1949ലെ ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം സഹകരണസംഘങ്ങൾ ഉൾപ്പെടെ ഏതൊരു ധനകാര്യ സ്ഥാപനത്തിനും പേരിനൊപ്പം 'ബാങ്ക്' എന്ന് ചേർക്കുന്നതിനും ഇടപാടുകൾ നടത്തുന്നതിനും പൊതുജനങ്ങളിൽനിന്ന് നിക്ഷേപം സ്വീകരിക്കുന്നതിനും റിസർവ് ബാങ്ക് ലൈസൻസ് ആവശ്യമാണ്. എന്നാൽ, കേരളത്തിലെ 1600ൽപരം സർവിസ് സഹകരണ ബാങ്കുകളുടെ ഭരണപരമായ പൂർണനിയന്ത്രണം സംസ്ഥാന സർക്കാറിൽ നിക്ഷിപ്തമാണ്.
റിസർവ്ബാങ്കിന് അതിൽ ഒരു പങ്കുമില്ല. ഒരുപക്ഷേ, കേരളത്തിൽ ഇന്ന് പ്രവർത്തിക്കുന്ന പ്രാഥമിക സർവിസ് സഹകരണ ബാങ്കുകൾ നിക്ഷേപസമാഹരണത്തിലും മറ്റും മുൻനിര വാണിജ്യ ബാങ്കുകൾക്കുപോലും പ്രാദേശികമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. സ്വകാര്യ വാണിജ്യബാങ്കുകളും പൊതുമേഖല ബാങ്കുകളും മറ്റും സമാഹരിക്കുന്ന വൻ നിക്ഷേപങ്ങളിൽ ഒരുചെറിയ അനുപാതം മാത്രമേ കേരളത്തിൽ വായ്പയായി നൽകുന്നുള്ളൂ. എന്നാൽ, സഹകരണ ബാങ്കുകൾ സ്വീകരിക്കുന്ന നിക്ഷേപങ്ങൾ വായ്പയായി ഇവിടെത്തന്നെ നൽകുന്നു.
എൽ.ഡി.എഫ്, യു.ഡി.എഫ് കക്ഷികളുടെ കുത്തകയാണ് സംസ്ഥാനത്തെ സഹകരണ ബാങ്കിങ് മേഖല. ബി.ജെ.പിക്കോ രണ്ടു മുന്നണികൾക്ക് പുറത്തുള്ള പാർട്ടികൾക്കോ ഈ മേഖലയിൽ ഒരു സ്വാധീനവുമില്ല. കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ദുർബലമാകണമെന്ന് ഗൂഢമായി ആഗ്രഹിക്കുന്ന ചിലരുണ്ട്. അവരുടെ താൽപര്യങ്ങൾക്ക് വീഥിയൊരുങ്ങാൻ കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നതുപോലുള്ള തട്ടിപ്പുകൾ ഇടയാക്കുമോ എന്ന ആശങ്ക നാമേവർക്കുമുണ്ട്.
സഹകരണ വിഷയവുമായി ബന്ധപ്പെട്ട് ചില അതിപ്രധാന നീക്കങ്ങൾ അടുത്തിടെ നടക്കുകയുണ്ടായി. കേന്ദ്രസർക്കാർ പ്രത്യേകമായി സഹകരണ വകുപ്പ് രൂപവത്കരിച്ച് ചുമതല ആഭ്യന്തരമന്ത്രി അമിത് ഷാക്ക് നൽകിയതാണ് അതിലൊന്ന് (നേരത്തേ കൃഷിമന്ത്രാലയത്തിന് കീഴിലെ ഉപവകുപ്പ് മാത്രമായിരുന്നു). സഹകരണ സ്ഥാപനങ്ങളിൽ കൈകടത്താനുള്ള കേന്ദ്രസർക്കാറിെൻറ ആസൂത്രിത നീക്കത്തിെൻറ ഭാഗമാണിതെന്ന ആരോപണം ഗുജറാത്തിലെ അനുഭവം മുൻനിർത്തി ഉയർന്നിട്ടുണ്ട്. കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ആശങ്കയുളവാക്കുന്ന കാര്യമാണ്.
കുറെ വർഷങ്ങളായി കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ ഉന്നംവെച്ച് പല ആരോപണങ്ങളും ഉയരുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാൻ കൂട്ടുനിൽക്കുന്നു, ആദായനികുതി വെട്ടിപ്പിന് സൗകര്യം ഒരുക്കുന്നു തുടങ്ങിയ ആക്ഷേപങ്ങളാണത്. ഒന്നാം യു.പി.എ സർക്കാറിൽ ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി ബാങ്കിങ് നിയന്ത്രണ നിയമം സഹകരണ ബാങ്കുകൾക്ക് മേൽ കർശനമാക്കാൻ മുന്നോട്ടുവന്നിരുന്നു. ബാങ്കിങ് ലൈസൻസ് ഇല്ലാത്ത 1600 ഓളം സഹകരണ ബാങ്കുകൾക്ക് പേരിനോടൊപ്പമുള്ള ബാങ്ക് എന്ന പദം ഒഴിവാക്കാനുള്ള സാഹചര്യം ഉളവായി. ഈ നീക്കത്തിനെതിരെ കേരളത്തിലെ ഇരുമുന്നണിയും പ്രതിരോധം തീർക്കുകയും സമ്മർദംചെലുത്തുകയും ചെയ്തതോടെയാണ് സർക്കാർ പിൻവാങ്ങിയത്. എന്നാൽ, ബാങ്കിങ് നിയന്ത്രണ നിയമത്തിൽ സമീപകാലത്ത് വന്ന ചില ഭേദഗതികൾ കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലയെ ബാധിക്കാൻ സാധ്യതയുണ്ട്. വാണിജ്യബാങ്കുകൾ നൽകുന്ന സേവനങ്ങൾ അവരെ വെല്ലുംവിധം നൽകിവരുന്ന കേരളത്തിലെ സഹകരണ ബാങ്കുകൾ കത്രികപ്പൂട്ടിലാവും. ബാങ്കിങ് ഇടപാടുകൾ അവസാനിപ്പിക്കാനും ഭരണസമിതി പിരിച്ചുവിടുന്നതിനുമെല്ലാം റിസർവ് ബാങ്കിന് അധികാരം കൈവന്നിട്ടുണ്ട്.
