ലാസ്റ്റ് ഓവർ

ഹൈസൻബർഗിന്റെ അനിശ്ചിതത്വ സിദ്ധാന്തത്തെക്കുറിച്ച് കേട്ടിട്ടില്ലെ. ഭൗതികശാസ്ത്രത്തിലെ മൗലിക തത്ത്വമെന്നൊക്കെപ്പറയാമെങ്കിലും സംഗതി സിംപിളാണ്; ന്യൂട്ടന്റെ ചലന നിയമം പോലെത്തന്നെ സാധാരണക്കാരന് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒന്ന്. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനവും വേഗവും ഒരേ സമയം തിട്ടപ്പെടുത്താനാവില്ല എന്നാണീ തത്ത്വം പറയുന്നത്. ഒരു സമയം ഏതെങ്കിലുമൊന്നിൽ മാത്രം ശ്രദ്ധിക്കാനേ കഴിയൂ; അല്ലാത്തപക്ഷം രണ്ടും കൃത്യമായി നിർണയിക്കാനാവില്ല. ഏതാണ്ടിതുപോലെത്തന്നെയാണ് പാകിസ്താൻ രാഷ്ട്രീയവും. പാക് രാഷ്ട്രീയത്തിലെ വേഗവും വെളിച്ചവുമൊന്നും ഒരേസമയം ആർക്കും അളക്കാനാവില്ല. വേഗം അളക്കാനിരിക്കുന്നവർക്ക് വെളിച്ചം പോകും; ചിലപ്പോൾ തിരിച്ചും. സർവം അനിശ്ചിതത്വത്തിന്റെ കാർമേഘങ്ങളാൽ മൂടിയിരിക്കുകയാണ്. എന്റെ ഭവനത്തിൽ എനിക്കായി ഞാനൊരു കഴുമരം തീർത്തുവെന്ന് പണ്ട് ഡാന്റെ പറഞ്ഞത് പാക് രാഷ്ട്രീയത്തെ മുന്നിൽകണ്ടായിരിക്കുമോ എന്നും സംശയിച്ചാൽ തെറ്റു പറയാനാവില്ല. അധികാരത്തിന്റെ പരകോടിയിലെത്തിയവർ എക്കാലവും കഴുമരവും കാരാഗൃഹവാസവും പ്രവാസവുമെല്ലാം രുചിച്ച ദേശമാണത്. സുൽഫീക്കർ അലി ഭുട്ടോ മുതൽ നവാസ് ശരീഫ് വരെയുള്ളവരുടെ ചരിത്രം നോക്കൂ. സുൽഫിക്കറിന് കഴുമരമായിരുന്നുവെങ്കിൽ നവാസിന് കാരാഗൃഹമായിരുന്നുവെന്ന വ്യത്യാസമേയുള്ളൂ. ബേനസീറിന് ബോംബ് സ്ഫോടനവും. എല്ലാം കാലം സമ്മാനിച്ച അനിശ്ചിതത്വങ്ങൾ. ആ പട്ടികയിലേക്ക് പതിയെ നടന്നുകയറുകയാണ് ഇംറാൻ ഖാനും.

