വൈകിവരുന്ന വസന്തം

സുഡാനിലും അൽജീരിയയിലും ഒരേസമയം വിപ്ലവത്തി​​െൻറ അലയൊലികളുയർന്നത് യാദൃച്ഛികമാണെന്ന് പറഞ്ഞുകൂട. 2011ലെ അറബ് വസന ്തത്തി​​െൻറ തെന്നൽ ഇരുരാഷ്​ട്രങ്ങളെയും തഴുകിയുണർത്തിയാണ് കടന്നുപോയത്. പക്ഷേ, പല കാരണങ്ങളാൽ അധികാര കേന്ദ്രങ് ങളെ അത് സ്പർശിക്കുകയുണ്ടായില്ലെന്നുമാത്രം. ഉമറുൽ ബഷീറും അബ്​ദുൽ അസീസ് ബൂതഫ്​ലീഖയും ദശകങ്ങളായി ആധിപത്യത്തി​ ​െൻറ സുഖമനുഭവിച്ചുകൊണ്ടിരിക്കെ അവരെ പിടിച്ചിറക്കുന്നത് അത്ര എളുപ്പമല്ലല്ലോ. എന്നാൽ, ഇരുരാഷ്​ട്രങ്ങളിലെയും വിദ്യാഭ്യാസമുള്ള യുവാക്കൾ ഇതിനൊരവസരം പാർത്തിരിക്കുകയായിരു ന്നുവെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.

സമൂഹ മാ ധ്യമങ്ങളിലൂടെ പ്രത്യേകിച്ചും വാട്സ്ആപ്പിലൂടെ യുവാക്കൾ ഏറ്റുപിടിച്ച പ്രചാരണങ്ങൾ അൽജീരിയയിലെ ഉദ്യോഗസ്ഥരെയു ം തൊഴിലാളി സംഘടനകളെയും ആകർഷിച്ചു. നാലു ഫോട്ടോകളാണ് ആദ്യമായും ജനവിധി തേടിയെത്തിയത്. അവ തുനീഷ്യയുടെ സൈനുൽ ആബിദീൻ ബിൻ അലി, യമനിലെ അലി അബ്​ദുല്ല സാലിഹ്, ലിബിയയുടെ മുഅമ്മറുൽ ഖദ്ദാഫി, ഈജിപ്തി​​െൻറ ഹുസ്നി മുബാറക്ക് എന്നിവരുടേതായിരുന്നു. എല്ലാവരും ‘അറബ് വസന്ത’ത്തെത്തുടർന്നു കടപുഴകി വീണവർ. തുടർന്നു അബ്​ദുൽ അസീസ് ബൂതഫ്​ലീഖയുടെയും ഉമറുൽ ബഷീറി​​െൻറയും ചിത്രങ്ങളും പ്രത്യക്ഷപ്പെട്ടു. രണ്ടു പേരും അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കുന്നവർ. വലിയ വിശദീകരണം കൂടാതെ തന്നെ ആളുകൾക്ക് കാര്യം ബോധ്യമായി. അൽജീരിയൻ തെരുവുകൾ നിബിഡമായി. അഞ്ചാം തവണയും മത്സരത്തിനൊരുങ്ങുകയായിരുന്നു രോഗിയായ ബൂതഫ്​ലീഖ. കഴിയുന്ന രൂപത്തിലെല്ലാം ബൂതഫ്​ലീഖയുടെ കിങ്കരന്മാർ പ്രതിരോധിച്ചു നോക്കി. പക്ഷേ, തൊഴിലാളികളും ഉദ്യോഗസ്ഥരുമടങ്ങുന്ന യുവജനം വിട്ടുകൊടുക്കാനോ മുട്ടുമടക്കാനോ സന്നദ്ധമല്ലെന്നു തെളിയിച്ചു. അങ്ങനെ ഗത്യന്തരമില്ലാതെ ബൂതഫ്​ലീഖ സ്ഥാനമൊഴിഞ്ഞു. ഇത് സുഡാനിലും വിപ്ലവകാരികൾക്ക് ആവേശം പകർന്നു. അൽപകാലമായി മന്ദീഭവിച്ചു കിടന്നു പിന്നാക്കം പോയിരുന്ന അവരുടെ സമരവീര്യം വീണ്ടും തലപൊക്കാൻ ഇത് കാരണമായി. ഉമറുൽ ബഷീർ പിടിച്ചുനിൽക്കാൻ പഠിച്ച പണിയൊക്കെ പയറ്റി നോക്കി. മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്നു കണ്ടപ്പോഴാണ് ഉമറുൽ ബഷീറിനെ സൈന്യം കൈയൊഴിഞ്ഞത്.

