ബി.ജെ.പി ഇപ്പോള്‍ പറയുന്നതു കേട്ടാല്‍ തോന്നും ജമ്മു-കശ്മീരില്‍ ഇതുവരെ സംഭവിച്ചതിനൊന്നും അവര്‍ക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന്. 2016 ജൂലൈ മുതല്‍ ഒരു സംസ്ഥാനത്തെ ജനം മൊത്തം കല്ലും കവണയുമായി തെരുവിലിറങ്ങിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്, ഇരുവരുടെയും ബുദ്ധികേന്ദ്രമായ അജിത് ഡോവൽ എന്നിവരുടെ നീക്കങ്ങള്‍ക്ക് ഒരു പങ്കും ഉണ്ടായിരുന്നില്ലെന്നും! സംസ്ഥാനത്തിെൻറ ഇന്നോളമുള്ള ചരിത്രത്തിലെ ഏറ്റവും പ്രക്ഷുബ്ധ കാലമായിരുന്നു ബുര്‍ഹാന്‍ വാനി വധത്തിനു ശേഷമുള്ള ജമ്മു-കശ്മീര്‍. അതിനു മുമ്പ് പി.ഡി.പി -ബി.ജെ.പി സഖ്യംകൊണ്ട് സംസ്ഥാനത്തിന് വല്ല മെച്ചവും ഉണ്ടായിരുന്നോ, മുഫ്തിയുടെയോ മഹ്ബൂബയുടെയോ കാലത്ത് കംപാഷന്‍ (ദയ), കോണ്‍ഫിഡന്‍സ് ബില്‍ഡിങ് (പരസ്പര വിശ്വാസം നിർമിച്ചെടുക്കല്‍), കമ്യൂണിക്കേഷന്‍ (ശരിയായ ആശയവിനിമയം), കോ എക്സിസ്റ്റന്‍സ് (സഹവര്‍ത്തിത്വം), കണ്‍സിസ്റ്റന്‍സി (നയപരമായ നൈരന്തര്യം) എന്നിങ്ങനെ രാജ്നാഥ് സിങ് വാഗ്ദാനം ചെയ്ത ആ അഞ്ച് ‘സി’ തത്ത്വങ്ങള്‍ ഉണ്ടായിരുന്നല്ലോ. അതില്‍ ഏതാണ് കശ്മീരില്‍ നടപ്പിലായത്? മിതവാദിയെന്ന് അറിയപ്പെടുന്ന നിർമല്‍ കുമാർ സിങ്ങിനെ ഉപമുഖ്യമന്ത്രി പദവിയില്‍നിന്നു മാറ്റി കടുത്ത വര്‍ഗീയവാദി കവീന്ദര്‍ ഗുപ്തയെ നിയമിച്ചത് എന്തിെൻറ പേരിലാണ്? കശ്മീരിലെ ഒരു സംഘടന പോലും ചര്‍ച്ചക്കു ചെല്ലാന്‍ തയാറില്ലാത്ത അവിടത്തെ ഏറ്റവും കൊടിയ മനുഷ്യാവകാശ ലംഘകരിലൊരാളായ ദിനേശ്വര്‍ ശർമയെ പുതിയ മധ്യസ്ഥനാക്കി വെച്ചത് എന്ത് നേടിയെടുക്കാനാണ്? യു.പി.എയുടെ മൊത്തം 10 വര്‍ഷം സംഭവിച്ചതിനേക്കാള്‍ കൂടുതല്‍ ഏറ്റുമുട്ടലും സംഘര്ഷവുമല്ലേ മോദിയുടെ വെറും മൂന്നു വര്‍ഷം താഴ്വരയിലുണ്ടായത്? ഇതാദ്യമായാണ് ഐക്യരാഷ്ട്ര സഭ ഇത്ര കടുത്ത ഭാഷയില്‍ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചത്? അതിന് ആധാരമാക്കിയ മുഴുവന്‍ കണക്കുകളും രാജ്നാഥ് സിങ്ങിെൻറ മന്ത്രാലയത്തിേൻറതായിരുന്നില്ലേ?
