ബഹുരാഷ്ട്ര കമ്പനിയിലെ തൊഴിൽ സമ്മർദം താങ്ങാനാവാതെ തളർന്നുവീണ അന്ന സെബാസ്റ്റ്യൻ പേരയിൽ എന്ന മലയാളി യുവതി മരണപ്പെട്ട വാർത്ത നാം കേട്ടത് സമീപകാലത്താണ്. ജനങ്ങളുടെ ജീവന് സംരക്ഷണവും നാടിന് കാവലുമൊരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കടന്നുപോകുന്ന കടുത്ത തൊഴിൽ സമ്മർദവും സജീവ ചർച്ചയാണ്. അതിനിടയിലാണ് ഇത്തവണത്തെ ലോക മാനസികാരോഗ്യ ദിനം വന്നെത്തുന്നത്. തൊഴിലിടത്തെ മാനസികാരോഗ്യത്തിന് മുന്‍ഗണന നല്കാന് സമയമായെന്ന് ഓര്‍മിപ്പിക്കുന്നതാണ് ഇത്തവണത്തെ ദിനാചരണ പ്രമേയം. ‘ജോലിസ്ഥലങ്ങളിലെ മാനസികാരോഗ്യ പ്രശ്നങ്ങള്‍ കഴിയുന്നത്ര വേഗത്തില്‍ അഭിസംബോധന ചെയ്യപ്പെടണം’ എന്ന ആഹ്വാനമാണ് അതിന്റെ കാതൽ. അത്യന്തം മത്സരാത്മകമായ ഇന്നത്തെ തൊഴില്‍ സംസ്കാരത്തില്‍ ജീവനക്കാർക്കിടയിലെ മാനസിക സമ്മര്‍ദം, ഉത്കണ്ഠ, ബേണ്‍ഔട്ട് എന്നീ പ്രശ്നങ്ങളെല്ലാം അനുദിനം വര്‍ധിച്ചുവരികയാണ്. ഭരണകൂടവും തൊഴിലുടമകളും ഇനിയും ഇത്തരം പ്രശ്നങ്ങള്‍ അവഗണിക്കാന്‍ ശ്രമിക്കുന്നത് അത്യന്തം അപകടകരവും ഉത്തരവാദരാഹിത്യവുമാണ്. ആരോഗ്യമുള്ള തൊഴിലന്തരീക്ഷം ഒരുക്കുക എന്നത് ധാര്‍മികമായ ഉത്തരവാദിത്തമാണ്, ഒപ്പം ഒരു സ്ഥാപനത്തിന്റെയും തൊഴിൽസേനയുടെയും വിജയം നിർണയിക്കുന്ന സുപ്രധാന ഘടകവുമാണ്.
വിഷാദം, ഉത്കണ്ഠ എന്നിവയുമായി ബന്ധപ്പെട്ട മാനസിക പ്രശ്നങ്ങള്‍ പ്രതിവര്‍ഷം ആഗോള സമ്പദ് വ്യവസ്ഥയുടെ ഉൽപാദനക്ഷമതയില് ട്രില്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ജീവനക്കാരെ സംബന്ധിച്ചിടത്തോളം ജോലിസ്ഥലമെന്നത് അവരുടെ ദിവസത്തിന്റെ വലിയൊരളവ് സമയം ചെലവഴിക്കപ്പെടുന്ന ഇടമാണ്. അതുകൊണ്ടുതന്നെ ജോലിസംബന്ധമായ സമ്മര്‍ദങ്ങള്‍ അവരുടെ മാനസിക ക്ഷേമത്തെ സാരമായി ബാധിക്കും. വിട്ടുവീഴ്ചയില്ലാത്ത ഡെഡ്ലൈനുകള്, അമിത ജോലിഭാരം, വര്‍ക്ക്-ലൈഫ് ബാലന്‍സ് നിലനിര്‍ത്താന്‍ കഴിയാത്ത നിസ്സഹായാവസ്ഥ എന്നിവയെല്ലാമാണ് ജോലിസംബന്ധമായ മാനസിക പിരിമുറുക്കത്തിന്റെ ഉറവിടങ്ങള്‍. പരിഹരിക്കപ്പെട്ടില്ലെങ്കില്‍, ബേണ്‍ഔട്ട്, ഉൽപാദനക്ഷമത കുറയല്‍, നീണ്ടുനില്‍ക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍, തൊഴിലിനോടും സമൂഹത്തോടും ജീവിതത്തോടുമുള്ള വിരക്തി തുടങ്ങി ഗുരുതര പ്രത്യാഘാതങ്ങള്‍ക്ക് അവ കാരണമാകും. ജോലിയുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലും പല തൊഴിലിടങ്ങളിലും മാനസികാരോഗ്യം ഇപ്പോഴും പുറത്തുപറയാൻ പറ്റാത്ത വിഷയമാണ്. പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഭയമോ ദുര്‍ബലരായി മുദ്ര കുത്തപ്പെടുമെന്ന തോന്നലോ കാരണം തങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ ജീവനക്കാര്‍ മടിക്കുന്നു. ഈ നിശബ്ദത ആ വ്യക്തിക്ക് മാത്രമല്ല, സ്ഥാപനത്തിനൊന്നാകെ ദോഷകരമായി മാറും.
