'ഹണിമൂൺ ഹോട്ടൽ ഹനുമാൻ ഹോട്ടലായി'; സുബൈറിനെ അറസ്റ്റ് ചെയ്തത് എന്തിനെന്നറിയാം

വ്യാജ വാർത്തകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്ന ഫാക്ട് ഫൈൻഡിങ് വെബ്സൈറ്റായ 'ആൾട്ട് ന്യൂസി'ന്റെ സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ കഴിഞ്ഞ ദിവസം ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2018ൽ സുബൈർ പങ്കുവെച്ച ഒരു ട്വീറ്റുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ചുള്ള കേസിലാണ് നടപടി. സംഭവം എന്താണെന്ന് ഒന്ന് പരിശോധിക്കാം. തിങ്കളാഴ്ച അറസ്റ്റ് ചെയ്ത സുബൈറിനെ ഒരു ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

2018 മാർച്ചിൽ നടത്തിയ ട്വീറ്റിന്‍റെ പേരിലാണ് പൊലീസ് നടപടി. ഇന്ത്യൻ ശിക്ഷാ നിയമം 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയെന്നും 295 (എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് കേസ്. യതി നരസിംഹാനന്ദ, മഹന്ദ് ബജ്റംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവർ നടത്തിയ വിദ്വേഷപ്രസംഗം ആൾട്ട് ന്യൂസ് പുറത്ത് വിട്ടിരുന്നു. തുടർന്ന് ആൾട്ട് ന്യൂസിനെതിരെ ഹിന്ദുത്വ വാദികൾ സൈബർ ആക്രമണം നടത്തി. ഈയിടെ കേന്ദ്രസർക്കാറിനെ പ്രതിരോധത്തിലാക്കിയ ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നതും ആൾട്ട് ന്യൂസാണ്.

2018ലാണ് സുബൈർ ട്വിറ്ററിൽ ഒരു പോസ്റ്റ് പങ്കുവെക്കുന്നത്. 2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ എന്നായിരുന്നു പേര്. 2014ന് ശേഷം ഹനുമാൻ ഹോട്ടൽ എന്നായി മാറി എന്നായിരുന്നു ബോളിവുഡ് സിനിമയിൽനിന്നുള്ള ഒരു ചിത്രം സഹിതം സുബൈർ പോസ്റ്റ് ചെയ്തത്. ഇത് ഹിന്ദു മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി ഹനുമാൻ ഭക്ത് എന്ന പേരിലുള്ള ഒരു ട്വിറ്റർ ഹാൻഡിൽ നൽകിയ പരാതിയിലാണ് പൊലീസ് സുബൈറിനെ അറസ്ററ് ചെയ്തത്. ഈ ട്വിറ്റർ ഹിൻഡിലിന് ആകട്ടെ, ആകെ ഒരു ഫോളോവർ മാത്രമാണ് ഉള്ളത്. ഹൃഷികേശ് മുഖർജി സംവിധാനം ചെയ്ത് 1983ൽ പുറത്തിറങ്ങിയ 'കിസി സേ ന കഹനാ' എന്ന ചിത്രത്തിൽനിന്നുള്ളതാണ് സുബൈർ പങ്കുവെച്ച ദൃശ്യം. ഇതാണ് ഇപ്പോൾ മതസ്പർധ വളർത്തുന്ന കേസാക്കി എടുത്തിരിക്കുന്നത്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 153 (കലാപമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെ പ്രകോപനം സൃഷ്ടിക്കുക), 295 (ഏതെങ്കിലും വർഗത്തിന്റെ മതവികാരങ്ങളെ അപമാനിക്കുന്നതിലൂടെ അവരുടെ മതവികാരങ്ങളെ പ്രകോപിപ്പിക്കാൻ ഉദ്ദേശിച്ചുള്ള ബോധപൂർവവും ക്ഷുദ്രകരമായ പ്രവൃത്തികൾ) പ്രകാരമാണ് സുബൈറിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. 2018 മാർച്ച് 24നാണ് സുബൈർ പ്രസ്തുത ട്വീറ്റ് പങ്കുവെക്കുന്നത്.

അന്വേഷണത്തിൽ സുബൈറിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് കണ്ടെത്തിയതായും ഈ വിഷയത്തിലെ ഗൂഢാലോചനയുടെ ചുരുളഴിയാൻ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.

പൊലീസിൽ പരാതിപ്പെട്ട ട്വിറ്റർ ഹാൻഡിൽ 2021 ഒക്ടോബറിൽ ആരംഭിച്ചതിന് ശേഷം ഒരു തവണ മാത്രമാണ് ട്വീറ്റ് ചെയ്തത്. ജൂൺ 19ന് പ്രസിദ്ധീകരിച്ച സുബൈറിനെ ലക്ഷ്യമിട്ടുള്ള ട്വീറ്റ് മാത്രമാണുള്ളത്.

സുബൈറിനെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിനെ പ്രേരിപ്പിച്ച ട്വീറ്റിലെ ഹോട്ടൽ സൈൻബോർഡിന്റെ ചിത്രം 2018 മാർച്ചിൽ ഇന്ത്യൻ എക്‌സ്‌പ്രസിലെ ഒരു ലേഖനത്തിലെ പ്രധാന ചിത്രമായി ഉപയോഗിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. സിനിമയിലെ ഒരു സ്ക്രീൻ ഷോട്ട് ആണ് സുബൈിറിന്റെ ട്വീറ്റ്. അതാകട്ടെ 1983ൽ പുറത്തിറങ്ങിയ സിനിമയിലെ ദൃശ്യത്തിൽനിന്നുള്ളതാണ്. സെൻസർ ബോർഡ് കൃത്യമായി ക്ലിയർ ചെയ്യുകയും അതിനുശേഷം ടെലിവിഷനിൽ എണ്ണമറ്റ തവണ പ്രദർശിപ്പിക്കുകയും ചെയ്തത്.

സുബൈറിനെ 'ഹിന്ദുഫോബിക്' ആയി ചിത്രീകരിക്കാനുള്ള ഒരു സംഘടിത പ്രചാരണം അടുത്തിടെയായി ഉയർന്നിരുന്നു. മുൻ ബി.ജെ.പി വക്താവ് നൂപുർ ശർമ്മ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമർശങ്ങൾ നടത്തുന്ന വീഡിയോ സുബൈർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിന് തൊട്ടുപിന്നാലെയാണ് ഇത് സംഭവിച്ചത്. ഇന്ത്യയിലും വിദേശത്തും വ്യാപകമായ രോഷം ഉളവാക്കുകയും ഒടുവിൽ ബി.ജെ.പി അവരെ സസ്‌പെൻഡ് ചെയ്യുന്നതിലേക്ക് നയിക്കുകയും ചെയ്തിരുന്നു.

തന്റെ ജീവനും ഭീഷണിയുണ്ടാകാൻ കാരണം സുബൈറിന്റെ റിപ്പോർട്ടിംഗാണെന്ന് നൂപൂർ ശർമ്മ ആരോപിച്ചതിന് പിന്നാലെ സുബൈറിനും ഭീഷണികൾ ലഭിച്ചു തുടങ്ങി. #ArrestMohammedZubair എന്ന ഹാഷ്‌ടാഗ് ദേശീയതലത്തിൽ ഹിന്ദുത്വ തീവ്രവാദികൾ ട്രെൻഡ് ചെയ്യാൻ തുടങ്ങി. ഉത്തർപ്രദേശ് പൊലീസ് സുബൈറിനെതിരെ കേസെടുത്തിരുന്നു.

ബി.ജെ.പി-സംഘ്പരിവാർ നേതാകകളുടെ വികല പ്രസ്താവനകളെ പരിഹസിച്ച് കൊണ്ട് സുബൈർ ട്വിറ്ററിൽ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ മതവികാരം വ്രണപ്പെടുത്തലാണെന്ന് കാട്ടി പൊലീസ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

Tags:    
News Summary - Kissi Se Na Kehna! Mohammed Zubair Arrested for Tweeting Photo from 1983 Hindi Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-14 01:21 GMT