ഭിന്നശേഷിയുള്ള മക്കളും സ്വതന്ത്രരായി കളിച്ചുയരട്ടെ

ഉൾച്ചേർന്ന (Inclusive) വിദ്യാഭ്യാസമാണ് ശരിയായ ഭിന്നശേഷിസൗഹൃദ വിദ്യാഭ്യാസ രീതിയെന്നത് ലോകം അംഗീകരിച്ചതാണ്. 2006ലെ ഐക്യരാഷ്ട്രസഭ കൺവെൻഷന്റെ അടിസ്ഥാനത്തിലും 2016ൽ കേന്ദ്ര സർക്കാർ നടപ്പാക്കിയ ആർ.പി.ഡബ്ല്യു.ഡി ആക്ട് പ്രകാരവും സാമൂഹികവും വിദ്യാഭ്യാസപരവുമായ വിവേചനങ്ങളിൽനിന്ന് സംരക്ഷണം ഉൾപ്പെടെ ഈ കുട്ടികൾക്ക് നിയമപരിരക്ഷ ഉറപ്പുനൽകുന്നുണ്ട്.

ഭിന്നശേഷികളുള്ള ഒരു ലക്ഷത്തിലധികം കുട്ടികൾ നമ്മുടെ സ്കൂളുകളിൽ പഠിക്കുന്നുണ്ടെങ്കിലും പതിനായിരത്തിലധികം പേർക്ക് പലവിധ പരിമിതികൾ കാരണം സ്കൂളിൽ വരാൻ കഴിയാത്ത സാഹചര്യമുണ്ട്. അവർക്കുവേണ്ടി ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടെ വേറിട്ട പഠന, പിന്തുണ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ജാതി, മത, വർഗ, വർണ, സാംസ്കാരിക, സാമൂഹിക ഭേദമന്യേ യാതൊരുവിധ വിവേചനവുമില്ലാതെ സമപ്രായക്കാരായ മറ്റു കുട്ടികളോടൊപ്പം ഏറ്റവും ഗുണമേന്മയാർന്ന ഔപചാരിക വിദ്യാഭ്യാസം ലഭ്യമാക്കലാണ് ഉൾച്ചേർന്ന വിദ്യാഭ്യാസം എന്ന ബൃഹത്തായ സങ്കൽപത്തിലൂടെ ലക്ഷ്യമിടുന്നത്. കഴിവുകൾ, ശേഷികൾ, സംസ്കാരം, സാമൂഹിക പശ്ചാത്തലം, ബുദ്ധിസാമർഥ്യം, ലിംഗാവസ്ഥ തുടങ്ങിയ ഘടകങ്ങൾ വ്യത്യസ്തത പുലർത്തുന്നുണ്ടെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ സാധ്യതകളും ഗുണഫലങ്ങളും അനുഭവിക്കുന്നതിന് കുട്ടിക്ക് തടസ്സമായിക്കൂടാ എന്നത് പൊതുവായ കാഴ്ചപ്പാടാണ്.

പഠന പ്രവർത്തനത്തിൽ പൂർണ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം തുല്യനീതിയും തുല്യഅവസരവും തുല്യപങ്കാളിത്തവും ഇത്തരക്കാർക്ക് പ്രാപ്യമാക്കുക എന്നതാണ് ഉൾച്ചേർന്ന വിദ്യാഭ്യാസത്തിന്റെ കാഴ്ചപ്പാട്. പാർശ്വവത്കരിക്കപ്പെട്ടവർ ഇല്ലാത്ത ക്ലാസ് മുറികളിലൂടെ പാർശ്വവത്കരിക്കപ്പെട്ടവർ ഇല്ലാത്ത സമൂഹസൃഷ്ടി എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ലക്ഷ്യം സാർഥകമാകേണ്ടതുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ മാത്രമായി ഒതുങ്ങേണ്ടിവന്ന മക്കൾക്കായി എസ്.സി.ഇ.ആർ.ടിയുടെ നേതൃത്വത്തിൽ തേൻകൂട് എസ്.എസ്.കെയുടെ നേതൃത്വത്തിൽ വൈറ്റ് ബോർഡ് പഠനവിഡിയോകൾ, കാഴ്ചപരിമിതർക്കായി ശബ്ദപാഠങ്ങൾ, അടച്ചിടലിന്റെ സമ്മർദം കുറക്കുന്നതിനായി ജാലകങ്ങൾക്കപ്പുറം പരിപാടി, വീടുകളിൽ തെറപ്പി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ, ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ചെയ്യുന്നവർക്കായി വീടുകളിൽ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കിയുള്ള പഠനസംവിധാനം എന്നിവയെല്ലാം പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരിക്കുന്നു.