സഹകരണമേഖല അത്ര സങ്കീർണമായ ഘട്ടത്തിൽ നിൽക്കെയാണ് കരുവന്നൂർ സർവിസ് സഹകരണബാങ്ക് തട്ടിപ്പുപോലുള്ള അനാശാസ്യ സംഭവങ്ങൾ അരങ്ങേറുന്നത്. മാധ്യമവാർത്തകൾ വിശ്വസിക്കാമെങ്കിൽ ഈതട്ടിപ്പിൽ ഒരുപാട് ദുരൂഹതകൾ നിലനിൽക്കുന്നു. അതിശക്തമായ പരിശോധനാസംവിധാനവും വ്യവസ്ഥാപിതമായ ഓഡിറ്റ് സംവിധാനവും നിലനിൽക്കുന്ന ഒന്നാണ് കേരളത്തിലെ സഹകരണ വകുപ്പ്. സത്യസന്ധരും അഴിമതിയുടെ കറപുരളാത്തവരുമാണ് വകുപ്പ് ഉദ്യോഗസ്ഥരിൽ ഭൂരിഭാഗം പേരും. സംസ്ഥാനത്ത് നാളിതുവരെ ഏതെങ്കിലും സഹകരണ ബാങ്ക് പൊളിഞ്ഞ് നിക്ഷേപകരുടെ പണം മൊത്തത്തിൽ നഷ്ടപ്പെട്ട അനുഭവമില്ല.
സാധാരണക്കാരായ ജനങ്ങൾ വാണിജ്യ ബാങ്കുകളേക്കാളേറെ വിശ്വാസമർപ്പിച്ചിരിക്കുന്നത് ഈ സഹകരണ മേഖലയിലാണ്. ലേഖകെൻറ ദീർഘകാലത്തെ സഹകരണവകുപ്പ് സർവിസ് ജീവിതത്തിൽ കരുവന്നൂർ ബാങ്ക് തട്ടിപ്പ് സംഭവംപോലെ ഏതെങ്കിലും ഒന്ന് നടന്നതായി അനുഭവമില്ല. ഇത് ഒറ്റപ്പെട്ടസംഭവമാണ്. എന്നാൽ, കേരളത്തിലെ സഹകരണ ബാങ്കിങ് മേഖലക്ക് കളങ്കംചാർത്തുന്ന മാധ്യമചർച്ചയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എല്ലാ സഹകരണ ബാങ്കുകളും കർശന പരിശോധനക്ക് വിധേയമാക്കുമെന്ന് സഹകരണ മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.
സി.ബി.ഐയും ഇ.ഡിയും അന്വേഷിക്കണമെന്നൊക്കെയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഇതൊക്കെ കേരളത്തിലെ സഹകരണ ബാങ്കുകളിൽ നിക്ഷേപം നടത്തിയവർക്കിടയിൽ സൃഷ്ടിക്കുന്ന ആശങ്കകൾ പ്രവചനാതീതമാണ്. സഹകരണ ബാങ്കുകളിൽനിന്ന് വലിയതോതിൽ നിക്ഷേപം പിൻവലിക്കൽ നടക്കാൻ സാധ്യതയുണ്ട്. ഇപ്പോൾ കരുവന്നൂർ ബാങ്കിൽ ആരോപിക്കപ്പെട്ടതുപോലെ നിക്ഷേപകരുടെ 300 കോടി രൂപ നഷ്ടപ്പെട്ടത് കണ്ടില്ലെന്ന് നടിക്കാൻ റിസർവ് ബാങ്കിന് സാധിക്കുകയില്ല. ബാങ്കിങ് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന 1600ൽപരം പ്രാഥമിക സഹകരണ ബാങ്കുകൾ ഉണ്ടെന്ന് സൂചിപ്പിച്ചല്ലോ. അവയുടെമേൽ കടന്നുകയറാൻ കേന്ദ്രസർക്കാറിന് പാതയൊരുങ്ങിയേക്കും എന്നതാണ് അതിലേറെ ആശങ്ക പകരുന്നത്.
കേരളത്തിലെ സഹകരണ ബാങ്കിങ് മേഖല ദുർബലമാവണമെന്ന് രാഷ്ട്രീയകാരണങ്ങളാൽ കൊതിക്കുന്നവരും നിക്ഷേപസമാഹരണ കാര്യത്തിൽ സഹകരണ ബാങ്കുകളോട് അസൂയ വെച്ചുപുലർത്തുന്ന വാണിജ്യ ബാങ്കുകളും കാത്തിരിക്കുന്ന മുഹൂർത്തമാണിത്. കരുവന്നൂരിൽ കണ്ടെത്തിയ വൈറസ് വ്യാപിക്കാതെ തടയാൻ സംസ്ഥാനത്തെ സഹകാരികൾ ആത്മാർഥമായി രംഗത്തിറങ്ങിയേ തീരൂ, അല്ലാത്തപക്ഷം അത് എന്തെന്ത് അനർഥങ്ങളാണ് വരുത്തിവെക്കുക എന്നത് പ്രവചനാതീതമാണ്.
(റിട്ട. സഹകരണ ബാങ്ക് ജോയൻറ് രജിസ്ട്രാറാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.