ജനാധിപത്യത്തിനും പട്ടാളഭരണകൂടത്തിനും മധ്യേ പോപുലിസത്തിന്റെ വഴിവെട്ടിത്തെളിച്ച പഴയ ക്രിക്കറ്റർക്ക് ഇന്ന് നിർണായക ദിനമാണ്. നാഷനൽ അസംബ്ലിയിൽ നടക്കുന്ന വിശ്വാസ വോട്ടെടുപ്പ് ഇംറാനും പാകിസ്താനും പുതിയ വഴിതുറക്കുമെന്ന് തീർച്ച. കാര്യമായ കുഴപ്പങ്ങളില്ലാതെ ഭരണം നാലാം വർഷത്തിലേക്ക് കടന്നതായിരുന്നു. അതിനിടയിലാണ് പാർട്ടിയിൽ കൊട്ടാരവിപ്ലവത്തിന്റെ ചില ഇലയനക്കങ്ങൾ രൂപംകൊണ്ടത്. സ്വന്തമായി കഷ്ടപ്പെട്ടുണ്ടാക്കിയ പ്രസ്ഥാനമാണ് തെഹ്‍രീക്കെ ഇൻസാഫ് പാർട്ടി. 2018ലെ തെരഞ്ഞെടുപ്പിൽ, കഷ്ടിച്ചാണ് ഭരണത്തിൽ കയറിപ്പിടിച്ചത്, അതും പ്രതിപക്ഷത്തോട് അകന്നുനിന്ന നാലഞ്ച് കക്ഷികളുടെ സഹായത്തോടെ. ഇതിനിടയിലാണ് സ്വന്തം പാർട്ടിയിലുള്ളവരുടെ പടയൊരുക്കം. സംഗതി മണത്തറിഞ്ഞ പ്രതിപക്ഷ സഖ്യം അവിശ്വാസ പ്രമേയത്തിന് അനുമതി തേടി. ഇതൊരു അവസരമായിക്കണ്ട്, ഇംറാന്റെ കൂടെയുണ്ടായിരുന്ന രണ്ട് ഡസനോളം അംഗങ്ങൾ പാർട്ടിവിട്ടു. ഇക്കൂട്ടർ, അവിശ്വാസപ്രമേയ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നാൽതന്നെ പ്രശ്നമാകുമെന്നതിനാൽ അംഗങ്ങളെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഇംറാൻ. പക്ഷേ, രക്ഷയില്ല. ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കും. എന്തും സംഭവിക്കാം.

എന്തുതന്നെ സംഭവിച്ചാലും അവസാന നിമിഷംവരെയും പോരാടുമെന്ന് ശപഥം ചെയ്തിരിക്കുകയാണ് ഇംറാൻ. അതിനായി പുതിയൊരു ഗൂഢാലോചന സിദ്ധാന്തവും തയാറാക്കിയിട്ടുണ്ട്. ഈ സിദ്ധാന്തത്തിന് രണ്ട് അടരുകളുണ്ട്. ആദ്യത്തേതിനെ ആന്തരികപാളിയെന്നും രണ്ടാമത്തേതിനെ ബാഹ്യപാളിയെന്നും വിശേഷിപ്പിക്കാം. പ്രതിപക്ഷവും സ്വന്തം പാർട്ടിയിലെ വിമതരും തമ്മിലെ അവിശുദ്ധ സഖ്യത്തെക്കുറിച്ചാണ് ആന്തരിക പാളിയിലെ ഗൂഢാലോചന വിഷയം. രണ്ടാമത്തേത് അൽപംകൂടി വിപുലവും സങ്കീർണവുമാണ്. താൻ അധികാരത്തിൽ തുടരുന്നത് 'അതിശക്ത' രാജ്യങ്ങൾക്കൊന്നും ദഹിക്കുന്നില്ലത്രെ. ഏതുവിധേനയും തന്നെ താഴെ ഇറക്കുക എന്നതാണ് അവരുടെ ലക്ഷ്യം. പ്രതിപക്ഷ സഖ്യ നേതാക്കളായ ശഹബാസ് ശരീഫ്, ആസിഫലി