തിങ്കളാഴ്ച നിയമസഭയിൽ പ്രതിപക്ഷം അവതരിപ്പിക്കുന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് ഏറ്റവും ഉറപ്പുള്ളത് പ്രതിപക്ഷത്തിനുതന്നെയാണ്. അവിശ്വാസത്തിലൂടെ പിണറായിസർക്കാറിനെ പുറത്താക്കാമെന്ന മിഥ്യാധാരണ പ്രതിപക്ഷത്തിനില്ല. ഭരണപക്ഷത്തുനിന്ന് ആരെങ്കിലും മറിച്ച് വോട്ടുചെയ്യുമെന്ന ഭയം ഇടതുപക്ഷക്കാർക്കുമില്ല.
അതേസമയം, പ്രതിപക്ഷത്തുള്ള കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗം വോട്ട് ചെയ്തേക്കാമെന്ന പ്രതീക്ഷ അവർക്ക് കുറഞ്ഞ തോതിൽ ഉണ്ടുതാനും. കുറെ മാസങ്ങളായി ഒന്നിനുപിറകെ ഒന്ന് എന്ന ക്രമത്തിൽ സർക്കാറിനെതിെര വരുന്ന ആരോപണങ്ങൾ ചർച്ച ചെയ്യണമെന്ന ആഗ്രഹമാണ് അവിശ്വാസപ്രമേയത്തിനുപിന്നിൽ യു.ഡി.എഫിനുള്ളതെന്നത് ആർക്കും മനസ്സിലാകുന്ന കാര്യമാണ്.പ്രതിദിനം വാർത്തസമ്മേളനം നടത്തുന്ന ആളാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തലേഖകരിൽനിന്ന് ഒഴിഞ്ഞുമാറുകയോ വിരട്ടാൻ നോക്കുകയോ ചെയ്യുന്ന അവസ്ഥയിൽ ആ വക ചോദ്യങ്ങൾക്ക് നിയമസഭയിൽ മറുപടി പറയിക്കുക എന്നതാണ് അവിശ്വാസപ്രമേയംകൊണ്ട് പ്രതിപക്ഷം ഉേദ്ദശിക്കുന്നത്.
ഉടനെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും മാസങ്ങൾക്കകം നിയമസഭയിലേക്കും തെരെഞ്ഞടുപ്പ് നടക്കും എന്നിരിക്കേ ഇൗ ഉദ്യമത്തിന് ചില്ലറ രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. നിയമസഭ ചർച്ചക്ക് മറുപടി പറയാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ബാധ്യസ്ഥരാണ്. ഒഴിഞ്ഞുമാറിയാൽ നേരിട്ട് ചോദ്യംചെയ്യാനുള്ള അവസരവും സഭയിലുണ്ട്. അതിനാൽ, അടുത്ത തെരഞ്ഞെടുപ്പുകളിലേക്കുള്ള രാഷ്ട്രീയ കരുക്കൾ രൂപപ്പെടുത്തുകയാണ്, ഇൗ അവിശ്വാസത്തിലൂടെ പ്രതിപക്ഷം ലക്ഷ്യമിടുന്നത് എന്ന് വ്യക്തം.
മൂന്നുനാലു മാസമായി സംസ്ഥാന സർക്കാറിനെതിരെ ഉയർന്ന ആരോപണങ്ങൾ നിരവധിയാണ്. മിക്കവക്കും വേണ്ടവിധം ഉത്തരം പറയാൻ സർക്കാറിന് കഴിഞ്ഞിട്ടുമില്ല. സ്വർണ കള്ളക്കടത്തിനും മുേമ്പ തുടങ്ങിയ ആരോപണങ്ങൾ നിസ്സാരമായവ ആയിരുന്നില്ല. സ്പ്രിൻക്ലർ മുതൽ അവസാനമായി അദാനിയുമായുണ്ടാക്കിയെന്ന് ആരോപിക്കുന്ന രഹസ്യ ധാരണവരെ ജനങ്ങൾക്കിടയിൽ ശക്തമായ സംശയങ്ങൾ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളവയാണ്.
പൊലീസിൽ പദ്ധതിവിഹിതം തോന്നിയപോലെ ചെലവഴിച്ചു എന്നതു മുതൽ മുഖ്യമന്ത്രിയുടെ വകുപ്പിലും ഒാഫിസിലും നടക്കുന്നതു പലതും മുഖ്യമന്ത്രിതന്നെ അറിയുന്നിെല്ലന്ന ആരോപണത്തിൽ എത്തിനിൽക്കുേമ്പാൾ അവ ചർച്ച ചെയ്യാനുള്ള അവസരം കണ്ടെത്തുക എന്നത് ഏതു പ്രതിപക്ഷവും ആഗ്രഹിക്കുന്ന കാര്യംതന്നെയാണ്.
ആരോപണ വിധേയമായ കാര്യങ്ങളിൽ ചിലതെങ്കിലും സർക്കാറിനെകൊണ്ട് തിരുത്തിക്കാനായി എന്നത് പ്രതിപക്ഷത്തിന് ആത്മവിശ്വാസവും നൽകുന്നുണ്ട്. ചുരുക്കത്തിൽ സർക്കാറിനെതിരെ ഒരു കുറ്റപത്രം അവതരിപ്പിച്ച് വിസ്തരിക്കുക എന്നതാണ് പ്രതിപക്ഷം അവിശ്വാസപ്രമേയംകൊണ്ട് ഉദ്ദേശിക്കുന്നത്.
അതേസമയം, അദാനിക്ക് തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിനു നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സർവകക്ഷി പ്രമേയം അവതരിപ്പിക്കുന്നതിൽ പ്രതിപക്ഷം സഹകരണം വാഗ്ദാനം ചെയ്തിട്ടുമുണ്ട്. പ്രതിപക്ഷത്തെ ചില പാർട്ടികൾക്കും എന്തിന്, കോൺഗ്രസിൽപോലും ഇക്കാര്യത്തിൽ ഏകാഭിപ്രായമില്ലെന്നത് വേറെ കാര്യം. തിരുവനന്തപുരം എം.പിയായ ശശി തരൂരും ചില എം.എൽ.എമാരും അദാനിക്ക് വിമാനത്താവളം നൽകുന്നതിനോട് യോജിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
അതേസമയം, അദാനിക്കെതിരെ പ്രമേയം കൊണ്ടുവരുന്ന സർക്കാർ അക്കാര്യത്തിലും പ്രതിക്കൂട്ടിൽ നിൽക്കുന്നു എന്നതാണ് മറ്റൊരു കാര്യം. അദാനിയുമായി സർക്കാർ ഒത്തുകളിച്ചു എന്ന സംശയം ഉയർന്ന സാഹചര്യത്തിൽ സർക്കാർ കൊണ്ടുവരുന്ന പ്രമേയത്തിെൻറ വിശ്വാസ്യതയെ പ്രതിപക്ഷത്തിനു ചോദ്യം െചയ്യാനാകും. എങ്കിലും പ്രമേയം ഏകകണ്ഠമായി പാസാകുമെന്നാണ് കരുതേണ്ടത്. പക്ഷേ, അവിശ്വാസ പ്രമേയ ചർച്ചയിലെ പ്രധാന വിഷയമായി അദാനിയുമായുള്ള ഒത്തുകളി ആരോപണവും സ്ഥാനം പിടിക്കും. സിറിൾ അമർചന്ദ് മംഗൾദാസും കെ.എസ്.െഎ.ഡി.സിയും കെ.പി.എം.ജിയുമൊെക്ക ചർച്ചവിഷയങ്ങളായി സർക്കാറിനെ ശല്യപ്പെടുത്തും.
