ഗസ്സ സിറ്റി: ഗസ്സ വംശഹത്യ ഒരു വർഷം പൂർത്തിയായ നാളിലും കനത്ത വ്യോമാക്രമണവും കുരുതിയും തുടർന്ന് ഇസ്രായേൽ. വടക്കൻ ഗസ്സയിലും തെക്കൻ ലബനാനിലും ബോംബ് വർഷത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. തെക്കൻ ലബനാനിൽ അതിർത്തിയോടു ചേർന്ന ബിൻത് ജബൈലിൽ മുനിസിപ്പൽ കെട്ടിടത്തിനു നേരെയുണ്ടായ വ്യോമാക്രമണത്തിൽ 10 അഗ്നിരക്ഷാ സൈനികർ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം ബൈറൂത്തിലും തെക്കൻ ലബനാനിലെ മറ്റു മേഖലകളിലും നടത്തിയ സമീപകാലത്തെ ഏറ്റവും വലിയ വ്യോമാക്രമണത്തിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചയുണ്ടായ ബോംബുവർഷം. ഖമാതിയയിൽ ബോംബുകൾ പതിച്ച് മൂന്ന് കുട്ടികളടക്കം ആറുപേരും ബികാ താഴ്വരയിലെ ഖാലിയ പട്ടണത്തിൽ രണ്ടുപേരും മരിച്ചു.
ഗസ്സയിൽ റഫയിൽ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒമ്പതു പേരും ജബാലിയയിൽ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 49 പേരാണ് ഇസ്രായേൽ ആക്രമണങ്ങളിൽ മരണം വരിച്ചത്. ഇതോടെ, ഗസ്സയിൽ സ്ഥിരീകരിച്ച മരണസംഖ്യ 41,909 ആയി.
അതിനിടെ, അതിർത്തിയിൽ ഹിസ്ബുല്ലയുമായി ഏറ്റുമുട്ടലിൽ രണ്ടു സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. രണ്ടു സൈനികർക്ക് ഗുരുതര പരിക്കുണ്ട്. വടക്കൻ ഇസ്രായേലിലെ തീരദേശ പട്ടണമായ ഹൈഫയിൽ കഴിഞ്ഞ ദിവസം രാത്രിയിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. സൈനിക കേന്ദ്രങ്ങൾക്കും കുടിയേറ്റ കേന്ദ്രങ്ങൾക്കും നേരെയായിരുന്നു ആക്രമണമെന്ന് ഹിസ്ബുല്ല അറിയിച്ചു. റുമൈശിലും ഗലീലി മേഖലയിലും ഹിസ്ബുല്ല റോക്കറ്റുകൾ പതിച്ചു. ഗലീലിയിൽ ബെയ്ത് ഹാകറമിൽ 35 റോക്കറ്റുകൾ വർഷിച്ചതായി ചാനൽ 12 ടി.വി റിപ്പോർട്ട് ചെയ്തു.
തെൽ അവീവിൽ ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സും റോക്കറ്റ് ആക്രമണം നടത്തി. ഡോവേവ്, മിസ്ഗാവ് ആം പ്രദേശങ്ങളിൽ ആക്രമണത്തെ തുടർന്ന് മുന്നറിയിപ്പ് സൈറനുകൾ മുഴങ്ങി. രണ്ടുപേർക്ക് പരിക്കേറ്റു.
അതേ സമയം, ഗസ്സയിലും ലബനാനിലും ഇസ്രായേൽ വീണ്ടും കുടിയൊഴിപ്പിക്കൽ തകൃതിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വടക്കൻ ഗസ്സയിൽ ജബാലിയ, ബെയ്ത് ഹാനൂൻ, ബെയ്ത് ലാഹിയ എന്നിവിടങ്ങളിൽ വ്യാപക കുടിയൊഴിപ്പിക്കലിന് പിറകെ തെക്കൻ ഗസ്സയിൽ ഖാൻ യൂനുസിലെ ഫലസ്തീനികൾ അൽമവാസി ക്യാമ്പുകളിലേക്ക് മാറണമെന്നാണ് അന്ത്യശാസനം. തെക്കൻ ലബനാനിൽ ത്വയ്ർ ഹർഫ, അൽമൻസൂരി എന്നിവിടങ്ങളിലെ 20 ഗ്രാമങ്ങളിലുള്ളവർ ഒഴിഞ്ഞുപോകണമെന്നും ഇസ്രായേൽ സേന നിർദേശിച്ചിട്ടുണ്ട്.
അതിനിടെ, ജോർഡൻ വിദേശകാര്യ മന്ത്രി ഐമൻ സഫാദി ലബനാനിലെത്തി. മരുന്നുകളും ഭക്ഷ്യ വസ്തുക്കളുമടക്കം അവശ്യ സഹായങ്ങളുമായെത്തിയ അദ്ദേഹം ലബനാൻ ഇടക്കാല പ്രധാനമന്ത്രി നജീബ് മീഖാത്തിയെയും സൈനിക മേധാവി ജോസഫ് ഔനിനെയും കാണും. ഇസ്രായേൽ അതിക്രമം മേഖലയെ സമ്പൂർണ യുദ്ധത്തിലേക്ക് തള്ളിവിടുകയാണെന്ന് സഫാദി കുറ്റപ്പെടുത്തി. ഗസ്സ വംശഹത്യക്ക് ഇസ്രായേൽ കനത്ത വില നൽകേണ്ടിവരുമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ പറഞ്ഞു. ഹിറ്റ്ലറെ മനുഷ്യരുടെ സഖ്യം തടയിട്ട പോലെ നെതന്യാഹുവിനെയും തടയുമെന്നും ഉർദുഗാൻ കൂട്ടിച്ചേർത്തു.
അതിനിടെ, ഇസ്രായേലി ബന്ദികളുടെ കുടുംബങ്ങൾ ജറൂസലമിൽ ബിന്യമിൻ നെതന്യാഹുവിന്റെ വസതിക്കു മുന്നിൽ പ്രതിഷേധവുമായി ഒത്തുകൂടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.