ഗുലാം നബി ആസാദും കെജ്രിവാളും ആരോപിച്ചതു പോലെ ബി.ജെ.പി പിന്‍വാങ്ങുന്നതിനു പിന്നിലെ വ്യക്തമായ കാരണം സ്വന്തം കഴിവുകേട് മറച്ചുവെക്കാനുള്ള നീക്കംതന്നെയാണ്. എന്നാൽ, അതല്ല യഥാര്‍ഥ കാരണമെന്നാണ് വ്യക്തമാകുന്നത്. ആയിരുന്നെങ്കില്‍ ബി.ജെ.പി രാഷ്ട്രപതി ഭരണത്തിന് ആഗ്രഹിക്കുമായിരുന്നില്ല. അത്തരമൊരു സാഹചര്യത്തില്‍ കേന്ദ്രത്തിെൻറ നേര്‍ക്കുനേരെയുള്ള മേല്‍നോട്ടത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിലെ റിസ്ക് ബി.ജെ.പിക്കുതന്നെയാണ്. പ്രശ്നം സംസ്ഥാനത്തെ ക്രമസമാധാന നിലയോ സുരക്ഷയുമായി ബന്ധപ്പെട്ട പ്രതിസന്ധികളോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ചെയ്യാനാവാത്ത എന്ത് സമാധാന ശ്രമമാണ് ബി.ജെ.പിക്ക് രാഷ്ട്രപതിയിലൂടെ നടത്താനാവുക? ബി.ജെ.പി -പി.ഡി.പി ഭരണകാലത്താണ് സംസ്ഥാനത്ത് ഏറ്റവുമധികം സായുധ തീവ്രവാദികൾ കൊല്ലപ്പെട്ടത്. ഇനി സ്വന്തം നിലക്ക് ഭരിക്കണമെന്നാണെങ്കില്, ജമ്മുവില്‍ പോലും പുതിയൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ ധൈര്യമില്ലാത്ത അവസ്ഥയിലാണ് ഇന്ന് ബി.ജെ.പി. 1990കളിലേതു പോലെ ഏറിയാല്‍ നാലോ അഞ്ചോ ശതമാനം മാത്രം വോട്ടുകള്‍ പോള്‍ ചെയ്യപ്പെടാനിടയുള്ള സാധ്യത പോലും ഭയക്കുന്നവരുണ്ട്. ജനപ്രതിനിധികള്‍ക്ക് ഒന്നും ചോദിക്കാനും പറയാനുമാവാത്ത സൈനിക വിളയാട്ടത്തിെൻറയും കൂടി കാലങ്ങളായിരുന്നു കശ്മീരിലെ ഓരോ രാഷ്ട്രപതി ഭരണവും. അബദ്ധങ്ങളുടെയും അസംബന്ധങ്ങളുടെയും പഞ്ചാംഗമായിരുന്നു കഴിഞ്ഞ നാലു വര്‍ഷമായി കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിവന്ന ഓരോ ഇടപെടലും. അതുകൊണ്ടുണ്ടായ ഇപ്പോഴത്തെ ദുരന്തം അതിനേക്കാള്‍ വലിയ വിവരക്കേടുകളും കൂട്ടക്കൊലകളും നടത്തി ഇല്ലാതാക്കാനാവുമെന്ന് മോദിയും രാജ്നാഥും കരുതുന്നുവെന്നാണ് ഒറ്റവാക്കില്‍ ഇപ്പോഴത്തെ രാഷ്ട്രീയ നീക്കത്തിെൻറ അര്‍ഥം.
ജമ്മു മേഖലയിലെ 37ല്‍ 25 സീറ്റിലും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയാണ് ജയിച്ചത്. താഴ്വരയില് പോലും ചരിത്രത്തിലാദ്യമായി ബി.ജെ.പിയുടെ സ്ഥാനാര്‍ഥി ഡോ. ഹിനാ ഭട്ട് ഹബ്ബകടല്‍ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തി. മിഷന് 44 എന്ന പേരില്‍ പാര്‍ട്ടിയുടെ കൊടിയും തോരണങ്ങളും എല്ലാ മണ്ഡലങ്ങളിലും നിറഞ്ഞു. അപ്പോള്‍ പിന്നെ കേന്ദ്രത്തിലിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാറിന് സ്വന്തം എം.എല്‍.എമാരിലൂടെ ജമ്മുവിനും ലഡാക്കിനും വേണ്ടി നിഷ്പ്രയാസം ചെയ്യാമായിരുന്ന ‘ഭരണ സുകൃതങ്ങള്‍’ മുഫ്തി മുഹമ്മദോ മഹ്ബൂബയോ ആയിരുന്നോ തടസ്സപ്പെടുത്തിയത്? എന്നിട്ട് താഴ്വരയിലെ കശ്മീരികള്‍ക്കു വേണ്ടി മാത്രമായി പി.ഡി.പി എന്തു ചെയ്തുവെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്? 2016 ജൂലൈ മുതല്‍ അഭംഗുരം നടത്തിവരുന്ന പെല്ലറ്റ് ഗണ്‍ വെടിവെപ്പുകളും കൂട്ടക്കൊലകളും പത്രവിലക്കും ഇൻറര്‍നെറ്റ് കട്ടും സ്കൂള്‍ അടച്ചിടലുകളും ആണോ താഴ്വരയിലുള്ളവര്ക്കു മാത്രമായി ലഭിക്കുന്ന സവിശേഷ സൗകര്യങ്ങള്‍? കശ്മീര്‍ എന്തെന്ന് നേരില്‍ കാണാത്തവര്‍ക്ക് ദേശീയ മാധ്യമ പണ്ഡിറ്റുകള്‍ എഴുതിവിടുന്ന അസംബന്ധങ്ങള്‍ വിശ്വസിക്കാനായേക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി ഒരു ജനത സഹിക്കവയ്യാതെ തെരുവിലിറങ്ങിയ സംസ്ഥാനമാണതെന്ന സത്യവും നാണംകെട്ടാണ് ബി.ജെ.പി പിന്‍വാങ്ങുന്നതെന്ന യാഥാര്‍ഥ്യവും ആരും അറിയാന്‍ പോകുന്നില്ല.