സർദാരി, ഫസലുറഹ്മാൻ എന്നിവരുമായി ഈ ശക്തികൾ സൗഹൃദത്തിലായിരിക്കുന്നു. കൊള്ളയടിച്ച പണമുപയോഗിച്ചാണ് ആളുകളെ വിലക്കെടുക്കാൻ വിദേശ ശക്തികൾ ശ്രമിക്കുന്നത്. സ്വതന്ത്രമായ വിദേശനയമുള്ള സർക്കാറിനെ വിദേശ ഗൂഢാലോചന വഴിയാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നത്. യുക്രെയ്ൻ സംഘർഷത്തിനിടെ താൻ റഷ്യ സന്ദർശിച്ചത് ചിലർക്ക് പിടിച്ചിട്ടില്ലത്രെ. ഏതാണീ അതിശക്ത രാജ്യമെന്ന് ഇംറാൻ വ്യക്തമാക്കിയിട്ടില്ല. പക്ഷേ, ഇന്ത്യയുമായി നയതന്ത്രബന്ധമുള്ള അതിശക്ത രാജ്യം എന്തായാലും ചൈനയാകില്ലെന്ന് ഉറപ്പാണ്. പിന്നെ ബാക്കിയുള്ളത് അമേരിക്കയാണ്. പക്ഷേ, പ്രസംഗത്തിൽ ഇംറാൻ പറഞ്ഞത് 'അമേരിക്ക നഹിം, കിസി ഓർ മുൽക് സെ' (അമേരിക്കയല്ല, മറ്റൊരു രാജ്യം) എന്നാണ്. ഇംറാനെ ഇല്ലാതാക്കാൻ നോക്കുന്ന അതിശക്ത രാജ്യം പിന്നെ ഏതായിരിക്കും? ഗൂഢാലോചന സിദ്ധാന്തത്തിലെ ഈ രണ്ട് പാളികൾക്കുപുറമെ, തന്നെ ചിലർ വധിക്കാൻ ശ്രമിക്കുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവരുന്നുണ്ട്.

അറിയാമല്ലൊ, ലോകം കണ്ട എക്കാലത്തെയും മികച്ച ക്രിക്കറ്റർമാരിലൊരാളാണ്. പാകിസ്താന് ആദ്യമായും അവസാനമായും ലോകകപ്പ് സമ്മാനിച്ച നായകൻ. 92ലെ ആ ലോകകപ്പിനുശേഷം ക്രിക്കറ്റിനോട് വിടപറയുകയും ചെയ്തു. അക്കാലത്തേ, രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പുസ്തകമെഴുത്തിലൂടെയും സന്നദ്ധസേവനത്തിലൂടെയുമെല്ലാമാണ് അത് പ്രതിഫലിച്ചത്. അന്നത്തെ രാഷ്ട്രീയ നേതൃത്വം ഇത് തിരിച്ചറിയുകയും ചെയ്തിരുന്നു. അതുകൊണ്ടാണ്, വിരമിച്ചശേഷം പി.പി.പിയും പാകിസ്താൻ മുസ്‍ലിം ലീഗും ഒരുപോലെ ഇംറാനെ സമീപിച്ചത്. എന്നാൽ, സ്വന്തം വഴിയിൽ നീങ്ങാനായിരുന്നു ഇംറാന്റെ തീരുമാനം. അങ്ങനെയാണ് 1996ൽ തഹ്‍രീകെ ഇൻസാഫ് പാർട്ടി ഉദയം ചെയ്തത്. പാകിസ്താനിലെ 'ആം ആദ്മി പാർട്ടി'യെന്ന് തഹ്‍രീക്കിനെ വിശേഷിപ്പിക്കാം. പേരിൽ ആം ആദ്മിയുണ്ടെങ്കിലും നോട്ടം മിഡിൽ ക്ലാസിലേക്കാണ്. 96ലെ ദേശീയ തെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മത്സരിച്ചെങ്കിലും ദയനീയമായി പരാജയപ്പെട്ടു.

