ഭാഷാവൈവിധ്യത്താൽ സമ്പന്നമായ ഇന്ത്യയിൽ അധികാര കേന്ദ്രങ്ങൾ ഉയർത്തുന്ന ‘ഏകഭാഷ’ കാഹളം ഭാഷാസ്നേഹികളെ വ്യാകുലചിത്തരാക്കുക സ്വാഭാവികം. ഭാഷ അടിച്ചേൽപിക്കാനും ഭാഷയുടെപേരിൽ ജനങ്ങളെ പല തട്ടുകളാക്കാനുമുള്ള ഫാഷിസ്റ്റ് ഭരണകൂട ശ്രമങ്ങൾ മാതൃഭാഷയുടെ നിലനിൽപിന് ഭീഷണിയാണ്. സ്വാതന്ത്ര്യത്തിന്റെ ഏഴര പതിറ്റാണ്ടുകൾക്കുശേഷവും ഭാഷാപരമായ അടിമത്തത്തിന്റെ നുകംപേറാൻ വിധിക്കപ്പെട്ടവരായിരിക്കുന്നു മലയാളികൾ. ആഗോളീകരണത്തിന്റെ കാലത്ത് ഇംഗ്ലീഷിന്റെ പ്രാധാന്യം കുറച്ചുകാണാനാവില്ല. പക്ഷേ, മലയാളിയുടെ സ്വത്വത്തിന്റെ പ്രതീകവും സാംസ്കാരിക ചൈതന്യത്തിന്റെ നേർചിഹ്നവുമായ മാതൃഭാഷയെ പുറന്തള്ളി വിദേശഭാഷയെ വരിക്കുന്ന പ്രവണത ക്രൂരമാണ്. മലയാളം അസ്തപ്രഭമാകുമ്പോൾ നഷ്ടമാകുന്നത് നമ്മുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വത്വവും സംസ്കാരവുമാണ്.
‘അമ്മ’യെന്ന വിളിയോടെ പിറവിയെടുക്കുന്ന ഒരു കുഞ്ഞിന്റെ രക്തത്തിൽ അലിഞ്ഞുചേർന്ന ജീവഭാഷയാണ് മലയാളം. എന്നാൽ, പിച്ചവെക്കുന്ന വേളയിൽതന്നെ അടിച്ചേൽപിക്കപ്പെടുന്ന വിദേശഭാഷാ സംസ്കാരം അമ്മഭാഷയിൽ സംസാരിക്കാനുള്ള കുട്ടിയുടെ മൗലികാവകാശ നിഷേധത്തിന്റെ പ്രഥമപടിയാണ്. മലയാളം വായിക്കാനോ എഴുതാനോ അറിയാത്ത കുട്ടികളുടെ അഞ്ചു വർഷക്കാലത്തെ കണക്കെടുത്താൽ ഫലം ഭയാനകരമായിരിക്കും. ദ്രാവിഡ കുലത്തിലെ നാലു ഭാഷകളിൽ തമിഴിനും തെലുങ്കിനും കന്നടക്കുമുണ്ടാകാത്ത അവഗണനയാണ് മലയാളം നേരിട്ടുകൊണ്ടിരിക്കുന്നത്. ആയിരക്കണക്കിന് മലയാളികൾ എഴുതുന്ന റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷയിലെ പ്രാദേശിക ഭാഷകളുടെ പട്ടികയിൽനിന്ന് മലയാളത്തെ മാത്രം ഒഴിവാക്കിയത് ഒരുദാഹരണം മാത്രം. മലയാളികളാവട്ടെ പ്രൈമറി ക്ലാസുകളിൽ അധ്യയന മാധ്യമം മാതൃഭാഷയിലാകണമെന്ന പരമോന്നത നീതിപീഠത്തിന്റെ വിധിപോലും മറികടക്കാൻ മത്സരിക്കുന്നു. ഭരണക്കാരുടെ പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുന്ന ആത്മവഞ്ചനയാണ് മാതൃഭാഷയായ മലയാളത്തിന്റെ ദുർവിധിയെന്നു പറയാം.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന മാതൃഭാഷയുടെ അതിജീവനത്തിന് തീവ്രപരിചരണം കൂടിയേ തീരൂ. അല്ലാത്തപക്ഷം മലയാളമില്ലാത്ത മലയാള നാടിനാവും കാലം സാക്ഷിയാവുക. മലയാളിയുടെ സാംസ്കാരിക ബോധത്തിലേക്കുള്ള വൈദേശിക ഭാഷയുടെയും മൂലധന ശക്തികളുടെയും അതിക്രമിച്ചു കടക്കൽ കണ്ടില്ലെന്നു നടിച്ചാൽ അസ്തമിക്കുന്നത് നമ്മുടെ സ്വന്തം മലയാളവും അതു പടർത്തിയ ധാർമിക തേജസുമാണ്. നൂറ്റാണ്ടിന്റെ അന്ത്യത്തിൽ ലോകത്ത് നിലവിലുള്ള ഭാഷകളിൽ നല്ലൊരു പങ്കും ഇല്ലാതാകുമെന്ന ആപത് സൂചനകളുടെ നേർക്ക് നമുക്ക് കണ്ണുതുറക്കാം. ആ കുത്തൊഴുക്കിൽ പെടാതെ നമ്മുടെ മാതൃഭാഷയെ സംരക്ഷിക്കാനുള്ള ധാർമികമായ ഉത്തരവാദിത്തം ഓരോ മലയാളിക്കുമുള്ളതാണ്. സ്വന്തം നിലനിൽപിന്റെതന്നെ ഭാഗമായ ഈ വെല്ലുവിളി ഏറ്റെടുത്ത് പ്രിയ മലയാളത്തിനായി നമുക്ക് കൈകോർക്കാം. ഓർമിക്കുക മലയാളം ഇല്ലെങ്കിൽ മലയാളി ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.