മാനസികാരോഗ്യ സൗഹൃദമായ തൊഴിലിടമെന്നാല്‍, ജീവനക്കാര്‍ക്ക് അടിസ്ഥാനപരമായ ആനുകൂല്യങ്ങള്‍ നല്കുന്ന ഒരിടം എന്നതിലുപരിയായി, സുതാര്യതയും പിന്തുണയും ആശങ്കകളൊന്നുമില്ലാതെ ജീവനക്കാര്‍ക്ക് സമീപിക്കാന്‍ കഴിയുന്നതുമായ തൊഴില്‍ അന്തരീക്ഷത്തിന് ഊന്നല്‍ നല്കുന്ന ഒരിടമായിരിക്കണം. ശാരീരികമായ ആരോഗ്യം പോലെതന്നെ തങ്ങളുടെ ജീവനക്കാരുടെ മാനസികമായ ക്ഷേമവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് തൊഴിലുടമകള്‍ തിരിച്ചറിയണം. ജീവനക്കാരെ പിന്തുണക്കുന്ന അന്തരീഷം കെട്ടിപ്പടുക്കാനുള്ള ക്രിയാത്മകമായ ഇടപെടലുകളും നടപടികളും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
തുറന്ന ആശയവിനിമയം- മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സാധാരണമായി കാണുന്ന ഒരു അന്തരീക്ഷം ഒരുക്കുക. തങ്ങളുടെ ആശങ്കകള്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുമെന്നും പിന്തുണ ലഭിക്കുമെന്ന വിശ്വാസം ജീവനക്കാരില്‍ ഉണ്ടാകണം.
പരിശീലനവും ആവശ്യമായ സഹായങ്ങളും ഒരുക്കുക- ജീവനക്കാര്‍ നേരിടുന്ന മാനസികാരോഗ്യ വെല്ലുവിളികള്‍ തിരിച്ചറിയുന്നതിനായി മാനേജര്‍മാര്‍ക്കും എച്ച്.ആര് ജീവനക്കാര്‍ക്കും പരിശീലനം നല്‍കുക. മാനസിക സമ്മര്‍ദങ്ങള്‍ നേരിടുന്ന സഹപ്രവര്‍ത്തകരെ തിരിച്ചറിയുന്നതിന് ജീവനക്കാര്‍ക്കും പരിശീലനമൊരുക്കുക.
വര്‍ക്ക്-ലൈഫ് ബാലന്‍സ് പ്രോത്സാഹിപ്പിക്കുക- ജോലിസമയം സൗകര്യപ്രദമാക്കുക, വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള അവസരങ്ങള്‍ നല്‍കുക, സ്ട്രെസ് മാനേജ്മെന്റ് വർക്ഷോപ്പ്, മൈന്ഡ്ഫുള്നെസ് പ്രോഗ്രാമുകള്‍ എന്നിവപോലെ വ്യക്തിപരമായ ക്ഷേമത്തിനൊപ്പം തന്നെ ജോലിയിലെ ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കാന്‍ കഴിയുന്നതരത്തിലുള്ള പരിപാടികള്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുക.
