കണക്കിൽപ്പെടാത്ത  കാനേഷുമാരി 

മനുഷ്യർ പാർക്കുന്ന ഇൗ ജീവ​​െൻറ നീല ഗ്രഹം ഒരു ആഗോള ഗ്രാമമായിക്കഴിഞ്ഞുവെന്നാണ്​ പറയുന്നത്​. നമ്മളറിയാതെ ചിലതല്ല പലതും അതിനിടയിൽ നഷ്ടപ്പെട്ടുകൊണ്ട്. വെട്ടിപ്പിടിക്കലിന്‍റെയും അടിമത്തത്തിന്‍റെയും സാമ്രാജ്യത്വം. മാനവികത ഉപേക്ഷിക്കപ്പെടുന്നു. മനുഷ്യര്‍ക്ക് അതീതനായി മനുഷ്യന്‍ മാത്രം. തന്‍റെ  അധികാരത്തിന്‍റെ കാല്‍ക്കീഴില്‍ ഒരു ഗ്രഹത്തെ മുഴുവന്‍  ഞെരിക്കാന്‍ വെമ്പല്‍ കൊള്ളുന്ന രാക്ഷസീയത. മണ്ണും മരവും മനുഷൃനും ഒന്നെന്ന് ഇനിയും  അറിയാത്തവരുടെ തേര്‍വാഴ്ചകള്‍. ചില ഞരക്കങ്ങളും തേങ്ങലുകളും..

ഇത്തമൊരു സാഹചര്യത്തിൽ കാനേഷുമാരി കണക്കുകൾക്ക്​ എന്തെങ്കിലും പ്രസക്തിയുണ്ടോ എന്നറിയില്ല. മാനുഷികതയുടെ നാള്‍വഴിക്കണക്കല്ലല്ലേ രാഷ്ട്രങ്ങളുടേത്​... എന്നാലും, അതും വേണമല്ലോ. ടി.വി കൊച്ചുബാവയുടെ ‘വൃദ്ധസദനം’ വായിക്കുമ്പോള്‍ ഉപേക്ഷിക്കപ്പെടുന്ന മനുഷ്യരെക്കുറിച്ച് ചിന്തിക്കാന്‍ പ്രയാസമായിരുന്നു..അതിനും  എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് ‘മരപ്പാവകള്‍’ കാരൂര്‍ എഴുതിയത് വായിച്ചപ്പോള്‍ എല്ലാം ശരിയെന്നും ഒക്കെ മനസ്സിലായെന്നും അഹങ്കരിച്ചുവോ?അറിയില്ലെന്ന് നടിക്കാം.ഓർമയില്ലെന്ന്​  കുതറാം. എന്തായാലും  കാനേഷുമാരി  വെറുമൊരു കണക്കെടുപ്പല്ലെന്നും മരപ്പാവകള്‍  ഏറെ പറയുന്നുവെന്നും അറിയാന്‍ കുറേവെള്ളം പുഴയിലൂടെ ഒഴുകേണ്ടിവന്നു.

അത്തരം  ഒരു വഴിയിലൂടെ നടന്നപ്പോഴാണ് നടന്നുതേഞ്ഞ വഴി തെളിഞ്ഞത്. മനുഷ്യ​​െൻറ ഉള്ള് ചൂഴ്ന്ന് കാണാനാവില്ലെങ്കിലും ബന്ധങ്ങളുടെ വിള്ളലുകളും വേവലുകളും മറയ്ക്കാനാവാത്ത പകപ്പും അമര്‍ഷവും വേവലാതികളും നിങ്ങള്‍ക്ക്  ഒരു സെന്‍സസ്  തരും തീര്‍ച്ച.

കഴിഞ്ഞവര്‍ഷം ആയിരം  കൂട്ടം പ്രാരാബ്ധങ്ങള്‍ക്കിടയില്‍ സെന്‍സസ്  ഡ്യൂട്ടി കൂടി വന്നപ്പോള്‍ കലി വന്നു. പക്ഷേ അഞ്ജലി  ടീച്ചര്‍  പറഞ്ഞു..
‘ധനം പോവണം. അത് ഒരു പാട് അനുഭവം  തരും’  എന്ന്.അപ്പോഴും അത്രയൊന്നും ചിന്തിച്ചില്ല. കണക്കെടുപ്പ്  തുടങ്ങിയപ്പോഴാണ് ചിത്രം മാറിയത്.. 
എത്രതരം ജീവിതങ്ങള്‍..!! 
കൗതുകം  അനുതാപത്തിനും അദ്ഭുതത്തിനും ആശങ്കയ്ക്കും വഴി മാറി. വാച്​മാനോട്​ കിളിവാതിൽ വഴി പറഞ്ഞാല്‍ റിമോട്ട് കണ്‍ട്രോള്‍വെച്ച് തുറക്കുന്ന ഗേറ്റ് ഉള്ള പടുകൂറ്റൻ വീട്. അതിനകത്ത്  പാവ കണക്കെയുള്ള കുട്ടികള്‍. കനാലോരത്തെ കോളനിയില്‍ വീടെന്നു പോലും വിളിക്കാനാവാത്ത  ഒറ്റമുറിയില്‍ താമസിക്കുന്ന പലതരം  കുടുംബങ്ങള്‍.. ​െഎ.എ.എസുകാരൻ എന്ന്​ അഭിമാനപൂർവം സ്വയം പരിചയപ്പെടുത്തിയ ഭ്രാന്തന്‍..
സംശയത്തോടെ നോക്കുന്നവര്‍... ക്ഷീണിതരും അകാലവാര്‍ധക്യം ബാധിച്ചവരുമായ ഒട്ടേറേ സ്ത്രീകള്‍. അവരുടെ  തേഞ്ഞ വിരലുകളും നിറംമങ്ങിയ കണ്ണുകളും എന്നെ പലതും ഓർമിപ്പിച്ചു. വിശപ്പ്  മാത്രമാണ്  സത്യം. അന്നമാണ് ദൈവം. കൂറ്റന്‍ ബംഗ്ലാവുകളിൽ ഒറ്റപ്പെട്ട് വഴിക്കണ്ണുമായിരിക്കുന്ന വാർധക്യം. മക്കള്‍ക്ക് പൗരത്വം ഇവിടെ  ഇല്ലാഞ്ഞിട്ടും ചേര്‍ക്കണേ അവനെയും എന്ന് പറഞ്ഞ് വേരറുക്കാന്‍ മടിക്കുന്നവരായിരുന്നു അവരിലധികവും...

