ഫാഷിസ്റ്റ് കാലത്ത് അസാധാരണ സംഭവങ്ങൾ കേട്ട് ഞെട്ടാൻ പാടില്ലെങ്കിലും ശ്രീനഗറിലെ 'കശ്മീർ ടൈംസ്' ഓഫിസിന് അധികാരികൾ താഴിട്ട വാർത്ത ശരിക്കും ഞെട്ടിച്ചു. ഞെട്ടലിൽ ഉപരി അതൊരു വൈകാരികാഘാതം കൂടിയായിരുന്നു. വളരെ ഊർജസ്വലമായി പ്രവർത്തിച്ചുപോന്നിരുന്ന ഒരു പത്രസ്ഥാപനമായിരുന്നു 'കശ്മീർ ടൈംസ്'. എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ സാധ്യമായ രീതിയിൽ പോരാടാൻ ശ്രമിച്ചു വാർത്തകളും റിപ്പോർട്ടുകളും എത്തിക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന സ്ഥാപനം. ഒരുപക്ഷേ, താഴ്വരയിലെ സംഘർഷമേഖലകളിൽ എന്താണ് നടക്കുന്നതെന്ന് വായനക്കാർ അറിയേണ്ടതില്ലെന്ന് പൂട്ടിക്കെട്ടലിലൂടെ സർക്കാർ ആഗ്രഹിക്കുന്നുണ്ടാകാം.
'കശ്മീർ ടൈംസി'െൻറ എക്സിക്യൂട്ടിവ് എഡിറ്റർ അനുരാധ ഭാസിൻ ജംവാലിനെയും ഭർത്താവും പത്രത്തിെൻറ പ്രസാധകനുമായ പ്രബോധ് ജംവാലിനെയും അധികാരികൾ ലക്ഷ്യമിെട്ടന്നാണ് ഈ ഓഫിസ് അടച്ചുപൂട്ടലിൽനിന്നും മനസ്സിലാകുന്നത്. അവർ ഇരുവരും ധൈര്യശാലികളായ മാധ്യമ പ്രതിനിധികളാണ്. സർക്കാർ നിർദേശങ്ങൾക്കും സമ്മർദങ്ങൾക്കും ഒരു തരത്തിലും വഴങ്ങുന്നവരല്ല. ഈ പ്രക്ഷുബ്ധ കാലത്ത് ഒഴുക്കിനെതിരെ സഞ്ചരിക്കുന്ന വിരലിലെണ്ണാവുന്നവരാണ് അനുരാധയും പ്രബോധും. ഇൗ കാലത്ത് അത് എത്രമാത്രം പ്രയാസം നിറഞ്ഞതാണെന്ന് പറയേണ്ടതില്ല. തിരിച്ചടികളും ഭയാനകമായിരിക്കും. സർക്കാറിനെതിരെ എഴുതുന്ന സ്ഥാപനങ്ങളെ ഉന്നംവെച്ച് അവക്കുള്ള പരസ്യങ്ങൾ പിൻവലിക്കുന്നു. മാധ്യമപ്രവർത്തകർക്കായി സർക്കാർ അനുവദിച്ച വീടുകളും മാധ്യമ ഓഫിസുകളും പൂട്ടി സീൽവെക്കുന്നു. കശ്മീർ മേഖലയിൽ നിന്ന് റിപ്പോർട്ടുചെയ്യുന്ന മാധ്യമപ്രവർത്തകർ തുടർച്ചയായി ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരാകുന്നു. അവർ അധികാരികളുടെ നോട്ടപ്പുള്ളികളാകുന്നു.
