കിഫ്ബിയുടെ ഓഡിറ്റ് റിപ്പോർട്ടിനെ ചുറ്റിപ്പറ്റിയുള്ള ആശയക്കുഴപ്പങ്ങൾക്കിടയിൽ സത്യം എന്തെന്ന് തിരിച്ചറിയാതെ അതൊരു കടംകഥയായി അവശേഷിക്കുന്നു. ഈ അവസരത്തിൽ പുകമറ മാറ്റി സത്യം തുറന്നുകാട്ടാനാണ് ഈ ലേഖനം. ഓഡിറ്റ് റിപ്പോർട്ടിെൻറ സാരാംശം, മസാല ബോണ്ട് വഴി കിഫ്ബിക്കുവേണ്ടി ഗവൺമെൻറ് കടബാധ്യത ഏറ്റെടുത്തത് ഭരണഘടനയുടെ ആർട്ടിക്ക്ൾ 293(1)െൻറ ലംഘനമാണെന്നാണ്.
ഈ സത്യം ഗവൺമെൻറ് നിഷേധിച്ചിട്ടില്ല. ബാധ്യത ആകസ്മികം (contingent) ആണെങ്കിൽകൂടി അത് ഭരണഘടനലംഘനമാണ്. കരട് റിപ്പോർട്ടിൽ പറയാത്ത കാര്യങ്ങൾ അന്തിമ റിപ്പോർട്ടിൽ കൂട്ടിച്ചേർത്തു എന്നാണ് ആക്ഷേപം. യഥാർഥത്തിൽ അന്തിമ റിപ്പോർട്ടിെൻറയും സാരാംശം മേൽപറഞ്ഞതുതന്നെ. അതിെൻറ വസ്തുനിഷ്ഠമായ വിശദീകരണം മാത്രമാണ് അന്തിമ റിപ്പോർട്ടിൽ അധികമായിട്ടുള്ളത്.
എന്തുകൊണ്ട് ബജറ്റ് ഇതര കടമെടുപ്പ്?
ഇതിെൻറ ഉത്തരം വേണമെങ്കിൽ സംസ്ഥാനത്തിെൻറ പൊതുവായ സാമ്പത്തികസ്ഥിതിയെപ്പറ്റി ഒരു കാഴ്ചപ്പാട് ആവശ്യമാണ്. ഉറക്കം കെടുത്തുന്ന അക്കങ്ങൾ നിരത്തിവെച്ച് അതു വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. ഒറ്റ കാര്യത്തിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. 2018-19ലെ കണക്കുപ്രകാരം അതുവരെ എടുത്ത കടത്തിെൻറ പലിശയും റവന്യൂ കമ്മിയും തുല്യമാണ്.
അതായത്, 17,000 കോടി രൂപ. പലിശ അടക്കാൻ വേണ്ടി കടം എടുക്കേണ്ട അവസ്ഥവിശേഷത്തിനാണ് കടക്കെണി എന്നു പറയുന്നത്. കടമെടുക്കാതെ ഇനി പിടിച്ചുനിൽക്കാനാവില്ല എന്ന സ്ഥിതിവിശേഷം ഒരു വശത്ത്; മറുവശത്ത് സംസ്ഥാനത്തിെൻറ കടം ചരക്കു സേവന ഉൽപാദന മൂല്യത്തിെൻറ (GSDP) മൂന്നു ശതമാനം എന്ന പരിധിയും കവിഞ്ഞിരിക്കുന്നു. അങ്ങനെ നിൽക്കക്കള്ളിയില്ലാതെ വന്നതുകൊണ്ടാണ് മസാലബോണ്ട് വഴി വിദേശത്തുനിന്ന് കടമെടുക്കാൻ ഗവൺമെൻറ് നിർബന്ധിതമായത്. ഈ കടമെടുപ്പിെൻറ വിശദാംശങ്ങൾ ഓഡിറ്റ് റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടുണ്ട്.
എന്തായാലും ഭരണഘടനലംഘനം നടന്നപ്പോൾ അത് കണ്ടില്ല എന്ന് സി.എ.ജി നടിച്ചാൽ അത് പ്രതിജ്ഞലംഘനമാകും. ഭരണഘടനപ്രകാരമുള്ള സി.എ.ജിയുടെ പ്രതിജ്ഞ അവസാനിക്കുന്നത് ഇങ്ങനെയാണ്: ''I will uphold the constitution and the laws.'' ഇന്ത്യൻ ഒാഡിറ്റ് അക്കൗണ്ട്സ് വകുപ്പിെൻറ മുദ്രാവാക്യം 'ജനനന്മക്കായ് സത്യാന്വേഷണം' എന്നാണ്.
കഥയുടെ ചുരുളഴിച്ചാൽ
ജനങ്ങളുടെ അറിവിലേക്കായി ഈ കടംകഥയുടെ ചുരുളഴിക്കാൻവേണ്ടി സി.എ.ജി റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ താഴെ ഉദ്ധരിക്കുന്നു.
(a) ധനകാര്യസ്ഥാപനങ്ങളിൽനിന്നു ബോണ്ടുകൾ മുതലായവ മുഖാന്തരം 3106.57 കോടി രൂപയുടെ കടമെടുപ്പ് കിഫ്ബി 2018-19 വരെ നടത്തി. കിഫ്ബിക്ക് കൈമാറാനായി സ്വന്തം വരുമാനത്തിൽ നിന്നു കേരള സർക്കാർ മാറ്റിെവച്ച പെേട്രാളിയം സെസ്, മോട്ടോർ വാഹനനികുതി വിഹിതം എന്നിവയിൽനിന്നാണ് ഇത് തിരിച്ചടക്കേണ്ടത്. ഈ കടമെടുപ്പിൽ വിദേശരാജ്യങ്ങളിൽനിന്നു മസാല ബോണ്ടുകൾവഴി ലഭ്യമായ 2150 കോടി രൂപയും ഉൾപ്പെടുന്നു.
(b) കിഫ്ബിക്ക് വരുമാന േസ്രാതസ്സ് ഒന്നും ഇല്ലാത്തതിനാൽ സംസ്ഥാന സർക്കാർ ഗാരൻറി നൽകിയ കിഫ്ബിയുടെ കടമെടുപ്പുകൾ ആത്യന്തികമായി സർക്കാറിെൻറ പ്രത്യക്ഷബാധ്യതകളായി മാറാം. ഇത്തരം കടമെടുപ്പുകൾ സംസ്ഥാന സർക്കാർ തിരിച്ചടക്കുന്നപക്ഷം 14ാം ധനകാര്യ കമീഷെൻറയും കേരള സാമ്പത്തിക ഉത്തരവാദിത്ത നിയമത്തിലെയും ധനകമ്മിയുടെ മൂന്നു ശതമാനമെന്ന പരിധി (Fiscal deficit: GSDP) മറികടക്കുന്നത് അനിവാര്യമാക്കി തീർക്കും.
(c) ഭരണഘടനയുടെ 293ാം അനുച്ഛേദത്തിെൻറ കീഴിൽ നിശ്ചയിച്ച കടമെടുപ്പുകളുടെ പരിധിയെ ബൈപാസ് ചെയ്യുന്ന ഓഫ് ബജറ്റ് കടമെടുപ്പുകളെ കിഫ്ബിയുടെ കടമെടുപ്പുകൾ പ്രതിനിധാനം ചെയ്യുന്നു. അക്കൗണ്ടുകളിലെയോ ബജറ്റ് ഡോക്യുമെൻറുകളിലെയോ disclosure statementകളിൽ ഇത്തരം കടമെടുപ്പുകൾ ഉൾപ്പെടുത്തിയിട്ടില്ല. ആയതിനാൽ അതിന് നിയമസഭയുടെ അനുമതിയും ഇല്ല.
(d) കടമെടുപ്പുകളുടെ പ്രധാന പങ്കും മസാല ബോണ്ടുകൾ വഴിയാണ് നടത്തിയത് എന്നു കാണുന്നു. ഇത്തരം കടമെടുപ്പുകൾ ബാഹ്യമായ വാണിജ്യപരമായ കടമെടുപ്പുകളാണ്. എന്നാൽ, ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിലെ ഒന്നാം പട്ടികയിലെ 37ാം എൻട്രി പ്രകാരം വിദേശ കടമെടുപ്പുകൾക്കുള്ള അധികാരം കേന്ദ്ര സർക്കാറുകൾക്കു മാത്രമാണ്.
സർക്കാറിെൻറ തനത് റവന്യൂ വിഭവങ്ങൾ വഴിയാണ് മൊത്തം തിരിച്ചടവും നടത്തുന്നത്. അതിനാൽ ഇത്തരം വിദേശ കടമെടുപ്പുകൾ എല്ലാ രീതിയിലും സംസ്ഥാന സർക്കാറിെൻറ കടമെടുപ്പുകളാണ്. അതിനാൽ ഇവ ഭരണഘടന വ്യവസ്ഥകളുടെ ലംഘനവും കേന്ദ്രത്തിെൻറ അധികാരത്തിന്മേലുള്ള സംസ്ഥാന സർക്കാറിെൻറ കടന്നുകയറ്റമായി കാണാവുന്നതാണ്. സംസ്ഥാന സർക്കാറിന് കിഫ്ബി വഴി വിദേശ കടമെടുപ്പിന് ആർ.ബി.െഎ നൽകിയ അനുമതി ചോദ്യംചെയ്യപ്പെടാവുന്നതുമാണ്. ഈ മാതൃക മറ്റു സംസ്ഥാനങ്ങളും തുടരുന്നപക്ഷം കേന്ദ്ര സർക്കാറിെൻറ അറിവിൽപെടാതെ രാജ്യത്തിെൻറ ബാഹ്യമായ ബാധ്യതകൾ ഗണ്യമായി വർധിക്കാനിടയാക്കും.
ബജറ്റിൽ വെളിപ്പെടുത്താതെ ഇത്തരം ബാധ്യതകൾ സൃഷ്ടിക്കുന്നത് സുതാര്യതയിലും inter generational equityയിലും സംശയം ജനിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് സി.എ.ജി റിപ്പോർട്ട് ഉപസംഹരിക്കുന്നത്. Inter generational equity എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അടുത്ത തലമുറയോടുള്ള കടപ്പാടാണ്. കിഫ്ബി വഴിയുള്ള കനത്ത ബാധ്യതകൾ സംസ്ഥാന ഖജനാവിന് ആഘാതമാവുമെന്ന് മാത്രമല്ല, അടത്ത തലമുറയോടുള്ള അനീതിയുമായിരിക്കും.
(മുൻ അക്കൗണ്ടൻറ് ജനറലാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.