അവസാനമായി യാചനാസ്വരത്തോടെ എനിക്ക് സംസാരിക്കാനുള്ളത് ഇന്ത്യയിലെ ഹിന്ദുത്വവാദികളോടാണ്. അതേ, യാചനാസ്വരത്തോടെ തന്നെ. അതിൽ അഭിമാനപ്രശ്നം ഇല്ല. കാരണം ചെറിയ പ്രകോപനം പോലും നിങ്ങളെ പ്രതികാരബുദ്ധികളാക്കി മാറ്റിയാൽ അതിെൻറ ഫലം ജനങ്ങളാണ് അനുഭവിക്കേണ്ടത്. ഇന്ന് ഇന്ത്യയെ എന്തുമാക്കാൻ കെൽപുള്ളവരാണല്ലോ നിങ്ങൾ. ഹിന്ദുത്വവാദികളിൽ വർഗീയ അജണ്ട കൊണ്ട് ഭൗതികപ്രയോജനം ഇല്ലാത്തവരും ഉള്ളവരും ഉണ്ട്. ഭൗതികപ്രയോജനം ഇല്ലാത്തവർക്ക് വർഗീയത ഒരു വൈകാരികപ്രശ്നമാണ്. ഹിന്ദുക്കളായ തങ്ങളെ നശിപ്പിക്കുന്ന ശത്രുക്കൾ ന്യൂനപക്ഷങ്ങൾ, വിശേഷിച്ച് മുസ്ലിംകളാണെന്നാണ് ഇത്തരക്കാരുടെ വിശ്വാസം. അതുകൊണ്ടാണ് വായ തുറക്കുമ്പോഴെല്ലാം നിങ്ങളിൽ മുസ്ലിം വിരോധത്തിെൻറ നാറ്റം പുറത്തടിക്കുന്നത്.
മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കാണണമെന്ന മനോഭാവത്തിലേക്കുപോലും നിങ്ങൾ അറിയാതെ വഴുതുന്നുണ്ട്. നോട്ട് നിരോധനത്തെ തുടർന്ന് മണിക്കൂറുകളോളം ബാങ്കിൽ ക്യൂ നിൽക്കേണ്ടി വന്നപ്പോൾ, ‘ആയ്ക്കോട്ടെ, പണക്കാരായ മാപ്ലമാർ കുടുങ്ങുമല്ലോ’ എന്നായിരുന്നല്ലോ നിങ്ങളുടെ പ്രതികരണം. റമദാൻ മാസാരംഭത്തിൽ മൃഗസംരക്ഷണത്തിെൻറ പേരിൽ മാട്ടിറച്ചി കച്ചവടം ദുഷ്കരമാക്കിയപ്പോൾ നിങ്ങളിലെ ബീഫ്പ്രിയർപോലും ഇറച്ചി കഴിക്കാഞ്ഞാൽ ആള് ചത്ത് പോകുമോ എന്ന് തർക്കിക്കാൻ മുതിർന്നു. കാർഷികഇന്ത്യയുടെ നട്ടെല്ലൊടിച്ച് മാംസക്കച്ചവടത്തെ കോർപറേറ്റുകളിലെത്തിക്കുന്ന വികലനയം സഹമതസ്ഥരോടുള്ള കെറുവുമൂലം നിങ്ങൾക്ക് തിരിച്ചറിയാനായില്ല. എന്തിനാണ് ഈ അന്ധമായ വിദ്വേഷം? നിഷ്കളങ്കരേ, ഹിന്ദുക്കളുടെ നാശത്തിന് കാരണം മുസ്ലിംകളാണെന്ന നിങ്ങളുടെ ധാരണക്ക് ഒരു അടിസ്ഥാനവുമില്ല. കച്ചവടക്കാരായ അറബികളിലൂടെയും മറ്റും ഇസ്ലാം ഇങ്ങോട്ടുവന്നപ്പോൾ നാട്ടാരുടെ ജീവിതനിലവാരം മെച്ചപ്പെടുകയാണ് ചെയ്തത്. മുഗൾ ഭരണകാലത്തും ഇന്ത്യ സാമ്പത്തികമായും സാംസ്കാരികമായും പുരോഗതി പ്രാപിച്ചു. ഹൈന്ദവ ദർശനങ്ങളുടെ കാതലായ ഉപനിഷത്തുകൾ പരിഭാഷയിലൂടെ പുറംലോകം കാണിച്ചത് ദാരാ ഷുക്കോവ് എന്ന മുഗൾ രാജകുമാരനാണ്. കേരളത്തിലും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും സാധാരണക്കാർ പണത്തിെൻറ പച്ചപ്പറിഞ്ഞത് ഗൾഫിലെ മുസ്ലിം രാജ്യങ്ങളിൽ പണിയെടുത്തിട്ടല്ലേ? ഒന്ന് ആലോചിക്കൂ, നിങ്ങളുടെ കാടുപിടിച്ചു കിടന്ന തറവാട്ടുപറമ്പ് വിൽക്കാനും പെങ്ങളുടെ കല്യാണം ഗംഭീരമായി നടത്താനും സാധിച്ചത് മാപ്ലമാർ അത് പൊന്നുംവിലക്കെടുത്തതു കൊണ്ടല്ലേ? മാപ്ല നല്ല ശകുനമാണെന്ന ഹിന്ദുവിശ്വാസത്തിൽപോലും അവർ ഐശ്വര്യം കൊണ്ടുവരുന്നു എന്ന യാഥാർഥ്യം ഒളിഞ്ഞിരിക്കുന്നില്ലേ?
ശശി തരൂരിെൻറ ‘ആൻ ഇറാ ഓഫ് ഡാർക്നെസ്- ഇംപീരിയൽ റൂൾ ഇൻ ഇന്ത്യ’ എന്ന ഗ്രന്ഥം വായിച്ചു നോക്കൂ. ഇരുനൂറു വർഷത്തെ ഭരണം കൊണ്ട് ഭാരതത്തിെൻറ സത്ത് വലിച്ചൂറ്റി ചണ്ടി പണ്ടാറമാക്കിയത് ബ്രിട്ടീഷുകാരാണെന്ന് കാണാം. തങ്ങൾ ചെയ്ത മഹാപരാധം മറച്ചുപിടിക്കാനാണ് അവർ ഹിന്ദുക്കളെയും മുസ്ലിംകളെയും തമ്മിൽത്തല്ലിച്ച് ഹിന്ദുവിനെ നശിപ്പിക്കുന്ന ശത്രു മുസ്ലിമാണെന്ന് വരുത്തിത്തീർത്തത്. 1925ൽ ആർ.എസ്.എസ് സ്ഥാപിച്ച ഡോ. കേശവബലിറാം ഹെഡ്ഗെവാർ ആജന്മ ബ്രിട്ടീഷ് വിരോധിയായിരുന്നു. ഇന്ത്യൻ നാഷനൽ കോൺഗ്രസിെൻറ സംസ്ഥാന കമ്മിറ്റിയിലടക്കം മെമ്പറായിരുന്ന ഹെഡ്ഗേവാർ 1940ൽ മരിക്കും വരെ നിസ്സഹകരണപ്രസ്ഥാനത്തിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും പങ്കെടുത്തു. പക്ഷേ, ഹെഡ്ഗേവാറിെൻറ മരണശേഷം സർസംഘ് ചാലകായി വന്ന ഗുരു ഗോൾവൽക്കർ സ്വാതന്ത്ര്യസമരത്തോട് മുഖം തിരിച്ച് ബ്രിട്ടീഷ് സേവ നടത്തുകയാണ് ചെയ്തത്. Don't waste your energy in fighting British, use it to fight the internal enemies like Muslims, Christians and Communists എന്ന് അദ്ദേഹത്തെക്കൊണ്ട് പ്രസ്താവിപ്പിക്കുന്ന തരത്തിൽ അപ്പോഴേക്ക് കൊളോണിയലിസം നിങ്ങളെ മസ്തിഷ്കപ്രക്ഷാളനം ചെയ്തു. സത്യത്തിൽ, രാവണനിഗ്രഹാർഥം ശ്രീരാമപത്നിയാകേണ്ട സീതക്ക് രാവണൻ തന്നെ ഗർഭമുണ്ടാക്കി എന്ന് വിലപിക്കേണ്ട അവസ്ഥയിലായി സ്വയംസേവക് സംഘം. ഇതാണ് സാമ്രാജ്യത്വത്തിെൻറ ചതിക്രമം.
1947 ആഗസ്റ്റ് 15ന് അർധരാത്രി സ്വാതന്ത്ര്യം ലഭിച്ച് 60 വർഷമാകുമ്പോഴെങ്കിലും ഒന്ന് നേരം വെളിച്ചമാകേണ്ടേ? ഇപ്പോൾ നിങ്ങളുടെ ആൾക്കാർ തലയിലേറ്റുന്ന അമേരിക്കൻ സാമ്രാജ്യത്വവും ഇതേ വഞ്ചന തന്നെയാണ് ഇന്ത്യക്കാരോട് ചെയ്യാൻ പോകുന്നത്. അതിനാൽ വിഡ്ഢിയാക്കപ്പെടുന്നതിെൻറ ജാള്യം ഓർത്തെങ്കിലും നിങ്ങളൊന്ന് മാറ്റി ചിന്തിക്കുക. നേതൃത്വത്തെ മാറ്റിച്ചിന്തിക്കാൻ േപ്രരിപ്പിക്കുക.
വർഗീയ അജണ്ടകൊണ്ട് ഭൗതികപ്രയോജനങ്ങൾ ലഭിക്കുന്ന ഹിന്ദുത്വവർഗീയവാദികളോടാണ് ഇനി കേണുനോക്കാനുള്ളത്. ന്യൂനപക്ഷവിദ്വേഷമല്ല, അതുകൊണ്ടുള്ള ഗുണഫലങ്ങളാണ് നിങ്ങളെ സത്യത്തിൽ പ്രചോദിപ്പിക്കുന്നത്. ഫിനാൻസ് കാപിറ്റലിസത്തിെൻറ ഒടുങ്ങാത്ത ആർത്തി അപരനോടുള്ള അസഹിഷ്ണുത ലോകം മുഴുക്കെ ഉൗട്ടിവളർത്തുകയാണല്ലോ. ഈ അവസ്ഥയിൽ ഒന്നും ചെയ്തുകൊടുക്കാതെതന്നെ വെറും അന്യമത വിദ്വേഷം കുത്തിവെച്ച് ഭൂരിപക്ഷമതസ്ഥരുടെ പിന്തുണ നേടാൻ സാധിക്കും. ആ പകിട കഴിഞ്ഞ യു.പി. ഇലക്ഷനിൽ പരീക്ഷിച്ച് വിജയം കൈവരിച്ച് കഴിഞ്ഞു. ഇനിയും അത് തുടരുമായിരിക്കും. അതേപോലെ മാലേഗാവ്, അജ്മീർ ദർഗ, മക്ക മസ്ജിദ് എന്നിവിടങ്ങളിലെ ദുരന്തങ്ങളെല്ലാം മുസ്ലിംകളെ കുടുക്കാൻ നിങ്ങളുടെ ആൾക്കാർ ചെയ്ത കൊടുംവഞ്ചനയാണെന്ന് വെളിപ്പെട്ടു കഴിഞ്ഞു. ‘സത്യമേവ ജയതേ’ എന്ന ഉപനിഷദ് ദർശനത്തെ കൊഞ്ഞനം കുത്തിയാണ് ഹിന്ദു--മുസ്ലിം ധ്രുവീകരണത്തിനു വേണ്ടി ഇതെല്ലാം നിങ്ങൾ ചെയ്തത്.
എന്നാൽ, അധികാരത്തിെൻറ സുഖലഹരി വെടിഞ്ഞൊന്നു ചിന്തിച്ച് നോക്കൂ. വർഗീയത നാടിനും നാട്ടാർക്കും പടരുന്ന കാൻസറാണ്. താൽക്കാലിക നേട്ടങ്ങൾക്കൊടുവിൽ അത് നിങ്ങളെയും കൊണ്ടേ പോകൂ; കുഴിമാടത്തിൽപോലും സ്വൈരം നൽകാതെ. ആ അവസാന നാശത്തിനുമുമ്പ് തന്നെ നിങ്ങൾ നടപ്പാക്കുന്ന വികലനയം ഇന്ത്യയുടെ പ്രതിച്ഛായ തകർക്കും. ഇപ്പോൾ എന്തെല്ലാമായാലും ഇന്ത്യക്കാരനെന്ന് പറഞ്ഞാൽ മറ്റ് രാജ്യക്കാർക്ക് അത്യാവശ്യം മതിപ്പുണ്ട്. വിദ്വേഷം ഒട്ടുമില്ല. എന്നാൽ, ബീഫ് കാർഡും ഘർവാപസിയും ന്യൂനപക്ഷങ്ങൾക്കെതിരായ ചതികളുമായി മുന്നോട്ടുപോയാൽ സ്ഥിതി മാറും. ഭൂമിയുടെ മുക്കിലും മൂലയിലും ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന ഇന്ത്യക്കാരെൻറ ‘ഗുഡ്വിൽ’ അവതാളത്തിലാകും. പിന്നെ നിങ്ങൾ പിടിച്ച് ആണയിടുന്ന ഹിന്ദുക്കൾ ലോകത്ത് ചെറിയ ന്യൂനപക്ഷം മാത്രമാണെന്ന് ഓർമ വേണം. ഒന്നാം സ്ഥാനത്ത് ക്രിസ്ത്യാനികളും രണ്ടാം സ്ഥാനത്ത് മുസ്ലിംകളുമാണ്. രാജ്യാന്തര സഞ്ചാരം അടിക്കടി കൂടുന്ന കാലത്ത് കണ്ടേടത്തുവെച്ച് ഹിന്ദുവിനെ കാച്ചുക എന്ന നിലപാട് ക്രിസ്ത്യാനികളും മുസ്ലിംകളും സ്വീകരിച്ചാൽ എന്താണ് നിങ്ങൾ ചെയ്യുക? അതിനാൽ ഹിന്ദുവിെൻറ ആത്മാവിനെ മാത്രമല്ല, മനസ്സിനെ മാത്രമല്ല, ശരീരത്തെപ്പോലും കേടുവരുത്തുന്ന ചെയ്തികളാണ് നിങ്ങളുടേതെന്ന് തിരിച്ചറിയുക.
നൂറു വർഷമായി തീറ്റിപ്പോറ്റി വളർത്തിയ വർഗീയപശു പാലുചുരത്താൻ നേരത്ത് കൈയൊഴിക്കുകയോ എന്ന് ഈ സന്ദർഭത്തിൽ തോന്നുന്നുണ്ടല്ലേ? ശരിയാണ്, വർഗീയത ൈകയൊഴിച്ചാൽ അധികാരം പോകും. ഇല്ലെങ്കിൽ രാജ്യവും പോകും. ചെകുത്താനും കടലിനുമിടയിലുള്ള ഈ അവസ്ഥയിലും സൂക്ഷിച്ച് നോക്കിയാൽ രണ്ടും സംരക്ഷിക്കാനുള്ള ഒരു പുനർജനി നൂഴൽ നിങ്ങൾക്ക് മുന്നിലുണ്ട്. ദൈവത്തെയോർത്തെങ്കിലും, നിങ്ങളൊരു ധീരകൃത്യം ചെയ്യണം.
ഹിന്ദു-മുസ്ലിം വൈരം നാട്ടിൽ സൃഷ്ടിച്ചത് ബ്രിട്ടീഷുകാരായിരുന്നെന്ന് ഇതാ കണ്ടുപിടിച്ചു കഴിഞ്ഞെന്ന് ഒരു ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട് ‘മൻ കീ ബാത്തി’ൽ പ്രഖ്യാപിപ്പിക്കണം. അതിനാൽ ഇനി ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ഇടശ്ശേരിയുടെ ‘ഇസ്ലാമിെൻറ വന്മല’യിലേതു പോലെ പുലരുന്നതായിരിക്കും. സവർക്കർ, ഗുരുജി ഗോൾവൽക്കർ, ശ്യാംപ്രസാദ് മുഖർജി തുടങ്ങി നിങ്ങൾ അവകാശപ്പെടുന്ന ഭാരതസ്നേഹികളായ ഗുരുകാരണവന്മാർ കൊളോണിയലിസ്റ്റുകളാൽ തെറ്റിദ്ധരിക്കപ്പിക്കപ്പെട്ടവരായിരുന്നു. അവർ വഞ്ചിക്കപ്പെട്ടതിന് പ്രതികാരമായിട്ടുകൂടി ഞങ്ങളിതാ വർഗീയത ത്യജിച്ച് സമുദായമൈത്രിയുടേതായ ഇന്ത്യക്കുവേണ്ടി പ്രതിജ്ഞാബദ്ധരാകുന്നു, പുത്തൻ കൊളോണിയലിസ്റ്റുകളുമായി ഇടയുന്നു എന്ന് പ്രധാനമന്ത്രി വിളംബരം ചെയ്യണം. മുസ്ലിംകളിലെ പിന്നാക്കക്കാർക്കും സ്ത്രീകൾക്കും വേണ്ടി പൊഴിക്കുന്ന മുതലക്കണ്ണീരിൽ സത്യസന്ധതയുടെ ഉപ്പ് കലരണം. നിങ്ങൾക്ക് വോട്ട് ചെയ്തവരിൽ ബഹുഭൂരിപക്ഷവും മൗലികമായി മുസ്ലിം വിരോധികളോ ന്യൂനപക്ഷദ്വേഷികളോ അല്ലാത്തതിനാൽ ഈ പ്രഖ്യാപനത്തിെൻറ പേരിൽ അവർ അകലുകയില്ല. പിന്നെ അപരദ്വേഷം ജനിതകപ്രശ്നമായ ചെറിയൊരു ശതമാനം തെറ്റിപ്പിരിയുമായിരിക്കും. പക്ഷേ, അതിെൻറ പതിന്മടങ്ങായിരിക്കും ശരിയായ ഭാരതീയ സംസ്കാരത്തിലേക്ക് പരിണമിച്ചതിലൂടെ നിങ്ങൾക്ക് ലഭിക്കാൻ പോകുന്ന ജനപിന്തുണ. എന്നെപ്പോലുള്ള എഴുത്തുകാരും കലാകാരന്മാരും അസ്പൃശ്യത മാറ്റിവെച്ച് നിങ്ങളെ വാരിപ്പുണരും. ഉദാത്തമായ ഹിന്ദുസംസ്കാരം സ്വീകരിച്ചാണെങ്കിൽ പത്തല്ല, ഇരുപതല്ല, നൂറ് വർഷം വേണമെങ്കിൽ നരേന്ദ്ര മോദിയോ, യോഗി ആദിത്യനാഥോ പിൻഗാമികളോ ഭരിച്ചുകൊള്ളട്ടെ. നിങ്ങൾ വിളിക്കുന്ന ‘ഭാരത് മാതാ കീ ജയ്’, ‘ഭാരത് മാതാ കീ പരാജയ്’ ആകാതിരിക്കാനാണ് ഇൗ അപേക്ഷ ഒരു ഹൈന്ദവൻ മുന്നോട്ടുവെക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.