യഹൂദരാജ്യത്തിലെ രാജാക്കന്മാരിൽ രണ്ടാമനും ഗോലിയാത്ത് എന്ന ഭീകരനെ സ്വന്തം കവണയിൽ കവർന്നവനുമായ ദാവീദിനെ കുട്ടനാട്ടുകാരൻ വി.സി. തോമസിെൻറയും ഏലിയാമ്മയുടെയും മകൻ മനസ്സിൽ കൊണ്ടുനടന്നത് രാജയോഗത്തിലുള്ള കമ്പം വെച്ചാണെന്നൊക്കെ അസൂയാലുക്കൾ പറഞ്ഞേക്കാം. എന്നാൽ, എളിമയുടെ രാജാവിനെയാണ് താൻ കുടിയിരുത്തിയതെന്ന് തോമസ് ചാണ്ടി പറയും. അശരണർക്ക് ആശ്രയമായിത്തീരുകയെന്ന അമ്മയുടെ അരുളപ്പാടിന് ദാവീദ്പുത്രെൻറ പേരിൽ ചാരിറ്റബിൾ സൊസൈറ്റി ഒരുക്കുേമ്പാഴും സാക്ഷാൽ ശലോമോെൻറ വിനയംതന്നെ മുന്നിട്ടുനിന്നത്. എന്നാൽ, ‘‘എെൻറ ജീവനെടുക്കാൻ നോക്കുന്നവർ എനിക്കായി കെണിവെക്കുന്നു; എന്നെ ദ്രോഹിക്കാൻ നോക്കുന്നവർ നാശത്തെപ്പറ്റി സംസാരിക്കുന്നു; അവർ ദിവസം മുഴുവൻ അടക്കം പറയുന്നതു വഞ്ചനയാണ്’’ എന്നു കർത്താവിനോട് സങ്കടപ്പെട്ട ദാവീദിെൻറ ഗതിയാണിപ്പോൾ ഇൗ 70ാം വയസ്സിൽ വന്നു പെട്ടിരിക്കുന്നത്. അതും പത്തഞ്ഞൂറു പേർക്ക് പണികൊടുത്തതല്ലാതെ നൂറും നൂറ്റമ്പതും കോടി മുടക്കിയിട്ടും കരകയറിക്കിട്ടാത്ത കായൽ റിസോർട്ടിെൻറ പേരിൽ.
പാപി ചെല്ലുന്നിടം പാതാളം എന്ന പരുവത്തിൽ എങ്ങനെ പെട്ടുവെന്നു മാത്രം പിടിയില്ല. പണത്തിനല്ലാതെ മറ്റൊന്നിനും മനസ്സോ ശരീരമോ പറക്കാത്ത കാലത്താണ് പാർലമെൻററി പൂതി തീർക്കാൻ ഇഷ്ടവത്സലനായ ലീഡർ കരുണാകരൻ കുട്ടനാട് വെച്ചുനീട്ടിയത്. പാർലമെൻറിലേക്കു കണ്ട കമ്പം അസംബ്ലിയിലേക്കാക്കി ചുരുക്കേണ്ടിവന്നെങ്കിലും സമ്മതം മൂളി. എന്നാൽ, സീറ്റ് വീതം വെപ്പിലേക്കെത്തിയ നേരത്ത് ലീഡർ കിടപ്പിലായപ്പോൾ അസൂയക്കാർ അപ്പം കൊത്തിക്കൊണ്ടുപോയി. കഞ്ഞിഖദറിെൻറ രാഷ്ട്രീയത്തിൽ ചുറ്റിത്തിരിയാതെ നാലു ചക്രത്തിനുള്ള വകയൊപ്പിക്കാനുള്ള അമ്മയുടെ ആജ്ഞയിൽ പണ്ടേ കുവൈത്തിലേക്കു കടന്നതാണ്. അവിടെ 40 കൊല്ലം ചുട്ടുപൊള്ളുന്ന മണലാരണ്യം കിളച്ചുമറിച്ചു. വിയർപ്പുമണികളിൽനിന്നു പൊന്നുരുക്കി കുവൈത്തിലും റിയാദിലും നാട്ടുകാർക്ക് നാലക്ഷരം കൂട്ടിവായിക്കാനുള്ള സ്കൂളുകൾ പടുത്തുയർത്തി. നൂറുകണക്കിനു നാട്ടുകാർക്ക് തൊഴിൽ നൽകി തീറ്റിപ്പോറ്റി. തന്നെ പൊന്നാക്കി മാറ്റിയ നാടിനെ അത്രമേൽ സ്നേഹിക്കയാൽ പേരുതന്നെ കുവൈത്ത് ചാണ്ടിയായി. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നാണല്ലോ. ഒടുവിൽ അവിടെയും മിച്ചമായതു പേരുദോഷം. കുവൈത്ത് സാൽമിയയിലെ ഇന്ത്യൻ സ്കൂളിെൻറ ഫണ്ടിൽനിന്ന് 420 ദശലക്ഷം രൂപ തിരിമറി ചെയ്തെന്ന് കേസായി, അറസ്റ്റ്, ശിക്ഷാവിധി... പത്തര ദശലക്ഷം തിരിച്ചുകൊടുത്ത് ജാമ്യത്തിലിറങ്ങിയെന്ന് മാധ്യമങ്ങൾ. കൂട്ടുപ്രതികളെന്നു പറയപ്പെട്ട മാധ്യമപ്രവർത്തകനും സർക്കാറുദ്യോഗസ്ഥനുമൊക്കെ ജാമ്യമെടുത്തും എടുക്കാതെയും നാട്ടിലേക്കു മുങ്ങിയപ്പോഴും ചാണ്ടി നിയമത്തിെൻറ വഴിയിൽ നീന്തി പിന്നെയും അക്കരെ പറ്റി. കേസും കൂട്ടവുമായി മുന്നോട്ടുപോയവർ അന്നത്തെ രാഷ്ട്രപതി കെ.ആർ. നാരായണനെയും പ്രധാനമന്ത്രി എ.ബി. വാജ്പേയിയെയും മുഖ്യമന്ത്രി നായനാരെയുെമാക്കെ സമീപിച്ചെങ്കിലും അവരൊെക്ക ശശിയായി എന്നു പറഞ്ഞാൽ മതിയല്ലോ. ആ ക്ഷീണം തീർത്തത് വീണ്ടും രാഷ്ട്രീയത്തിൽ ഒരു കൈ നോക്കി.
2006ലെ തെരഞ്ഞെടുപ്പ് വന്നപ്പോൾ ലീഡർ തന്നെയോർത്തെന്നും കുട്ടനാട് സീറ്റ് കൈയിൽ വെച്ചുതന്നെന്നും ചാണ്ടി. അതിൽപിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. തെരഞ്ഞെടുപ്പ് മാറുേമ്പാൾ പാർട്ടിയും മുന്നണിയും മാറിയെങ്കിലും കുട്ടനാട്ടുകാർ വിജയിയെ മാത്രം മാറ്റിയില്ല. ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന അഭിമുഖക്കാരുടെ ചോദ്യത്തിന് ഏഴൈ തോഴനായി എന്നു വിനയത്തിെൻറ കൂപ്പു കൈയോടെ മറുപടി. അങ്ങനെ ജയം അടിക്കടി നേടിക്കൊടുത്തിട്ടും കൊടിവെച്ച കാറിെൻറ സ്വപ്നം പിന്നെയും കൈയെത്താ ദൂരത്തു തന്നെ. ലീഡറുടെ പാവം പയ്യൻ, മുന്നണി നേതാക്കന്മാർക്ക് മാറിമാറി പുന്നമടക്കായേലാളത്തിെൻറ തലോടലേറ്റ് സ്വസ്ഥമായി ഉണ്ണാനും ഉറങ്ങാനും വിരിച്ചുകൊടുത്തിട്ടും അക്കരെയിക്കരെ യാത്രക്ക് കൊതുമ്പുവള്ളങ്ങളിൽ തുഴഞ്ഞുമടുത്ത നാട്ടുകാർക്ക്, റിസോർട്ടിൽ ഉണ്ടുറങ്ങാനെത്തുന്ന വി.െഎ.