1990കള്‍ക്കു ശേഷം മുസഫറാബാദിലേക്ക് കശ്മീരില്‍നിന്നു യുവാക്കള്‍ പുറപ്പെട്ടു പോകുന്ന സാഹചര്യം പോലും പുതിയ കേന്ദ്രസര്‍ക്കാറിെൻറ ഭരണകാലത്തുണ്ടായി. ബുര്‍ഹാന്‍വാനി മാത്രമായിരുന്നില്ല കോളജ് അധ്യാപകര്‍ അടക്കമുള്ള അഭ്യസ്തവിദ്യരായ ധാരാളം യുവാക്കളുടെ പുതിയ തലമുറ തോക്കേന്തുന്നുവെന്ന് ഇക്കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പുറത്തുവന്ന എണ്ണമറ്റ റിപ്പോര്‍ട്ടുകള്‍ തെളിയിച്ചു. ജമ്മുവോ ലഡാക്കോ ആയിരുന്നില്ല യഥാര്‍ഥത്തില്‍ ഒറ്റപ്പെട്ടത്; താഴ്വരയിലെ ജനങ്ങളായിരുന്നു. എന്നിട്ടും തികച്ചും വാസ്തവ വിരുദ്ധമായ ഒരു പ്രസ്താവന നടത്താന്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി ഡല്‍ഹിയില്‍ തുനിഞ്ഞത് കശ്മീരില്‍ ബി.ജെ.പി നടത്തിവന്ന നീതിനിഷേധങ്ങളുടെ പട്ടികയിലെ അവസാനത്തെ അധ്യായമാണ്. കഠ്വ സംഭവം അന്വേഷിക്കാനും നടപടിയെടുക്കാനും മഹ്ബൂബ മുഫ്തി കാണിച്ച ഒരേയൊരു ‘ധിക്കാര’ത്തിലാവും ഈ പ്രസ്താവന ഒടുവില്‍ എത്തിനില്‍ക്കുക. ബലാത്സംഗ കേസിലെ പ്രതികള്‍ക്കു വേണ്ടി സ്വന്തം മന്ത്രിമാരെ രംഗത്തിറക്കി ജമ്മു ജനതയെ കശ്മീര്‍ ജനതക്കെതിരെ തിരിച്ചുവിട്ട, ബലാത്സംഗ കേസുമായി മുന്നോട്ടു പോയാല്‍ 1947ലെ വിഭജനകാല കൂട്ടക്കൊലകള്‍ വീണ്ടുമാവര്ത്തിക്കുമെന്ന് സ്വന്തം മന്ത്രിയെക്കൊണ്ട് പ്രസ്താവന നടത്തിച്ച്, എല്ലാറ്റിനുമൊടുവില്‍ അതേ മന്ത്രിമാരെ പരസ്യമായി പ്രതികള്‍ക്കു വേണ്ടി തെരുവിലിറക്കി റാലി നടത്തിച്ച ബി.ജെ.പി എന്ത് ‘കംപാഷനെ’യും ‘കോ എക്സിസ്റ്റന്സി’നെയും കുറിച്ച സന്ദേശമാണ് ജമ്മു-കശ്മീരിനു നല്‍കിയത്?