കോവിഡ് പശ്ചാത്തലത്തിൽ രോഗികളുടെ ഫോൺവിളി വിവരങ്ങൾ ചോർത്തുന്നതിനുള്ള അധികാരം പൊലീസിനു നൽകി സർക്കാർ ഉത്തരവിറക്കിയ സംഭവത്തിൽ ടവർ ലൊക്കേഷൻ മാത്രമാണ് നോക്കുന്നതെന്ന് സർക്കാർ കോടതിയിൽ പറഞ്ഞതംഗീകരിച്ച് വിധി വന്നെങ്കിലും സർക്കാർ ഉത്തരവ് മാറ്റങ്ങൾ കൂടാതെ നിലനിൽക്കുന്നു എന്നതും ചർച്ചവിഷയമാകും. ഇൗ ഉത്തരവ്, ആരുടെ വിവരവും ചോർത്താനുള്ള അധികാരം പൊലീസിനു നൽകുന്നുണ്ട് എന്നത് പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്.
സാധാരണ അവിശ്വാസ പ്രമേയങ്ങൾ വരുന്നത്, ഭരണപക്ഷത്ത് അസ്വസ്ഥതകൾ രൂപെപ്പടുേമ്പാഴാണ്. ഇക്കുറിയാകെട്ട ഭരണപക്ഷത്ത് ആ വക ഒരു പ്രശ്നവുമില്ല. പാർട്ടിയിൽ മുഖ്യമന്ത്രിക്ക് അധീശത്വം നിലനിൽക്കുന്നു. കേന്ദ്ര നേതൃത്വം പോലും സർക്കാറിനും മുഖ്യമന്ത്രിക്കും കടിഞ്ഞാണിടുന്നതിൽ നിസ്സഹായതയിലാണ്. രാജ്യത്ത് ആകെയുള്ള ഇടതുപക്ഷ സർക്കാറാണ് കേരളത്തിലേത്. അതിനു കോട്ടം വരുന്നതൊന്നും സി.പി.എം കേന്ദ്ര നേതൃത്വത്തിെൻറ ഭാഗത്തുനിന്നും ഉണ്ടാകില്ല. ദേശീയതലത്തിൽ പാർട്ടി ക്ഷീണിച്ചിരിക്കവേ ഭരണത്തിലുള്ള ഒരു സംസ്ഥാനത്തിെൻറ മുഖ്യമന്ത്രിയെ കഴിവതും പിന്താങ്ങുക മാത്രമേ നേതൃത്വത്തിനു ചെയ്യാനാകൂ. കേരളത്തിലെ ഇടതുപക്ഷത്താണെങ്കിൽ മറ്റു ഘടകകക്ഷികൾ വിനീതവിധേയരുമാണ്.
സുപ്രധാന തീരുമാനങ്ങൾ ഇടതുമുന്നണിയുടെ അറിവുകൂടാതെ നടപ്പാക്കുന്നു എന്നത് മുെമ്പാരു കാലത്തും കേട്ടിട്ടില്ലാത്ത കാര്യവുമാണ്. എങ്കിലും ആരോപണങ്ങൾ ഉരുത്തിരിഞ്ഞ ശേഷം അക്കാര്യത്തിൽ മൗനം പാലിച്ചിരുന്ന ഘടകകക്ഷികളെയും പാർട്ടിയിലെതന്നെ മന്ത്രിമാരെയും രംഗത്തിറക്കി, പ്രതിരോധം ശക്തമാക്കാൻ കഴിഞ്ഞ ദിവസം തീരുമാനവുമുണ്ടായി. അതിനാൽ അവിശ്വാസ പ്രമേയത്തിനെതിരെ ഭരണപക്ഷത്തുനിന്നുള്ള ചെറുത്തുനിൽപ്പ് ഏകകണ്ഠമായിരിക്കും. അതേസമയം, പ്രതിപക്ഷത്ത് കേരള കോൺഗ്രസിെല ഭിന്നിപ്പ് മുഴച്ചുനിൽക്കുകയും ചെയ്യും.
