്ട്.
ബാങ്കിങ് സർവിസുകളും യൂട്ടിലിറ്റി പേയ്മെന്റ് സംവിധാനങ്ങളും രണ്ട് കിലോമീറ്റർ ചുറ്റളവില്‍ ലഭ്യമല്ലാത്ത ഗ്രാമങ്ങളിലാണ് തുടക്കത്തില്‍ കെ-സ്റ്റോർ പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 108 റേഷന്‍കടകളെയും തുടർന്ന് ഘട്ടം ഘട്ടമായി മുഴുവന്‍ കടകളെയും കെ-സ്റ്റോറായി ഉയർത്തും.
റേഷന്‍ വ്യാപാരി സമൂഹത്തിന് ഉയർന്ന വരുമാനവും പൊതുമേഖലയില്‍നിന്നും സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകമേഖലയില്നിന്നുമുള്ള ഉൽപന്നങ്ങളുടെ വിപണന സാധ്യതയും സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നു. ഘട്ടംഘട്ടമായി സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍കടകളും സ്മാർട്ടായി മാറ്റും.
പൊതുവിതരണ സംവിധാനത്തെ ഇല്ലായ്മചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കേന്ദ്രസർക്കാർ ഭക്ഷ്യധാന്യ സബ്സിഡി ഡയറക്ട് ബനഫിറ്റ് ട്രാന്‍സ്ഫർ സമ്പ്രദായത്തിലൂടെ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തിക്കുന്ന സംവിധാനം പ്രഖ്യാപിച്ചിരിക്കുകയാണ്.
കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഢിലും പോണ്ടിച്ചേരിയിലും ഇത് നടപ്പിലായി. മലയാളികളായ നമുക്ക് പോണ്ടിച്ചേരിയുടെ ഭാഗമായ മാഹിയില്‍നിന്ന് ഈ വസ്തുത നേരില്‍ ഗ്രഹിക്കാം. അവിടുത്തെ റേഷന്‍ കടകള്‍ ശാശ്വതമായി അടച്ചുപൂട്ടിയിരിക്കുന്നു.
സംസ്ഥാനത്തിനുള്ള ഭക്ഷ്യധാന്യവിഹിതം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്. മണ്ണെണ്ണ പൂർണമായി നിർത്താനും കേന്ദ്രം ഉദ്ദേശിക്കുന്നു. ഭക്ഷ്യധാന്യവിഹിതം വെട്ടിക്കുറക്കുകയും പൊതുവിതരണ സംവിധാനത്തെതന്നെ ഇല്ലായ്മചെയ്യുകയും ചെയ്യുന്ന കേന്ദ്രനയത്തിന് ബദൽ ആവിഷ്കരിക്കുകകൂടിയാണ് കേരള സ്റ്റോറിലൂടെ സംസ്ഥാന സർക്കാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.