ഇനിയും പാഠം പഠിച്ചില്ലെങ്കിൽ!

ദേശീയതലത്തിലും സംസ്ഥാനതലത്തിലും നടന്നുകൊണ്ടിരിക്കുന്ന സംഗതികൾ ഒട്ടേറെ ഗൗരവകരമായ ചിന്തകൾ തൊട്ടുണർത്തുന്നതാണ്. സമഗ്രാധിപത്യത്തിൽ രാജ്യം ഞെരിഞ്ഞമർന്നിട്ടും അതിൽനിന്ന്​ മുക്തമാകാനുള്ള അവസരങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിൽ പ്രതിപക്ഷ കക്ഷികൾ അക്ഷന്തവ്യമായ വീഴ്ചയാണ് വരുത്തുന്നത്. വെറുപ്പിന്റെ ശക്തികളെ അധികാരത്തിൽ നിന്നകറ്റിനിർത്താൻ ജനങ്ങൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിട്ടും അധികാര ദുർമോഹത്താൽ എല്ലാം തനിപ്പിടിയിലൊതുക്കാനുള്ള പ്രാദേശിക നേതാക്കളുടെ അത്യാഗ്രഹമാണ് ഹരിയാനയിൽ എല്ലാവരും പതിച്ചുനൽകിയ വിജയം കോൺഗ്രസിന് നഷ്ടപ്പെടുത്തിയത്. മുമ്പ് മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിന് ഭരണം ലഭിക്കാതെവന്നതും നേതാക്കളുടെ അധികാരക്കൊതിയും അതിരുകടന്ന സ്വാർഥതയും നിമിത്തം തന്നെയാണ്.

കോൺഗ്രസ് മുൻകൈയെടുത്ത് രൂപവത്​കരിച്ച ഇൻഡ്യ മുന്നണിയിൽ രാജ്യവും ജനങ്ങളും ഏറെ പ്രതീക്ഷയാണ് വെച്ചുപുലർത്തുന്നത്. പ്രബലകക്ഷി എന്ന നിലയിൽ ഏറ്റവുമധികം വിട്ടുവീഴ്ചക്കും ഒത്തുതീർപ്പിനും മുൻകൈയെടുക്കേണ്ടതും കോൺഗ്രസാണ്. എന്നാൽ, എവിടെയെങ്കിലും അല്പമെങ്കിലും വിജയസാധ്യതയുണ്ടെന്നുകണ്ടാൽ മറ്റാരെയും കൂട്ടാതെ വല്യേട്ടൻ കളിക്കാനാണ് കോൺഗ്രസിന്റെ സംസ്ഥാന ഘടകങ്ങൾ ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധിയുടെയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും അഭിപ്രായങ്ങൾ പോലും പരിഗണിക്കാതെയാണ് ഇവരുടെ പോക്ക്. അത് കോൺഗ്രസിന് മാത്രമല്ല, രാജ്യത്തിനുതന്നെയും കനത്ത നാശമാണ് വിതച്ചുകൊണ്ടിരിക്കുന്നത്.

ഇൻഡ്യ മുന്നണി, ടീം സ്പിരിറ്റോടെ തെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോഴെല്ലാം അത് പാർലമെൻറിലാണെങ്കിലും സംസ്ഥാനങ്ങളിലാണെങ്കിലും മിന്നുന്ന വിജയമാണ് കൈവരിച്ചത്. ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തികളാക്കിയും അന്വേഷണ ഏജൻസികളെ ആയുധങ്ങളാക്കിയും ഇലക്ഷൻ കമീഷനെ പാർട്ടി മെഷിനറിപോലെ ഉപയോഗിച്ചും പ്രതിപക്ഷകക്ഷി നേതാക്കളെ തുറങ്കിലടച്ചും നടത്തിയ പാർലമെൻറ്-സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ യഥാക്രമം യു.പിയിലും ജമ്മു-കശ്മീരിലും ബി.ജെ.പിക്ക് കനത്ത പരാജയമുണ്ടായത് ഇൻഡ്യ മുന്നണി തികഞ്ഞ ജാഗ്രതയോടെയും ഒത്തൊരുമയോടെയും തെരഞ്ഞെടുപ്പിനെ നേരിട്ടതിനാലാണ്. പ്രതിപക്ഷം ഉത്തരവാദിത്തബോധത്തോടെ രംഗത്തിറങ്ങിയാൽ പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും തെല്ലും വകവെക്കാതെ ഒപ്പം നിൽക്കാൻ ജനങ്ങൾ സന്നദ്ധരാണെന്ന സന്ദേശമാണ് ഇതിലൂടെ ലഭിക്കുന്നത്.

വർഗീയശക്തികളെ പ്രതിരോധിക്കുന്നതിൽ എന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ ദൗത്യമാണ് നിർവഹിക്കാനുണ്ടായിരുന്നത്. എന്നാൽ, വംശീയ വിദ്വേഷവും കുപ്രചാരണങ്ങളും ആയുധമാക്കിനീങ്ങുന്ന ബി.ജെ.പിയെ പ്രതിരോധിക്കുന്നതിൽ ഇടതുപക്ഷത്തിനും ഇന്ന് വലിയ പാളിച്ചകളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ച് കേരളത്തിൽ. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും വേരുപിടിക്കാതിരുന്ന കേരളത്തിൽ ഇന്ന് ഫാഷിസ്റ്റ് ശക്തികൾക്ക് വേരോട്ടമുണ്ടാകുന്നത് കേവലം യാദൃച്ഛികമാണെന്ന് കരുതിക്കൂടാ! ഇടതുപക്ഷ സഹയാത്രികനായിരുന്ന പി.വി. അൻവർ എം.എൽ.എ ഉയർത്തിയ ചോദ്യങ്ങളെ നിസ്സാരമായി കാണാൻ കഴിയില്ല. എല്ലാത്തിനെയും എസ്​.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്​ ലാമിയുടെയും പേരുപറഞ്ഞ് വഴിതിരിച്ചുവിടാനുമാവില്ല.

കഴിഞ്ഞ കുറച്ചു കാലങ്ങളായി പൊലീസ് സേനയിലെ ഒരു വിഭാഗം വർഗീയശക്തികൾക്ക് കീഴ്പെട്ടാണ് പ്രവർത്തിക്കുന്നതെന്ന തോന്നൽ കേരളീയ പൊതു സമൂഹത്തിൽ ശക്തമാണ്. അതിനുപോൽബലകമായ വാർത്തകളും തെളിവുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൃശൂർ പൂരം കലക്കലും ആർ.എസ്.എസ് നേതാക്കളുമായുള്ള എ.ഡി.ജി.പിയുടെ നിരന്തരമായ കൂടിക്കാഴ്ചകളും കേരളത്തിലെ പ്രമാദമായ പല കേസുകളിലെയും പൊലീസിന്റെ തീർത്തും പക്ഷപാതപരമായ സമീപനങ്ങളുമൊക്കെ പ്രഥമ ദൃഷ്ട്യാതന്നെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതാണ്. സെൻകുമാർ മുതൽ ആർ.ശ്രീലേഖ വരെയുള്ള മുൻ പൊലീസ്​ മേധാവികളുടെ ബി.ജെ.പി ബാന്ധവവും പെട്ടെന്നൊരുനാൾ പൊട്ടിമുളച്ചതാണെന്ന് ആർക്കാണ് വിശ്വസിക്കാനാവുക? ഇനിയും എത്രയോ ബാന്ധവങ്ങൾ പുറത്തുവരാനുണ്ടാവും.

മതമൈത്രിക്കും സാമുദായിക സൗഹാർദത്തിനും ഖ്യാതികേട്ട കേരളത്തിൽ വർഗീയ വൈരം സൃഷ്ടിക്കാൻ കഴിഞ്ഞ കുറെ കാലങ്ങളായി ആസൂത്രിത ശ്രമങ്ങളാണ് നടന്നുവരുന്നത്. മലയാളിയുടെ ഒരുമയും പെരുമയും രാജ്യത്തിനുതന്നെ മാതൃകയായിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങൾവഴി ഉത്തരേന്ത്യൻ നാടുകളെപോലും തോൽപിക്കുന്ന കുപ്രചാരണങ്ങളും പോർവിളികളും ഇപ്പോൾ പതിവായിരിക്കുകയാണ്. ബ്രിട്ടീഷുകാർ പയറ്റിയ ഭിന്നിപ്പിക്കൽ തന്ത്രമാണ് വർഗീയശക്തികളും പയറ്റിക്കൊണ്ടിരിക്കുന്നത്. ഭരണകൂടം ഇക്കാര്യത്തിൽ ഉണർന്നു പ്രവർത്തിച്ചെങ്കിലേ മതിയാകൂ! താൽക്കാലികമായ ലാഭം മുന്നിൽക്കണ്ട് ഇക്കാര്യത്തിൽ നിസ്സംഗത പാലിച്ചാൽ നാമാരും നിനക്കാത്ത നാശങ്ങൾക്കാകും നമ്മുടെ നാട് വിധേയമാകുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ തോൽപിക്കുന്നതിനായി പ്രയോഗിക്കുന്ന പ്രസ്താവനകൾ പോലും ശ്രദ്ധിച്ചില്ലെങ്കിൽ കൈവിട്ടുപോകുമെന്നതിന്റെ തെളിവാണ് മുഖ്യമന്ത്രിയുടെ ഹിന്ദു പത്രത്തിൽ വന്ന അഭിമുഖം. മലപ്പുറം ജില്ലയെയും അവിടത്തെ ജനങ്ങളെയും സംബന്ധിച്ച് തെറ്റിദ്ധാരണജനകമായ മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ യഥാർഥ ഗുണഭോക്താക്കൾ ആരാണെന്നതിൽ ആർക്കാണ് സംശയം.

