കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും സര്‍ക്കാറിന്‍െറ കള്ളക്കളിയും

പെട്രാ ക്രെഷേഴ്സിന് അനുകൂലമായ ഹൈകോടതി സിംഗ്ള്‍ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലും, ചീഫ് സെക്രട്ടറിയുടെ അനുബന്ധ സത്യവാങ്മൂലത്തിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന കേരളത്തിലെ 123 വില്ളേജുകളും ഇപ്പോഴും പരിസ്ഥിതിലോല മേഖലയില്‍ ആണെന്ന് പ്രസ്താവിച്ചതിനു പിന്നില്‍ ഉന്നതതല രാഷ്ട്രീയ ഉദ്യോഗസ്ഥ ഗൂഢാലോചനയുണ്ട്. കേരളം കണ്ട ഏറ്റവും നെറികെട്ട ആ ഗൂഢാലോചനയുടെ പൊരുള്‍ അറിയണമെങ്കില്‍ രണ്ടുമൂന്നു കൊല്ലം പിറകോട്ട് പോകണം.

പശ്ചിമഘട്ട പര്‍വതനിരകളിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട മാധവ് ഗാഡ്ഗില്‍ ചെയര്‍മാനായുള്ള വെസ്റ്റേണ്‍ ഘട്സ് ഇക്കോളജി എക്സ്പര്‍ട്ട് പാനല്‍  സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് (ഗാഡ്ഗില്‍ റിപ്പോര്‍ട്ട്) എതിരെ രാജ്യവ്യാപകമായി അതിരൂക്ഷമായ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് കൂടുതല്‍ വസ്തുനിഷ്ഠമായ പഠനം നടത്തുന്നതിന് കസ്തൂരിരംഗന്‍ കമീഷന്‍ നിയോഗിക്കപ്പെട്ടു. കേരളത്തിലെ വിവിധ ജില്ലകളിലായി സ്ഥിതിചെയ്യുന്ന 123 വില്ളേജുകള്‍ പരിസ്ഥിതി ലോല മേഖലയില്‍ (ഇ.എസ്.എ) ആണെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കണ്ടത്തെല്‍.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തത്ത്വത്തില്‍ അംഗീകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2013 നവംബറില്‍ പുറപ്പെടുവിച്ച ഓഫിസ് മെമ്മോറാണ്ടവും അനുബന്ധ ഉത്തരവുകളും പുത്തന്‍ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതിന് വീണു കിട്ടിയ നിധികുഭംപോലെ സഹായകമാണെന്ന് കേരളത്തിലെ ഇടതുമുന്നണി രാഷ്ട്രീയത്തിലെ ചാണക്യന്മാര്‍ തിരിച്ചറിഞ്ഞതോടെയാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിവാദമായത്്.

പിന്നീട് നടന്നത് ചരിത്രമാണ്. അതിജീവനത്തിനായി കേഴുന്ന സമൂഹത്തെ മുഴുവന്‍ ഭീതിയുടെയും ആശങ്കയുടെയും മുള്‍മുനയില്‍ നിര്‍ത്തി കല്ലുവെച്ച നുണക്കഥകള്‍ പ്രചരിപ്പിച്ചു. തുടര്‍ച്ചയായി ബന്ദിനു സമാനമായ ഹര്‍ത്താലുകള്‍ക്കും പ്രതിഷേധ സമരങ്ങള്‍ക്കും കേരളം വേദിയായി.

അന്ന് സംസ്ഥാനം ഭരിച്ചിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം ചെയ്യുന്ന ജനങ്ങളോട് ഐക്യദാര്‍ഢ്യം രേഖപ്പെടുത്തുകയും പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുകൂട്ടി റിപ്പോര്‍ട്ട് നടപ്പാക്കരുതെന്ന്  പ്രമേയം പാസാക്കുകയും ചെയ്തു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും  തോട്ടങ്ങളും ഒഴിവാക്കി പരിസ്ഥിതി ലോല മേഖലയുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിക്കണമെന്ന സുചിന്തിത നിലപാടാണ് യു.ഡി.എഫ് സര്‍ക്കാര്‍ കൈക്കൊണ്ടത്. ലക്ഷ്യപ്രാപ്തിക്കു വേണ്ടി സംസ്ഥാന ബയോ ഡൈവേഴ്സിറ്റി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മന്‍ വി. ഉമ്മന്‍െറ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയെ നിയോഗിക്കുകയും പഞ്ചായത്തുതല സമിതികള്‍ രൂപവത്കരിക്കുകയും ചെയ്തു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന 123 വില്ളേജുകളും വിദഗ്ധ സമിതി പഞ്ചായത്തുതല സമിതികളുടെ സഹായത്തോടെ നേരിട്ടു പരിശോധിച്ച് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഒഴിവാക്കി പരിസ്ഥിതിലോല മേഖലകളുടെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണയിച്ച് റിപ്പോര്‍ട്ടും പ്ളാനും തയാറാക്കി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പ്രസ്തുത റിപ്പോര്‍ട്ട് അംഗീകരിച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം 2014 മാര്‍ച്ചില്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു.

യു.ഡി.എഫ് നിര്‍ദേശത്തിന് അംഗീകാരം
123 വില്ളേജുകളിലെയും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അവശേഷിക്കുന്ന ഇ.എസ്.എയുടെ ഭൂപടം കേരളത്തിലെ ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്‍െറ വെബ്സൈറ്റില്‍ ലഭ്യമാണെന്നും കേരളം ഒഴിച്ചുള്ള മറ്റ് അഞ്ചു സംസ്ഥാനങ്ങളിലെ ഇ.എസ്.എ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ള പ്രകാരംതന്നെ ആയിരിക്കുമെന്നും പരിസ്ഥിതി ലോല മേഖലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിരോധന പ്രവൃത്തികളില്‍ ഇളവു വേണമെന്നുമുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ ആവശ്യം അംഗീകരിച്ചിട്ടുണ്ടെന്നും 2014 മാര്‍ച്ചിലെ കരട് വിജ്ഞാപനത്തിലും കരട് വിജ്ഞാപനത്തിന് മുന്നോടിയായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച 20.12.2013, 4.3.2014 എന്നീ തീയതികളിലെ ഓഫിസ് മെമ്മോറാണ്ടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്.

പ്രസ്തുത കരട് വിജ്ഞാപനം വന്നതോടെ കേരളത്തിലെ 123 വില്ളേജുകളിലെയും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. അതോടെ 13.11.2013 തീയതിയിലെ ഓഫിസ് മെമ്മോറാണ്ടത്തില്‍ പ്രതിപാദിച്ചിട്ടുള്ള വിലക്കുകളും നിര്‍ദേശങ്ങളും ഇ.എസ്.എയില്‍നിന്ന് ഒഴിവാക്കപ്പെട്ട പ്രദേശങ്ങള്‍ക്ക് ബാധകമല്ലാതാകുകയും ചെയ്തു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുണ്ടായ കോലാഹലങ്ങളും വിവാദങ്ങളും അതോടെ അവസാനിക്കേണ്ടതായിരുന്നു. പക്ഷേ, സംഭവിച്ചതു നേരെമറിച്ചാണ്. മലബാര്‍ മേഖലയില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സമരം നയിച്ചിരുന്ന പശ്ചിമഘട്ട ജനസംരക്ഷണ സമിതി 2014 മാര്‍ച്ചിലെ കരട് വിജ്ഞാപനം അംഗീകരിച്ച് സമരം അവസാനിപ്പിച്ചുവെങ്കിലും ഇടുക്കി ജില്ലയില്‍ സമരം നയിച്ച ഹൈറേഞ്ച് സംരക്ഷണ സമിതി സമരത്തില്‍നിന്ന് പിന്മാറിയില്ല. 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ അവിശുദ്ധ വിജയം നേടാനായി ഹൈറേഞ്ച് സംരക്ഷണ സമിതിയും ഇടതുമുന്നണിയും തോളോടുതോള്‍ ചേര്‍ന്ന് വീണ്ടും കള്ളക്കഥകള്‍ പ്രചരിപ്പിച്ചു. ഹര്‍ത്താലും സമരപരമ്പരകളും തുടര്‍ക്കഥയായി. 2014 മാര്‍ച്ചിലെ കരട് വിജ്ഞാപനത്തിനുശേഷവും ഇടുക്കി ജില്ലയിലെ 47 വില്ളേജുകളും പരിസ്ഥിതി ലോല മേഖലയിലാണെന്ന കള്ളപ്രാചരണം അഴിച്ചുവിട്ടു. എല്ലാം ഒരു തെരഞ്ഞെടുപ്പു ജയത്തിനു വേണ്ടി.

കേരളം ഒഴിച്ചുള്ള മറ്റ് അഞ്ചു സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടിന് എതിരെ ആക്ഷേപം ബോധിപ്പിക്കാത്തതിനാല്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാനായില്ല എന്നതാണ് യാഥാര്‍ഥ്യം. അക്കാരണത്താലാണ് കേന്ദ്ര വനം -പരിസ്ഥിതി വകുപ്പ് 04.09.2015ല്‍ വീണ്ടും കരടു വിജ്ഞാപനം പുറപ്പെടുവിച്ചത്. പ്രസ്തുത കരടു വിജ്ഞാപനം യു.പി.എ സര്‍ക്കാര്‍ പുറപ്പെടുവിച്ച 2014 മാര്‍ച്ചിലെ കരടു വിജ്ഞാപനത്തിന്‍െറ തനിയാവര്‍ത്തനമാണ്. കസ്തൂരിരംഗന്‍ വിഷയത്തില്‍ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ നയം അംഗീകരിച്ചു എന്നതിന്‍െറ സ്പഷ്ടമായ തെളിവാണ് 4.9.2015ലെ കരടു വിജ്ഞാപനം.

2014 മാര്‍ച്ച്, 2015 സെപ്റ്റംബര്‍ മാസങ്ങളിലെ കരടു വിജ്ഞാപനം വന്നതോടെ മൂന്നു കാര്യങ്ങള്‍ സംശയാതീതമായി തെളിഞ്ഞു.

  1. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ച 123 വില്ളേജുകളിലെ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എയില്‍നിന്ന് പൂര്‍ണമായും ഒഴിവാക്കപ്പെട്ടു.
  2. കേരളത്തിലെ ഇ.എസ്.എയുടെ അതിര്‍ത്തികള്‍ സംസ്ഥാന സര്‍ക്കാറിന്‍െറ ബയോ ഡൈവേഴ്സിറ്റി ബോര്‍ഡിന്‍െറ വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന പ്രകാരമാണ്.
  3. 13.11.2013 തീയതിയിലെ ഓഫിസ് മെമ്മോറാണ്ടത്തില്‍ പ്രതിപാദിക്കുന്ന നിര്‍ദേശങ്ങളും വിലക്കുകളും ഇ.എസ്.എയില്‍ നിലനിര്‍ത്തിയ പ്രദേശങ്ങള്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂ.

കേരളത്തിലെ ഒരിഞ്ചു ഭൂമിപോലും ഇ.എസ്.എ ആയി പ്രഖ്യാപ്പിക്കരുതെന്ന് പറയാന്‍ ആര്‍ക്കും ആവില്ല. പ്രകൃതി സംരക്ഷിക്കാന്‍ വേണ്ടി ഒന്നും ത്യജിക്കില്ല എന്നു ശഠിക്കുന്നത് വരും തലമുറയോട് ചെയ്യുന്ന കൊടിയ അപരാധമാണ്. ഇനിയും അവശേഷിക്കുന്ന വനമെങ്കിലും സംരക്ഷിക്കപ്പെടണം -ഭാവി തലമുറക്കു വേണ്ടി, ലോക നന്മക്കു വേണ്ടി. അതുകൊണ്ടാണ് ഇപ്പോള്‍ വനമായി നിലനില്‍ക്കുന്നതും വനംവകുപ്പ് വനമായി സംരക്ഷിക്കുന്നതുമായ പ്രദേശങ്ങള്‍ മാത്രമായി കേരളത്തിലെ ഇ.എസ്.എയുടെ അതിര്‍ത്തികള്‍ പരിമിതപ്പെടുത്തണം എന്ന ബദല്‍ നിര്‍ദേശം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ദൗര്‍ഭാഗ്യകരം എന്നു പറയട്ടെ, ഇടതു മുന്നണി സര്‍ക്കാര്‍ അതിനുവേണ്ടി ചെറുവിരല്‍പോലും ഇതുവരെ അനക്കിയിട്ടില്ല.