ഇരു രാഷ്​ട്രങ്ങളിലെയും വിപ്ലവ കാരണങ്ങൾ വ്യത്യസ്തമായിരുന്നു. ബൂതഫ്​ലീഖ ഏറെക്കാലമായി രോഗശയ്യയിലായിരുന്നു. 2013ലെ ഹൃദയാഘാതത്തെത്തുടർന്ന് പലപ്പോഴും അദ്ദേഹം ആശുപത്രികളിൽ ശയ്യാവലംബിയായി സമയം കഴിക്കുകയായിരുന്നു. ഭരണം നടത്തുന്നതാകട്ടെ, അദ്ദേഹത്തി​​െൻറ സ്വന്തക്കാരും. 2016ൽ ഭരണഘടന പരിഷ്കരിച്ചപ്പോൾ പ്രസിഡൻറ്​ പദവിക്ക് ഒരു വ്യക്തി രണ്ടു തവണയേ മത്സരിക്കാൻ പാടുള്ളൂവെന്ന് നിബന്ധന വെച്ചു. എന്നിട്ടും, ബൂതഫ്​ലീഖക്ക് അഞ്ചാം പ്രാവശ്യവും നാമനിർദേശത്തിനവസരം നൽകിയത് യുവാക്കളെ അസ്വസ്ഥരാക്കി. അതോടൊപ്പം, ഭരണകർത്താക്കളുടെ അഴിമതിയും കെടുകാര്യസ്ഥതയും ജനങ്ങളുടെ വിമർശനങ്ങൾ വിളിച്ചുവരുത്തി. 2010ൽ സ്​റ്റേറ്റ് ഉടമസ്ഥതയിലുള്ള എണ്ണ-വാതക കമ്പനിയായ സോനാ ട്രാകി(Sonatrach)​​െൻറ രണ്ടു ഉപമേധാവികൾ അഴിമതിയുടെ പേരിൽ ജയിലിലടക്കപ്പെട്ടു. തുടർന്ന് കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥരെ മുഴുവനും പിരിച്ചുവിടേണ്ടിവന്നു. 2013ൽ എണ്ണ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ശക്കീബ് ഖലീൽ ഇറ്റാലിയൻ എണ്ണക്കമ്പനിയായ എനിലി(Enil)ൽനിന്നും കൈക്കൂലി വാങ്ങിയതായി ആരോപണമുണ്ടായി. ഭരണകൂടം പൊതുമേഖലയിൽ നടത്തിവരുന്ന നിർമാണ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും അമിതമായ ചെലവുകൾ വകയിരുത്തുകയും അങ്ങനെ രാജ്യം കൊള്ളയടിക്കപ്പെടുന്നതായും ആരോപണമുണ്ടായി. ഇതൊക്കെയാണ് യുവാക്കൾക്കും ഉദ്യോഗസ്ഥർക്കും സമരവീര്യം നൽകിയത്. ബൂതഫ്​ലീഖയുടെ അഞ്ചാം ഊഴത്തിനുള്ള ശ്രമവും അവരുടെ അങ്കലാപ്പിനു കാരണമായി. അങ്ങനെയാണ് സൈന്യം ഭരണഘനയുടെ 102 വകുപ്പിനെക്കുറിച്ച്​ ആലോചിക്കുന്നത്. അതനുസരിച്ച് പ്രസിഡൻറ്​ ഉത്തരവാദിത്ത നിർവഹണത്തിന് യോഗ്യനല്ലാതെ വന്നാൽ വൈസ്പ്രസിഡൻറ്​ അധികാരമേൽക്കേണ്ടതും തുടർന്ന്​ തൊണ്ണൂറു ദിവസത്തിനകം പുതിയ തെരഞ്ഞെടുപ്പു നടത്തേണ്ടതുമാണ്. പട്ടാളമേധാവിയുടെ ഉപദേശം കൂടി പരിഗണിച്ചു ബൂതഫ്​ലീഖ പടിയിറങ്ങിയതും അബ്​ദുൽഖാദർ ബിൻസലാഹ് അധികാരത്തിൽ വരുന്നതും അങ്ങനെയാണ്.