വേഗമിരുട്ടുന്ന ഡിസംബറില്‍  ആയിരുന്നു നടത്തം. മിക്കവാറും  വീടുകളില്‍  നക്ഷത്രങ്ങള്‍ തൂങ്ങിയിരുന്നു. പകൽ കണ്ണടച്ചിരുന്ന ആ നക്ഷത്രങ്ങൾ സന്ധ്യകളിൽ വെട്ടിത്തിളങ്ങും. ആദ്യം കയറിയത്  ഒരു ബംഗ്ലാവ്​. മുന്‍വാതില്‍ തുറന്നിരുന്നു. ജോസ്പ്രകാശും ബാലന്‍ .കെ.നായരും അട്ടഹസിച്ച് പൈപ്പ് കടിച്ചുപിടിച്ച് ഇറങ്ങിവരുന്ന പഴയകാല സിനിമയിലെ പോലെയുള്ള ഗോവണി... ഞാന്‍ കാത്തു നിന്നു. വന്നത് മെലിഞ്ഞ്​ പ്രായമായ ഒരു സ്ത്രീ. അവര്‍ ഒറ്റയ്ക്കാണ്​ താമസം ആ കൂറ്റൻ വീട്ടിൽ. കൂട്ടിനുപോലും ആരുമില്ല.... മൂന്നുമാസം കഴിഞ്ഞ് ഞാന്‍ റിപ്പോര്‍ട്ട് കൊടുത്ത് ഒരുനാൾ വീണ്ടും അതുവഴി വരു​േമ്പാൾ ഗേറ്റിൽ ഒരു ബോർഡ്​ കണ്ടു. ‘വീട്​ വില്പനയ്ക്ക്’ ..അവരെവിടെ പോയോ ആവോ...? അപ്പോൾ പിരിയൻ ഗോവണിയിറങ്ങി വന്ന ആ വൃദ്ധ മുഖം ഒരുപാട്​ ചോദ്യങ്ങളായി മനസ്സിൽ തെളിഞ്ഞുവന്നു. 

കണക്കെണ്ണി  അങ്ങനെ നടക്കുന്നതിനിടയില്‍ ഒരു കൊച്ചുവീട്. പ്രായമായ അമ്മ. നാലുമക്കളില്‍ മൂന്ന് പേര്‍ അവിവാഹിതര്‍. വിവാഹപ്രായവും സ്വപ്നവും കഴിഞ്ഞെന്ന് കുഴിഞ്ഞ കവിളും കണ്ണും പറഞ്ഞു. അക്കൂട്ടത്തിലെ ഏക വിവാഹിത വിവാഹമോചിതയും. അവരുടെ  മകള്‍ ഭര്‍ത്താവിനോടൊപ്പമാണ് താമസം. അവളുടെ  പേര് ഞാന്‍ വെട്ടിയില്ലെങ്കിലും റദ്ദാക്കപ്പെടും. അതറിഞ്ഞ അവര്‍ എന്നോട് ചോദിച്ചു ‘ഇനി ഏയ്ഞ്ചല്‍ എന്‍റെ കൂടെ ണ്ടാവില്ല അല്ലേ?’ ആ ചോദ്യത്തിന്‍റെ മുള്ള് കുടുങ്ങിയത് എന്‍റെയുള്ളിലായിരുന്നു... 

‘അല്ലെന്നുമാണെന്നും’ പറഞ്ഞ് മുഖം നോക്കാതെയിറങ്ങി. അപ്പോള്‍ എനിക്കുള്ളില്‍ ഇരുന്ന് കാരൂര്‍ ഊറിച്ചിരിച്ചു. ‘ഒണ്ടെന്ന് തെളിയാതെ എഴുതിക്കോളൂ...’ എന്ന നേര്‍ത്ത ശബ്ദവും. ഈ തെളിച്ചപ്പെടലുകള്‍ക്കുള്ളില്‍ കണക്കുകള്‍. തെളിയാതെ എഴുതുവാനും എഴുതിയതില്‍ ചിലത് മായ്ക്കാനും ആശിക്കുന്ന  ചില ജന്മങ്ങള്‍... ‘മരപ്പാവകള്‍’ മനസ്സിലാക്കാന്‍ നിനക്ക് ഒരു കാനേഷുമാരി  വേണ്ടിവന്നല്ലോ എന്ന ചിരിയായിരുന്നല്ലോ അത്. 

പിന്നീട്  മലയാളത്തില്‍ കാനേഷുമാരി  കഥകള്‍  വന്നിരിക്കാം. തെളിഞ്ഞു  തെളിഞ്ഞു  വരുന്നതാണല്ലോ തെളിയാതെ  എഴുതേണ്ടത്. മറവികളില്‍ മുഴുവന്‍  ഓര്‍മ്മകള്‍  അല്ലേ? അതാവും കാരൂര്‍  പറഞ്ഞത്

Tags:    
News Summary - Kaneshumari - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT