ലാൽ സലാം!

സൈനികമായും സാമ്പത്തികമായും യു.എസ് മേൽകോയ്മക്ക് കീഴിൽ നിലക്കൊള്ളുന്ന ലോകക്രമം തിരുത്തപ്പെടുന്നുവെങ്കിൽ അത് എവിടെയാകും തുടങ്ങുക? അടിച്ചേൽപിച്ചും ജനം തെരഞ്ഞെടുത്തും കുത്തക മുതലാളിത്തവും വലതുപക്ഷ രാഷ്ട്രീയവും പരിചയിച്ച ലാറ്റിനമേരിക്കയിൽ തന്നെയാകുമോ? അതല്ല, അവിടെ ഉയർന്നുകേൾക്കുന്ന മാറ്റത്തിന്റെ വർത്തമാനങ്ങൾ ജനത്തിന് വെറുതെ സംഭവിച്ചുപോയ കൈയബദ്ധങ്ങളെന്ന് പിന്നീട് തിരിച്ചറിയേണ്ടിവരുമോ? ഏറ്റവുമൊടുവിൽ ഗുസ്താവോ പെട്രോ എന്ന പഴയ എം-19 സായുധസംഘത്തിലെ ഇടതു റെബൽ നേതാവ് കൊളംബിയയുടെയും ലാറ്റിനമേരിക്കയുടെയും ചരിത്രം തിരുത്തി അധികാരമേറുമ്പോൾ ഉയരുന്ന ചോദ്യങ്ങൾ ചെറുതല്ല.

ആവുന്നത്ര പ്രചാരവേലകളുമായി അമേരിക്ക സ്വാധീനിക്കാൻ ശ്രമിച്ച തെരഞ്ഞെടുപ്പിൽ 50 ശതമാനത്തിലേറെ വോട്ട് നൽകിയാണ് 62 കാരനായ മുൻ ബൊഗോട്ട മേയറെ ജനം പ്രസിഡന്റായി തെരഞ്ഞെടുത്തത്. അതുവഴി ലാറ്റിനമേരിക്ക സാക്ഷിയാകുന്ന 'പിങ്ക് ടൈഡി'ൽ കൊളംബിയ കൂടി കണ്ണിചേർന്നിരിക്കുന്നു.

ചിലി, പെറു, മെക്സികോ, ഹോണ്ടുറസ് തുടങ്ങി മേഖലയിൽ ചുവപ്പുരാശി തെളിയാത്ത മുൻനിര രാജ്യങ്ങൾ കുറവ്. ബ്രസീലിൽ പുതിയ ഭരണാധികാരിയെ ഒക്ടോബറിൽ അറിയാം. എല്ലാം കൈവിടുമ്പോഴും അമേരിക്കയോടൊപ്പം നിൽക്കാൻ മനസ്സുവെച്ച അയൽക്കാരാണ് ഇപ്പോൾ കാലു മാറിയത്.

അയൽക്കാരൊക്കെയും ചുവപ്പിനോട് ഇഷ്ടം വെച്ച നാളുകളിൽ മധ്യനിലപാടു തന്നെ മതിയെന്നുവെച്ച രാജ്യം എന്തുകൊണ്ടാകും അമേരിക്കക്കൊപ്പം നിൽക്കുന്ന നേതൃത്വത്തെ വേണ്ടെന്നുവെച്ച് മാറിയ ശൈലിക്ക് ചെവികൊടുത്തത്?

വരുമാനത്തിന്റെ പകുതിയും കയറ്റുമതി ചെയ്യുന്ന എണ്ണയിലൂടെയായിട്ടും ലാറ്റിനമേരിക്കയിലെ ഏറ്റവും പാവപ്പെട്ട രാജ്യങ്ങളിലൊന്നാണ് കൊളംബിയ. വലുപ്പത്തിൽ മേഖലയിൽ മൂന്നാമതുനിൽക്കുന്ന രാജ്യത്ത് പണപ്പെരുപ്പം 10 ശതമാനവും യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ 20 ശതമാനവും ദാരിദ്ര്യ നിരക്ക് 40 ശതമാനവുമാണ്. അഴിമതിയിൽ കുളിച്ചുനിന്ന രാഷ്ട്രീയക്കാർ, വിടവുകൂട്ടിവരുന്ന സാമ്പത്തിക അസമത്വം, സമ്പൂർണ നിയന്ത്രണവുമായി പിന്നാമ്പുറത്ത് ചരടുവലിക്കുന്ന മയക്കുമരുന്നു കുത്തകകൾ, സായുധ കലാപങ്ങൾ... കൊളംബിയയെ വലക്കുന്ന പ്രശ്നങ്ങളേറെ.