ഉൾച്ചേർന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ ശ്രദ്ധനൽകേണ്ട ഒരു മേഖലയാണ് കായികരംഗം. ഉൾച്ചേർന്ന വിദ്യാഭ്യാസത്തെ വർത്തമാന കേരളം വലിയ പ്രാധാന്യത്തോടെ പരിഗണിച്ചപ്പോഴും കായിക മേഖലയിൽ അത് വേണ്ടത്ര രീതിയിൽ പ്രതിഫലിച്ചോ എന്ന സംശയം ബാക്കിനിൽക്കുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ്, അംഗീകൃത കായിക അസോസിയേഷനുകൾ, തദ്ദേശഭരണ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വകുപ്പുകളും സ്ഥാപനങ്ങളും നടത്തുന്ന കായികമത്സരങ്ങളിൽ ഭിന്നശേഷി വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി നിരന്തര ഇടപെടലുകൾ ഉണ്ടാകേണ്ടതുണ്ട്.

നിലവിലുള്ള കായിക മാന്വലുകൾ പരിശോധിച്ച് ഓരോ ഇനവും അവർക്കുകൂടി അനുയോജ്യമായ രീതിയിൽ മാറ്റേണ്ടതുണ്ട്. ഇതോടൊപ്പം ഭിന്നശേഷിക്കാർക്ക് ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ കഴിയുന്ന തരത്തിലെ പുതിയ കായികഇനങ്ങൾ രൂപകൽപന ചെയ്ത് അവ കായിക മാന്വലിന്റെ ഭാഗമായി ചേർക്കുകയും വേണം. കൂടാതെ, പരിശീലന സംവിധാനങ്ങളുമൊരുക്കണം.

കളികളും കായികപ്രവർത്തനങ്ങളും വ്യക്തിയുടെ ശാരീരികവും മാനസികവും വൈകാരികവും സാമൂഹികവുമായ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയെയും വികാസത്തെയും സഹായിക്കുന്നതോടൊപ്പം, ശരീരഭാര നിയന്ത്രണത്തിനും പേശികൾ, എല്ലുകൾ എന്നിവയെ ബലപ്പെടുത്താനും കായിക പ്രവർത്തനങ്ങൾ സഹായിക്കുന്നു. തലച്ചോറിലെ പ്രവർത്തനത്തെ ഉദ്ദീപിപ്പിക്കാനും ശ്വസനക്ഷമത വർധിപ്പിക്കാനും ഇത് ഉപകരിക്കും.

കായികക്ഷമതാ ഘടകങ്ങളെ ഘട്ടംഘട്ടമായി മെച്ചപ്പെടുത്താനും മാനസിക സമ്മർദം കുറക്കാനും കുട്ടിയുടെ പഠനപുരോഗതിയിൽ നിർണായക സ്വാധീനം ചെലുത്താനും കളികളിലൂടെ കഴിയും. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ സംബന്ധിച്ചിടത്തോളം പരിമിതമായി മാത്രമാണ് കായികപ്രവർത്തനങ്ങളിലോ കളികളിലോ ഏർപ്പെടാൻ അവസരമുള്ളത്. അതുകൊണ്ടുതന്നെ പൊണ്ണത്തടി, അമിത ശരീരഭാരം എന്നിവ അടക്കമുള്ള ജീവിതശൈലീരോഗങ്ങൾ വളരെ വേഗം ബാധിക്കാനും സാധ്യതയുണ്ട്. അതിനാൽ സ്കൂളുകൾ, ബി.ആർ.സികൾ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യ കായിക ക്ലബുകൾ രൂപവത്കരിച്ച് ചിട്ടയായ പരിശീലനം നൽകുന്നത് ആരോഗ്യകരമായ സമൂഹനിർമിതിക്ക് സഹായിക്കും.