താഴ്വരയിൽ നിന്ന് വാർത്തകൾ എത്തിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. കശ്മീരിെൻറ ഉള്ളുതൊട്ടറിഞ്ഞ് അടിസ്ഥാന യാഥാർഥ്യങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും നിരന്തരം ശ്രദ്ധകേന്ദ്രീകരിക്കുന്ന പ്രസിദ്ധീകരണങ്ങളിലൊന്നാണ് 'കശ്മീർ ടൈംസ്'. അനുരാധയുടെ പിതാവ് യശഃശരീരനായ വേദ് ഭാസിൻ ആണ് 'കശ്മീർ ടൈംസ്' തുടങ്ങുന്നത്. ഞാൻ അദ്ദേഹത്തെ മൂന്നു തവണയെങ്കിലും ടൈംസിെൻറ ഓഫിസിൽ വെച്ച് കണ്ടിട്ടുണ്ട്. കശ്മീരിലെ ജനങ്ങളെക്കുറിച്ചും അവർ കടന്നുപോകുന്ന ജീവിത സാഹചര്യങ്ങളെക്കുറിച്ചും നിരന്തരമായി സംവദിക്കുകയാണ് തെൻറ പത്രത്തിെൻറ ലക്ഷ്യമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഓരോ സന്ദർശനവേളയിലും കശ്മീരിനെക്കുറിച്ച ഉത്കണ്ഠ അദ്ദേഹം വെളിവാക്കി. ന്യൂഡൽഹിയിൽ നടന്ന സെമിനാറിൽ കശ്മീരിനുവേണ്ടി അദ്ദേഹം ഉയർത്തിയ ശബ്ദവും ഈ അവസരത്തിൽ ഓർക്കുന്നു. 2007ൽ ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയുടെ അക്കാദമി ഓഫ് തേർഡ് വേൾഡ് സ്റ്റഡീസിൽ നടന്ന ഏകദിന സെമിനാറിലാണ് ഞാൻ ആദ്യമായി വേദ് ഭാസിനെ കാണുന്നത്. കശ്മീരിനെക്കുറിച്ചാണ് അദ്ദേഹം ആ സെമിനാറിൽ ഉടനീളം സംസാരിച്ചത്. 'ഇവിടെ ഭയത്തിെൻറയും അവിശ്വാസത്തിെൻറയും അന്തരീക്ഷമുണ്ട്. എല്ലാതരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങളും അരങ്ങേറുന്നു. നിർദയ നിയമങ്ങൾ നിലനിൽക്കുന്നിടത്തോളം ജനങ്ങൾക്കിടയിൽ അരക്ഷിതാവസ്ഥ അനുഭവപ്പെടും. അവിശ്വാസത്തിെൻറയും ഭയത്തിെൻറയും അന്തരീക്ഷത്തിൽ ഒരു സംഭാഷണവും നടക്കില്ല. ഈ അവസ്ഥയിൽ എങ്ങനെ സാധാരണ നിലയിലേക്ക് കശ്മീരിന് മടങ്ങാനാകും- വേദ് ചോദിച്ചു.
അദ്ദേഹത്തിെൻറ 'വേദ്ജി ആൻഡ് ഹിസ് ടൈംസ്- കശ്മീർ: ദ വേ ഫോർവേഡ്. സെലക്ടിവ് വർക്സ് ഓഫ് വേദ് ഭാസിൻ' എന്ന പുസ്തകത്തിൽ 'ജമ്മു-കശ്മീർ:സംവാദവഴികൾ' എന്നൊരു അധ്യായമുണ്ട്. കശ്മീരിനെ സംബന്ധിച്ച് ആത്മവിശ്വാസം വളർത്താനുതകുന്ന നിരവധി മാർഗങ്ങൾ ഇൗ അധ്യായത്തിൽ ഉടനീളം വിവരിക്കുന്നു. കശ്മീർ സംവാദത്തിനുള്ള അടിത്തറ ഒരുക്കേണ്ടതെങ്ങെനയെന്ന് അദ്ദേഹം വിവരിക്കുന്നുണ്ട്. ഇരുകരകളിലുമായി താമസിക്കുന്ന ജമ്മു-കശ്മീരിലെ എല്ലാ ജനവിഭാഗങ്ങളുടെയും പൂർണവും സജീവവുമായ പങ്കാളിത്തമില്ലാതെ കശ്മീരിൽ സമാധാനപരമായ ചർച്ചകൾ നടത്താനാവില്ലെന്ന് അദ്ദേഹം പറയുന്നു. ജമ്മു-കശ്മീർ ജനതയുടെ മേൽ ഒരു പരിഹാരമാർഗവും അടിച്ചേൽപിക്കരുത്. അത് തുറന്ന സംഭാഷണങ്ങളിലൂടെ ഉയർന്നുവരേണ്ടതാണ്.
താഴ്വരയിലെ മാധ്യമപ്രവർത്തകരും ഫോട്ടോ ജേണലിസ്റ്റുകളും എല്ലായ്പോഴും കടുത്ത പ്രതിബന്ധങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നു. ശ്രീനഗർ അവന്തിപോറയിലുള്ള ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ജേണലിസം വിഭാഗം മേധാവിയാണ് ഡോ. റുഹീല ഹസൻ. 'താഴ്വരയിലെ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ സെൻറർ ഫോർ മീഡിയ സ്റ്റഡീസ് സംഘടിപ്പിച്ച സെമിനാറിൽ അവർ സംസാരിക്കുന്നത് കേൾക്കാൻ അവസരമുണ്ടായി.
'കശ്മീരിലെ മാധ്യമങ്ങളുടെ നിലനിൽപിനായുള്ള പോരാട്ടം അവർ ഒരിക്കലും യഥാർഥസ്വാതന്ത്ര്യം അനുഭവിച്ചിട്ടില്ല എന്നതിെൻറ തെളിവാണ്. 1924ലെ ഡോഗ്ര നിയമമാകെട്ട, 1947-53 കാലഘട്ടത്തിലെ നാഷനലിസ്റ്റ് ഗവൺമെൻറ്, ശൈഖ് അബ്ദുല്ല (1948 -53), ഗുലാം മുഹമ്മദ് ബക്ഷി (1953-63), ഗുലാം മുഹമ്മദ് സാദിഖ് (1964-71), നാഷനൽ കോൺഫറൻസ് (1975-82 / 1986 -90) എന്നിവരുടെ കാലങ്ങളിലേതാകട്ടെ, കശ്മീർ മാധ്യമങ്ങൾ സ്വാതന്ത്ര്യത്തിെൻറ വായു ശ്വസിച്ചിട്ടില്ല. എന്തിനേറെ, ഒരു കാലത്ത് മാധ്യമസ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനെ വരെ സംസ്ഥാന ഭരണകൂടങ്ങൾ എതിർത്തുപോന്നു. അനുമതി ലഭിച്ചവയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സംനിന്നു. 1932 ലെ ജമ്മു-കശ്മീർ പ്രസ് പബ്ലിക്കേഷൻ ആക്ട് പോലെയുള്ള നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ട് സ്ഥാപനങ്ങളെ വരിഞ്ഞുമുറുക്കി. അച്ചടിശാലകൾ കണ്ടുകെട്ടുകയും മാധ്യമപ്രവർത്തകർക്ക് ഉയർന്ന സെക്യൂരിറ്റി നിക്ഷേപം ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം ജനങ്ങൾക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ലഭിച്ചെങ്കിലും മാധ്യമങ്ങളുടെ ദുരവസ്ഥ തുടർന്നു. പഴയ നിയമങ്ങൾ ഭേദഗതി ചെയ്ത് മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്ന കൂടുതൽ കടുത്ത നിയമങ്ങൾ നിലവിൽവന്നു.
1990 മുതലുള്ള കശ്മീരിലെ അമിതാധികാര പ്രയോഗത്തിെൻറ ഫലമായുണ്ടായ അനിയന്ത്രിത സാഹചര്യങ്ങൾ സ്ഥിതി കൂടുതൽ വഷളാക്കി. അഭിപ്രായ സ്വാതന്ത്ര്യ നിഷേധം മാത്രമല്ല, മാധ്യമപ്രവർത്തകരുടെ ജീവനുവരെ ഭീഷണിയുണ്ടായി. മാധ്യമപ്രവർത്തകരുടെ സഞ്ചാരസ്വാതന്ത്ര്യവും വിവരശേഖരണത്തിനുള്ള അവകാശവും കവർന്നെടുക്കപ്പെട്ടു. നിരവധി മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടപ്പെട്ടു. പലരും തടങ്കലിലായി. മാധ്യമപ്രവർത്തകരും അധികാരികളും തമ്മിൽ നിരവധി വിഷയങ്ങളിൽ ഏറ്റുമുട്ടി. സ്റ്റേറ്റ് പ്രസ് ബിൽ പിൻവലിപ്പിക്കുന്നതിലടക്കം മാധ്യമപ്രവർത്തകർ വിജയിച്ചു. ചിലതിൽ പരാജയപ്പെട്ടു.'
താഴ്വരയിലെ 77 ശതമാനം മാധ്യമപ്രവർത്തകരും ഒൗദ്യോഗിക കൃത്യനിർവഹണത്തിനിടെ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയരായിട്ടുള്ളവരാണെന്ന് സർവേ ഫലങ്ങൾ വിശദീകരിച്ചു ഡോ. റുഹീല ഹസൻ പറഞ്ഞു. 21 ശതമാനം ജേണലിസ്റ്റുകളും ദേശീയ, സംസ്ഥാന സർക്കാറുകളാൽ നിയമനടപടി നേരിടുന്നവരാണ്. ഒ.എസ്.എ, പി.എസ്.എ, സ്റ്റേറ്റ് സുരക്ഷ എന്നീ നിയമങ്ങളിൽപെടുത്തി അവരെ അധികാരികൾ ശ്വാസം മുട്ടിക്കുന്നു. 20 ജേണലിസ്റ്റുകൾ കൊല്ലപ്പെട്ടു. നിരവധി പേരെ തട്ടിക്കൊണ്ടുപോകുകയും തടവിലാക്കുകയും ചെയ്തു. 25ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു. താഴ്വരയിൽ മാധ്യമസ്വാതന്ത്ര്യം നിലനിൽക്കുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് 80 ശതമാനം മാധ്യമപ്രവർത്തകരും.
മാധ്യമപ്രവർത്തകരും അവരുടെ തൊഴിലിടങ്ങളും വീടകവും ഒക്കെ നഗ്നമായി ടാർഗറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന കെട്ട കാലഘട്ടമാണ് കടന്നുപോകുന്നത്. തീർച്ചയായും നമ്മൾ ഉണരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഫാഷിസ്റ്റ് നീക്കങ്ങളെ തടയാനുള്ള സമയമായിരിക്കുന്നു. ഇനിയും തടുത്തില്ലെങ്കിൽ ദൈനംദിനം ലഭിക്കേണ്ട വാർത്തകളാവും നഷ്ടപ്പെടുത്തേണ്ടി വരുക.
◆◆◆
നിലോഫർ സുഹ്രവർദിയുടെ
പുതിയ പുസ്തകം
എഴുത്തുകാരി, മാധ്യമപ്രവർത്തക, പ്രഭാഷക എന്നീ നിലകളിൽ സുപരിചിതയായ നിലോഫർ സുഹ്രവർദിയുടെ ഏറ്റവും പുതിയ പുസ്തകമാണ് 'ദിസ് ഇൗസ് ലവ്!: പോയംസ് ഓൺ ലവ്, ആൻഗ്വിഷ് ആൻഡ് മോർ'.
ജീവിതം…ഞാൻ കേട്ടിട്ടുണ്ട്
നേർത്ത നൂലിൽ തൂക്കിയിരിക്കുന്നു,
പിരിമുറുക്കങ്ങളുടെ
ഭാരത്താൽ തൂങ്ങുന്ന
ചലിക്കുന്ന പെൻഡുലം
കാലമാകുന്ന കാറ്റ്
നേർത്ത അലയൊലികൾ തീർക്കുന്നു
ജീവിതം എേൻറതാണ്
ഒരു ശൂന്യത
എനിക്ക് എതിരിടാനാവില്ല
പൊള്ളയായൊരവബോധം
എല്ലായിടത്തും
എല്ലാവരിലും
എനിക്ക് ചുറ്റും ഞാൻ കാണുന്നു.
ഞാനതിനെ വെറുക്കുന്നു.
പക്ഷേ, എന്തോ എന്നോട് പറയുന്നു,
ക്രമേണ ആ പൊള്ളത്തരം
എന്നെ ഭക്ഷിക്കും
കടിച്ചുകീറുക വേരുകൾ
എെൻറ അസ്തിത്വത്തിെൻറ,
എെൻറ മൂല്യങ്ങളുടെ,
ഞാൻ യുദ്ധം ചെയ്താലും
ഇല്ലെങ്കിലും.
എനിക്കറിയാം
പൊള്ളയായതിനെ
ജീവൻ പുറന്തള്ളുമെന്ന്
അതെെൻറ മരണമെങ്കിലും...
●
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.