2018 മുതൽ പ്രസിഡന്റ് പദം അലങ്കരിച്ച ഇവാൻ ദൂഖ് മാർക്വേസ് നടപ്പാക്കിയ പരിഷ്കാരങ്ങൾ കൂടിയായപ്പോൾ കാര്യങ്ങൾ എളുപ്പമായി. 25 വയസ്സിനു താഴെയുള്ളവർക്ക് മിനിമം വേതനം വെട്ടിക്കുറക്കാനുള്ള തീരുമാനമായിരുന്നു അതിലൊന്ന്. 'പാരോ നേഷനൽ' എന്ന പേരിൽ അന്ന് തുടക്കം കുറിച്ച ദേശീയ സമരം കോവിഡ് ഉഗ്ര ഭീഷണിയായി നിന്ന സമയത്തുപോലും തെരുവുകൾ നിറഞ്ഞുനിന്നു. ഇതിനെ തോക്കുകൊണ്ട് നേരിടാൻ സർക്കാർ തീരുമാനമെടുത്തപ്പോൾ തെരുവിൽ പിടഞ്ഞുവീണത് നിരവധി പേർ. പഴയ ഗറില്ല സംഘമായ എഫ്.എ.ആർ.സിയുമായി 2016ൽ അന്നത്തെ സർക്കാറുണ്ടാക്കിയ സമാധാന കരാർ അംഗീകരിക്കാനില്ലെന്ന ദൂഖ് മാർക്വേസിന്റെ നിലപാടു കൂടിയായപ്പോൾ ജനത്തിന് മടുത്തു. നാലു വർഷത്തിൽ കൂടുതൽ അധികാരത്തിലിരിക്കാൻ രാജ്യത്ത് പ്രസിഡന്റിന് നിയമം അനുവദിക്കാത്തതിനാൽ ഇത്തവണ പിൻഗാമികളായിരുന്നു കളത്തിൽ. സ്വതന്ത്ര ടിക്കറ്റിൽ അങ്കത്തിനിറങ്ങിയ അതിസമ്പന്നനും റിയൽ എസ്റ്റേറ്റ് ഭീമനുമായ റൊഡോൾഫോ ഹെർണാണ്ടസ് പ്രചാരണത്തിനായി ഒരു പൊതു പരിപാടി പോലും വെച്ചിരുന്നില്ല. ടിക് ടോക് രാജാവ് എന്ന് സ്വയം വിശേഷിപ്പിച്ച് പ്രചാരണമെല്ലാം സമൂഹ മാധ്യമങ്ങളിലൂടെയാക്കി. ഈ പുതിയ പാച്ചിലുകൾ യുവാക്കളെ സ്വാധീനിച്ചെങ്കിലും അഴിമതിക്കാരൻ അഴിമതിക്കെതിരെ ശബ്ദിക്കുന്നത് അംഗീകരിക്കാത്തവർ പെട്രോ തന്നെ മതിയെന്നു വെച്ചു. 2.2 കോടി പേർ വോട്ടുനൽകിയതിൽ ഏഴു ലക്ഷമായിരുന്നു പെട്രോയുടെ ഭൂരിപക്ഷം.

ഇറ്റാലിയൻ വംശജരായ കര്‍ഷക കുടുംബത്തിൽ 1960 ഏപ്രിൽ 19നാണ് പെട്രോയുടെ ജനനം. വിദ്യാർഥിയായിരിക്കെ 'ജനങ്ങൾക്കുള്ള കത്തുകൾ' പത്രമിറക്കി. 17ാം വയസ്സിൽ ഇടത് ഗറില്ലാ ഗ്രൂപ്പായ എം-19നൊപ്പം ചേർന്ന് പത്തു വർഷം പ്രവർത്തിച്ചു. സായുധ സമരത്തിലൂടെ അധികാരം പിടിക്കാൻ മുന്നിൽനിന്ന കൊളംബിയൻ സായുധ വിപ്ലവ സംഘടന (എഫ്.എ.ആർ.സി)യുടെ അത്രക്കില്ലെങ്കിലും അവരുടെ പ്രവർത്തനശൈലി കടമെടുത്താണ് പൊതു തെരഞ്ഞെടുപ്പിലെ കൃത്രിമത്തിനെതിരെ പ്രതിഷേധമുയർത്തിയ യൂനിവേഴ്സിറ്റി വിദ്യാർഥികൾ '70കളിൽ എം-19ന് രൂപം നൽകിയത്. സമ്പന്നരും ദരിദ്രരും തമ്മിലെ അകലം കുറക്കലായിരുന്നു പ്രഖ്യാപിത ലക്ഷ്യം. റോബിൻഹുഡ് കഥകൾ വായിച്ചുവളർന്ന യുവാക്കളുടെ കൂട്ടം അത് നടപ്പാക്കാനും ശ്രമിച്ചു. സംഘടന പ്രവർത്തനത്തിനിടെ ആയുധം സൂക്ഷിച്ചതിന്റെ പേരിൽ 18 മാസം ജയിൽവാസം. ഇക്കാലത്താണ് സായുധപാത വെടിയാൻ തീരുമാനിക്കുന്നത്. സർക്കാറുമായി സമാധാന ചർച്ചകൾ നടത്തി എം-19 സ്വഭാവം തന്നെമാറ്റി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സെനറ്ററായാണ് തുടക്കം. മേയർ എന്ന നിലയിൽ ജനങ്ങളുടെ പ്രിയങ്കരനായി. പിന്നീട് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു കൈ നോക്കി. 2010ൽ നാലാം സ്ഥാനത്തും 2018ൽ രണ്ടാം സ്ഥാനത്തുമെത്തി. ഇക്കുറി ജനം പ്രസിഡന്റ് പദം സമ്മാനിച്ചു. 2014ൽ അനധികൃത സ്വർണഖനനത്തിനെതിരെ സമരം നയിച്ച് പ്രശസ്തയായ ഫ്രാൻസിയ മാർക്വേസിനെ വൈസ് പ്രസിഡന്റുമാക്കി.