സംഘ്പരിവാർ മലപ്പുറം ജില്ലയെയും മുസ്‍ലിം സമൂഹത്തെയും ടാർഗറ്റ് ചെയ്തുകൊണ്ട് കാലങ്ങളായി നടത്തുന്ന കുപ്രചാരണങ്ങൾക്ക് ചൂട്ടുപിടിക്കാനും സംസ്ഥാന സർക്കാറിനെ ഏതുവിധേനയും പ്രഹരിക്കാൻ കാത്തിരുന്ന ഗവർണർക്ക് വടിനൽകാനും മാത്രമല്ലേ അതുപകരിച്ചുള്ളൂ!തുറന്നുവിട്ട ദുർഭൂതത്തെ തിരിച്ചു കുടത്തിനുള്ളിലാക്കാൻ ഇപ്പോൾ പെടാപ്പാടുപെടുകയല്ലേ !!

അതിനിടയിൽ കെ.ടി. ജലീലിനെപ്പോലുള്ളവർ സ്വർണക്കടത്തിലും മറ്റും മതവിധി തേടിയിറങ്ങിയത് ആരെ തൃപ്തിപ്പെടുത്താനാണെങ്കിലും അത് സംഘ്പരിവാറിനല്ലാതെ മറ്റാർക്കാണ് ഗുണം ചെയ്യുക? എല്ലാത്തരം തിന്മകൾക്കും കുറ്റകൃത്യങ്ങൾക്കുമെതിരെ ഉറച്ചനിലപാടും ശക്തമായ താക്കീതും നൽകുന്നതാണ് ഖുർആനും പ്രവാചകചര്യയുമടങ്ങുന്ന ഇസ്‍ലാമിന്റെ മതവിധി എന്നത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? ഇക്കാര്യത്തിൽ ഇസ്‍ലാമിക സംഘടനകളെല്ലാം ഒരേ നിലപാട് തന്നെയാണ് സ്വീകരിച്ചുവരുന്നതും. വിവിധ സംഘടനകൾ നടത്തിവരുന്ന ആയിരക്കണക്കിന് വരുന്ന മദ്റസകളിൽ കുഞ്ഞുനാളിലെ തന്നെ കുട്ടികളിൽ സൽചിന്തകൾ വളർത്താനും തിന്മകളിൽനിന്ന് അകന്നുനിൽക്കാനുമുള്ള പാഠങ്ങളും പരിശീലനങ്ങളുമാണ് നൽകുന്നത്. ഇക്കാര്യങ്ങൾ ബോധ്യമുള്ളവർ തന്നെ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്താനിറങ്ങുന്നത് ഒട്ടും അഭികാമ്യമല്ല.

സംഘ്പരിവാർ ശക്തികൾ കാസയെപ്പോലുള്ള വർഗീയ സംഘങ്ങളെ കൂട്ടുപിടിച്ച് മുസ്‍ലിം പ്രീണനത്തിന്റെ ഇല്ലാക്കഥകൾ പ്രചരിപ്പിച്ചപ്പോൾ അതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് പ്രതികരിക്കാതിരുന്ന ഭരണ-പ്രതിപക്ഷ കക്ഷികളുടെ നിസ്സംഗതക്ക്​ നൽകേണ്ടിവന്ന വിലയാണ് കഴിഞ്ഞ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തൃശൂരിൽ വിജയവും ചില നിയമസഭ മണ്ഡലങ്ങളിൽ ഭൂരിപക്ഷവും നേടിക്കൊടുത്തതെന്ന ബോധം ഉപതെരഞ്ഞെടുപ്പ്​ പശ്ചാത്തലത്തിലെങ്കിലും ഉണ്ടായാൽ നന്ന്! h

(കേരള മുസ്‍ലിം ജമാഅത്ത് ഫെഡറേഷൻ ഓർഗനൈസിങ് സെക്രട്ടറിയും മുസ്‍ലിം എംപ്ലോയീസ് കൾച്ചറൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമാണ്​ ലേഖകൻ)

Tags:    
News Summary - Resisting communal forces

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.