അന്തർദേശീയതലത്തിൽതന്നെ പൊതുവായി അംഗീകരിക്കപ്പെട്ട ഇൻക്ലൂസിവ് സ്പോർട്സ് ക്ലാസിഫിക്കേഷന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ സാഹചര്യങ്ങൾക്കനുസൃതമായ രീതിയിൽ മത്സരരീതിയെ ക്രമീകരിക്കേണ്ടതുണ്ട്. മത്സരരീതിയെ ഇത്തരത്തിൽ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പരിശീലകർക്കും ഒഫീഷ്യൽസിനും വിദഗ്ധ പരിശീലനം നൽകണം. അന്തർദേശീയതലത്തിൽ നടക്കുന്ന പാരാലിമ്പിക്സ്, ഡോർഫ് ഗെയിംസ്, സ്പെഷൽ ഒളിമ്പിക്സ് തുടങ്ങിയ മത്സരങ്ങളുടെ മാതൃക, സവിശേഷത, ഘടന എന്നിവകൂടി പരിഗണനക്ക് വിധേയമാക്കാവുന്നതാണ്.

ഇൻക്ലൂസിവ് കായികമേളകൾ സംഘടിപ്പിക്കുമ്പോൾ വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും ഏകോപനം അനിവാര്യമാണ്. ഏതാനും വ്യക്തികളെയും സ്ഥാപനങ്ങളെയും ആശ്രയിച്ചും വ്യത്യസ്ത സമയങ്ങളിൽ ആരാലും അറിയപ്പെടാതെയും നടന്നുപോകുന്ന നിലയിലേക്ക് ഭിന്നശേഷി വിദ്യാർഥികളുടെ കായികമത്സരങ്ങൾ ഒതുങ്ങിപ്പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതിൽനിന്ന് വ്യത്യസ്തമായി പ്രാദേശികതലത്തിലുള്ള കുട്ടികൾക്കുപോലും ഇതിന്റെ ഗുണഫലം ലഭ്യമാകുന്ന തരത്തിൽ ആസൂത്രണം ചെയ്തു മുന്നോട്ടുപോകേണ്ടതുണ്ട്.

പലപ്പോഴും രക്ഷിതാക്കളോ കുട്ടികളോ അധ്യാപകരോ ഇത്തരം മത്സരങ്ങളുടെ അടിസ്ഥാന വിവരങ്ങൾപോലും അറിയുന്നില്ല എന്നുള്ളതാണ് വാസ്തവം. ഭിന്നശേഷി വിഭാഗത്തിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ഇൻക്ലൂസിവ് സ്പോർട്സ് എന്ന മഹത്തായ പദ്ധതി നടപ്പാക്കുന്നതിലൂടെ ഉൾച്ചേർക്കൽ വിദ്യാഭ്യാസ ചരിത്രത്തിൽ ഒരു നാഴികക്കല്ലാവും. അതോടൊപ്പം ഇത്തരം മത്സരങ്ങളിൽ പങ്കെടുത്താൽ ഉണ്ടാകുന്ന ഗുണഫലങ്ങൾ സംബന്ധിച്ച് പ്രത്യേക ബോധവത്കരണം രക്ഷിതാക്കൾക്ക് നൽകേണ്ടതും വളരെ അത്യാവശ്യമാണ്.