വിജയമറിഞ്ഞയുടൻ നടത്തിയ 40 മിനിറ്റ് നീണ്ട പ്രഭാഷണത്തിൽ പെട്രോ നൽകിയ വാഗ്ദാനങ്ങൾ വഴിയിൽ കിടക്കുന്ന രാജ്യത്തിന് പാതി പ്രതീക്ഷ പകരുന്നതാണ്. അതിസമ്പന്നർക്ക് നികുതി ചുമത്തി പാവപ്പെട്ടവരെ സഹായിക്കുമെന്നും ഫോസിൽ ഇന്ധനങ്ങൾക്കു പകരം ബദൽ ഊർജ സംവിധാനങ്ങൾ നടപ്പാക്കുമെന്നുമാണ് പ്രധാന വാഗ്ദാനം. എന്നാൽ, 1948ൽ ഇടതു പ്രസിഡന്റ് സ്ഥാനാർഥി ജോർജ് എലീസർ ഗെയ്താൻ കൊല്ലപ്പെട്ട ശേഷം ഇടതു രാഷ്ട്രീയം തന്നെ വെടിഞ്ഞ രാജ്യം എത്രത്തോളം ഇവക്കൊപ്പം നിൽക്കുമെന്നതാണ് പ്രധാനം.

പതിറ്റാണ്ടുകളായി അധികാരം കൈയാളുന്ന ഉദ്യോഗസ്ഥ പ്രഭുത്വം പൂർണമായി ഇപ്പോഴും വലതുമനസ്സുള്ളതാണ്. ഭരണകൂടത്തിലും കോൺഗ്രസിലും ശക്തമായ സ്വാധീനം പുലർത്തുന്നവർ. 188 അംഗ അധോസഭയിൽ പെട്രോയുടെ ഇടതു സഖ്യത്തിന് ആകെ അംഗസംഖ്യ 25 മാത്രം. മയക്കുമരുന്നുമാഫിയയുമായി സംഭാഷണം നടത്താനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ മുളയിലേ നുള്ളാൻ നാട്ടിലുള്ളവർ മാത്രമല്ല, യു.എസ്സും മുന്നിലുണ്ടാകും. ഫോസിൽ ഇന്ധന ഉപയോഗം കുറച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് അതിശക്തരായ എണ്ണമറ്റ കുത്തകകളുടെ ഉടക്കും സ്വാഭാവികം. രാജ്യത്തിന് ചുവപ്പു ഛായ നൽകാനാണ് ശ്രമമെങ്കിൽ പിന്നെ എല്ലായിടത്തുനിന്നും കൂടിയാകും ആക്രമണം.

പെട്രോ അധികാരമേറാനുള്ള സാധ്യത കണക്കുകൂട്ടി നിരവധി സമ്പന്നർ ഇപ്പോഴേ യു.എസ്സിലേക്ക് കളംമാറ്റിയെന്നാണ് റിപ്പോർട്ടുകൾ. വെല്ലുവിളികൾ ഉണ്ടാകുമെന്നറിഞ്ഞു കൊണ്ടുതന്നെയാണ് ഈ സാമ്പത്തിക ശാസ്ത്രജ്ഞൻ തിരുത്തലിന് ഇറങ്ങിപ്പുറപ്പെട്ടതെന്ന് കൊളംബിയൻ ജനതക്ക് നന്നായറിയാം. അതു തന്നെയാണ് അവരുടെ പ്രതീക്ഷയും.

Tags:    
News Summary - Lal Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.