സത്യം ഇതൊക്കെയാണെങ്കില്‍ എന്തുകൊണ്ടാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന 123 വില്ളേജുകള്‍ ഇപ്പോഴും പരിസ്ഥിതിലോല മേഖലയില്‍ ആണ് എന്ന് സംസ്ഥാന സര്‍ക്കാര്‍ കേരള ഹൈകോടതിയില്‍ തര്‍ക്കിച്ചത്? ഉത്തരം വളരെ ലളിതമാണ്. 2014ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് വേളയിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പു വേളയിലും ഇടതു മുന്നണി പറഞ്ഞതും പ്രചരിപ്പിച്ചതും എല്ലാം കള്ളമായിരുന്നു എന്ന് അംഗീകരിക്കാനുള്ള ജാള്യം.

സെപ്റ്റംബര്‍ 2015ലെ കരടു വിജ്ഞാപന പ്രകാരംതന്നെ കേന്ദ്ര സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് ഉറപ്പായതിനാല്‍ ‘എല്ലാം ശരിയാക്കിയത്’ ഇടതു മുന്നണി സര്‍ക്കാറാണെന്ന് വരുത്തിത്തീര്‍ത്ത് വരുന്ന തെരഞ്ഞെടുപ്പുകളിലും നേട്ടം ഉണ്ടാക്കുക എന്നതാണ് രണ്ടാമത്തെ പ്രേരണ. സുപ്രധാനമായ മറ്റൊരു കാര്യംകൂടിയുണ്ട്. അന്തിമ വിജ്ഞാപനം വരുന്നതുവരെ 13.11.2013ലെ ഓഫിസ് മെമ്മോറാണ്ടം നിലനില്‍ക്കും എന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ മാത്രമേ 13.11.2013ലെ ഓഫിസ് മെമ്മോറാണ്ടത്തിന് പ്രാബല്യമുള്ളൂ എന്ന് പ്രസ്തുത ഓഫിസ് മെമ്മോറാണ്ടത്തില്‍ എടുത്തുപറഞ്ഞിട്ടുണ്ട്.  മെമ്മോറാണ്ടങ്ങളും തുടര്‍ന്നു വന്ന രണ്ട് തീയതികളിലെ കരടു വിജ്ഞാപനങ്ങളും വന്നതോടെ 2013ലെ ഓഫിസ് മെമ്മോറാണ്ടത്തിന് പ്രാബല്യമില്ലാതായി എന്നതാണ് സത്യം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ സംബന്ധിച്ചിടത്തോളം 04.09.2015ലെ കരടു വിജ്ഞാപനത്തിനു മാത്രമാണ് നിലവില്‍ പ്രാബല്യമുള്ളത്. അതു പ്രകാരം കേരളത്തിലെ 123 വില്ളേജുകളിലെയും ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും തോട്ടങ്ങളും ഇ.എസ്.എയില്‍ വരില്ല. അവശേഷിക്കുന്ന ഇ.എസ്.എ ഏതാണ് എന്ന് അറിയാന്‍ അന്തിമ വിജ്ഞാപനം വരുന്നതുവരെ കാത്തിരിക്കേണ്ടിവരും.

കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാറിന്‍െറ ശ്രമഫലമായിട്ടാണ് കേരള ജനത ആഗ്രഹിക്കുന്നതുപോലെയുള്ള അന്തിമ വിജ്ഞാപനം വരുന്നതെന്ന് വരുത്തിത്തീര്‍ക്കുകയാണ് ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചനയുടെ പൊരുള്‍. സത്യം ആര്‍ക്കും എല്ലാകാലത്തേക്കും മറച്ചുവെക്കാനാവില്ല. ഒരു നാള്‍ വജ്രശോഭയോടെ അത് തെളിഞ്ഞുവരും. ആ വെളിച്ചത്തില്‍ ഇടതു മുന്നണിയുടെയും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെയും കറുത്ത മുഖം പൊതുസമൂഹം തിരിച്ചറിയും.

(ഇടുക്കി ജില്ല മുന്‍ ഗവണ്‍മെന്‍റ് പ്ളീഡറാണ് ലേഖകന്‍)

Tags:    
News Summary - kasturirangan report and the fake play of govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT