വയനാട് പടിഞ്ഞാറത്തറയിൽ തയാറാക്കുന്ന ‘ന്യൂട്ടി’ ഐസ്ക്രീമിനു പിന്നിൽ ഒരുകൂട്ടം വനിതകളുടെ പ്രതീക്ഷയുടെ മാധുര്യം. ഏറെ ജനപ്രീതിയോടെ മുന്നേറുന്നതിനിടയിൽ കോവിഡ് കാലത്ത് രണ്ടു വർഷത്തോളം യൂനിറ്റ് അടച്ചിടേണ്ടിവന്നതോടെ, കയ്പേറിയ അനുഭവങ്ങളിലൂടെയാണ് അവർ കടന്നുപോവുന്നത്.
കുടുംബശ്രീ കൽപറ്റ േബ്ലാക്ക് പഞ്ചായത്തിൽ 2013ൽ നടപ്പാക്കിയ ‘സമഗ്ര’ പൈലറ്റ് പ്രോജക്ടിന്റെ ഭാഗമായി, തുടങ്ങിയ പശുവളർത്തൽ പദ്ധതിയിലൂടെയാണ് ഐസ്ക്രീം നിർമാണ യൂനിറ്റിലേക്കുള്ള യാത്ര ആരംഭിക്കുന്നത്. 2015ഓടെ നബാർഡിന്റെ സഹായത്തോടെ ഈ ഗ്രൂപ്പിനെ കുപ്പാടിത്തറ കുറുമണി കൊറ്റുകുളത്തെ ബാണ അഗ്രോ ആൻഡ് അലൈഡ് പ്രൊഡ്യൂസർ കമ്പനി (ബാബ്കോ) ആക്കി രജിസ്റ്റർ ചെയ്തു.
60 ലക്ഷം രൂപയോളം വിലമതിക്കുന്ന ഏഴു സെന്റ് സ്ഥലവും കെട്ടിടവും അടങ്ങുന്ന ഐസ്ക്രീം നിർമാണ യൂനിറ്റിൽ ചോക്കോബാർ, തൈര്, ചോക്ലറ്റ്, പനീർ, പേഡ, നെയ്യ് എന്നീ ഉൽപന്നങ്ങളും ബാബ്കോ നിർമിച്ചിരുന്നു.
രണ്ടു വർഷത്തോളം ഉൽപാദനം നിർത്തിവെക്കേണ്ടിവന്നതോടെ വായ്പ തിരിച്ചടവ് കുടിശ്ശികയായി. ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിക്കാൻ വാഹനമോ കടകളിൽ നൽകാൻ ഫ്രീസറുകളോ സ്വന്തമായി ഇല്ലാത്തതിനാൽ കുടുംബശ്രീ, സർക്കാർ മേളകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മാത്രം ഒതുങ്ങുകയാണ് ഇപ്പോൾ വിപണനം.
കമ്പനിക്ക് 105 ഓഹരി ഉടമകളുണ്ട്. പ്രാദേശികമായി പാൽ ശേഖരിച്ച് രാസവസ്തുക്കൾ ചേർക്കാതെ ശുദ്ധമായ ഐസ്ക്രീം ഉപഭോക്താക്കൾക്ക് എത്തിക്കുന്ന യൂനിറ്റിനെ ലാഭകരമാക്കി മാറ്റാനുള്ള ശ്രമത്തിലാണിവർ. പതിനാറാം മൈൽ സ്വദേശി ഗീതയാണ് ബാബ്കോയുടെ സി.ഇ.ഒ. നിലവിൽ സി.ഇ.ഒ അടക്കം അഞ്ചു ജോലിക്കാരാണുള്ളത്. ആവശ്യത്തിനു ഫണ്ടും പ്രഫഷനൽ സഹായവും ലഭിച്ചാൽ സ്വപ്നങ്ങളുടെ മാധുര്യവും കുളിർമയും വരുംകാലത്തും നിലനിർത്താനാവുമെന്ന ആത്മവിശ്വാസം ഈ വനിതകൾക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.