സാങ്കേതികവിദ്യയെ സംഹാരതന്ത്രമാക്കുമ്പോൾ

അമേരിക്കൻ ടെലിവിഷൻ നെറ്റ്‍വർക്കിന്റെ എ.ബി.സി ന്യൂസാണ് പേജറുകൾ പൊട്ടിത്തെറിച്ചതിൽ ഇസ്രായേലിന്റെ പങ്ക് ആദ്യമായി പുറത്തുവിട്ടത്. നിര്‍മാണ സമയത്തുതന്നെ അത് പൊട്ടിത്തെറിക്കുന്നതിനും അകലെ നിന്ന് നിയന്ത്രിക്കുന്നതിനും പാകമാകുന്ന രൂപത്തിൽ ഇസ്രായേൽ അത് രൂപകല്‍പന ചെയ്തതായിരുന്നുവെന്ന് ‘ന്യൂയോര്‍ക് ടൈംസും” റിപ്പോർട്ട് ചെയ്തു.

ഇലോൺ മസ്ക് ഏവർക്കും സുപരിചിതനാണ്. അദ്ദേഹത്തിന്റെ ‘പേപാൾ’ ലോകത്തിലെ 200ലധികം രാജ്യങ്ങളിൽ ഉപയോഗത്തിലുണ്ട്. റോക്കറ്റുകളും ആകാശ പേടകങ്ങളും നിർമിക്കുന്ന “സ്പെയ്സ് എക്സ് “ കമ്പനിയുടെ സ്ഥാപകനുമാണ്. ലബനാനിലുണ്ടായ ‘പേജർ’ സ്ഫോടനങ്ങൾ ജീവിത സൗകര്യങ്ങൾ വർധിപ്പിക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അദ്ദേഹത്തെ ചകിതനാക്കി. ‘‘സാങ്കേതികവിദ്യ ഭാവിയിൽ നമ്മുടെ ജീവിതം എങ്ങനെയെല്ലാം തകിടം മറിക്കുമെന്നതിന്റെ നേർക്കാഴ്ചയാണിത്’’ എന്നായിരുന്നു മസ്കിന്റെ പ്രതികരണം. ശരിയാണ്, ഭാവിയിൽ യുദ്ധങ്ങൾ നടത്തുന്നതും അവ നിയന്ത്രിക്കുന്നതും അകലെ നിന്ന് ‘റിമോട്ട് ബട്ടൺ’ ഉപയോഗിച്ചായിരിക്കും. ഒന്നാലോചിച്ചു നോക്കൂ: ഇന്ന് മിക്ക ഭരണകൂടങ്ങളും പ്രവര്‍ത്തനങ്ങളെല്ലാം “ഡിജിറ്റലൈസ്” ചെയ്യുന്ന തിടുക്കത്തിലാണ്. അപേക്ഷകൾ അയക്കുന്നതും സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതുമെല്ലാം സ്മാർട്ട് ഫോണുപയോഗിച്ചാകയാൽ അതില്ലാത്ത ജീവിതം അചിന്ത്യമായിത്തുടങ്ങിയിരിക്കുന്നു. ആ ഫോണുകൾ ജീവനെടുക്കുന്ന ബോംബുകളായാൽ എന്തു ചെയ്യും?

കൈകളിലുള്ള ഇലക്ട്രോണിക് ഉപകരണം എവിടെ നിർമിക്കപ്പെട്ടതാണെന്നോ, എവിടെ നിന്ന് ഇറക്കുമതി ചെയ്തതാണെന്നോ എന്നറിയാതെയാണ് ഇത്രയും കാലം നാം വിശ്വാസത്തോടെ ഉപയോഗിച്ചുപോന്നത്. എന്നാൽ, ‘മൊസാദി'ന്റെ പോലുള്ള ഒരു കൊലയാളി സംഘത്തിന്റെ മേൽനോട്ടത്തിലാണ് അവ ഉൽപാദിപ്പിക്കുന്നതെങ്കിലോ? എന്താണിതിന് പരിഹാരം? ലോകത്ത് മുഴുക്കെ പരസ്പര വിശ്വാസമില്ലാത്ത വിഭ്രാന്തമായ ഒരന്തരീക്ഷം സൃഷ്ടിക്കാനേ ഇതുപകരിക്കുകയുള്ളൂ!

ഇപ്പോൾ നാം നിത്യേന ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങളും സങ്കീര്‍ണമായ ആന്തരിക ഘടനയുള്ളവയാണ്. ഉപഭോക്താക്കളായ നമുക്ക് അതിന്റെ ബാഹ്യ മേന്മയല്ലാതെ അതിലടങ്ങിയ അപായ സാധ്യതകൾ അറിയില്ല. എന്നാൽ, അതിന്റെ നിർമാണ വേളയിൽ തന്നെ അവ അനധികൃതമായി ‘ഹാക്ക്’ ചെയ്ത് ഉപഭോക്താവിന്റെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കാമെന്നാണ് ലബനാനിലെ സ്ഫോടനങ്ങളിലൂടെ ഇസ്രായേൽ വ്യക്തമാക്കുന്നത്.