പാകിസ്താനിലെ ജനാധിപത്യ ധ്വംസനങ്ങളും പട്ടാള ഭരണമൊന്നുമായിരുന്നില്ല രാജ്യത്തെ പ്രധാന പ്രശ്നമായി തെഹ്‍രീക്കും ഇംറാനും കണ്ടത്. അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരായ പോരാട്ടമാണ് ഇംറാൻ ആദ്യം മുതലേ പ്രഖ്യാപിച്ചത്. 99ൽ, മുശർറഫ് പട്ടാള അട്ടിമറി നടത്തിയപ്പോൾ അതിനെ പിന്തുണച്ചതും നവാസ് ശരീഫിന്റെ അഴിമതി ഭരണം ഇല്ലാതാകുമല്ലൊ എന്ന ആശ്വാസത്തിലായിരുന്നു. 2002ലെ തെരഞ്ഞെടുപ്പിൽ മുശർറഫ് തന്നെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കുമെന്ന് ഇംറാൻ പ്രതീക്ഷിച്ചു. അത് ചില മാധ്യമങ്ങളോട് വിളിച്ചുപറയുകയും ചെയ്തു. ഒന്നും സംഭവിച്ചില്ല. മുശർറഫിന് അഞ്ച് വർഷം കൂടി പ്രസിഡന്റുപദത്തിലിരിക്കാൻ അവസരമൊരുക്കുന്ന ഹിതപരിശോധനയിൽ പിന്തുണക്കുകയും ചെയ്തു. പതിയെ, ആ സൗഹൃദം അവസാനിച്ചു. അതോടുകൂടിയാണ് തെഹ്‍രീക്കിന്റെ വളർച്ചയെന്ന് പറയാം. 2007ൽ, മുശർറഫിനെതിരായ ജനാധിപത്യ സഖ്യത്തിന്റെ മുഖ്യമുഖമായി; പലതവണ അറസ്റ്റ് വരിച്ചു; വീട്ടുതടങ്കലിലായി. പതിയെപ്പതിയെ, പാകിസ്താനിൽ ഇംറാൻ തരംഗം യാഥാർഥ്യമായി. 2011ലെ ലാഹോർ റാലിയോടെ അത് പട്ടാളത്തിനും മുഖ്യധാര രാഷ്ട്രീയ കക്ഷികൾക്കും ബോധ്യമായി. എന്നിട്ടും, 2013ലെ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ഇതിനിടെ, പഞ്ചാബ് അടക്കമുള്ള പ്രവിശ്യകളിൽ മുന്നണി ഭരണത്തിന് തുടക്കമിടാൻ കഴിഞ്ഞു. ആ ബലത്തിലാണ് 2018ൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതും ഭരണത്തിലേറിയതും. തെറ്റില്ലാത്ത ഭരണമായിരുന്നു; വാഗ്ദാനം ചെയ്തപോലെ അഴിമതിക്കെതിരെ ചില ചുവടുവെപ്പുകളൊക്കെ നടത്തിയിട്ടുണ്ട്. ഐ.എം.എഫ്, ലോകബാങ്ക് തുടങ്ങിയവരെയൊക്കെ മാറ്റിനിർത്തി ചൈന കേന്ദ്രിതമായൊരു സാമ്പത്തിക നയത്തിനും തുടക്കമിട്ടു. വടക്കുപടിഞ്ഞാറൻ മേഖലയിലെ അസ്വസ്ഥതകൾക്ക് ചർച്ചയാണ് പരിഹാരമെന്ന മുൻ നിലപാടിൽ ഉറച്ചുനിന്ന് ചില കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ട്. സാമ്പത്തിക സഹായം വെട്ടിച്ചുരുക്കിയ ട്രംപിനോട് കോർത്ത് വിദേശ നയത്തിൽ കാതലായ മാറ്റങ്ങൾക്കും തുടക്കമിട്ടു. പറഞ്ഞിട്ടെന്ത്, പാക് രാഷ്ട്രീയത്തിന്റെ ജന്മ വൈകൃതമായ 'അനിശ്ചിതത്വ'മെന്ന അനിവാര്യത ഇംറാനെയും പിടികൂടിയിരിക്കുന്നു. സപ്തതിയിലേക്ക് കടക്കുന്ന ഇംറാന് കാലം കാത്തുവെച്ചതെന്തെന്നറിയാൻ ഇനി അധികം നേരമില്ല.

Tags:    
News Summary - last over of imran khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.