ഭിന്നശേഷി വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം നമ്മുടെ സംസ്ഥാനത്തെ നിലവിലുള്ള കായികസംവിധാനങ്ങൾ വളരെ പരിമിതമാണ്. ഭിന്നശേഷിസൗഹൃദമായ കളിക്കളങ്ങളുടെ നിർമാണംകൂടി സമാന്തരമായി ആരംഭിക്കാൻ തീരുമാനമുണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായസഹകരണത്തോടുകൂടി പഞ്ചായത്ത്തലം മുതൽ ഭിന്നശേഷി കുട്ടികൾക്കുള്ള കായികപരിശീലനവും മത്സരവും കാര്യക്ഷമമായ രീതിയിൽത്തന്നെ ആരംഭിക്കാവുന്നതാണ്.

സ്കൂളുകൾ കേന്ദ്രീകരിച്ച് കായിക ക്ലബുകളുടെ നേതൃത്വത്തിൽ ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ഗെയിമുകളുടെ മത്സരപരിപാടി സംഘടിപ്പിക്കുന്നത് നല്ലതാണ്. ഒരു സബ്ജില്ലയിൽ ചില പ്രത്യേക ഇനങ്ങളിൽ കുട്ടികൾ ലഭ്യമാകാത്ത സാഹചര്യം വരുമ്പോൾ മറ്റു സബ് ജില്ലകളിൽനിന്നും കുട്ടികളെ ഒരു പ്രത്യേക കായിക കേന്ദ്രത്തിൽ ഏകോപിപ്പിച്ചുകൊണ്ട് പരിശീലനപരിപാടികൾ ആരംഭിക്കുന്നത് ടീമുകളുടെ രൂപവത്കരണത്തിന് വഴിതെളിക്കും. ഇതുകൂടാതെ ആവശ്യത്തിനനുസരിച്ചുള്ള കായികപരിശീലകരുടെ സേവനംകൂടി ഓരോ സബ് ജില്ലയിലെയും ബി.ആർ.സി കേന്ദ്രീകരിച്ച് ലഭ്യമാക്കുന്നത് ടീമുകളുടെ രൂപവത്കരണത്തിന് ഗുണംചെയ്യും.

ടീമുകളുടെ രൂപവത്കരണത്തിനുശേഷം വിവിധ സബ് ജില്ലകൾ കേന്ദ്രീകരിച്ചുകൊണ്ട് കായികമത്സരങ്ങൾ സംഘടിപ്പിക്കുന്നത് മത്സരസംഘാടനത്തിന് സഹായകമാകും.കായികവിനോദങ്ങളിലൂടെയും മത്സരങ്ങളിലൂടെയും പരിമിതികളെ മറികടക്കാനുള്ള ആവേശവും ഊർജവും സ്വയം ഉൾക്കൊള്ളാനും വ്യക്തിഗത കഴിവിനെ തിരിച്ചറിഞ്ഞുകൊണ്ട് മുന്നോട്ടുള്ള പ്രയാണത്തിന് ആത്മവിശ്വാസവും ധൈര്യവും കൈവരിക്കാനും ഓരോ കുട്ടിക്കും സാധിക്കേണ്ടതുണ്ട്.

സഹതാപപൂർണമായ രീതിയിൽ ആനുകൂല്യങ്ങൾ എത്തിച്ചു കൊടുക്കുക എന്ന കേവലമായ കാഴ്ചപ്പാടിൽനിന്ന് വിഭിന്നമായി വ്യക്തിപരമായ പരിമിതികൾ നേരിടുന്ന ഏതൊരാളുടെയും അവകാശങ്ങൾ നിഷേധിക്കപ്പെടാതെ സാക്ഷാത്കരിക്കാൻ പോന്ന വിശാലമായ കാഴ്ചപ്പാടിലേക്കാണ് ഭിന്നശേഷിസൗഹൃദ കേരളത്തിന്റെ മനസ്സ് രൂപപ്പെടേണ്ടത്.

(സമഗ്ര ശിക്ഷ സ്റ്റേറ്റ് പ്രോഗ്രാം ഓഫിസറാണ് ഷൂജ എസ്.വൈ, എസ്.സി.ഇ.ആർ.ടിയിൽ റിസർച് ഓഫിസറാണ് ഡോ. അജീഷ് പി.ടി)

Tags:    
News Summary - Let differently-abled children also play freely

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.