അമേരിക്കൻ ടെലിവിഷൻ നെറ്റ്‍വർക്കിന്റെ എ.ബി.സി ന്യൂസാണ് പേജറുകൾ പൊട്ടിത്തെറിച്ചതിൽ ഇസ്രായേലിന്റെ പങ്ക് ആദ്യമായി പുറത്തുവിട്ടത്. നിര്‍മാണ സമയത്തുതന്നെ അത് പൊട്ടിത്തെറിക്കുന്നതിനും അകലെ നിന്ന് നിയന്ത്രിക്കുന്നതിനും പാകമാകുന്ന രൂപത്തിൽ ഇസ്രായേൽ അത് രൂപകല്‍പന ചെയ്തതായിരുന്നുവെന്ന് ‘ന്യൂയോര്‍ക് ടൈംസും” റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 വർഷമായി ഇസ്രായേൽ ഇത് ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പത്രറിപ്പോർട്ടുകൾ സൂചന നല്‍കുന്നു. പേജർ നിര്‍മിക്കുന്ന കമ്പനിയെ മുന്നിൽ നിർത്തി ഇസ്രായേൽ ഇൻറലിജൻസ് കരുനീക്കങ്ങൾ നടത്തുകയായിരുന്നു. ഷെല്ലുകളും മറ്റു സാങ്കേതിക ഘടകങ്ങളും നിര്‍മിക്കുന്നവരെയും അവർ ഒപ്പംകൂട്ടി. ഇതെന്താണെന്നോ, എന്തിനാണെന്നോ ആരും അറിഞ്ഞില്ല!

ഐക്യരാഷ്ട്രസഭ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് 2024 സെപ്റ്റംബർ 21-22 തീയതികളിൽ ‘‘ഫ്യൂച്ചർ ആക്ഷൻ ഡേയ്സ്’’ എന്ന പേരിൽ ഒരു ഉച്ചകോടി സംഘടിപ്പിച്ചത് കൂടി ചർച്ച ചെയ്യാൻ പറ്റിയ അവസരമാണിത്. അവിടെ ലോകനേതാക്കൾ ഭാവി തലമുറയുടെ സുരക്ഷ ലക്ഷ്യം വെച്ചുകൊണ്ട് ആഗോള ഡിജിറ്റൽ ഉടമ്പടി പാസാക്കുകയുണ്ടായി. കഴിഞ്ഞ ഒമ്പത് മാസമായി രാഷ്ട്ര നേതാക്കൾക്കിടയിൽ നടന്ന ചര്‍ച്ചയുടെ ഫലമാണ് ഈ കരാർ. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നേതാക്കളെ ഉണർത്തി: ‘‘നാം നമ്മുടെ ലോകത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന, ബഹുമുഖമായ ജീവിത വീക്ഷണത്തെ അതിന്റെ തകര്‍ച്ചയിൽ നിന്ന് രക്ഷിക്കാനാഗ്രഹിക്കുന്നു.

കരാർ പ്രകാരമുള്ള 56 നിബന്ധനകൾ സാങ്കേതികവിദ്യയുടെ വ്യാപനത്തിലും ഭരണ സംവിധാനങ്ങളിലും സഹകരണം ഉറപ്പുവരുത്തുന്നതിനാൽ അത് ഭാവി തലമുറയുടെ സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതാണ്. ഇത് മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയൊരു വികസന പ്രക്രിയക്ക് ഊന്നൽ നൽകും. ഇന്ന് ലോകം പ്രശ്ന കലുഷിതമാണ്. വ്യാകുലചിത്തരായി ഈ കവലയിൽ നില്‍ക്കുമ്പോൾ, നമ്മുടെ ചുറ്റും സംഘർഷഭരിതമാണ്.

ഭൂമിശാസ്ത്രപരവും രാഷ്ട്രീയവും വംശീയവുമായ സംഘട്ടനങ്ങൾ നമ്മുടെ സ്വൈരജീവിതം അസാധ്യമാക്കിയിരിക്കുന്നു! ലോകത്ത് സമാധാനം കളിയാടാൻ രാഷ്ട്രങ്ങൾക്കിടയിലും വ്യത്യസ്ത മത-സാമുദായിക-മതേതര വിഭാഗങ്ങൾക്കിടയിലും സഹകരണം ആവശ്യമാണ്. അതിനാൽ, മാനുഷിക മൂല്യങ്ങൾ ഉൾക്കൊള്ളുന്ന പുതിയൊരു ലോകക്രമം കെട്ടിപ്പടുക്കാൻ ലോകനേതാക്കൾ മുന്നോട്ടുവരേണ്ടതുണ്ട്’’.

ഈ ആഹ്വാനം ലോകനേതാക്കൾ ഏറ്റെടുക്കുമോ? സാ​ങ്കേതികവിദ്യയുടെ വിനാശകരമായ ഉപയോഗം അരുതെന്ന് തെമ്മാടി രാഷ്ട്രങ്ങളോട് പറയാനെങ്കിലും അവർ ധൈര്യം കാണിക്കുമോ?.

Tags:    
News Summary - When technology is used as a weapon of destruction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.