സുഡാനിലെ സ്ഥിതി വ്യത്യസ്തമാണ്. അവിടെ വിപ്ലവത്തിനു നാന്ദികുറിച്ചത് ഹൈസ്കൂൾ വിദ്യാർഥികളാണ്. അതാകട്ടെ, കഴിഞ്ഞ ഡിസംബർ മാസത്തിൽ തുടങ്ങിയിരുന്നു. നൈൽ നദീതീരത്തെ അത്ബറ സംസ്ഥാനത്തെ സ്കൂൾ കുട്ടികൾ റൊട്ടിയുടെ വിലവർധനക്കെതിരെ പ്രതിഷേധിച്ചതാണ് ഒരു ഭരണവിരുദ്ധ സമരമായി രൂപപ്പെട്ടത്. സാമ്പത്തിക ഞെരുക്കങ്ങളാൽ പൊറുതിമുട്ടിയ ജനങ്ങൾക്ക് റൊട്ടിയുടെ വില മൂന്നു മടങ്ങ് വർധിച്ചത് സഹിക്കാനായില്ല. വിദ്യാർഥികളുടെ പ്രതികരണശേഷി പൊതുസമൂഹത്തിനും വിപ്ലവത്തിന് പ്രചോദനം നൽകി. എന്നാൽ, ഏറെ ശ്രദ്ധേയമാകുന്ന കാര്യം ഉമറുൽ ബഷീറി​​െൻറ പടിയിറക്കം, അദ്ദേഹം 1989ൽ സാദിഖ് അൽ മഹദിയെ സ്ഥാനഭ്രഷ്​ടനാക്കിയ അതേ രൂപത്തിൽ സംഭവിച്ചുവെന്നതാണ്. അന്നത് ‘മോചന വിപ്ലവം’ (Salvation revolt) എന്നാണറിയപ്പെട്ടിരുന്നത്. മുസ്​ലിം ബ്രദർഹുഡും അതിനു പിന്തുണ നൽകിയിരുന്നു. ബഹുജനം ഉമറുൽ ബഷീറിൽ വലിയ പ്രതീക്ഷകൾ അർപ്പിച്ചു. എന്നാൽ, വെളുക്കാൻ തേച്ചത് പാണ്ടായെന്നു പറയാം. നിരാശയായിരുന്നു ജനവിധി. സുഡാൻ സാമ്പത്തികമായി തകർന്നു. തൊഴിലില്ലായ്മയും വിലവർധനവും കാരണം ജീവിതം പൊറുതിമുട്ടി. അതിനിടയിലാണ് ദക്ഷിണ സുഡാൻ വേർപിരിഞ്ഞത്. അതോടെ എണ്ണ വരുമാനത്തി​​െൻറ എഴുപത്തിയഞ്ച് ശതമാനവും നിലച്ചു. മൂന്നിലൊന്ന് ഭൂമിയും നഷ്​ടമായി. ഇത് പുതിയ സംഘർഷങ്ങൾ സൃഷ്​ടിച്ചു. അഭിപ്രായ ഭേദമന്യേ വിവിധ ഗ്രൂപ്പുകൾ ഭരണകൂടത്തെ ഒന്നിച്ചെതിർക്കാൻ മുന്നോട്ടുവന്നു. ഗായിക അലാസാലിഹ കാറി​​െൻറ മുകളിലിരുന്ന് വിപ്ലവ ഗാനങ്ങൾ ആലപിച്ചത് വൈറലായി. സ്ത്രീകൾ ഉൾപ്പെടെ ബഹുസഹസ്രം ജനങ്ങൾ പട്ടാള ആസ്ഥാനത്ത് കാവലിരുന്നു. അങ്ങനെ, മറ്റു വഴികളൊന്നുമില്ലെന്നു ഉറപ്പായതോടെയാണ് പട്ടാളം ഉമറുൽ ബഷീറിനെ പുറംതള്ളാൻ കൂട്ടുനിന്നത്.