പിമാരുടെ ചെലവിൽ, റോഡുവെട്ടിക്കൊടുത്തും ആംബുലൻസ് വിട്ടുകൊടുത്തുമൊക്കെ സഹായിച്ചിട്ടും എല്ലാം ചേർന്നുണ്ടാക്കിക്കൊടുത്തത് മലയാളിക്കു പിടിക്കാത്ത മുതലാളിയുടെ പ്രതിച്ഛായ. മുതലാളിമാരോടോ അവരുടെ മുതലിനോടോ ലീഡർ മുതലുള്ള കാപിറ്റലിസ്റ്റ് ലിബറൽ കോൺഗ്രസുകാരനോ പിണറായിവരെയുള്ള പഴയ പരിപ്പുവടയുടെ ഹാങ്ഒാവറിന്മേൽ പുതിയ വിപ്ലവസാമ്രാജ്യം കെട്ടിപ്പടുത്ത മാർക്സിസ്റ്റുകാർക്കോ അസ്ക്യതയൊട്ടുമില്ലെന്നത് എല്ലാവർക്കും പേമെൻറ് കുടിശ്ശിക വെക്കാതെ അടച്ചുതീർക്കുന്ന ചാണ്ടിച്ചായൻ അനുഭവിച്ചറിഞ്ഞത്. ആ കാപട്യം അനുവദിക്കില്ലെന്നുറപ്പിച്ചു തന്നെയാണ് ഇത്തവണ മത്സരിച്ചതും ജലവിഭവ വകുപ്പ് നേരത്തേ ചോദിച്ചുവെച്ചതും മന്ത്രിക്കുപ്പായം തുന്നിയതുമൊക്കെ. എന്നിട്ടും, ഒടുവിൽ വടക്കുനിന്നു പഴയ ഖദറു കുപ്പായംപോലെ പിന്നിപ്പോയ ആദർശരാഷ്ട്രീയവും പറഞ്ഞെത്തിയ ശശീന്ദ്രൻ മന്ത്രിപദം കൊത്തിപ്പോയി. ഇത്തവണ വിട്ടുകൊടുത്തില്ല. മന്ത്രിപദം ഒന്നേയുള്ളൂവെങ്കിൽ ഉള്ളത് രണ്ടു ടേമിൽ വീതം വെക്കാമെന്നായി. അത് മുഖ്യനു സമ്മതമല്ലെന്നറിഞ്ഞതിൽ പിന്നെ സമ്മതിപ്പിക്കുന്ന വഴിക്കായി തിരച്ചിൽ.
കായൽറിസോർട്ടിൽ വി.െഎ.പികളെ കിടത്തിയുറക്കിയയാൾക്ക് അറിയാവുന്നത്ര നേതാക്കളുടെ രാപ്പനി മറ്റാർക്കറിയും. കൂട്ടിക്കൊടുപ്പിന് ചാനലുകാരനെ കിട്ടിയതോെട രണ്ടു പൂച്ചവർത്തമാനമേ വേണ്ടി വന്നുള്ളൂ; ശശീന്ദ്രൻ മന്ത്രി ശശിയായി. അങ്ങനെ ഒടുവിലെ തുഴയിൽ മന്ത്രിക്കര പറ്റി. ആലപ്പുഴയിലെ കായൽ വെള്ളത്തിൽ ജീവിതവിഭവമൊരുക്കാൻ പറ്റിയ വകുപ്പ് ജലവിഭവമാണെങ്കിലും കിട്ടിയത് റോഡ് ഗതാഗതം. എങ്കിൽപിന്നെ കെ.എസ്.ആർ.ടി.സി എന്ന വെള്ളാനയെ കുളിപ്പിച്ച് ശരിയാക്കിക്കളയാം എന്നുവെച്ച് ഇറങ്ങിയതേയുള്ളൂ. അപ്പോഴാണ് കുട്ടനാട്ടിലെ നികന്ന കായൽപരപ്പിൽ നിന്ന് അഴിമതി വിവാദമുയർന്നത്. ലേക് റിസോർട്ടിൽ ഒരു നറുക്കിന് ചോദിച്ചവരും റൂമിനു ചോദിച്ചവരുമൊക്കെ കിട്ടാതെ വന്നപ്പോൾ പണി തരാം എന്നു പേടിപ്പിച്ചത്രേ. കെ.എസ്.ആർ.ടി.സിയിലെ ഒരു ഉദ്യോഗസ്ഥനെ മാറ്റിയപ്പോൾ അയാൾക്ക് നിർഭയ ചാനലിൽ വേരുള്ളതോർത്തില്ല പോലും. അങ്ങനെ ഒരു സെൻറ് ഭൂമി അന്യായമായി കൈവശപ്പെടുത്താത്ത തെൻറ പേരിൽ കായൽ നികത്തിയെന്നും ദേവസ്വം ഭൂമി വരെ അകത്താക്കിയെന്നുമൊക്കെ പരദൂഷണം പറയുേമ്പാൾ ഏതു കോടീശ്വരനായാലും പതറിപ്പോകും, വിതുമ്പിപ്പോകും. അതാണ് നിയമസഭയിൽ കണ്ടത്.