സപ്പോര്‍ട്ട് നെറ്റ്വര്ക്കുകള്- തൊഴിലിടങ്ങളില്‍ ജീവനക്കാര്‍ക്ക് പിന്തുണ നല്‍കുന്നതിന് ഔപചാരികമല്ലാത്ത ഗ്രൂപ്പുകള്‍ ആരംഭിക്കുക. ജീവനക്കാര്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കിടാനും ഉപദേശങ്ങള്‍ തേടാനും ഇത്തരം ഗ്രൂപ്പുകള്‍ സഹായകമാകും. ഇത് അവരില്‍ സുരക്ഷിതത്വബോധവും ഒറ്റക്കെട്ടാണെന്ന തോന്നലും സൃഷ്ടിക്കും.
ജോലി സംബന്ധമായ സ്ട്രെസ്സുകള്‍ അഭിസംബോധന ചെയ്യുക- ജോലിസ്ഥലത്ത് ജീവനക്കാരുടെ സ്ട്രെസ്സിന്റെ കാരണങ്ങളും ഉറവിടങ്ങളും കണ്ടെത്തി പരിഹരിക്കാന്‍ ശ്രമിക്കുക. ഉദാഹരണത്തിന് ജോലിഭാരം കുറക്കുക, ജീവനക്കാര്‍ക്ക് പറയാനുള്ളത് കേള്‍ക്കുക, നടപടിക്രമങ്ങള്‍ മെച്ചപ്പെടുത്തുക എന്നിങ്ങനെ.
തൊഴിലിടത്തില്‍ മാനസികാരോഗ്യം പ്രോത്സാഹിപ്പിക്കുന്നത് ജീവനക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഗുണകരമാണ്. കാരണം അത് പരസ്പരമുള്ള ഇടപെടലുകളും ഉൽപാദനക്ഷമതയും ഭാവനയും മെച്ചപ്പെടുത്താന്‍ സഹായിക്കും. സൗഹാര്‍ദപരവും പിന്തുണ നല്‍കുന്നതുമായ ഒരു അന്തരീക്ഷത്തില്‍ അവധികളും ഒഴിവുകഴിവുകളും തെറ്റുകളും സമ്മര്‍ദവും കുറവായിരിക്കും. അവിടം പരസ്പരവിശ്വാസത്തിനും ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനും മെച്ചപ്പെട്ട ആശയവിനിമയത്തിനും വേദിയാകും. തങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷിതത്വം തോന്നുന്ന, പരിഗണിക്കപ്പെടുന്നുവെന്ന വിശ്വാസം ഉളവാക്കുന്ന ഒരു ജോലിയില്‍ ജീവനക്കാര്‍ കൂടുതല്‍ കാലം തുടരും. മാത്രമല്ല, തുടക്കത്തില്‍തന്നെ ഇടപെട്ടാല്‍, മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഗുരുതരമാകുന്നത് തടയാനും അതുമൂലമുള്ള മറ്റു ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും സാധിക്കും. ഇതിനെല്ലാം ഉപരിയായി ജീവനക്കാരുടെ മാനസികാരോഗ്യത്തിന് വേണ്ടിയുള്ള നിക്ഷേപം ആരോഗ്യമുള്ള, വിശ്വസ്തരായ ഒരു ഉദ്യോഗസ്ഥവൃന്ദത്തെ സൃഷ്ടിക്കും. മാനസികാരോഗ്യത്തെ പിന്തുണക്കുന്നത് ജീവനക്കാരുടെ മുന്നേറ്റവും സ്ഥാപനങ്ങളുടെ വളര്‍ച്ചയും നാടിന്റെ മുന്നേറ്റവും ഒരുമിച്ച് സാധ്യമാക്കുമെന്നാണ് ഈ ലോക മാനസികാരോഗ്യ ദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്.
(തൃശൂർ ഗവ. മെന്റൽ ഹെൽത്ത് സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റാണ് ലേഖകൻ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.