‘അറബ് വസന്തം’ അൽപമെങ്കിലും അർഥവത്തായൊരു മാറ്റം സാധ്യമാക്കിയത് തുനീഷ്യയിൽ മാത്രമാണ്. ഏറെ പ്രതീക്ഷയോടെ ഈജിപ്തിൽ സ്വതന്ത്രമായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മുഹമ്മദ് മുർസി ഇപ്പോൾ കാരാഗൃഹത്തിലാണ്. രാജ്യം അബ്​ദുൽ ഫത്താഹ് സീസിയുടെ ഉരുക്കു മുഷ്​ടിയിലും! ഇത് ഉൾക്കൊണ്ടു തന്നെയാവണം സൈന്യവുമായി ഒരു ഒത്തുതീർപ്പുണ്ടാക്കാൻ ഇരു രാഷ്​ട്രങ്ങളിലെയും വിപ്ലവനേതൃത്വം സന്നദ്ധമായിട്ടില്ല. സൈനിക ഇടപെടലുകൾ വീണ്ടും രാജ്യത്തെ അടിമത്തത്തിലേക്ക് നയിക്കുമെന്നവർ ഭയപ്പെടുന്നു. സുഡാനിൽ 2018 ഡിസംബർ മുതൽ വിപ്ലവത്തിനു ചുക്കാൻപിടിക്കുന്ന ഉമറുൽ ദഖീർ പറയുന്നത് ഭരണം ജനാധിപത്യ സംവിധാനത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വത്തിനു കൈമാറുന്നതുവരെ ഈ പ്രതിരോധം തുടരുമെന്നാണ്. ഉമറുൽ ബഷീർ പടിയിറങ്ങിയതോടെ ഭരണഭാരം കൈയേൽക്കാനായി മുന്നോട്ടുവന്ന ആഭ്യന്തരമന്ത്രിയായിരുന്ന അവാദ് അഹ്​മദ്ബിൻ ഔഫ് ജനപിന്തുണയില്ലാത്തതിനാൽ മാറിനിൽക്കേണ്ടിവന്നത് ഇതി​​െൻറ തെളിവാണ്. ഇപ്പോൾ, ഏപ്രിൽ 27ന് നടന്ന ചർച്ചകളിൽ തെരഞ്ഞെടുപ്പു താമസംവിനാ നടത്തുമെന്നും ഭരണം തെരഞ്ഞെടുക്കപ്പെട്ട കരങ്ങൾക്ക് കൈമാറുമെന്നും സുഡാനിലെ ട്രാൻസിഷനൽ മിലിട്ടറി കൗൺസിൽ ചെയർമാൻ അബ്​ദുൽ ഫത്താഹ് ബുർഹാൻ വ്യക്തമാക്കിയിട്ടുണ്ട്.

എങ്കിലും, സംശയങ്ങൾ ബാക്കിയുണ്ട്. ഇത്രയുംകാലം പ്രവാസ ജീവിതം നയിച്ച സാദിഖ് അൽ മഹ്ദി നാട്ടിൽ തിരിച്ചെത്തിയത് വിപ്ലവകാരികൾക്ക് ഊർജം നൽകിയിരിക്കുന്നു. അദ്ദേഹം പട്ടാള അട്ടിമറിയുടെ സാധ്യതകൾ തള്ളിക്കളയാനാവില്ലെന്നാണ് പ്രസ്താവിക്കുന്നത്. അൽജീരിയയിൽ സൈനിക മേധാവി അഹ്​​മദ് ഖയ്യാദ് സാലിഹ് ഭരണഘടനയുടെ പ്രാമുഖ്യം അംഗീകരിച്ചുകൊണ്ടാണ് ആദ്യമേ കരുനീക്കിയതെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഫ്രാൻസി​​െൻറയോ അമേരിക്കയുടെയോ ബ്രിട്ട​​െൻറയോ സ്വാധീനത്തിനൊന്നും അദ്ദേഹം വശംവദനായില്ല. പാശ്ചാത്യ രാഷ്​ട്രങ്ങളുടെ ജനാധിപത്യത്തോടുള്ള സ്നേഹം തങ്ങളുടെ ഇംഗിതങ്ങൾ സാധിച്ചെടുക്കാനും മേൽക്കോയ്മ നിലനിർത്താനുമുള്ള അടവുമാത്രമാണെന്ന്​അൽജീരിയയിലെ വിപ്ലവനേതൃത്വം വിലയിരുത്തുന്നു. ഈജിപ്തിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണനേതൃത്വം അട്ടിമറിക്കപ്പെട്ടതും അബ്​ദുൽ ഫത്താഹ് സീസി അധികാരത്തിലേറിയതും വാഷിങ്ട​ൺ താൽപര്യങ്ങളാണെന്നാണ് അവർ മനസ്സിലാക്കുന്നത്. ‘അൽജീരിയ ബൂതഫ്​ലീഖക്ക് ശേഷം’ എന്ന പേരിൽ വിപ്ലവകാരികൾ ഒരു റോഡു മാപ്പ് തയാറാക്കിയതായി റിപ്പോർട്ടുണ്ട്​. ഇതിൽ ജനപ്രതിനിധികളും സൈനികരും പങ്കാളികളാണ്. സൈന്യം സ്വന്തമായി മുന്നോട്ടുവെച്ച നിർദേശങ്ങൾ അവർ അംഗീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ, ഈ വിപ്ലവം അൽജീരിയയിൽ സുതാര്യവും സ്വാഗതാർഹവുമായ ഒരു ഭരണമാറ്റം സാധ്യമാക്കുമെന്ന്​ കരുതാം.

Tags:    
News Summary - Late Spring - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.