ഇടതു മുന്നണിയുമായി സഖ്യത്തിലാകാനുള്ള വലിയ ശ്രമം ജോസ് കെ. മാണി ഗ്രൂപ്പിൽ നടക്കുന്നുണ്ട്. അതിനൊരു രാസത്വരകം എന്നനിലക്ക് ലോക് താന്ത്രിക് ജനതാദൾ നേതാക്കൾ ജോസ് ഗ്രൂപ് നേതാക്കളെ കാണുകയും അവർക്ക് ആവശ്യമില്ലെങ്കിലും രാജ്യസഭയിലേക്ക് വോട്ട് അഭ്യർഥിക്കുകയും ചെയ്തിട്ടുണ്ട്. അതിനാൽ അവിശ്വാസപ്രമേയം വോട്ടിനിടുന്നപക്ഷം പ്രതിപക്ഷത്തോടൊപ്പം നിൽക്കാൻ ജോസ് പക്ഷത്തെ രണ്ട് എം.എൽ.എമാർ തയാറാകണമെന്നില്ല.
അവർ സർക്കാറിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കിലും നിഷ്പക്ഷത പാലിക്കാൻ ഇടയുണ്ട്. ഇൗ പശ്ചാത്തലത്തിൽ അവിശ്വാസപ്രമേയം വോട്ടിനിടാൻ നിൽക്കാതെ ചർച്ചക്കുശേഷം പ്രതിപക്ഷം ബഹളമുണ്ടാക്കി ഇറങ്ങിപ്പോയാലും അത്ഭുതെപ്പടേണ്ടതില്ല. ജോസ് പക്ഷത്തിനെ യു.ഡി.എഫിൽ പിടിച്ചുനിർത്തണമെന്ന അടങ്ങാത്ത ആഗ്രഹമൊന്നും കോൺഗ്രസിലെ പലർക്കുമില്ല. കോട്ടയത്തെ പല സീറ്റുകളും കോൺഗ്രസുകാർ കണ്ണുെവച്ചിരിക്കുന്നതിനാൽ ജോസ് പക്ഷം പോകുന്നത് ഒരവസരമായാണ് പല കോൺഗ്രസ് നേതാക്കളും കരുതുന്നത്.
തദ്ദേശ തെരെഞ്ഞടുപ്പുകളിൽ മാണി വിഭാഗം പണ്ടും കോട്ടയം ജില്ലയിൽ പലയിടത്തും ഒറ്റക്കും ചിയലിടെത്താെക്ക കോൺഗ്രസിനെതിരെയും മത്സരിച്ച ചരിത്രമാണുള്ളത്. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ മാണി പക്ഷത്തിന് നിർണായക വോട്ടുബാങ്ക് കോട്ടയത്തും ഇടുക്കിയിലുമുണ്ട്. ഇതിനെ മറികടക്കാനുള്ള ആരോപണങ്ങൾ ഭരണപക്ഷം സംഭാവന ചെയ്തിട്ടുണ്ടെന്നതിനാൽ ജോസ് പക്ഷം പോകുന്നെങ്കിൽ പോയ്ക്കോെട്ട എന്ന മനോഭാവം കോൺഗ്രസ് നേതാക്കളിൽ പലർക്കുമുണ്ട്. എന്നാൽ, ഇന്നെത്ത സാഹചര്യത്തിൽ ജോസ് പക്ഷത്തിെൻറ ആനുകൂല്യം വിട്ടുകളയേണ്ട എന്ന ചിന്താഗതിയാണ് സി.പി.എമ്മിലുള്ളത്. അവിശ്വാസപ്രമേയ ചർച്ചയിൽ വലിയ ആക്രമണം ഉണ്ടാകാനിടയുള്ളതിനാൽ ജോസ് പക്ഷം സർക്കാറിന് ചെറിയ പിന്തുണയെങ്കിലും പ്രകടിപ്പിക്കുന്നുവെങ്കിൽ അത് വലിെയാരു വിജയമായി ഇടതുപക്ഷവും സി.പി.എമ്മും കണക്കാക്കും എന്നാണ് കരുതേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.