അസത്യ വർത്തമാനങ്ങൾ ഇനിയാരെയും കൊല്ലാതിരിക്ക​ട്ടെ

ഇത് സത്യാനന്തരകാലം. അസത്യങ്ങളും അർധസത്യങ്ങളും അരങ്ങുവാഴുന്ന സ്ഥിതി വിശേഷം. പച്ചക്കള്ളങ്ങൾ പോലും പച്ച പരമാർഥമായി അവതരിക്കും. അസത്യം നിറഞ്ഞ ഒരു മൂന്ന് മിനിറ്റ്​ പ്രസംഗം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെ ജീവൻ നഷ്​ടപ്പെടുത്തുന്നതിലേക്കെത്തിച്ചത്​ ഏറ്റവും ഒടുവിലത്തെ ഉദാഹരണം.

രാഷ്ട്രീയത്തി​ന്റെയും മതത്തിന്റെയും ജാതിയുടെയും താൽപര്യങ്ങളുടെയും പേരിൽ അസത്യങ്ങളും വിദ്വേഷ വർത്തമാനങ്ങളും പടച്ചുവിട്ടാൽ വസ്​തുത പരിശോധന പോലും നടത്താതെ ഏറ്റെടുക്കുകയും ഏറ്റുപാടുകയും ചെയ്യുന്ന ഒരു കാലത്ത്​ മികച്ച സാക്ഷരതയും സമുദായ സൗഹൃദ അന്തരീക്ഷവും നിലനില്ക്കുന്നെന്ന് വിശ്വസിക്കപ്പെട്ടിരുന്ന കേരളം പോലും മലീമസപ്പെടുന്നുവെന്നതിന്​ നിരവധി ഉദാഹരണങ്ങളുണ്ട്.

സുരേന്ദ്രൻ ഇളക്കിവിട്ട തുപ്പൽ വിവാദവും ടി.പി. സെൻകുമാർ പടച്ചുവിട്ട മദ്റസാധ്യാപക ശമ്പളക്കള്ളവും പാലാ ബിഷപ്പി​ന്റെ നാർക്കോ ലവ് ജിഹാദുമെല്ലാം എത്രനാളാണ് നിന്നു കത്തിയത്. അത്തരത്തിലെ ഒരു വ്യാജനിർമിതിയാണ്​ വളാഞ്ചേരി എം.ഇ.എസ് കോളജിലെ മാഗസിൻ പ്രകാശനച്ചടങ്ങിനെക്കുറിച്ച്​ പ്രചരിച്ചത്​. തികച്ചും യാദൃച്ഛികമായി നടന്ന, ഇന്നലെകളിൽ നടന്നിട്ടുള്ള, നാളെ നടക്കാനിടയുള്ള ഒരു സംഭവത്തെ വംശീയവും വർഗീയവുമാക്കി ചിത്രീകരിച്ച്​ ഒരു പ്രദേശത്തെയും ഒരു സമൂഹത്തെയും മര്യാദകെട്ടവരാക്കി ചിത്രീകരിച്ചതിൽ​ സോഷ്യൽ മീഡിയ രചയിതാക്കൾ മാത്രമല്ല, മലയാളത്തിലെ രണ്ട്​ പത്രങ്ങളും ഒരു ഇംഗ്ലീഷ്​ പത്രവും കുടിലമായ പങ്കുവഹിച്ചു.

നടനും സംവിധായകനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജിനെ വളാഞ്ചേരി എം.ഇ.എസ് കോളജിലെ മാഗസിൻ പ്രകാശനച്ചടങ്ങിലേക്ക്​ ക്ഷണിച്ചുവരുത്തി പ്രിൻസിപ്പൽ പരസ്യമായി അപമാനിച്ച് ഇറക്കിവിട്ടു എന്ന ധ്വനിയിലാണ് പോസ്​റ്റുകളും വാർത്തകളും പ്രചരിപ്പിക്കപ്പെട്ടത്​. മലപ്പുറം ജില്ല, എം.ഇ.എസ്​ കോളജ്​ ഇതു രണ്ടുമായിരുന്നു വ്യാജപ്രചാരകർക്ക്​ ആവേശം പകർന്ന രണ്ട്​ ഘടകങ്ങൾ. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വന്ന വിഷലിഖിതങ്ങൾ മിക്കതും സകല മരാദ്യകളും ലംഘിക്കുന്ന, അശ്ലീലങ്ങളാകയാൽ പകർത്തിയെഴുതുന്നില്ല. "താലിബാൻ കോളജ് ആണ് " "പ്രിൻസിപ്പൽ സുഡാപ്പിയാണ്​ " ‘‘മതഭ്രാന്തനായ പ്രിൻസിപ്പൽപൊട്ടൻ " "കോയകളിൽ നിന്ന്​ ഇതല്ലാതെ എന്തു പ്രതീക്ഷിക്കാൻ’’ ‘‘മദ്റസ ഉസ്​താദിനെ കോളജ്​ ​പ്രിൻസിപ്പൽ ആക്കിയാൽ ഇതും ഇതിലപ്പുറവും സംഭവിക്കും... എന്നിങ്ങനെ പോകുന്നു അവയുടെ അടിയിലെ കമൻറുകൾ.

എന്താണ്​ സംഭവിച്ചത്?

എസ്.എഫ്.ഐ ഭരിക്കുന്ന കോളജ് സ്​റ്റുഡൻറ്സ്​​ യൂനിയൻ തയാറാക്കിയ മാഗസിൻ പ്രകാശനമായിരുന്നു പരിപാടി. മുൻമന്ത്രിയും എം.എൽ.എയുമായ ഡോ. കെ.ടി. ജലീലായിരുന്നു ഉദ്ഘാടകൻ. പ്രകാശനം ചെയ്യേണ്ടിയിരുന്നത്​ ബിബിൻ ജോർജ്. ഉദ്​ഘാടകൻ ഏറെ നേരം കാത്തിരുന്ന്​ മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനായി മടങ്ങി കുറച്ചു സമയം കഴിഞ്ഞാണ് ബിബിനും സംഘവുമെത്തുന്നത്.

വന്നയുടൻ അവർ കൊണ്ടുവന്ന സിനിമയുടെ പ്രമോഷൻ പോസ്റ്ററുകൾ കാമ്പസിന്റെ വിവിധ ഭാഗങ്ങളിലായി പതിച്ചു. ഹാളിലേക്ക് വന്ന ബിബിൻ ജോർജ് ഉൾപ്പെടെ ഏഴു പേരടങ്ങുന്ന സംഘത്തെ വളരെ സൗഹാർദപരമായി തന്നെയാണ് പ്രിൻസിപ്പൽ ഡോ. വിനോദ്​ കുമാറി​ന്റെ നേതൃത്വത്തിലെ കോളജധികൃതർ സ്വീകരിച്ചത്. എല്ലാവർക്കും സദസ്സിന്റെ മുൻനിരയിൽ ഇരിപ്പിടങ്ങൾ നൽകിയ ശേഷം മാഗസിൻ പ്രകാശനച്ചടങ്ങിനായി ബിബിൻ ജോർജിനെ പ്രിൻസിപ്പൽ ക്ഷണിച്ചു. അദ്ദേഹം മൈക്ക് വാങ്ങി തന്റെ കൂടെ വന്ന സംഘാംഗങ്ങളെ മുഴുവൻ അധ്യക്ഷനായ പ്രിൻസിപ്പലിന്റെ അറിവോ സമ്മതമോ കൂടാതെ വേദിയിലേക്ക് വിളിച്ചുകയറ്റി. തുടർന്ന്, മാഗസിൻ പ്രകാശനം നിർവഹിക്കുന്നതിനു പകരം, പ്രദർശനത്തിന്​ തയാറായ തന്റെ സിനിമയുടെ പ്രമോഷൻ പരിപാടിയാക്കാൻ ശ്രമിക്കുകയായിരുന്നു അദ്ദേഹം. ആ സമയത്ത് പ്രിൻസിപ്പൽ ഇടപെടുകയും, ഇത്തരത്തിൽ ഒരു പരിപാടിയെകുറിച്ച് യൂനിയൻ ഭാരവാഹികൾ അറിയിച്ചിട്ടില്ലെന്നും, സർക്കാർ ഉത്തരവ് നിലവിലുള്ളതിനാൽ അത്തരം പരിപാടികൾക്ക് അനുമതി നൽകാനാകില്ലെന്നും താങ്കളെ ക്ഷണിച്ചത് മാഗസിൻ പ്രകാശനത്തിന് വേണ്ടിയാണെന്നും ആ പരിപാടിയിലേക്ക് കടക്കണമെന്നും ഓർമിപ്പിച്ചു. അസ്വസ്ഥനായ ബിബിൻ ജോർജ് വികാരാധീനനായി സംസാരിച്ച്​ വേദിയിൽ നിന്ന്​ സ്വയം ഇറങ്ങിപ്പോവുകയായിരുന്നു.

പ്രിൻസിപ്പലിന്റെ അനുമതി വാങ്ങാതെ, സിനിമാ പ്രവർത്തകർക്ക് പ്രമോഷൻ വേദി വാഗ്​ദാനം ചെയ്​ത യൂനിയൻ ഭാരവാഹികളാവ​ട്ടെ, പിന്നീട് പ്രിൻസിപ്പലിനെതിരെ തിരിയുകയും ചെയ്​തു. കൊച്ചിൻ യൂനിവേഴ്സിറ്റി കാമ്പസിലുണ്ടായ ദാരുണ ദുരന്തത്തിനുശേഷം 2024 മേയ് മാസത്തിൽ ഇറങ്ങിയ സർക്കാർ ഉത്തരവ് കർശനമായി പാലിക്കാൻ ബാധ്യസ്ഥരായ സ്ഥാപന മേധാവികൾ അതിൽ വീഴ്ച സംഭവിച്ചാൽ നേരിടേണ്ടിവന്നേക്കാവുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കുമെന്ന് വെറുപ്പിന്റെ പ്രചാരകർക്ക് അറി​യേണ്ട കാര്യമില്ലല്ലോ.

വിദ്യാർഥി ക്ഷേമ തൽപരനും സഹൃദയനുമായ പ്രിൻസിപ്പലും, ഒരു നാടി​ന്റെ അക്ഷര വെളിച്ചമായ കലാലയവും ചെയ്യാത്ത തെറ്റി​ന്റെ പേരിൽ പൊതുജനമധ്യത്തിൽ വേട്ടയാടപ്പെടുകയും അതി​ന്റെ മറവിൽ ഒരു നാടും സമുദായവും ​അവഹേളിക്കപ്പെടുകയും ചെയ്യുമ്പോൾ ഇത്രയെങ്കിലും കുറിച്ചിടാതിരിക്കുന്നത്​ മോബ്​ ലിഞ്ചിങ്ങിന്​ കൂട്ടുനിൽക്കലാണ്​ എന്നുതോന്നി. ഇനിയൊരു കോളജും അധ്യാപകരും ഇത്തരത്തിൽ അപമാനിക്കപ്പെടാതിരിക്ക​ട്ടെ. 

Tags:    
News Summary - Let false news not kill anyone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.