ശുജാഅത് ബുഖാരി കൊല്ലപ്പെട്ടതോടെത്തന്നെ കശ്മീരില്‍ അസാധാരണമായ എന്തോ ഒന്ന് സംഭവിക്കാന്‍ പോകുന്നു എന്നു വ്യക്തമായിരുന്നു. ഇന്ത്യക്കും പാകിസ്താനുമിടയില്‍ സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്കു വേണ്ടി നിരന്തരം പണിയെടുത്ത ബുഖാരി, എന്തോ ഒരു ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ ഭാഗമായിരുന്നുവെന്ന് സംശയിക്കപ്പെടുന്നതിനിടയില് കൊല്ലപ്പെട്ടു. എന്തിെൻറ പേരിലായിരുന്നു ആ കൊലപാതകമെന്ന് രാജ്യം അറിയാനിടയില്ല. മഹ്ബൂബ മുഫ്തി വലിയൊരളവോളം ഈ ചര്‍ച്ചകളുടെ ഭാഗമായിരുന്നു. അവരും പറയാന്‍ പോകുന്നില്ല. പ്രത്യക്ഷത്തിലുള്ള ചോരച്ചൊരിച്ചില്‍ അല്ലാതെ പുതിയ ഒരു അത്ഭുതവും അവിടെ സംഭവിക്കുന്നുണ്ടായിരുന്നില്ല. മുന്‍ ഐ.ബി മേധാവിയായിരുന്ന ദിനേശ്വര്‍ ശർമയുടെ കാർമികത്വത്തില്‍ 2017 മുതല്‍ നടക്കുന്ന ചര്‍ച്ചകളില്‍ ആരും പങ്കെടുക്കുന്നുണ്ടായിരുന്നില്ല. ഹുര്‍റിയത്തിലെ മിതവാദി നേതാക്കള്‍ പോലും കടുത്ത ഇന്ത്യ വിരുദ്ധനായ സയ്യിദ് അലിഷാ ഗീലാനിയോടൊപ്പം വാർത്തക്കുറിപ്പുകള്‍ ഇറക്കി ശർമയെ തള്ളിപ്പറയുന്നുണ്ടായിരുന്നു.
ജമ്മു-കശ്മീരിലുള്ളത് 250 മുതല്‍ 300 വരെ തീവ്രവാദികളാണെന്നും അവരെ നിഷ്കരുണം വെടിവെച്ചു കൊന്നാല്‍ തീരാവുന്നതേ ഉള്ളൂ അവിടത്തെ പ്രശ്നം എന്നും മോദി ഗവണ്മെൻറിനകത്ത് ചില കേന്ദ്രങ്ങള്‍ മുന്നോട്ടുവെക്കുന്ന സിദ്ധാന്തമാണ് സംസ്ഥാനത്തെ സ്ഥിതിഗതികള്‍ ഇത്ര വഷളാക്കിയത്. കശ്മീരിയെ കൊല്ലുന്നത് പാകിസ്താനുള്ള മറുപടിയായി അംഗീകരിക്കുന്ന പൊതുബോധം കഴിഞ്ഞ നാലു വര്‍ഷമായി ഇന്ത്യയില്‍ ശക്തിപ്പെട്ടതോടെ ആയുധമാണ് പ്രശ്നപരിഹാരമെന്ന തെറ്റിദ്ധാരണയിലേക്ക് ഇന്ത്യ അതിവേഗം നീങ്ങി. അജിത് ഡോവലിനു നേര്‍ക്കാണ് ഈ സിദ്ധാന്തത്തിെൻറ പിതൃത്വം ആരോപിക്കപ്പെടുന്നത്. അതു കൊണ്ടുതന്നെ ബി.ജെ.പിയും പി.ഡി.പിയും തെറ്റിപ്പിരിയുമ്പോള്‍ തത്ത്വത്തില്‍ ഭരണം ഡല്ഹിയുടേതു മാത്രമാവുകയും പേരിനെങ്കിലുമുള്ള രാഷ്ട്രീയ ചെറുത്തുനിൽപ് അവസാനിക്കുകയും ജമ്മു-കശ്മീരില്‍ മനുഷ്യാവകാശ ലംഘനങ്ങളുടെ പുതിയൊരു ദുരിതപർവം തുറക്കപ്പെടുകയുമാണ് ചെയ്യുക.
ഒരുപക്ഷേ, 2019ലെ തെരഞ്ഞെടുപ്പ് സ്റ്റണ്ടിെൻറ ഭാഗമായി 370ാം വകുപ്പ് എടുത്തുകളയുക എന്ന ആര്.എസ്.എസ് അജണ്ടയും ഇക്കൂട്ടത്തില്‍ പൊന്തിവന്നേക്കാം. അല്ലാതെ ഭരണപരാജയം തിരുത്താനോ സംസ്ഥാനത്തിനോ രാജ്യത്തിനോ വല്ല ഗുണവും കൊണ്ടുവരാനോ അല്ല ഇപ്പോഴത്തെ ഈ പിന്‍വാങ്ങലെന്ന് വ്യക്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.