പ്രതിപക്ഷനേതാവിനും സംഘത്തിനും അതുമല്ലെങ്കിൽ കേന്ദ്രത്തിനുമൊക്കെ ഏതു അന്വേഷണത്തിനും കുട്ടനാട്ടിലേക്കു സ്വാഗതം. വലതു കുര്യനെപ്പോലെ ഇടതു ഇസ്മാഇൗലിനെപ്പോലെ എല്ലാം കണ്ടും കഴിച്ചും പോകാം. എന്നിട്ട് കായലിലോ കരയിലോ ഒരു തുണ്ട് ഭൂമി കവർന്നെന്നോ നെൽവയൽ, തണ്ണീർത്തട നിയമം ലംഘിച്ചെന്നോ... വലിയകുളം മുതൽ സീറോ ജെട്ടി വരെയുള്ള ടാറിങ്ങിലെ ക്രമക്കേടിൽ സീറോയല്ലാതെ തനിക്കു വല്ലതുമുണ്ടെന്നോ കണ്ടെത്തിയാൽ അന്നേരം മന്ത്രിപദം മാത്രമല്ല, എം.എൽ.എ സ്ഥാനവും ഉപേക്ഷിക്കാൻ തയാർ. ഇനി മുഖ്യമന്ത്രിക്കു പൊല്ലാപ്പായെങ്കിൽ അദ്ദേഹമൊന്ന് പറഞ്ഞാലും മതി. ഭാര്യ മേഴ്സിക്കും മക്കൾ മൂന്നാൾക്കും അവരുടെ മക്കൾക്കുമൊക്കെ കഴിയാനുള്ള നൂറുകണക്കിനു കോടിയുടെ ആസ്തി സ്വന്തമായുണ്ട്. ചെന്നൈയിൽനിന്ന് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്ങിലാണ് ഡിേപ്ലാമയെങ്കിലും പയറ്റിയത് കച്ചവടത്തിലായതിനാൽ, സ്കൂൾ മുതൽ റിസോർട്ട് വരെ പല കച്ചവടവും പരിചയിച്ചതിനാൽ അഷ്ടിക്കു മുട്ടുമെന്ന ഭയമൊന്നുമില്ല. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, േബ്ലാക്ക് പ്രസിഡൻറ് സ്ഥാനങ്ങളൊക്കെ കളിച്ചുവളർന്നു മന്ത്രിവരെയായതുകൊണ്ട് രാഷ്ട്രീയത്തിലും രണ്ടറ്റം കൂട്ടിമുട്ടിക്കാനും പണിയില്ല. എന്നാൽ, പ്രപിതാക്കളുടെ കാലംതൊട്ട് പാരമ്പര്യത്തിലെഴുതാത്ത നിയമവിരുദ്ധം എന്നൊന്ന് ഇനിയായിട്ട് എഴുതിച്ചേർത്ത് കണ്ണീർക്കായലിൽ മുക്കരുതേ എന്നൊരു അപേക്ഷ മാത്രമേയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.